ഗന്നസരേത്തിൽ നിന്നു തിബെര്യാസിലേക്ക്...

Posted on
29th Apr, 2020
| 0 Comments

ഗന്നസരേത്തു തടാകത്തിന്റെ പ്രഭാതങ്ങൾ മനോഹരമാണ്. അവിടെനിന്നാണ് കടൽക്കരയിലുള്ളവരുടെ ഓരോ ദിവസങ്ങളിലെയും സ്വപ്നങ്ങൾക്കു നിറം വയ്ക്കുന്നത്. പടകിലുള്ളവരുടെ രാത്രി മുഴുവനുമുള്ള കഠിനാദ്ധ്വാനമാണ് അവരുടെ സ്വപ്നങ്ങൾക്കു ചിറകുപ്പിടിപ്പിക്കുന്നത്. രാത്രി മുഴുവനുമുള്ള കഠിനാദ്ധ്വാനം പടകിലുള്ളവരുടെ മാത്രമല്ല അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരോടെയെല്ലാം കൂടിയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്.

ഇന്നത്തെ പ്രഭാതം പതിവിലേറെ മനോഹരമാണെന്നു എനിക്കു തോന്നി. മത്സ്യകൂമ്പാരങ്ങളുടെ ഇടയിലുള്ള തിക്കും തിരക്കുമല്ല നസ്രായേന്റെ വാക്കുകൾക്കു കാതോർക്കുവാനുള്ള തിക്കും തിരക്കും...നസ്രായേന്റെ വാക്കുകൾക്കു ചെവികൊടുത്തവർക്കു ഈ പ്രഭാതം ആനന്ദകരമായെങ്കിലും പടകും മുക്കുവരും മ്ലാനതയിലായിരുന്നു. നിരാശയുടെ വല കഴുകുന്ന മുക്കുവരെ താണ്ടിയാണ് യേശു ശീമോന്റെ പടകിൽ കയറിയത്. പ്രസംഗമവസാനിപ്പിച്ചു യേശുകർത്താവ് ആദ്യം ചെയ്തത് രാത്രിമുഴുകെയുള്ള കഠിനാദ്ധ്വാനത്തിനു ഫലമില്ലാതെ നിരാശയിലാഴ്ന്ന പത്രോസിനെ സമാധാനിപ്പിക്കുക എന്നതായിരുന്നു. കഠിനാദ്ധ്വാനം ശരീരത്തിനു ക്ഷീണം വരുത്തുമെങ്കിലും പ്രയത്‌നം ഫലം കണ്ടാൽ ശരീരക്ഷീണം മനസ്സിനെ തളർത്തില്ല. ഫലം വിപരീതമാണെങ്കിൽ അതായതു പ്രതിക്ഷിച്ചതുപോകട്ടെ ശൂന്യവുമാണെങ്കിൽ ശരീരത്തിനൊപ്പം തളർച്ച ബാധിക്കുന്നതു മനസ്സിനെക്കൂടെയായിരിക്കും. ശരീര തളർച്ച ഒരു വിശ്രമത്തിനു ശേഷം വീണ്ടെടുക്കാമെങ്കിലും മനസ്സിന്റെ ആഘാതം വിശ്രമത്തിലൂടെ നേടാനാവില്ല. അതിനു തക്കതായ ആശ്വാസം വേണ്ടിവരും. അങ്ങനെ മനസ്സും ശരീരവും ഒരുപോലെ തളർന്നിരുന്ന ശിമോന്റെ പടകിലാണ് ഒരു സുവിശേഷമഹായോഗം നടന്നത്. മ്ലാനമായ മുഖത്തോടു പടകിലുണ്ടായിരുന്ന പത്രോസിനോടു കർത്താവു പറഞ്ഞു "ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ" ശരീരവും മനസ്സും തളർന്നിരുന്നു ശീമോൻ ഒരു ആശ്വാസകനെ കണ്ടുമുട്ടിയ ആശ്വാസത്താൽ പരിഭവങ്ങളുടെ ഭാണ്ഡം അഴിച്ചു. " നാഥാ, രാത്രി മുഴുവനും ഞങ്ങൾ അദ്ധ്വാനിച്ചു. ഒന്നും കിട്ടിയില്ല. എങ്കിലും നിന്റെ വാക്കിനാൽ ഞാൻ വല ഇറക്കാം..." വാക്കിനു വിലകൽപ്പിച്ചവൻ നിരാശനാകേണ്ടി വന്നില്ല. വലകീറുമാറു മത്സ്യം...നിരാശയോടു അടുത്തുകിടന്ന പടകിനും കിട്ടി മുങ്ങുമാറ്‌. മീൻ കിട്ടിയ അത്ഭുതം സകലമുഖങ്ങളിലും പ്രതിഭലിച്ചെങ്കിലും ഇപ്പോൾ ഞെട്ടിയത് കർത്താവാണ്. പെരുത്ത മീൻ കൂട്ടം കിട്ടിയതിന്റെ നന്ദിപ്രകടനമല്ല പ്രത്യുത മഹത്വവാനായ ദൈവം തന്റെ മുൻപിൽ നിൽക്കുന്നതു ദർശിച്ച മഹാപാപിയുടെ അലറിക്കരച്ചിൽ...പടകു നിറഞ്ഞില്ലെങ്കിലും എന്നും പട്ടിണിയാണെങ്കിലും രാത്രിമുഴുവനുമുള്ള കഠിനാദ്ധ്വാനമാണെങ്കിലും നീ ഈ വഴിവരണ്ടാ....നിന്റെ മുൻപിൽ നിൽക്കുവാനുള്ള ത്രാണി എനിക്കില്ല. എന്റെ പാപങ്ങളെ കാണാതെവണ്ണം നിന്റെ മുഖം മറയ്‌ക്കേണം. നീ പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളത് സത്യമാണെങ്കിലും എനിക്കു നിന്റെ മുൻപിൽ നിൽക്കുവാനുള്ള കെല്പില്ല. ഞാനെന്തായിരിക്കുന്നുവോ, അതുപോലെത്തന്നെ അറിയുന്ന നിന്റെ നോട്ടം ഒന്നു എങ്കൽ മാറ്റേണമേ...

എല്ലാദിവസവും ഈ വഴിവന്നു എന്റെ പടകു ഇപ്രകാരം നിറച്ചു എന്നെയും കൂടെയുള്ളവരെയും സന്തോഷിപ്പിക്കണമേയെന്നാണ് പറയുവാൻ പോകുന്നതെന്നു വിചാരിച്ചു നിന്ന എന്നെ ശീമോൻ നിരാശയിലാഴ്ത്തി.

കർത്താവു അവനു ഉറപ്പുകൊടുത്തു, നീ ഭയപ്പെടുന്നതുപോലെ നിന്നെ ശിക്ഷിക്കുവാനല്ല ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്. നിന്റെ ജോലിയിൽ ഞാൻ മാറ്റം വരുത്തുവാനാണ്. നീ ഇന്നുമുതൽ മനുഷ്യരെ പിടിക്കുന്നവനാകും.

മഹത്വവാനായ ദൈവമാണ് തന്റെ പടകിൽ നിൽക്കുന്നത് എന്ന വലിയ വെളിപ്പാട് ലഭിച്ചില്ലായിരുന്നുവെങ്കിൽ അത്ഭുതങ്ങളിലൂടെ ജീവിച്ചു ലോകമോഹങ്ങളിലേക്കു കുടുങ്ങിപ്പോകുവാൻ സാധ്യത നിലനിൽക്കുമ്പോഴാണ് ദൈവത്തിന്റെ മഹാകൃപയാൽ പത്രോസിൻമേൽ നിയോഗം ഭരമേല്പിക്കപ്പെടുന്നത്. മനുഷ്യരെ പിടിക്കുന്നവരാക്കുവാനുള്ള മഹാനിയോഗം. പത്രോസിന്റെ ജീവിതം നീരീക്ഷിച്ചാൽ കാണുവാൻ കഴിയുന്നത് അതിസാധാരണക്കാരനായ ഒരു മനുഷ്യനെയാണ്. സന്തോഷം വരുമ്പോൾ പെട്ടെന്നു സന്തോഷിക്കുകയും പ്രതികൂലങ്ങൾ വരുമ്പോൾ  പൊടുന്നനെ വാടിപ്പോകുകയും പരീക്ഷയിൽ പെട്ടെന്നുഇടറിപ്പോകുകയും ചെയ്യുന്ന സാധാരണ മനുഷ്യൻ.

ജീവിത സന്ധാരണത്തിനു ആകെയുണ്ടായിരുന്ന, മധുരിക്കുന്നതും കയ്ക്കുന്നതുമായ അനേക സ്മരണകളുള്ള, ഗലീലകടലിന്റെ ഓളപ്പരപ്പിനിടയിൽ, തന്നെയും തന്നെ ഭ്രമണം ചെയ്തവരെയും നിലനിർത്തിയ, തീറ്റിപ്പോറ്റിയ തനിക്കേറ്റവും പ്രിയപ്പെട്ടതുമായ പടകും വലയും ഉപേക്ഷിച്ചാണ് ഗന്നേസരെത്തിൽ നാഥൻറെ കൂടെയുള്ള യാത്ര ആരംഭിക്കുന്നത്.

തിബെര്യാസ് കടൽക്കരയിലേക്കുള്ള യാത്രയുടെ ദൈർഘ്യം മൂന്നര വർഷമായിരുന്നു. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും വീര്യപ്രവർത്തികളുടെയും വചനപ്രഘോഷണത്തിന്റെയും ഇടയിലൂടെയാണ് ഈ യാത്ര നടന്നുതീർക്കുന്നത്. ഒറ്റപ്പെടുത്തലുകൾ, കുറ്റപ്പെടുത്തലുകൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ, എല്ലാം നിറഞ്ഞതായിരുന്നു ഈ യാത്ര. നിത്യജീവന്റെ മൊഴികൾ പക്കലുള്ളവനെയാണ് പിന്തുടരുന്നതെന്നും സാക്ഷാൽ അവൻ ദൈവപുത്രനാണെന്നുമുള്ള ജഡരക്തങ്ങൾക്കു മനസ്സിലാകാത്ത ദൈവിക വെളിപ്പാടോടുക്കൂടിയാണ് ഈ യാത്ര മുൻപോട്ടു പോയത്.

നിർമ്മിച്ചെടുത്ത ഒരുപറ്റം കഥകളുടെ നടുവിലായിരുന്നില്ല, മഹിമയുടെ, ശോഭയുടെ തൊട്ടടുത്തുനിന്നു ദർശിച്ചവരായി, സാക്ഷികളായി "ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രനെന്നുള്ള വിളിപ്പാട് അതി ശ്രേഷ്ടതേജസ്സിങ്കൽ നിന്നും കേട്ടവനായിരുന്നു പത്രോസ്.

ഭൂതങ്ങൾ യേശുവിന്റെ നാമത്തിൽ കീഴടങ്ങുന്നതിലെ സന്തോഷം മറച്ചുവയ്ക്കാത്തവൻ, കടലിന്മീതെ നടന്നുവരുന്ന യേശുവിനൊപ്പം നടക്കുവാൻ ധൈര്യം കാണിച്ചവൻ, അയ്യായിരവും ഏഴായിരവുമായ പുരുഷാരത്തിനു തുച്ഛമായ അപ്പവും മീനും കൊണ്ടു പരിപോഷിപ്പിച്ചു ബാക്കിയെടുക്കുവാൻ കൂടെകൂടിയവൻ. യേശുവിനെക്കുറിച്ചുള്ള അതികരുതലിനാൽ മരണത്തെയും കഷ്ടത്തെയും ഒഴിവാക്കുവാൻ ആവശ്യപ്പെട്ടു ശാസന മേടിച്ചവൻ. നാഥനോടുള്ള അതിസ്‌നേഹത്താൽ യേശുവിന്റെ ദേഹത്തു കൈവച്ചവന്റെ വലതുകാത്തു വെട്ടിത്താഴെയിട്ടവൻ... മൂന്നര വർഷം ചെറിയ കാലഘട്ടമായി നമുക്കു തോന്നാമെങ്കിലും പത്രോസും കൂട്ടരും നടന്നു തീർത്ത വഴികൾ നിസ്സാരമല്ല. വിശ്രമമില്ലാത്ത ഓട്ടമായിരുന്നു. ഒടുക്കം ബാല്യക്കാരത്തികളുടെ ഇടയിൽ വച്ചു അരുമനാഥനെ എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പത്രോസിന്റെ പുറകെ നടന്നു ശ്രദ്ധിച്ചാൽ മൂന്നരവർഷം ഒരു സാധാരണ മനുഷ്യന്റെ ചേഷ്ടകൾ എല്ലാം പിന്തുടരുന്ന ഒരു നിഷ്കളങ്കനായ മനുഷ്യൻ.

തന്റെ ശുശ്രുഷ അവസാനിച്ചു. ഈ ലോകത്തു കൂടെ നടക്കുവാൻ കുറച്ചുപേരെ വേണമായിരുന്നു, അതായിരുന്നു തന്നെ കുറിച്ചുള്ള ദൗത്യമെന്നു വിചാരിച്ചു വീണ്ടും പഴയ വലയും വള്ളവുമായി ഗന്നസരേത്തു തടാകക്കരയിൽ നിന്നു ആരെയൊക്കെയാണ് വിളിച്ചിറക്കിയത് അവരെല്ലാം കൂടി പഴയപണിക്കിറങ്ങി. മനുഷ്യരെ പിടിക്കുവാനുള്ള ഉദ്യമമാവസാനിപ്പിച്ചു വീണ്ടും മത്സ്യബന്ധനത്തിന്.

ജീവനോടെയിരുന്നപ്പോൾ നികുതിയടക്കുവാനുള്ള ചതുർദ്രഹ്മ പണം കയ്യിലില്ലാത്തവനാണ്, പാമ്പുകൾക്കും പറവകൾക്കും മാളവും ആകാശവും ഉണ്ടെന്നും മനുഷ്യപുത്രനു തലചായ്ക്കുവാൻ സ്വയം തോളുമാത്രമേയുള്ളുവെന്നും കണ്ടതല്ലേ... ഇനിയും പഴയപണിക്കു പോയില്ലെങ്കിൽ കുടുംബം പട്ടിണിയായിപ്പോകും.

മൂന്നര വർഷത്തിനു ശേഷവും അതെ കടൽക്കര, അന്നത്തെപ്പോലെത്തന്നെയുള്ള കഠിനാദ്ധ്വാനം, അന്നത്തെ പഴയ കൂട്ടുകാർ, നിരാശയും പഴയതുപോലെ തന്നെ. ശൂന്യതമാത്രം പടകിൽ...ആദ്യകാഴ്ചയിലെപ്പോലെതന്നെ സകലതും വീണ്ടും ആവർത്തിക്കപ്പെടുന്നു...

മരണം കൊണ്ടു സകലതും അവസാനിച്ചെന്നു വിരോധികളും കൂടെയുള്ളവരും വിധിയെഴുതിയിടത്തു, ഏതു കടൽക്കരയിൽ നിന്നു താൻ അവരെ ശുശ്രഷയ്ക്കു നിയമിച്ചോ അതെ കടൽക്കരയിൽ നിന്നു വീണ്ടും തിരികെ അവരെ കാണുന്നു. കഠിനാദ്ധ്വാനത്തിന്റെ ബാക്കിപത്രമായ ശൂന്യത മാത്രം തളം കെട്ടിനിൽക്കുന്ന പടകിൽ നിറം മങ്ങിയ സ്വപ്നങ്ങൾക്കു വർണ്ണങ്ങൾ പകർന്നു പ്രാണനാഥൻ വീണ്ടും വിളിക്കുന്നു "ശീമോനെ, വന്നു പ്രാതൽ കഴിച്ചാലും..."

വള്ളവും വലയും ഒരിക്കലുപേക്ഷിച്ചിടത്തു നിന്നു തപ്പിയെടുത്തു വീണ്ടും പഴയപണിക്കു പോയവൻ. ഈ രാത്രിയിൽ മരിച്ചു വീഴേണ്ടിവന്നാലും നിന്നെ തള്ളിപ്പറയില്ലാന്നു വീരവാദം മുഴക്കിയവൻ... "ഇവരിലധികമായി എന്നെ സ്‌നേഹിക്കുന്നുവോ എന്ന ചോദ്യത്തിനു മുൻപിൽ വിയർക്കുന്നു..."

ആരൊക്കെ നിന്നെ ശൂശ്രുഷ ചെയ്യുവാൻ അനുവദിച്ചാലും എന്റെ കാൽകഴുകുവാൻ അനുവദിച്ചു നിന്നോടുള്ള ബഹുമാനം ഞാൻ ഇല്ലാതാക്കുകയില്ലയെന്നു പറഞ്ഞവൻ "ഇവരിലധികമായി എന്നെ സ്‌നേഹിക്കുന്നുവോ എന്ന ചോദ്യത്തിനു മുൻപിൽ നിന്നു പരുങ്ങുന്നു..."

ഗന്നസരേത്തു തടാകക്കരയിൽ കാലിൽ വട്ടംപിടിച്ച ശീമോനെ ഒരിക്കൽക്കൂടി യേശുനാഥൻ കാണുകയായിരുന്നു. എന്റെ പടകിൽ നിന്നും ഇറങ്ങിപ്പോ...നിന്റെ മുൻപിൽ നിൽക്കുവാനുള്ള ത്രാണിയില്ലാത്ത മഹാപാപിയാണെന്നുള്ള ഏറ്റു പറച്ചിൽ നടത്തിയ ശീമോനെ ഒരിക്കൽക്കൂടി യേശുദർശിച്ചു...

മൂന്നാമതും ശീമോനെ, ഇവരിൽ അധികമായി നീ എന്നെ ഇഷ്ടപ്പെടുന്നുവോ എന്ന ചോദ്യം മുഴുമിപ്പിക്കുവാൻ സമ്മതിക്കാതെ, ദുഃഖം നിയന്ത്രിക്കാനാവാതെ വിളിച്ചു പറഞ്ഞു, നാഥാ, നിന്നോടുള്ള സ്‌നേഹം നിർവ്യാജമാണോയെന്നു പോലും അറിയാത്ത നിസ്സഹായനാണ് ഞാൻ...നീ സകലതും അറിയുന്നു..

എന്നെയും കണ്ടുമുട്ടിയ ഗന്നസരേത്തു തടാകകരയിൽ വിളിപ്പേരുമാത്രം മാറിയ തിബെര്യാസ് കടൽക്കരയിലാണ് വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഞാനുമെന്നു തിരിച്ചറിയുകയായിരുന്നു. ശീമോന്റെ തോളിൽ കയ്യിട്ടു അവനെ ചേർത്തു പിടിച്ചു മുന്നോട്ടു നടന്ന പ്രാണനാഥനെ കണ്ടപ്പോൾ പുറകിൽ നിന്നു ഞാനുമലറിക്കരഞ്ഞു... നാഥാ, ഞാനുമറിയുന്നില്ല അധികമായി നിന്നെ സ്‌നേഹിക്കുന്നുവോ എന്ന്... നിന്നോടുള്ള സ്‌നേഹം നിർവ്യാജമാണോയെന്നുപോലും തിരിച്ചറിയാത്ത നിസ്സഹായനാണു ഞാൻ...

പ്രതിസന്ധി വന്നപ്പോൾ, ജീവിതസന്ധാരണത്തിനു കാഴ്ചയുടെ ലോകത്തു ഒന്നും കാണാതെ വന്നപ്പോൾ പഴയ, ഉപേക്ഷിച്ച പടകും വലയും വീണ്ടും എടുത്ത വിശ്വാസപാതകനാണ് ഞാൻ... എന്റെ സ്‌നേഹം നിനക്കു മാത്രമെന്നു കയ്യുയർത്തി പാടിയിട്ടുണ്ട്... എങ്കിലും പ്രതിസന്ധി വന്നപ്പോൾ  പഴയതിലേക്കു മടങ്ങിയവനാണ് ഞാൻ... ഒരിക്കൽക്കൂടി കർത്താവു എന്നെ ചേർത്തുപിടിക്കുന്നതായി തോന്നി...ശീമോനെ ചേർത്തു പിടിച്ചതുപോലെ...അവനെ യഥാസ്ഥാനപ്പെടുത്തിയതു പോലെ...

 

<< Back to Articles Discuss this post

0 Responses to "ഗന്നസരേത്തിൽ നിന്നു തിബെര്യാസിലേക്ക്..."

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image