രൂത്ത്

Posted on
30th Jan, 2019
| 0 Comments

രൂത്ത്

പ്രാതലിനുള്ള അരിയുടെ കല്ലും പതിരും പൂമുഖത്തെ ഉമ്മറപ്പടിയിൽ ഇരുന്നു നോക്കുകയാണ് നവോമി. മുറത്തിൽ നിന്നും പതിരു പെറുക്കന്നതിനിടയിൽ തന്നെ രണ്ടും മൂന്നും അരിമണികൾ വായിലേക്കിടാനും മറക്കുന്നില്ല. കുഞ്ഞു ഓബേദ് അടുത്തു തന്നെ കയ്യും കാലും ഇളക്കി പല്ലില്ലാത്ത മോണയും കാട്ടികിടപ്പുണ്ട്. എണ്ണ തേച്ചു കിടത്തിയിരിയ്ക്കുകയാണ് കുളിപ്പിക്കുവാനായി. ഈ ഇടവേളയിലാണ് രൂത്ത് അമ്മാവിയമ്മയുടെ കൈവശം മുറത്തിൽ അരി പാറ്റുവാനായി കൊടുത്തത്. കൊച്ചുമകനെ പിരിഞ്ഞു ഒരു നിമിഷം പോലും നവോമിയിരിക്കില്ല. കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഉറക്കുന്നതും എല്ലാം വല്യമ്മച്ചി തന്നെ...കണ്ടാൽ തോന്നും ഇവർ പ്രസവിച്ചതാണെന്നു. അയൽക്കാർ അങ്ങനെത്തന്നെയാ പറയുന്നത് നൊവൊമിക്കു ഒരു മകൻ ജനിച്ചെന്ന്.

ഒട്ടേറെ കഥകൾ നിശബ്തമായി പറഞ്ഞുകൊണ്ട് ചുമരിൽ അടുത്തടുത്തായി തൂങ്ങുന്ന മൂന്നു ഛായചിത്രങ്ങൾ. എലിമിലേക്കു, മഹ്ലോൻ, കില്യോൻ...ഈ ഛായാചിത്രങ്ങൾ തന്റെ ഗതകാല സ്മരണകളെ വീണ്ടും പൊടിതട്ടിയെടുത്തു. കുടുംബത്തിലെ മൂന്നു പുരുഷന്മാർ...മുൻപിലും പുറകിലുമായി മൂന്നു സ്ത്രീകളെ വിധവമാരാക്കിയിട്ടു ഒട്ടേറെ കണ്ണുനീർ നൽകിയിട്ടു പറന്നകന്നവർ. ഇപ്പോൾ ഈ വീട്ടിൽ മൂകത മാത്രം കളിയാടുന്നു. മൂകരായി ഓരോ മുറിയിലായി ഓർപ്പയും രൂത്തും പിന്നെ അമ്മാവിയമ്മ നൊവൊമിയും.

ഒരു നല്ലകാലം പ്രതീക്ഷിച്ചു ജീവിതം പടുത്തുയർത്തുവാനായി ഇറങ്ങിപുറപ്പെട്ട എലിമലേക്കും കുടുംബവും കുടിയേറിപ്പാർത്ത നാട്ടിൽനിന്നും മക്കൾക്ക് ഭാര്യമാരെയും കണ്ടെത്തി. ബാധ്യതകൾ ഒന്നുമില്ല, രണ്ടു ആൺപിള്ളേരല്ലേ അവരെങ്ങനെയൊക്കെയെങ്കിലും ഒക്കെ ജീവിച്ചോളും എന്നുള്ള ചിന്തയിൽ നിന്നു ഇന്നു ഈ വീട്ടിൽ ആൺതരികളില്ലാതെ മാറിയിരിക്കുന്നു. മൂന്നു സ്ത്രീകൾ മാത്രം. അതും വിധവകൾ.

മോവാബ് ദേശം ഇനിയും പഥ്യമല്ല എന്നുള്ള തിരിച്ചറിവ് നൊവൊമിയെ മടക്കയാത്രക്കു പ്രേരിപ്പിച്ചു. യെഹുദയിലെ ബെത്‌ലഹേമിലേക്കു...

പെട്ടികൾ ഓരോന്നായി പായ്ക്കു ചെയ്യുമ്പോഴും അവിടെ മൂകത തളംകെട്ടി നിന്നു. കിടക്കയുടെ അടിയിൽ നിന്നു എല്ലാം പൊടിതട്ടിയെടുക്കുമ്പോൾ നൊവൊമിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. മോവാബിലേക്കുള്ള യാത്രയിൽ ഭർത്താവും രണ്ടു ആൺപിള്ളേരും കൂടിയാണ് എല്ലാം റെഡിയാക്കിയത്. ഇന്നു... ഓർമ്മകൾ വീണ്ടും വീണ്ടും കണ്ണുകളെ ഈറനണിയിക്കുന്നു. മടങ്ങിപോകുമ്പോൾ ഓർത്തു സന്തോഷിക്കുവാൻ യാതൊന്നുമില്ലാതെ...നൊവൊമി നെടുവീർപ്പെട്ടു.

ഓർപ്പ മെല്ലെ ശബ്ദം കേൾപ്പിക്കാതെ കട്ടിലിന്റെ തലക്കൽ വന്നിരുന്നു. നൊവൊമി തല ഉയർത്തി. കണ്ണീർ കോന്തലിൽ തുടച്ചു. ചുണ്ടിൽ ഒരു ചിരി വരുത്തി. ഓർപ്പ അമ്മാവിയമ്മയെ കാൺകെ മൂക്കു പിഴിഞ്ഞു. കണ്ണുനീർ സാരിത്തലക്കെൽ തുടച്ചു. നിങ്ങളെ പിരിഞ്ഞിരിക്കുവാൻ എനിക്കു ഒട്ടും മനസ്സായിട്ടല്ല. കില്യോന്റെ ഓർമ്മകൾ ഉള്ള ഈ വീട്ടിൽ നിന്നും എനിക്കെങ്ങനെ പോകുവാൻ കഴിയും. 'അപ്പോൾ എന്റെ കൂടെ ബെത്‌ലഹേമിലേക്കു മോളു വരികയാണോ?' പെട്ടെന്നു നൊവൊമി ഓർപ്പയോടു ആരാഞ്ഞു. ഞാനാണെങ്കിൽ ഞങ്ങളുടെ സ്ഥലം വിട്ടു വേറെ എവിടെയും പോയി ജീവിച്ചിട്ടില്ല. പിന്നെ അങ്ങോട്ടു വന്നാൽ എന്റെ വീട്ടിലോട്ടു ഒന്നു പോകണമെങ്കിൽ അതിനു പിന്നെ സാധിക്കുകയുമില്ല. ഇന്നലെ ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല. അമ്മച്ചിയെ ഓർക്കുമ്പോളാ എനിക്കു സങ്കടം. ഞാനെങ്ങനെ പിരിഞ്ഞിരിക്കുമെന്നു...ങാ...എന്റെ വിധിയെന്നു ഓർത്തു സമാധാനിക്കാം...ഓർപ്പ വീണ്ടും മൂക്കു തുടച്ചു...

ഓർപ്പ പിരിയുകയാണെന്നു നൊവൊമിക്കു മനസിലായി. വർഷങ്ങൾ ഒരുമിച്ചു...തന്റെ ഇളയ മകന്റെ ഭാര്യ...

അവളുടെ സാധനങ്ങൾ എല്ലാം എടുത്തു ഓർപ്പ ഇറങ്ങുവാനായി തുടങ്ങി. അവൾ അമ്മാവിയമ്മയെ കെട്ടിപിടിച്ചുകരഞ്ഞു...ചുംബിച്ചു...പിരിഞ്ഞു...

വഴിത്തലക്കലേക്കു ഓർപ്പയുടെ പോക്കും നോക്കി നിന്ന നൊവൊമിയെ പുറകിലൂടെ വന്ന രൂത്ത് കെട്ടിപിടിച്ചു. നൊവൊമിയുടെ സങ്കടം അണപൊട്ടിയൊഴുകി...നിന്റെ അനിയത്തി അവളുടെ വീട്ടിലേക്കും അവളുടെ ദൈവത്തിന്റെ അടുക്കലേക്കും പോയില്ലേ...നീയും പൊക്കോ'.. ഇനിയും താമസിക്കണ്ടാ...നൊവൊമി ശബ്ദത്തിനു ഘനം പിടിപ്പിച്ചു...സർവ്വശക്തനു പോലും വേണ്ട എന്നെ...അവൻ എന്നോട് കൈപ്പായുള്ളതു പ്രവർത്തിച്ചു...ഇനിയും നൊവൊമിയില്ല...മാറായാണ് ഞാൻ മാറാ...നൊവൊമി വിങ്ങിപ്പൊട്ടി...രൂത്തിന്റെ സർവ്വനിയന്ത്രണവും പോയി...അവൾ അമ്മാവിയമ്മയെ ചേർത്തുപിടിച്ചു...

'നീ മരിക്കുന്നിടത്തെ ഞാനും മരിക്കുകയുള്ളു...അവിടെ എന്നെയും അടക്കുകയുള്ളു...

നീ പാർക്കുന്നിടത്തെ, ഞാനും പാർക്കുകയുള്ളു...നിന്റെ ജനം ഇനിയും എന്റെയും കൂടെ ജനം ആണ്. നമുക്കു കൈപ്പായുള്ളതൊക്കെ സംഭവിച്ചിരിക്കാം...നമ്മുടെ പ്രിയപെട്ടവരെല്ലാം നമ്മെ വിട്ടു പിരിയുകയും ചെയ്തു...ഒടുക്കം ഇതാ ഓർപ്പയും...എന്നാലും നിന്റെ ദൈവം മതി എനിക്കും...

എനിക്കുറപ്പുണ്ട് നിന്റെ ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലന്നു...മടങ്ങി പോകുവാൻ നീ എന്നോടു പറയരുത്...വിട്ടുപിരിയുവാൻ എനിക്കു കഴിയുന്നില്ല. എനിക്കതിനു പറ്റുന്നില്ല...രൂത്ത് നൊവൊമിയുടെ കാലിലേക്ക് ഊർന്നു കെട്ടിപ്പിടിച്ചു...

രൂത്തിന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ നൊവൊമിക്കു അധികനേരം പിടിച്ചു നിൽക്കാനായില്ല.... ശരിയാണ് രൂത്ത് എനിക്ക് പത്തു മക്കളെക്കാൾ നല്ലവളാണ്...യവക്കൊയ്ത്തിന്റെ കാലത്തു ഈ ബേത്‌ലഹേമിൽ എത്തിയപ്പോൾ മുതൽ ഒരു സമയം പോലും മിനക്കെടാതെ അവൾ തന്റെ വേല നിവർത്തിച്ചുകൊണ്ടേയിരിക്കുന്നു... അവൾ പറഞ്ഞപോലെ മരണത്താലല്ലാതെ വിട്ടു പിരിയാതെയുള്ള സ്‌നേഹം...യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചു വന്നിരിക്കുന്ന അവൾക്കു അവൻ പൂർണ്ണ പ്രതിഫലം നൽകും തീർച്ച...യിസ്രായേൽ ഗ്രഹം പണിത റാഹേലിനെപ്പോലെയും ലേയയെ പോലെയും...

***********************************************************************************

''അരിയിനിയും കഴുകാൻ വെള്ളമൊഴിക്കേണ്ടല്ലോ. ആവശ്യത്തിനു കണ്ണുനീരു അരിക്കകത്തു വീണു കുതിർന്നിട്ടുണ്ടല്ലോ?''. രൂത്തിന്റെ സ്‌നേഹത്തോടുള്ള ശകാരമാണ് നൊവൊമിയെ ഓർമ്മയിൽ നിന്നു എഴുന്നേൽപ്പിച്ചത്...കവിളിനു ഒരു മുത്തം കൊടുത്തു സാരിത്തലപ്പുകൊണ്ടു നൊവൊമിയുടെ കണ്ണീർ അവൾ ഒപ്പിക്കൊടുത്തു...ബോവസ് വരുന്നതിനുമുമ്പേ പ്രാതൽ ഒരുക്കുവാൻ രൂത്ത് വീണ്ടും അടുക്കളയിലേക്കു മടങ്ങി.

അമ്മച്ചിയെ നോക്കികൊണ്ടു കുഞ്ഞുമോണ കാട്ടി ഓബേദ് അപ്പോഴും കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു ....

രൂത്ത് എന്ന ഒറ്റ സ്ത്രീയുടെ നിചയദാർഡ്യം, അവളുടെ കഠിനാധ്വാനം, ത്യാഗമനോഭാവം, അചഞ്ചലമായ സ്‌നേഹം രാജാക്കന്മാരുടെ തലമുറയെ വാർത്തെടുക്കുവാൻ ഇടയായി.  അനേക തലമുറകൾക്കിപ്പുറം നിത്യ രാജാവായ  നമ്മുടെ കർത്താവിന്റെ വംശാവലിയിൽ രൂത്തും സ്ഥാനം പിടിച്ചു....

 

 

<< Back to Articles Discuss this post

0 Responses to "രൂത്ത്"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image