ഞാൻ എന്നെത്തന്നെ വെറുത്തു
ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത്, ഊസ് ദേശത്തെ അതികായനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. 'നിഷ്കളങ്കൻ, നേരുള്ളവൻ, ദൈവഭക്തൻ, ദോഷം വിട്ടകലുന്നവൻ' ഇങ്ങനെയാണ് ഈ പുസ്തകത്തിന്റെ ആമുഖം. എന്നാൽ നാല്പത്തിരണ്ടാം അദ്ധ്യായത്തിൽ ഇയ്യോബ് നമ്മളോടു പറയുന്നതു എന്നെപ്പറ്റി ആമുഖത്തിൽ നിങ്ങൾ വായിച്ചതൊന്നും സത്യമല്ലെന്നാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന എന്നെ ഞാൻ വെറുക്കുകയാണ്. തന്നെത്തന്നെ വെറുക്കത്തക്ക നിലയിൽ നാലപ്പത്തിരണ്ടദ്ധ്യായങ്ങളുടെ ഇടയിൽ ഇയ്യോബിനു സംഭവിച്ചതെന്താണ്?
ബൈബിളിൽ അദ്ധ്യായങ്ങളുടെ കണക്കെടുക്കുമ്പോൾ ആറാമത്തെ വലിയ പുസ്തകമാണ് ഇയ്യോബിന്റെത്. ഇയ്യോബ് എന്ന മനുഷ്യന്റെ കഥ ഒരറ്റം മുതൽ മറ്റേയറ്റം വരെ വായനാസുഖം കിട്ടത്തക്കനിലയിൽ അവതരിപ്പിക്കുകയായിരുന്നില്ല ഇയ്യോബിന്റെ പുസ്തകത്തിലൂടെ പരിശുദ്ധാത്മാവ് ചെയ്തത്. താല്പര്യമില്ലാത്തവരെയും ആഴത്തിലിറങ്ങുവാൻ മനസ്സില്ലാത്തവരെയും ഈ പുസ്തകം സമീപത്തേക്കു അടുപ്പിക്കുന്നതുമില്ല. ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾക്കപ്പുറത്തേക്കു സാധാരണ വായനക്കാരനെ…