സേവനവും കല്പനയും 

Posted on
9th Jun, 2025
| 0 Comments

"ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല." (ലൂക്കോസ്  15 :29 )

സേവനത്തിന്റെ തിരക്കിനിടയിലും ലംഘിക്കപ്പെടരുതാത്ത കല്പനകൾക്കിടയിലും സഹോദരന്റെ ഓർമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഒരു പാവം ജേഷ്ഠന്റെ കഥയാണ് ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഉപമ.  മുടിയനായ പുത്രന്റെ കഥയായിട്ടാണ് ലോകം മുഴുവനും അറിയപ്പെടുന്നതെങ്കിലും ജേഷ്ഠൻ തന്നെയാണ് കേന്ദ്രകഥാപാത്രം. പല രക്ഷിക്കപ്പെട്ട ഭവനത്തിലും ഈ കഥാപാത്രത്തെ കാണാമെന്നുള്ളതുകൊണ്ടാണ് ഞാൻ ഇവരുടെ തന്നെ പുറകെ കൂടിയിരിക്കുന്നത്. ഈ ഉപമയുടെ റിസേർച്ച് നടന്നിട്ടുണ്ടത്രെ. ചിലരൊക്കെ phd ഈ ഉപമയുടെ റിസേർച്ചിലൂടെ നേടിയിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഉപമകളിൽ ഏറ്റവും മുന്നിട്ട സ്ഥാനം ഈ ഉപമ അലങ്കരിക്കുന്നുണ്ടെന്നുള്ളതിൽ സംശയം ഏതുമില്ല. പ്രാർത്ഥനയും വയൽ പ്രദേശവും എല്ലാം കൊണ്ടും തിരക്കേറിയ ജീവിതത്തിന്റെ ഉടമയാണ് ഈ അപ്പന്റെ മൂത്ത പുത്രൻ. പാവത്തിനു അനിയനെ തിരക്കിയിറങ്ങാനുള്ള സമയവും സാഹചര്യവുമില്ലാത്തതു കൊണ്ടാണ്. പിന്നെ അപ്പൻ കൂടെയുണ്ടല്ലോ അപ്പോൾ അതിന്റെ ആവശ്യകത ഉണ്ടെന്നും വരുന്നില്ല. ആദ്യത്തെ ചില ദിവസങ്ങളോ ആരെങ്കിലും അവനെക്കു റിച്ച് അന്വേഷിക്കുമ്പോഴോ ഒക്കെയാണ്  സഹോദരനെക്കുറിച്ചുള്ള ഓർമ്മയുണ്ടാകുന്നത്. 
സ്വയമായി അദ്ധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത് ആരുടെയും ഔദാര്യത്തിലല്ല എന്ന മനോഭാവം അദ്ദേഹത്തെ ഭരിക്കുന്നുമുണ്ട്. പിന്നെ ആരേയും ഉപദ്രവിക്കാനോ ആരുടേയും കാര്യത്തിൽ ഇടപെടാനോ പോകാതെ ദൈവത്തെ അറിഞ്ഞു കല്പനകളെ എല്ലാം പാലിച്ചു കിട്ടുന്ന സമയമെല്ലാം ദൈവവേലയിൽ കൈത്താങ്ങൽ നൽകി ജീവിതം തീർക്കുന്ന ഒരു സാധാരണ മനുഷ്യൻ. സേവനത്തിനുള്ള കൃത്യനിഷ്ഠയും കല്പനകളുടെ പാലനവും സഹോദരനെ തിരക്കിയിറങ്ങുവാനുള്ള സമയത്തിന്റെ ലഭ്യതക്കുറവും ഒക്കെ അനിയന്റെ ഓർമ്മകൾ മറക്കുവാൻ കാരണമാകാം. ഈ കാലഘട്ടത്തെ നല്ലവണ്ണം ഓർമ്മിപ്പിക്കുന്ന ഉപമയാണ് ഇത്. സ്വസ്നേഹികളായി പോകുന്ന യേശുവെന്ന യാഥാർഥ്യത്തെ മനസ്സിലാക്കുവാൻ കഴിയാത്ത എല്ലാത്തിനോടും ഒരു നിസ്സംഗതാ ഭാവമുള്ള പ്രതിബദ്ധത ഇല്ലാത്ത ഒരു തലമുറ ഇവിടെ ഉദയം ചെയ്തിരിക്കുന്നു. ആ തലമുറ മറ്റു ഭവനങ്ങളിലാണെന്ന വ്യാജ മനോഭാവത്തിൽ നിന്നും നമ്മുടെ ഭവനങ്ങളിലും ഉണ്ടെന്നുള്ള യാഥാർഥ്യത്തെയും മറന്നു കൂടാ. വല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ലോകവും സഭയും സഞ്ചരിക്കുന്നത്. ദിവസവും സ്വയ വഞ്ചനയോടുകൂടിയാണ് എഴുന്നേൽക്കുന്നതും ഉറങ്ങുവാൻ പോകുന്നതും. അത് ഒരു വശത്തും പ്രവർത്തിലൂടെയുള്ള നീതിയെ കണ്ടെത്തി സ്വയം ആശ്വാസം കണ്ടെത്തി ഭയമില്ലാതെ പ്രത്യാശയില്ലാതെ ഉറങ്ങുവാൻ പോകുന്ന മറ്റൊരു കൂട്ടരും. കല്പനകൾ ഒന്നും ലംഘിക്കപ്പെടുന്നില്ലായെന്നുള്ളതിൽ കൂടി സ്വർഗ്ഗപ്രവേശനം സാധ്യമാകുമെന്ന ചിന്തയും മനപ്പൂർവ്വമായി കല്പന എങ്ങനെയെങ്കിലും അനുസരിച്ചു സമൂഹത്തോടോ മറ്റുള്ളവരോടോ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ദൈവം മാത്രം പ്രസാദിച്ചാൽ മതിയല്ലോയെന്ന ചിന്തയും ഭരിക്കുന്ന വേറൊരു കൂട്ടരും. 
യോഗ്യതകളെല്ലാം നഷ്ട്ടപ്പെടുത്തിയ മകനാണ്, മകനെന്ന പദവിയ്ക്കു താൻ യോഗ്യനല്ലായെന്നു വെറുതെ അപ്പന്റെ പ്രീതിക്കോ സിമ്പതിക്കോ വേണ്ടി നാം പറയുന്നതു പോലെ പറഞ്ഞ മനുഷ്യനല്ല യഥാർത്ഥമായി ഹൃദയത്തിൽ നിന്നും വന്ന വാക്കുകളാണ് സകലതും മുടിച്ചു കളഞ്ഞ ഇളയ പുത്രൻ. പക്ഷേ എത്ര വേഗമാണ് അദ്ദേഹത്തിന്റെ അപ്പന്റെ ഭവനത്തിലേക്കുള്ള പ്രവേശനം. ഈസി വാക് ഓവർ. ദൈവരാജ്യം നമ്മുടെ വിഭാവനകൾക്കും അപ്പുറമാണ്. അവിടേക്കു നാം പ്രതീക്ഷിക്കാത്തവർ എളുപ്പത്തിൽ പ്രവേശിക്കുന്നു. അനേക വർഷങ്ങളുടെ സേവനത്തിന്റെയും കല്പനകളുടെ അനുസരണത്തിന്റെയും കണക്കുകൾ പറയാനുള്ളവർ പ്രയാസപ്പെടുന്നു. 

ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു കുലപാതകമോ മറ്റ് എന്തു കുറ്റകൃത്യങ്ങളോ നടക്കുമ്പോൾ കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നും ആ കുറ്റവാളിയെ ഒന്നിലധികം പ്രാവശ്യം നമ്മുടെ ഹൃദയത്തിലും നാവിനാലും ശിക്ഷ വിധിക്കുകയും പിന്നീട് എന്നും ആ കുറ്റവാളി ലോകത്തിനു മോശക്കാരനാകുന്നതും സമൂഹത്തിൽ നിന്നും ഒറ്റപെടുന്നതും സ്വഭാവികമായ ഒന്നാണ്.  എന്നാൽ പൗലോസ് അപ്പൊസ്തലന്റെ എഴുത്തുകളിൽ കൂടെ മനസ്സിലാക്കുന്ന യാഥാർഥ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിൽ രണ്ടേ രണ്ടു മനുഷ്യരേ ഉള്ളൂ എന്ന നിഗമനം. അതായത് രണ്ടു കൂട്ടരെന്നു തെറ്റിദ്ധരിക്കരുത്. രണ്ടു മനുഷ്യർ മാത്രം. ഒന്നാം മനുഷ്യനായ ആദാമും ഒടുക്കത്തെ മനുഷ്യനായ ആദാമും. മണ്ണുകൊണ്ടുള്ളവനും സ്വർഗ്ഗത്തിൽ നിന്നുള്ളവനും.  ഈ രണ്ടേ രണ്ടു മനുഷ്യർ മാത്രമേ ലോകത്തിലുള്ളൂ. ലോകത്തിന്റെ ഏതു ഭാഗത്തു ഒരു കുറ്റവാളി ഉണ്ടായാലും അവരോടു നാം എത്ര നീരസവും പകയും വിദ്വേഷവും വച്ച് പുലർത്തിയാലും ആ ഒരു മനുഷ്യൻ ഞാൻ ആണെന്നുകൂടെ തിരിച്ചറിയുക. നമ്മുടെ അഭിനയ സാമർഥ്യത്താലും ദൈവം നമ്മോടു കാണിക്കുന്ന ദയയാലും നമ്മുടെ തെറ്റുകൾ മറച്ചുപിടിക്കുവാൻ ഉള്ള കഴിവു വളരെ കൂടുതലായതിനാലും ആരും അറിയുന്നില്ലായെന്നു മാത്രം.  എല്ലാവർക്കും യേശുവിനെ ആവശ്യമുണ്ടെന്നുള്ള ഒരു യാഥാർഥ്യത്തിലേക്ക് എല്ലാവരും ചെന്നെത്തുന്നത് അപ്പോഴാണ്. ആ ആവശ്യക്കാർ യാഥാർഥ്യം തിരിച്ചറിയും. നിസ്സഹായതയിൽ അവൻ അപ്പനിലേക്കും അപ്പന്റെ ഭവനത്തിലേക്കും മടങ്ങും. സ്വയവഞ്ചന എന്ന കൊടിയ ചതിയിലേക്കു കൂപ്പു കുത്തിയ ഈ ജേഷ്ഠ സഹോദരനെ ഇനിയും ആർക്കാണ് രക്ഷിക്കുവാൻ കഴിയുക. മദ്യത്തിനും  മയക്കുമരുന്നിനും അടിമകളായവരെ ഒരുപക്ഷേ മടക്കിവരുത്തുവാൻ കഴിയുമായിരിക്കും. എന്നാൽ സ്വയ വഞ്ചനയിൽ അകപ്പെട്ടവരെ എങ്ങനെ മടക്കുവാൻ കഴിയും.

<< Back to Articles Discuss this post

0 Responses to "സേവനവും കല്പനയും "

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image