ഒരു ദിവസവും വേറെ ആയിരം ദിവസവും
ഞാൻ ഓഫീസിൽ പോകുന്ന വഴി ക്ലോക്ക് ടവറിന്റെ മുൻപിലെ ട്രാഫിക് സിഗ്നലിനടുത്തു കുറച്ചേറെ പുൽത്തകിടിയുണ്ട്. ബസിൽ ഇരുന്നുള്ള ആ കാഴ്ച മനോഹരമാണ്. മനുഷ്യകരങ്ങളുടെ കൈകടത്തുള്ളതിനാൽ വശ്യത കുറവാണെങ്കിലും മെട്രോ നഗരത്തിനു അനുയോജ്യമായ ആസൂത്രണവും പരിപാലനവും വേറിട്ടതാണ്. പുൽത്തകിടിന്റെ വശ്യത വർണ്ണനാതീതമെങ്കിലും എന്റെ ആകർഷണ വലയത്തിനകത്തുള്ളതു പുൽത്തകിടിയിലും ഒരു പടി മുകളിലുള്ള കുഞ്ഞു പക്ഷിക്കൂട്ടങ്ങളാണ്. എന്തു ഓമനത്തമാണന്നോ ! ബസിന്റെ ചില്ലുകൾക്കിടയിൽ കൂടെ കൈകൾ നീളുമായിരുന്നെങ്കിൽ അതിന്റെ ഓമനത്തമുള്ള ദേഹത്തു ഞാൻ എന്റെ വിരലോടിക്കുമായിരുന്നു. കുരുവികളാണ്. പഠനം പറയുന്നത് ഇതിന്റെ ജീവചക്രം ഒരു വ്യാഴവട്ടമാണെന്നാണ്. അങ്ങനെ ജീവിച്ചിരുന്നവർ കുറവത്രെ. എന്റെ നിരീക്ഷണമല്ല . രണ്ടോ മൂന്നോ വർഷം കൊണ്ടു ബഹുഭൂരിപക്ഷവും കാലയവനിയിൽ മറയുമത്രെ. മൂന്നുവർഷം കണക്കുകൂട്ടിയാൽ കൃത്യം 1095 എണ്ണം പറഞ്ഞ ദിവസങ്ങൾ. മനുഷ്യ ജീവിതവുമായി തട്ടിച്ചാൽ വളരെ കുറച്ചു ആയുസ്സ് ദൈർഘ്യം.
ഈ കുരുവികളുടെയും മീവൽ പക്ഷികളുടെയും കാഴ്ചകൾ എന്നെ ഇപ്പോൾ നിർത്തിയിരിക്കുന്നത് യെരുശലേം ദേവാലയത്തിന്റെ പ്രാകാരങ്ങളിലാണ്. എന്റെ മുൻപിലെ വരിയിൽ നിൽക്കുന്നതു കോരഹിന്റെ പുത്രന്മാരാണ്. നമ്മുടെ സങ്കീർത്തനങ്ങളിൽ അവരുടെ കയ്യൊപ്പും പടർന്നിട്ടുണ്ട്. പതിനൊന്നു സങ്കീർത്തനങ്ങൾ അവരുടെ പേരിലാണ് അറിയപ്പെടുന്നത്. സങ്കീർത്തനങ്ങൾ ഒന്ന് രണ്ടു മൂന്ന് നാലു എന്നി പുസ്തക ക്രമത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ പുസ്തകം ഒന്ന് മുതൽ നാൽപ്പതു വരെയുള്ള കീർത്തനങ്ങൾ എല്ലാം ദാവീദ് ആണ് രചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ രണ്ടും മൂന്നും പുസ്തകത്തിന്റെ എഴുത്തുകളുടെ ഹൃദയ സ്പൃക്കായ ആലേഖനം കൊണ്ട് ഒരു പടി ആധിപത്യം കോരഹിന്റെ മക്കളും ആസാഫും പങ്കിട്ടെടുക്കുന്നുവെങ്കിലും ദാവീദു തന്നെയാണ് ആ പുസ്തകങ്ങളിലും എണ്ണത്തിൽ കേമൻ.
കോരഹ് പുത്രന്മാർ കാണുന്ന കാഴ്ച കുരികിലിന്റെയും മീവൽ പക്ഷിയുടെയും വീടും കൂടും ബലിപീഠത്തിൽ സ്ഥാപിച്ചിരിക്കുന്നതാണ്. വീടിന്റെ പ്രത്യേകത സ്ഥിരതാമസത്തിനുള്ളതാണ്. കൂടു ഒരു പ്രത്യുൽപ്പാദനം നടത്തി ഒരു കൂട്ടം മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ പറക്കപരുവത്തിലാക്കുന്നതു വരെയാണ്. ഈ കാഴ്ചയിൽ നിന്നാണ് ഈ കാവ്യം ജനിക്കുന്നത്. ആ കാഴ്ച തങ്ങൾക്കു ചിന്തിക്കുന്നതിലും അപ്പുറമായ കൊതിക്കെറുവ് കൊണ്ട് വരുന്നതായിരുന്നു. അവർ ഈ സങ്കീർത്തനം എഴുതി തുടങ്ങുന്നത് സർവ്വശക്തനായ ദൈവമേ എന്ന സംബോധനയോടെയാണ്. നിവാസം അതിമനോഹരമാണ്. വർണ്ണനാതീതമാണ്. അങ്ങയുടെ ആലയത്തിൽ കഴിയുന്ന ഒരു ദിവസം എത്ര മനോഹരമാണ്. ഈ വസിക്കുന്നവർ അങ്ങയെ നിത്യം സ്തുതിച്ചു കൊണ്ടിരിക്കും. അങ്ങയുടെ ഈ നിവാസത്തിൽ നിസ്സാരമാരായ ഈ കുഞ്ഞു ജീവികൾ കൂടുകൂട്ടുന്നു. ഒരു ദിവസത്തെ വാസം ആയിരം ദിവസത്തിന് തുല്യമാണെങ്കിൽ മൂന്നു വർഷം സ്ഥിരമായി താമസിക്കുന്ന ഈ കുഞ്ഞു കിളികൾ മൂവായിരം വർഷം താമസിച്ചതിനു തുല്യമാണ്. ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ബഹുമാനവും സ്തുതികളും അർപ്പിക്കുവാൻ മറ്റുള്ളതെല്ലാം ഒഴിവാണെങ്കിൽ മാത്രമാണ് പലപ്പോഴും നാം സമയം കണ്ടെത്താറുള്ളത്. ഒരു സ്ഥിരമായ അച്ചടക്കമുള്ള പ്രാർത്ഥനാ ജീവിതം നമുക്കു അന്യമാണ്. ബഹുമാനം നമ്മിൽ അഭിനയം മാത്രമായി പരിമണിക്കുകയാണ്. പൂർണ്ണ ഹൃദയം പൂർണ്ണ ആത്മാവ് പൂർണ്ണ മനസ്സ് പൂർണ്ണ ശക്തി പൂർണ്ണതയുള്ള ആരാധനയിലല്ലാതെ ദൈവ പ്രസാദമില്ലായെന്നു നാം ബോധപൂർണ്ണമായി മറന്നു പോകുന്നു.
കോരഹിന്റെ പുത്രന്മാരുടെ പേരുകൾ അസ്സൂർ, എൽക്കാനാ അബിയാസാഫ് (പുറപ്പാടു്) ഈ കോരഹ് പുത്രന്മാരുടെ പ്രത്യേകതയാണ് അപ്പനും കൂട്ടുകാരും ദൈവത്തിനു മോശയ്ക്കും എതിരായി പ്രവർത്തിച്ചപ്പോൾ അവർ ദൈവഭാഗത്തു നിന്നു എന്നുള്ളത്. സംഖ്യാപുസ്തകം 16 : 26 ൽ അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. ദാഥാന്റെയും അബീരാമിന്റെയും ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു അവരോടു കൂടെ നശിച്ചു പോയപ്പോൾ കോരഹ് പുത്രന്മാർ അപ്പന്റെ കൂടാരത്തിൽ നിന്നും ദൂരെ മാറി മോശയോടും സഭയോടും കൂടെ ചേർന്നു നിന്നു.
"നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം." (വാ.10) എൺപത്തിനാലാം സങ്കീർത്തനത്തിന്റെ പത്താം വാക്യം എഴുതുമ്പോൾ ദുഷ്ടന്മാരുടെ കൂടാരങ്ങൾക്കരികെ നിന്നു അവരോടു കൂടെ എന്നന്നേക്കുമായി നശിച്ചു പോകാതെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനെങ്കിലും ആകുവാൻ കൊതിക്കുന്ന കോരഹിന്റെ മക്കളെ നമുക്കു കാണുവാൻ കഴിയും.
മുൻവിധികൾ കൊണ്ടും അബദ്ധധാരണകളാലും നാം ബലവും ആശ്രയവും കണ്ടെത്തുന്ന മനുഷ്യർ അകന്നു പോകുമ്പോൾ ബലവും ആശ്രയവും ദൈവത്തിൽ കണ്ടെത്തുന്ന മനുഷ്യനാണ് ഭാഗ്യവാൻ എന്ന കണ്ടെത്തലുകളോടുകൂടിയാണ് അവർ ഈ കീർത്തനം അവസാനിപ്പിക്കുന്നത്. ഈ കുഞ്ഞു കിളികളെ പോലെ എന്നേക്കും അവിടെ വീടു കൂട്ടി പാർക്കുവാൻ ഞങ്ങൾക്കും കഴിഞ്ഞിരുന്നെങ്കിൽ ....
0 Responses to "ഒരു ദിവസവും വേറെ ആയിരം ദിവസവും"
Leave a Comment