കാണാതെ പോയ ചിലർ
കാണാതെ പോയവർക്കായി ഒരാൾ ബഹുദൂരം സഞ്ചരിച്ചു വന്നു കണ്ടെത്തിയ കഥ പറയുകയാണ് സുവിശേഷം. ചിലരെ നാം എപ്പോഴും കാണുന്നവരാണെങ്കിലും നമ്മുടെ മുൻപിലൊക്കെ അവർ മിക്കപ്പോഴും ഉണ്ടെങ്കിലും അവർ കാണാതെ പോയവരാണെന്നോ അല്ലെങ്കിൽ അറിവുണ്ടായിട്ടും കണ്ടില്ലായെന്നു നാം വരുത്തി കാണാതെ പോകുന്നവരുമാണ്. യേശു എങ്ങനെയുള്ളവനെന്നു കാണാൻ വേണ്ടി മാത്രം കയറിയിരുന്നതാണു സക്കായി. എന്നാൽ കാണാതെ പോയവരുടെ പട്ടികയിൽ അയാളും ഉണ്ടായിരുന്നു. ഒരു ലിസ്റ്റുമായിട്ടാണ് ഈ വഴിയെല്ലാം കർത്താവു നടക്കുന്നത്. യെരീഹോവിലൂടെയുള്ള യാത്ര ഈ ലിസ്റ്റിൽ ഉള്ളവൻ കാട്ടത്തിയുടെ മുകളിൽ ഉണ്ടെന്ന അറിവിനാൽ തന്നെയാണ്. അത്തിയുടെ കീഴിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഫിലിപ്പോസ്. വെള്ളം കോരിക്കൊണ്ടിരുന്ന ശമര്യക്കാരത്തി... വെളുക്കുവോളം വലവീശി നിരാശ നിറഞ്ഞിരുന്ന ശീമോൻ... പള്ളിപ്രമാണിമാരാരും കാണാതെ ഇരുട്ടത്തു തപ്പിത്തടഞ്ഞു വന്ന നിക്കോദിമോസ്... പട്ടികയിലുള്ള കണ്ടെത്തിയവരും അല്ലാത്തവരുടെയും നിര നീണ്ടു പോകുകയാണ്... ആ പട്ടികയിലുള്ളവൻ തന്നിൽ നിന്നും എത്ര അകലെയാണെങ്കിലും അവനുവേണ്ടി ദീർഘദൂരം നടക്കുവാൻ അമാന്തിക്കാത്ത സുവിശേഷകൻ. അവൻ തന്നെ സുവിശേഷം ആണ്. കണ്ടെത്തിയവരുടെയെല്ലാം കൂടെ ഭവനത്തിൽ അവൻ താമസിക്കുവാൻ തയ്യാറാകുന്നു എന്നതാണ് മറ്റൊരു സവിശേഷത. “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു”. കാണാതെ പോയ ഒരുവനെ കണ്ടെത്തിയപ്പോൾ ഉള്ള സന്തോഷത്തിന്റെ പാരമ്യത. തൊണ്ണൂറ്റൊൻപതിനേയും തനിയെ വിട്ടിട്ടു കണ്ടു കിട്ടിയ ഒന്നിനെ തോളിലേറ്റി നടക്കുന്ന നല്ലിടയൻ. പിറുപിറുപ്പുകളെയെല്ലാം അവഗണിച്ചാണ് തോളിലേറ്റിയത്. എന്റെ വിചാരം അവനെയും കൊണ്ടു തിരിഞ്ഞു നടന്നെന്നാണ്.
എമ്മോസിലേക്കു പോയത് രണ്ടും ശിഷ്യരാണ്. പക്ഷേ അവരെ കണ്ടെത്താൻ യേശുവിനു ഏഴുനാഴിക കൂടെ നടക്കേണ്ടി വന്നു. കാണാതെ പോയ ഒരാൾക്കു വേണ്ടി ഏതറ്റം വരെ പോകുവാനും അവൻ മനസ്സ് കാണിച്ചു. മൂന്നര വർഷത്തെ പരസ്യ ശുശ്രുഷ കാലയളവിൽ ഓരോ ദിവസം മാത്രമല്ല ഓരോ മിനിറ്റുകളും വളരെ പ്രാധാന്യമേറിയതാണ്. വലിയ ഒരു ജന സമൂഹത്തെ അഭിസംബോധന ചെയ്തു ഒരുമിച്ചു ആൾട്ടർ കാൾ ചെയ്തു അവർക്കു വേണ്ടി പ്രാർത്ഥിച്ചു അടുത്തടത്തേക്കു ഓടുവാനായിരിക്കും നാം ഈ സാഹചര്യത്തിൽ മുതിരുക. എന്നാൽ ഓരോരുത്തരെയും കണ്ടെത്തുവാൻ കർത്താവു സമയം തക്കത്തിൽ ഉപയോഗിച്ചു. "യേശു സകലതും നന്നായി ചെയ്തു" എന്നാണ് മർക്കോസിന്റെ റിപ്പോർട്ട്.
മൂന്നര വർഷത്തെ കണ്ടെത്തലിനു ശേഷം കാണാതെ പോയവരുടെ ആ നീണ്ട ലിസ്റ്റു നമ്മുടെ പക്കൽ ഏൽപ്പിച്ചു ... ഒരേ ഒരാൾ എത്ര ദൂരെയാണെങ്കിലും ബഹുദൂരം സഞ്ചരിച്ചു കണ്ടെത്തുക അതിന്റെ പേരാണ് ഗ്രേറ്റ് കമ്മീഷൻ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്തായി 28:18-19). എല്ലാവരും ആ ലിസ്റ്റിലുള്ളവരല്ല എന്ന യാഥാർഥ്യവും മറക്കേണ്ടതില്ല. എന്നാൽ ആരെയും ഒഴിവാക്കാനും നമുക്കു അവകാശമില്ല. നാം തനിച്ചല്ല ഈ കണ്ടെത്തലിൽ എന്ന പ്രത്യേകതയും ഉണ്ട് ഈ കണ്ടെത്തലിൽ. ഈ കണ്ടെത്തലിന്റെ യാത്രയിൽ എന്തൊക്കെ ആവശ്യമായതുണ്ടോ അതെല്ലാം ലഭിക്കുമെന്നുള്ളതും ഉറപ്പുള്ളതാകുന്നു... മറ്റെല്ലാത്തിനേയും അപ്രസക്തമാക്കി "കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണു മനുഷ്യപുത്രൻ വന്നത്.” എന്ന ഹൃദയം മന്ത്രണമാണ് കണ്ടെത്തുവാൻ പോകുന്നവർക്കു ആവശ്യമായിരിക്കുന്നത്.
0 Responses to "കാണാതെ പോയ ചിലർ"
Leave a Comment