കഷ്ടതകളിലൂടെയുള്ള വിശുദ്ധികരണം
വേഗത കൂടിയ ഒരു ലോകത്താണ് നാമിപ്പോൾ ആയിരിക്കുന്നത്. ചടുലത എല്ലാ മേഖലയിലും അനിവാര്യമായിരിക്കുന്നു. വേഗത്തിൽ കാര്യങ്ങളെ സമീപിക്കുവാൻ കഴിയുന്നവരൊഴിച്ചു ബാക്കിയെല്ലാത്തിനേയും അവഗണിക്കുന്ന ലോകം കൂടി രൂപപ്പെട്ടുകഴിഞ്ഞു. ബലഹീനമായ സകലത്തെയും നാമാവശേഷമാക്കണമെന്നും ബലമുള്ളതും പ്രയോജനമുള്ളതു മാത്രം മതിയെന്നും ഉള്ള കാഴ്ചപ്പാട് ലോക സൃഷ്‌ടി മുതൽ ഇങ്ങോട്ടു ഉണ്ടെങ്കിലും ആധുനിക നൂറ്റാണ്ടിൽ ഹിറ്റ്ലറിലൂടെയാണ് ലോകമതിന്റെ തീവ്രമായ തലം കണ്ടത്. ഒരു ദൈവപൈതലിനെ സംബന്ധിച്ചു ദൈവത്തിന്റെ പരിജ്ഞാനത്തിലേക്കു പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ വിശുദ്ധീകരണം ആണ് ദൈവം ആഗ്രഹിക്കുന്ന ഇഷ്ടം എന്നു മനസ്സിലാക്കുന്ന ഒരാൾക്ക് വേഗത്തിൽ നമ്മുടെയുള്ളിലും ഇതിന്റെ ശേഷിപ്പുകൾ ഉണ്ടെന്നു മനസ്സിലാക്കുവാൻ കഴിയും. സഹിഷ്ണതയെന്ന ദൈവ വാഗ്‌ദത്തം പ്രാപിക്കുവാൻ അത്യന്താപേക്ഷിതമായ സ്വഭാവം കഷ്ടതയുടെ നടുവിൽ നമുക്കു കൈമോശം സംഭവിച്ചിരിക്കുന്നു എന്നത് വലിയ യാഥാർഥ്യമാണ്. സഹിഷ്ണതയുടെ മറ്റൊരു വാക്കു സഹിക്കുക എന്നാണ്. ഒരു ദിവസമോ രണ്ടു ദിവസമോ അനുഭവിക്കുന്ന കഷ്ടതയ്‌ക്കോ വേദനയ്‌ക്കോ ഒറ്റപ്പെട്ട ചില സംഭവങ്ങൾക്കോ സഹിഷ്ണതയെന്ന പേരു അനുയോജ്യമല്ല. അത് നീണ്ട ഒരു കാലയളവിനെ സൂചിപ്പിക്കുന്നതാണ്. ഇയ്യോബിനെ നമുക്കു ആ ഗണത്തിൽ പെടുത്തുവാൻ കഴിയും. അദ്ദേഹത്തിന്റെ കഷ്ടത എത്ര കാലമായിരുന്നു എന്നതിന് രേഖകളില്ലെങ്കിലും സഹിഷ്ണതയ്ക്കു നല്ലൊരു ഉദാഹരണമാണ് ഇയ്യോബ്.
വെളിപ്പാട് പുസ്തകത്തിലെ രണ്ടാമത്തെ സഭയായ സ്മുർന്നയിലെ സഭയോടുള്ള ദൂത് വെളിപ്പെടുത്തുമ്പോൾ കർത്താവ് പറയുന്നത് നിങ്ങൾ മഹാ ദാരിദ്ര്യത്തിലും കഷ്ടതയിലും ആണെന്നു ഞാൻ അറിയുന്നു. എന്നാൽ അതു ഇപ്പോൾ അവസാനിക്കുകയില്ല. ഇനിയും പത്തു ദിവസങ്ങളിൽ ഉപദ്രവം ഉണ്ടാകുവാൻ പോകുകയാണ്. പത്തു ഘട്ടങ്ങളിലായാണ് എന്ന് അർത്ഥം. ഒന്നിനു പുറകെ ഒന്നായി കഷ്ടത തുടർകഥയാകുമെന്നാണ് വ്യാഖ്യാനം. ഇതിനെ നമുക്ക് കണ്ണുമടച്ചു സഹിഷ്ണത എന്ന പേരു കൊടുക്കാം. പിന്നെ എപ്പോഴാണ് ഇതിനു ഒരു അവസാനം ഉണ്ടാകുവാൻ പോകുന്നത് എന്നത് സ്വഭാവികമായ ചോദ്യമാണ്. അതിനു ഉത്തരം മറുപടിയിൽ കാണുന്നില്ല. പക്ഷേ ദൂത് അവസാനിപ്പിക്കുന്നത് മരണപര്യന്തം വിശ്വസ്തനായിരിക്ക എന്ന ദൂതുമായിട്ടാണ്. സഹിഷ്ണതയുടെ കാലാവധി മരണം വരെയാണ്. ഈ സഹിഷ്ണത നമ്മിൽ ഒരു സ്വഭാവത്തെ രൂപപ്പെടുത്തും. അതിനാണ് സിദ്ധത എന്ന പേര്. അവ ചാലകമായി പ്രത്യാശയിലേക്കു നമ്മെ കൊണ്ടെത്തിക്കും. നമുക്ക് ഈ സഹിഷ്ണതയിലൂടെ നേടുവാൻ കഴിയുന്ന പ്രത്യാശയുടെ വിദ്യാഭ്യാസം ഇല്ലാത്തതാണ് ഒരു അപചയം. കഷ്ടത എന്ന പ്രതിയോഗിയെ വേഗത്തിൽ മാറ്റുവാനുള്ള വിദ്യാഭ്യാസം മാത്രമാണ് നാം കൊടുക്കുന്നത്. അതിനാൽ ദൈവം ആഗ്രഹിക്കുന്ന വിശുദ്ധീകരണം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. നിസ്സാരവും നീണ്ടുനിൽക്കാത്തതുമായ സംഭവങ്ങളിൽ പോലും നിരാശ നമ്മിൽ പിടിമുറുക്കുകയാണ്. യിരെമ്യാ പ്രവാചകന്റെ പ്രശസ്തമായ ഒരു ചോദ്യം നമുക്കു കാണാത്തതുപോലെ നടിക്കാം "കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻ കാട്ടിൽ നീ എന്തു ചെയ്യും?"
0 Responses to "കഷ്ടതകളിലൂടെയുള്ള വിശുദ്ധികരണം"
Leave a Comment