ഞാൻ എന്നെത്തന്നെ വെറുത്തു

Posted on
4th Aug, 2023
| 0 Comments

ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത്, ഊസ് ദേശത്തെ അതികായനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. 'നിഷ്കളങ്കൻ, നേരുള്ളവൻ, ദൈവഭക്തൻ, ദോഷം വിട്ടകലുന്നവൻ' ഇങ്ങനെയാണ് ഈ പുസ്തകത്തിന്റെ ആമുഖം. എന്നാൽ നാല്പത്തിരണ്ടാം അദ്ധ്യായത്തിൽ ഇയ്യോബ് നമ്മളോടു പറയുന്നതു എന്നെപ്പറ്റി ആമുഖത്തിൽ നിങ്ങൾ വായിച്ചതൊന്നും സത്യമല്ലെന്നാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന എന്നെ ഞാൻ വെറുക്കുകയാണ്. തന്നെത്തന്നെ വെറുക്കത്തക്ക നിലയിൽ നാലപ്പത്തിരണ്ടദ്ധ്യായങ്ങളുടെ ഇടയിൽ ഇയ്യോബിനു സംഭവിച്ചതെന്താണ്? 
ബൈബിളിൽ അദ്ധ്യായങ്ങളുടെ കണക്കെടുക്കുമ്പോൾ ആറാമത്തെ വലിയ പുസ്തകമാണ് ഇയ്യോബിന്റെത്. ഇയ്യോബ് എന്ന മനുഷ്യന്റെ കഥ ഒരറ്റം മുതൽ മറ്റേയറ്റം വരെ വായനാസുഖം കിട്ടത്തക്കനിലയിൽ അവതരിപ്പിക്കുകയായിരുന്നില്ല ഇയ്യോബിന്റെ പുസ്തകത്തിലൂടെ പരിശുദ്ധാത്മാവ് ചെയ്തത്. താല്പര്യമില്ലാത്തവരെയും ആഴത്തിലിറങ്ങുവാൻ മനസ്സില്ലാത്തവരെയും ഈ പുസ്തകം സമീപത്തേക്കു അടുപ്പിക്കുന്നതുമില്ല. ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങൾക്കപ്പുറത്തേക്കു സാധാരണ വായനക്കാരനെ ഇയ്യോബു ക്ഷണിക്കുന്നതുമില്ല. പിന്നെയെങ്ങനെ ജനമനസ്സുകളിൽ ഇയ്യോബ് കയറിപ്പറ്റി. അരികുപ്പറ്റി നടക്കുവാൻ ആഗ്രഹിച്ചവർക്കും ലോകമെന്ന മോഹം കൊണ്ടുനടന്നവർക്കും പ്രധാനപ്പെട്ടതെന്നു നാം കരുതുന്നതോ, നമ്മുടെ ജീവിതവുമായി ഒത്തുപോകുമെന്നു വിചാരിക്കുന്നതോ ആയ ചില പദസഞ്ചയങ്ങളോ ആരുടെയെങ്കിലുമൊക്കെ പ്രസംഗ ശകലങ്ങളിൽ നിന്നോ, പ്രാർത്ഥനാ വാചകങ്ങളിൽ നിന്നോ കിട്ടിയതൊക്കെ ചേർത്തു അരികുപ്പറ്റി നടക്കുന്നവരുടെ ഇടയിൽ ഇയ്യോബിനെ ജനകീയനാക്കി. ഈ അരികുപ്പറ്റി മാത്രം ജീവിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി ഇയ്യോബ് എന്ന മനുഷ്യനുവേണ്ടി മാറ്റിവച്ച നാല്പത്തിരണ്ടദ്ധ്യായങ്ങളിലൂടെ പരിശുദ്ധാത്മാവു ചെയ്തെടുത്ത ഉദ്ദേശം നടക്കാതെ പോകുന്നുവെന്ന ദയനീയ അവസ്ഥയാണ് നമുക്കു കാണുവാൻ കഴിയുന്നത്. നമുക്കെങ്ങനെയാണ് ഇയ്യോബിനോടു ഇഷ്ടം തോന്നിയത്? 
* ഇയ്യോബ് ഒരു സമ്പന്നനാണ്  
* ഇയ്യോബ് ഒരു ദൈവഭക്തനാണ് 
* ഇയ്യോബിനും തനിക്കുള്ളതിനൊക്കെയും ഉള്ള ദൈവീക സംരക്ഷണം 
* ഇയ്യോബിന്‌ നഷ്ടമായതെല്ലാം ദൈവം ഇരട്ടിയായി തിരികെ നൽകിയത് കൊണ്ട് . 

ഇയ്യോബിന്റെ സമ്പന്നതയും അതിനുള്ള ദൈവീക സംരക്ഷണവും ആണ് ഇയ്യോബിലേക്കു ആളുകളെ കൂടുതൽ ആകർഷിച്ചത്. കഷ്ടതയ്ക്കു അപ്പുറം ശോഭനമായ ഭാവി ഭൂമിയിൽ തന്നെ സ്വപ്നം കാണുന്നവരും  ഇയ്യോബിലേക്ക് ആകർഷിക്കപ്പെട്ടു. സത്യത്തിൽ ഇയ്യോബ് തന്റെ സമ്പന്നതയെ ആസ്വദിച്ചില്ല. ഈ   ഒരവസ്ഥ എന്നെങ്കിലും നഷ്ടപ്പെടുമെന്ന് നഷ്ടപ്പെടലിനു മുൻപുതന്നെ ഇയ്യോബ് ഭയന്നിരുന്നു(വാ.3:25). ഇയ്യോബിന്റെ സമ്പന്നതയുടെ ഗുണഭോക്താക്കൾ മക്കളും തന്നെ ചുറ്റിപ്പറ്റി ജീവിച്ചവരും ആണ്. അദ്ദേഹം അനുഭവിച്ച സുഖം സമ്പന്നതയിലൂടെ ജനങ്ങൾ തനിക്കു നൽകിയ വിധേയത്വം എന്ന സുഖം ആണ്. പണത്തിന്റെ കുറവനുസരിച്ചോ സഹായ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ചോ പെട്ടെന്ന് തന്നെ പിൻവലിക്കപ്പെടുന്ന വിധേയത്വം. ജനാധിപത്യ സംവിധാനത്തിൽ വിധേയത്വം പിൻവലിക്കുവാനോ വേറെ ഒരു കൂട്ടർക്കു വിധേയത്വം പണയം വയ്ക്കുവാനോ നിശ്ചിത കാലയളവ് നിശ്ചയിച്ചിട്ടുണ്ടെങ്കിൽ സഹായഹസ്തം എന്നവസാനിക്കുന്നുവോ അപ്പോൾ അവസാനിപ്പിക്കുന്നതാണ് ഇയ്യോബ് അനുഭവിച്ച വിധേയത്വമെന്ന സുഖം. പണമുള്ളവരെയും സ്വാധീനമുള്ളവരെയും ബഹുമാനിക്കുവാനും ഭയപ്പെടുവാനുമുള്ള വല്ലാത്ത ഒരു ത്വര/ അഭിനിവേശം മനുഷ്യ സഹജമായതിനാൽ ഇയ്യോബിനും ഇവ  തന്റെ നാട്ടുകാർ വേണ്ടത്ര കൊടുത്തു എന്ന് തന്റെ വാക്കുകളിലൂടെ നാം മനസിലാക്കുന്നു.(അദ്ധ്യായം 29) പണം ഉള്ളവരും ഇല്ലാത്തവരും ഹൃദ്യസ്ഥമാക്കേണ്ട ഒരു വലിയ മുന്നറിയിപ്പാണ് ഈ വല്ലാത്ത അഭിനിവേശം പണത്തോടും അതുള്ളവരോടും തോന്നരുത് എന്നത്.  
നാട്ടുകാരെ മുഴുവൻ സംരക്ഷിച്ചവനാണ്. ദാസനും ദാസിക്കും ന്യായം നടത്തിക്കൊടുത്തവൻ, ദരിദ്രനെയും വിധവയെയും അനാഥനെയും സംരക്ഷിച്ചവൻ. ശത്രുവിന്റെ നാശത്തിൽ സന്തോഷിക്കുകയോ അവന്റെ അനർത്ഥത്തിൽ നിഗളിക്കുകയോ അവനെ പ്രാകുകയോ, ജീവനാശത്തിനു വേണ്ടി ആഗ്രഹിക്കുകയോ ചെയ്യാത്തവൻ. പരദേശികളെ വഴിയിൽ പാർപ്പിക്കാതെ വഴിപോക്കനു തന്റെ വാതിൽ തുറന്നുകൊടുത്തവൻ. ലംഘനങ്ങൾ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു ദിനംപ്രതി നിരപ്പു പ്രാപിച്ചവൻ. എല്ലാവരും ബഹുമാനിച്ചവൻ, എല്ലാവരാലും ബഹുമാനിക്കപ്പെട്ടവൻ. ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ രണ്ടു പ്രസ്‌താവന ഇയ്യോബിനെക്കുറിച്ചു പറയുന്നതല്ലാതെ പിന്നീടങ്ങോട്ടു കർത്താവു മൗനം അവലംബിക്കുകയാണ്.  ആലോചനകളിൽ ഇരുളുവ്യാപിക്കുകയാണ്. എനിക്കു ഇങ്ങനെ കഷ്ടത വരുവാൻ ഒരു സാധ്യതയില്ലെന്നാണ് നമ്മുടെ കണ്ടെത്തൽ. എന്റെ പ്രവർത്തി സസൂക്ഷ്മം ഞാൻ തന്നെ തൂക്കി നോക്കുമ്പോൾ ഞാൻ തന്നെ മെച്ചമാണ്. പാസ്സ് ആകുവാനുള്ള മാർക്ക് എന്തായാലും ഞാൻ നേടിയിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ളവരെയും എന്റെ പ്രവർത്തികളെയും തുലനം ചെയ്താൽ കണ്ണുമടച്ചു എനിക്ക്‌ കയറി പോകാം. അങ്ങനെയുള്ള എനിക്കി വന്ന കഷ്ടത ന്യായരഹിതമാണ്‌. ബഹുഭൂരിപക്ഷം അദ്ധ്യായങ്ങളും ഇയ്യോബ് അത് സമർത്ഥിക്കുവാനായി ശ്രമം നടത്തുന്നു. തന്റെ കയ്യാൽ താൻ നടത്തിയ പ്രവർത്തികളുടെ വിശകലനത്തിന്റെ പട്ടികയായതുകൊണ്ടു കർത്താവും തന്റെ കയ്യുടെ പ്രവർത്തികളുടെ നീണ്ട നിരയെ ഇയ്യോബിന്റെ മുൻപിൽ നിരത്തി ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു. 
ഇങ്ങനെ വിമർശനാത്മകമായി കുത്തിക്കുറിക്കുമ്പോൾ ഇയ്യോബിനോടു കർത്താവിനു വെറുപ്പോ മറ്റോ ആയിരുന്നു എന്നു തെറ്റിദ്ധരിക്കരുത്. ദൈവം പറയുന്നത് ഇയ്യോബിന്റെ മുഖം ആദരിക്കുന്നുവെന്നാണ്. അതിനർത്ഥം ഇയ്യോബ് എപ്പോഴും ദൈവത്തിനു പ്രീയപ്പെട്ടവനായിരുന്നു എന്നാണ്. പ്രവർത്തികളിലൂടെയുള്ള സ്വയനീതിയെ തച്ചുടയ്ക്കുവാൻ മറ്റൊരു മാർഗ്ഗവും കൈകൊള്ളുവാൻ ഇല്ലാത്തതിനാൽ ഈ ശോധനയിൽക്കൂടെ ഇയ്യോബിനെ കടത്തിവിടേണ്ടതു ആവശ്യമായിരുന്നു. സഹോദരങ്ങളെ, ദൈവം നമ്മുടെ കഷ്ടതയുടെ നടുവിൽ പ്രതിസന്ധികളുടെ നടുവിൽ നിശബ്തനായിരിക്കുന്നു എങ്കിലും ഉപേക്ഷിച്ചു എന്നു  അതിനർത്ഥമില്ല. കർത്താവു നമ്മെ സസൂക്ഷ്‌മം വീക്ഷിക്കുന്നുണ്ട്. നമ്മുടെ വിശുദ്ധികരണമെന്ന പ്രക്രിയ അവസാനിക്കുന്നിടം വരെയും കർത്താവു നിശബ്ദമായി നമ്മോടൊപ്പമുണ്ടാകും. എന്റെ ഈ പ്രാവശ്യത്തെ വായനയിൽ ഏറ്റവും അധികം സന്തോഷിപ്പിച്ചതും ചിന്തിപ്പിച്ചതുമായ വാക്യം ദൈവത്തോടുള്ള തന്റെ ആദ്യത്തെ മറുപടിയാണ്. എത്ര മൂല്യമാണ് ആ രണ്ടു വരികൾക്ക്. എത്ര ആഴമാണ് ആ വാക്കുകളുടെ ഉള്ളുകൾക്ക്. ആ വാക്കുകൾ ഇങ്ങനെയാണ് (വാ.42:2) "നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു". എന്നെപ്പോലെ ഒരുവനെ പണിതെടുക്കുവാൻ നിനക്കു കഴിയും കർത്താവേ എന്നാണ് ഇയ്യോബിന്റെ ഏറ്റവും വലിയ തിരിച്ചറിവ്. ദൈവത്തിന്റെ സൃഷ്ടികളുടെയും അവയുടെ അത്ഭുതമായ വർണ്ണനയുടെയും അവയുടെ നിലനില്പിന്റെയും എല്ലാം വിവരണത്തിലൂടെയാണ് മുപ്പത്തിയെട്ടുമുതൽ നാല്പത്തിയൊന്നു വരെയുള്ള അദ്ധ്യങ്ങളിലൂടെ കർത്താവു ഇടപ്പെട്ടതെങ്കിലും ഇയ്യോബ് കണ്ട  അത്ഭുതം തന്റെ വിശുദ്ധികരണത്തിനായി ദൈവം ചെയ്ത പ്രവർത്തിയാണ്. 
അക്കമിട്ടു നിരത്തിയ ഒരുകൂട്ടം നീതിപ്രവർത്തികളുടെ നീണ്ട ലിസ്റ്റ് കയ്യിലിരുന്നു വിറയ്ക്കുകയാണ്. കേൾവിയുടെ പിൻബലത്തിലാണ് ചെയ്തെടുത്തതെല്ലാം ഓർത്തെടുത്തു എഴുതി നൽകിയത്. കാഴ്ചയുടെ ലോകത്തു ഈ നീതിപ്രവർത്തികളുടെ നീണ്ട നിരപോയിട്ടു അവ ചെയ്ത എനിക്കുപോലും സ്ഥാനം ഇല്ലെന്നു ഇയ്യോബ് എന്ന ആമുഖത്തിൽ നാം കണ്ട നിഷ്കളങ്കൻ. അവനെന്നെ കൊന്നാലും ഞാൻ എന്റെ നടപ്പു അവന്റെ മുൻപാകെ തെളിയിക്കുമെന്നു പറഞ്ഞ നീതിമാൻ. കർത്താവിന്റെ തേജസ്സിന്റെ മുൻപിൽ എന്റെ ഒരു പ്രവർത്തികൾകൊണ്ടും നിൽക്കുവാൻ എനിക്കു സാധ്യമല്ലെന്ന തിരിച്ചറിവ് എന്നെത്തന്നെ വെറുക്കത്തക്കനിലിയിലാക്കി.

<< Back to Articles Discuss this post

0 Responses to "ഞാൻ എന്നെത്തന്നെ വെറുത്തു"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image