നിനവെയിലേക്കുള്ള ദൂരം

Posted on
6th May, 2019
| 0 Comments

നിനവെയിലേക്കുള്ള ദൂരം

യഫോവിൽ നിന്നുള്ള  തർശീശ് കപ്പലിന്റെ ടിക്കറ്റ് കൗണ്ടറിൽ സാമാന്യം നല്ല തിരക്കായിരുന്നു. തന്നെ പരിചയമുള്ളവരാരും ഇല്ലെന്നു ഉറപ്പു വരുത്തി നീണ്ട നിരയുടെ ഒടുവിലായി യോനയും സ്ഥാനം പിടിച്ചു. പണം മേടിച്ചു തിരിച്ചും മറിച്ചും നോക്കി വീണ്ടും എണ്ണി ഓരോ യാത്രക്കാരനോടും വിശേഷങ്ങൾ തിരക്കി ഒക്കെയാണ് ഓരോ ടിക്കറ്റും കൗണ്ടറിൽ ഇരിക്കുന്ന പ്രായമുള്ള മനുഷ്യൻ കൊടുത്തുകൊണ്ടിരുന്നത്. ആരുടെയും കണ്ണിൽപ്പെടാതെ എത്രയും പെട്ടെന്നു ടിക്കറ്റ് എടുത്തു കപ്പലിനുള്ളിലെ സുരക്ഷിത സ്ഥാനത്തു അഭയം തേടാനുള്ള വ്യഗ്രത യോനയെ ചോദ്യവും പറച്ചിലും ഇഴഞ്ഞു നീങ്ങുന്ന നീണ്ടനിരയുമൊക്കെ അക്ഷയമനാക്കി. കടുപ്പിച്ച മുഖഭാവത്തോടുള്ള നിൽപ്പുകണ്ടതുകൊണ്ടായിരിക്കാം മുൻപേ വന്ന യാത്രക്കാരോടുള്ള പതിവു കുശലാന്വേഷണം യോനയോടു വേണ്ടെന്നു വച്ചത്. ഇതു തർശീശിലേക്കുള്ള കപ്പലാണെന്നുള്ള ഓർമ്മപെടുത്തലാണ്, നിനവേക്കാണ് ടിക്കറ്റ് ആവശ്യ പ്പെട്ടന്നുള്ള അബദ്ധം താൻ മനസ്സിലാക്കിയത്.  വേഗത്തിൽ തർശീശ് എന്നു തിരുത്തി ടിക്കറ്റും വാങ്ങി അതിവേഗം കപ്പലിലേക്കു പ്രവേശിച്ചു. എവിടെയെങ്കിലും പോയി ഒന്നു ഒളിക്കുവാനുള്ള ആഗ്രഹത്തോടെ.

അധികമാരും ഇഷ്ടപെടാത്ത കപ്പലിന്റെ അടിത്തട്ടുത്തന്നെ കപ്പൽപ്രമാണിയോടു ചോദിച്ചു വാങ്ങി... ഒരുലക്ഷത്തിരുപത്തിനായിരത്തിൽ ചില്വാനം ജനങ്ങളുടെയും മൃഗങ്ങളുടെയും ന്യായവിധിയും മറച്ചുപിടിച്ചു യഹോവയുടെ സന്നിധിയിൽ \n¶p ഒളിച്ചോടി കപ്പലിന്റെ അടിത്തട്ടിൽ...

ഇത്രയേറെ ബഹളം നടന്നിട്ടും അറിയാതെ എങ്ങനെ ഉറങ്ങുവാൻ കഴിയുന്നു എന്നുള്ള കപ്പൽപ്രമാണിയുടെ ശകാരമാണ് യോനയെ ഉണർത്തിയത്. ആരുടെയും കണ്ണിൽപ്പെടാതെ അടിത്തട്ടിലെ സ്വസ്ഥതയിൽനിന്നു കപ്പലിലെ മുഴുവൻ യാത്രക്കാരുടെയും നടുവിൽ ചോദ്യോത്തരത്തിനായി കാത്തുനിൽക്കുന്നു. തൊഴിൽ ,നാട് , ജാതി... എല്ലാ ചോദ്യത്തിന്റെയും ഉത്തരം കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗിയ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നുള്ള വെളിപ്പെടുത്തൽ കപ്പൽയാത്രക്കാരെ ഒന്നടങ്കം ഭയചകിതരാക്കി.

ഒരുലക്ഷത്തിരുപത്തിനായിരത്തിലധികം ജനങ്ങളോടു കാണിക്കാത്ത അയ്യോഭാവം കപ്പലിലെ അന്യജാതിക്കാർ തന്നോടു കാണിക്കുന്നതുകണ്ടു യോനാ മുഖം കുനിച്ചു.

തിരഞ്ഞടുക്കപ്പെട്ടവർ മുൻവിധിയോടെ, എല്ലായിടത്തും എല്ലാവരും രക്ഷിക്കപ്പെടണമെന്നുള്ള ദൈവഹൃദയത്തിന്റെ ആർദ്രത മനസ്സിലാക്കാതെ ഉത്തരവാദിത്തത്തിൽ നിന്നും അയക്കപെടുന്ന നിനവെയിൽ നിന്നും തർശീശിലേക്കു കപ്പൽ കയറുമ്പോൾ തന്റെ അനുവാദം ഉണ്ടായിട്ടുകൂടി തങ്ങൾക്കു നഷ്ടം വരുത്തുന്ന കപ്പൽ യാത്രക്കാർ. ആഴിയുടെ രൗദ്രഭാവം കെട്ടടങ്ങുവാൻ കപ്പലിലെ ചരക്കുകൾ എല്ലാം നിക്ഷേപിച്ചതുകൊണ്ടായില്ല... ഒടുവിൽ യോനായുടെ സ്പർശനം സമുദ്രത്തിന്റെ കോപത്തെ ശമിപ്പിച്ചു.

ദേശത്തിന്റെ കാവൽ ഏൽപ്പിച്ച ഉത്തരവാദിത്തപെട്ടവർ ഒളിച്ചോടി സ്വസ്ഥതയോടെ എല്ലാം മറന്നു ഉറങ്ങുമ്പോൾ, ഉത്തരവാദിത്തം ഏൽപ്പിച്ചവൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

ഇനിയും നാൽപ്പതു ദിവസത്തെ ആയുസ്സുമാത്രമേ ഉള്ളുവെന്ന വാർത്തയോടാണ് മഹാനഗരമായ നിനവേ ഉറക്കമുണർന്നത്. നഗരമായതിനാലാകും അതിവേഗം വാർത്തപരന്നു.  മഹാനഗരം നിശ്ചലമായി.

ജീവനുള്ള ദൈവത്തിന്റെ ന്യായവിധിയിൽ അകപ്പെടാതവണ്ണം രക്ഷപെടേണ്ടതിനു ഉപവാസം പ്രസിദ്ധപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഉപവാസം. മനുഷ്യനും മൃഗവും ഒരു വസ്തുവും ആസ്വദിക്കാതെ വെള്ളംപ്പോലും കുടിക്കാതെ രട്ടിലും വെണ്ണീറിലും ഇരുന്നുള്ള ഉപവാസം...

തങ്ങളുടെ കുറവുകളെ, ചെയ്തുപോയ ദുഷ്കാര്യങ്ങളെ കുറിച്ചുള്ള അനുതാപവും പ്രാർത്ഥനയും. മടങ്ങിവരുവാനുള്ള തീക്ഷ്ണമായ ആഗ്രഹം.

മഹാനഗരങ്ങളിൽ ആരും കാണാതെ ചെയ്യുന്ന അകൃത്യങ്ങൾ, ദുഷ്ടവിചാരങ്ങൾ, മ്ലേച്ഛതകൾ, താൽക്കാലിക സുഖങ്ങൾക്കായി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുവാൻ മടികാട്ടാത്തവർ അഗ്നി ജ്വാലക്കു ഒത്ത കണ്ണുള്ളവന്റെ ദൃഷ്ടിയിൽ നിന്നു മറക്കപെടാമെന്നു വെറുതെ ആശിക്കുന്നു.

യഹോവയുടെ സന്നിധിയിൽ നിന്നു ഒളിച്ചോടി കടലിന്റെ അടിത്തട്ടിൽ അവധിക്കാലം ചിലവിടാൻ ശ്രമിച്ചവനാണ് കുറച്ചുമുമ്പ് അയ്യം വിളിച്ചത്.

പാതാളത്തിൽ കിടക്കവിരിച്ചാലും ഉഷസ്സിന്റെ ചിറകിലേറി സമുദ്രത്തിന്റെ അറ്റത്തു പാർത്താലും ഇരുട്ടുകൊണ്ടു മൂടുവാൻ ശ്രമിച്ചാലും പകലും രാത്രിയും ഒരുപ്പോലെയുള്ളവന്റെ കണ്ണുകളിൽ നിന്നു ഒളിച്ചോടാമെന്നുള്ള മിഥ്യാ ധാരണ.

വിശ്വാസവും പ്രവർത്തിയും ഒരേദിശയിലെത്തിച്ച നിനവെയെന്ന മഹാനഗരം. മാനസാന്തരം പ്രവർത്തിപഥത്തിൽ കൂടെ തെളിയിച്ച മഹാനഗരം ന്യായവിധിയിൽ നിന്നും ഒഴിഞ്ഞുപോയി. മടങ്ങിവരുവാനുള്ള അവസരത്തെ പ്രവർത്തിയിലൂടെ തെളിയിച്ച നഗരത്തോടു ദൈവം അനുതപിച്ചു.

തന്റെ ജോലി വേഗത്തിൽ തീർത്തു നിനവേയുടെ ന്യായവിധി കാണുവാനായി നഗരത്തിൽനിന്നും സുരക്ഷിത സ്ഥാനം പിടിച്ച യോനക്കു ദൈവപ്രവർത്തിയോടു യോജിക്കുവാൻ കഴിഞ്ഞില്ല. ഒരുലക്ഷത്തിരുപത്തിനായിരത്തിലധികം മനുഷ്യ ജീവനേക്കാൾ തന്റെ പ്രവാചക നിവർത്തിക്കായി കാംക്ഷിച്ചു  യോനാ കോപാകുലനായി.

വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും?

അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും?

പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?

ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും?

എന്നുള്ള സുവിശേഷികരണത്തിന്റെ അടിസ്ഥാനം പോലും മറന്നു യോനാ പ്രവാചകൻ ദൈവത്തോടു കോപിച്ചു.

നിനവെയിലെ മിഷൻ എന്നെ ഏൽപ്പിച്ചപ്പോഴേ ഞാനിതെല്ലാം നിന്റെ മുൻപിൽ സമർപ്പിച്ചതല്ലേ. നീ അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവനാണെന്ന് ഞാൻ മുൻപേ അറിഞ്ഞതുകൊണ്ടല്ലേ തർശീശിലേക്കു കപ്പൽ കയറിയത്. വാക്കുകൾക്കു വിലയില്ലാത്തവനായി പ്രവചനത്തിന്റെ നിവൃത്തി കാണാത്ത പ്രവാചകനായി ജീവിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്.

വലങ്കയ്യും ഇടങ്കയ്യും തിരിച്ചറിഞ്ഞു കൂടാത്ത ജനങ്ങളോടുള്ള സൃഷ്ടിതാവിന്റെ അയ്യോഭാവത്തെക്കാൾ, മഹാനഗരത്തോടുള്ള കോപത്തെ മരണപര്യന്തം സൂക്ഷിക്കുവാനുള്ള തീരുമാനത്തിൽ നിന്നും പ്രവാചകനെ പിന്തിരിപ്പിക്കുവാൻ ആവണക്കിന്റെയും പുഴുവിന്റെയും അത്യുഷ്ണത്തിന്റെയും കിഴക്കൻ കാറ്റിന്റെയും പഠിപ്പിക്കലുകൾക്കു സാധ്യമായില്ല . തർശീശ് കപ്പലിലെ യാത്രക്കാരും ഒരുലക്ഷത്തിരുപത്തിനായിരത്തിലധികം മനുഷ്യരുമുള്ള മഹാനഗരമായ നിനവെയും തന്റെ പ്രവർത്തിയിലൂടെ രക്ഷപ്രാപിച്ചപ്പോൾ ദൈവഹൃദയത്തിന്റെ ആഴങ്ങളെ മനസ്സിലാക്കാത്ത, ന്യായവിധി ഉണ്ടായാലും കുഴപ്പമില്ല തന്റെ പ്രവചന നിവൃത്തി കാണുവാൻ കൊതിക്കുന്ന യോനയെപ്പോലുള്ള  പ്രവാചകന്മാർ കാലത്തിലും കുറവല്ല.

ചുങ്കക്കാരും വേശ്യമാരും നമുക്കു മുൻപേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുമെന്നുള്ള യേശുനാഥന്റെ മുന്നറിയിപ്പു അന്വർഥമാകുന്നു. നിനവെയിലേക്കു അയക്കുന്ന മിഷനറിമാർ തർശീശിലേക്കു യാത്രക്കൂലി കൊടുത്തു കപ്പലുകളിൽ കയറുന്നു...നിനവെയിലേക്കുള്ള ദൂരം പിന്നെയും നീണ്ടു പോകുന്നു...

<< Back to Articles Discuss this post

0 Responses to "നിനവെയിലേക്കുള്ള ദൂരം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image