ദൈവത്തിനു മുഖപക്ഷമില്ല...എനിക്കും...

Posted on
2nd Oct, 2019
| 0 Comments

ദൈവത്തിനു മുഖപക്ഷമില്ല...എനിക്കും...

കൈസര്യയിലെ ഇത്താലിക പട്ടാള മേലുദ്യോഗസ്ഥനായ കൊർന്നൊല്ല്യോസിന്റെ ഒപ്പമായിരുന്നു കഴിഞ്ഞ കുറെ ദിവസമായി ഞാൻ. കൊർന്നൊല്ല്യോസിനോടൊപ്പം പോയി കുറച്ചു ദിവസം ജീവിക്കുവാൻ കർത്താവിന്റെ ഉപദേശം അനുസരിച്ചാണ് ഞാൻ അദ്ദേഹത്തോടൊപ്പം പോയി കഴിഞ്ഞത്. പത്രോസിനു ലഭിച്ചതു പോലെയുള്ള വിവശതയും ക്ഷണവും ഒഴിച്ചാൽ എനിക്കുള്ള നിർദ്ദേശവും സുവ്യക്തവും ദൃഢമുള്ളതായിരുന്നു.

കൊർന്നൊല്ല്യോസിന്റെ തിരക്കുകൾക്കിടയിലായിരുന്നു എനിക്കു അദ്ദേഹത്തിന്റെ സമയം വീണു കിട്ടിയിരുന്നത്. എന്നാൽ കൊർന്നൊല്ല്യോസിന്റെ ഭവനത്തിൽ എന്റെ ചങ്ങാത്തം മുഴുവൻ അകമ്പടി നിന്ന പട്ടാളക്കാരനുമായിട്ടായിരുന്നു. അതിനു എനിക്കു വ്യക്ത്മായ ലക്ഷ്യവുമുണ്ടായിരുന്നു. ഒരു പ്രശസ്തരായവരുടെ അല്ലെങ്കിൽ ഏതു വ്യക്തിയുടെയും സ്വഭാവത്തിന്റെ ചെറിയ കാര്യം വരെ പിടിച്ചെടുക്കുവാൻ അവിടെ ജോലിചെയ്യുന്ന ഏറ്റവും താഴെയുള്ള ആളുകളോടു ഇടപഴകിയാൽ മതി.

താഴെയുള്ളവരോടുള്ള ഒരുവന്റെ സമീപനത്തെ അനുസരിച്ചായിരിക്കും അവന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്നത്. നാം പലപ്പോഴും ഒരു വ്യക്തിയെ പൂജിക്കുന്നത്, മഹത്വവൽക്കരിക്കുന്നതു, അദ്ദേഹത്തിന്റെ കഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും. ദൈവം അങ്ങനെയല്ല, ദൈവം ഹൃദയങ്ങളെയാണ് ശോധന ചെയ്യുന്നത്.

നീതിമാൻ, ദൈവഭക്തൻ, യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യം ഉള്ളവൻ. കുടുംബമായി ദൈവത്തെ ഭയപ്പെടുന്നവൻ. ജനത്തിനു വളരെയേറെ സഹായം ചെയ്തവൻ. ഇടവിടാതെ ദൈവത്തോടു പ്രാർത്ഥിച്ചവൻ. കൊർന്നൊല്ല്യോസിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവഭയവും ദൈവത്തിനു പ്രസാദകരമായിരുന്നു.  അവന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിയിരുന്നു. യാചനകളുടെ മറുപടി ലഭിച്ചിരുന്നു. ദാനധർമ്മങ്ങൾ മനുഷ്യർക്കാണേണ്ടതിനല്ലായിരുന്നു, ദൈവഹിതത്തിനനുസരിച്ചായിരുന്നു. സകലത്തിനും മീതെ മഹാരാജാവാണ് ദൈവം എന്നുള്ള തിരിച്ചറിവോടെ ദൈവത്തെ ഭയപ്പെട്ടവൻ. കൊർന്നൊല്ല്യോസ് ചെയ്തതു ഏതെങ്കിലും മനുഷ്യ പ്രീതിക്കായിരുന്നെങ്കിൽ തന്റെ ദാസന്മാരും കുടുംബവും തിരിച്ചറിഞ്ഞില്ലെങ്കിലും ദൈവ സന്നിധിയിൽ അത് എത്തുവാൻ പര്യാപ്തമാകുകയില്ലായിരുന്നു. കൊർന്നൊല്ല്യോസിനെക്കുറിച്ചു ദൈവം സാക്ഷ്യം പറഞ്ഞു ഒപ്പം മനുഷ്യരും...

ഇവയെല്ലാം ഉണ്ടായിട്ടും കൊർന്നൊല്ല്യോസിനു യേശുക്രിസ്തു മുഖാന്തിരമുള്ള രക്ഷ ആവശ്യമായിരുന്നു.

പലപ്പോഴും യേശു ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ, വ്യവസ്ഥക്കനുസരിച്ചാണ് ദൈവത്തെ ആരാധിക്കേണ്ടത് , യേശുവെന്ന ഒറ്റ വഴി മാത്രമേ പിതാവിന്റെ അടുത്തേക്കു ഉള്ളു എന്നു അസന്നിഗ്ദ്ധമായി പ്രസ്താവിക്കുമ്പോഴാണ് പ്രതികൂലങ്ങൾ, മുട്ടാത്തർക്കങ്ങൾ ഒക്കെ സുവിശേഷം രണാങ്കണത്തിൽ ഏൽക്കേണ്ടി വരുന്നത്. ലോകത്തിലെ മറ്റു ദൈവങ്ങളുടെ കൂട്ടത്തിൽ ഒരു ദൈവം മാത്രമാണ് യേശു എന്നു പറഞ്ഞുകൊണ്ടു മറ്റുള്ളവരെ സമീപിച്ചിരുന്നെങ്കിൽ പ്രതികൂലങ്ങളോ, തടസ്സങ്ങളോ ഉണ്ടാകുകയില്ലായിരുന്നു.

സകലതും ക്രമമായി തന്റെ അറിവിനനുസരിച്ചു ചെയ്ത കൊർന്നൊല്ല്യോസിനോടു പോലും തന്റെ ദൂതനെ അയച്ചു നീയും നിന്റെ ഗ്രഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ ശ്രവിക്കുവാൻ പത്രോസിനെ വരുത്തുകയെന്നു ദൈവം ആവശ്യപ്പെടുന്നു.

വരുവാൻ പറഞ്ഞാൽ വരികയും പോകുവാൻ പറഞ്ഞാൽ പോകുകയും ചെയ്യുന്ന ദാസന്മാരുള്ള പട്ടാളത്തിലെ ഒരു മേലുദ്യോഗസ്ഥനായിട്ടു കൂടെ താഴ്മയുള്ളവനും സ്വാർത്ഥത ഇല്ലാത്തവനും ആയിരുന്നു കൊർന്നൊല്ല്യോസ്. തനിക്കും ഗ്രഹത്തിനുമായി ദൂത് അറിയിക്കുമ്പോഴും ചാർച്ചക്കാരെയും സ്‌നേഹിതരെയും കൂട്ടിവരുത്തി സുവിശേഷം കേൾക്കുവാനായി കാത്തിരുന്ന ഭക്തനായിരുന്നു കൊർന്നൊല്ല്യോസ്. കൊർന്നൊല്ല്യോസിന്റെ ഹൃദയം ദൈവത്തോടു ചേർന്നതായിരുന്നു. കാരണം എല്ലായിടത്തും എല്ലാവരും രക്ഷിക്കപ്പെടണമെന്നുള്ള ദൈവഹിതത്തിനനുസൃതമായി ബന്ധുക്കളെയും സ്‌നേഹിതരെയും കൊണ്ടു വീടു നിറച്ചിരുന്നു. കൊർന്നൊല്ല്യോസിനേയും കുടുംബത്തെയും മാത്രം പ്രതീക്ഷിച്ചു ചെന്ന പത്രോസിനു അനേകരെ അവിടെ കാണുവാൻ സാധിച്ചു. പത്രോസിനു പ്രത്യേകിച്ചു യഹൂദന്മാർക്കു നിഷിദ്ധമായ ഒന്നിലാണ് പത്രോസ് കൈവെക്കുവാൻ പോകുന്നത്.  മനുഷ്യരെ പിടിക്കുന്നവനാക്കും എന്നുള്ള നാഥന്റെ വാഗ്‌ദത്ത നിവർത്തികരണം.

പത്രോസിനെ കൊർന്നൊല്ല്യോസിന്റെ ഭവനത്തിലേക്ക് അയക്കുമ്പോൾ സുവിശേഷം വന്നു കേൾക്കുന്നതിലുപരി ചെന്നു പറയണമെന്നു സുവിശേഷകരെ ഓർപ്പിക്കുന്ന വലിയ പാഠം. പത്രോസിനെ വിളിച്ചു രക്ഷയുടെ സന്ദേശം കേൾക്കുവാൻ ദൂത് പറയുന്ന ദൂതന് പോലും അവകാശപ്പെട്ടതല്ല സുവിശേഷികരണമെന്ന  എന്ന അടുത്ത പാഠം. നമ്മുടെ ഓരോ ശുശ്രുഷകളിൽ കൂടെ മറ്റൊരാളെ രക്ഷയിലേക്കു നയിക്കുവാൻ നമ്മെ ഉപയോഗിക്കുമ്പോൾ തന്നെ ശുശ്രുഷകനും വലിയ പാഠങ്ങൾ ആണ് പഠിക്കുന്നത്. പത്രോസിനെ പഠിപ്പിച്ചതുപോലെ കൊർന്നൊല്ല്യോസിന്റെ ഭവനത്തിൽ നിന്നും ഞാനും പഠിക്കുകയിരുന്നു വലിയ പാഠങ്ങൾ.

കർത്താവു കൽപ്പിക്കുന്നത് മാത്രം പറയണമെന്നും, കല്പിക്കുന്നതെല്ലാം മുഖം നോക്കാതെ പറയണമെന്നുമുള്ള തിരിച്ചറിവ്. സുവിശേഷകരെ ജനം ബഹുമാനിക്കുന്നതും ആദരിക്കുന്നതും, ദൈവമുഖത്തു നിന്നും കേട്ടു ദൈവം പറയുന്നതിനോടൊന്നും കൂട്ടി ചേർക്കയില്ലായെന്നുമുള്ള ഉറപ്പുള്ളതുകൊണ്ടാണ്, അതിനു ഭംഗം വരുത്തരുതെന്നുള്ള അടുത്ത പാഠം. രക്ഷയെക്കുറിച്ചും ദൈവത്തെക്കുറിച്ചും കേൾക്കുവാനാണ് ജനം കൂടിയിരിക്കുന്നതെന്നും അതു ദൈവത്തിന്റെ മുൻപാകെയാണ് കൂടിവന്നിരിക്കുന്നതെന്നുള്ള വലിയ തിരിച്ചറിവ്. (അപ്പൊ.പ്രവർത്തികൾ 10:33) ശുശ്രുഷകൾ ദൈവത്തിന്റെ ദൈവത്തിന്റെ കരുണയാണ്. അതു നാം രക്ഷിക്കപ്പെടുവാൻ കാണിച്ച കരുണപോലെതന്നെ അനേകരെ തീയിൽ നിന്നു വലിച്ചെടുക്കുവാനുള്ള രക്ഷണ്യ പ്രവർത്തിയിൽ നമ്മെയും പങ്കാളികളാക്കിയത് ദൈവത്തിന്റെ മഹാ കരുണയാണെന്നുള്ള വലിയ ബോധ്യം.

പ്രസംഗ പീഠത്തിൽ കയറിയ പത്രോസിന്റെ നാവുകൾ ചലിച്ചതു, തനിക്കു കിട്ടിയ പുതിയ വെളിപ്പാട് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു "ദൈവത്തിനു മുഖപക്ഷമില്ല" എന്ന്. ഏതു ജാതിയിലും ദൈവത്തെ ഭയപ്പെടുന്നവനെ നീതി പ്രവർത്തിക്കുന്നവനെ ദൈവം ആദരിക്കുന്നു. രക്ഷിക്കപെടുന്ന നാളുകളിൽ ദൈവത്തിനു മുഖപക്ഷമില്ല എന്നുള്ളത് നമ്മെ സന്തോഷിപ്പിക്കുമെങ്കിലും “അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിനു ഒത്തതു പ്രാപിക്കും മുഖപക്ഷമില്ല” (കൊലൊസ്സ്യർ 3:25) എന്നതു നമ്മെ ഭയപ്പെടുത്തുന്നത് കൂടെയാണ്.

ജാതികൾക്കും ദൈവത്തിന്റെ രക്ഷണ്യ പ്രവർത്തിയിൽ സ്ഥാനമുണ്ടെന്നു പത്രോസും കൂട്ടരും തിരിച്ചറിയുകയായിരുന്നു. തങ്ങളെപ്പോലെ തന്നെ പരിശുദ്ധാത്മാവെന്ന ദാനം, വചനം കേട്ട ഏവരുടെയും മേൽ വരുന്നത് കണ്ടു വിസ്മയിച്ചു നിൽക്കുവാനെ കഴിഞ്ഞുള്ളു അവക്ക് ... ദൈവത്തിനു മുഖപക്ഷമില്ല എന്നു വ്യക്തമായി ഞാൻ മനസ്സിലാക്കുകയായിരുന്നു.

കൈസര്യയിൽ നിന്നുള്ള മടക്കയാത്രയിലും എന്റെ ഹൃദയം കൊർന്നൊല്ല്യോസിന്റെ ഭവനത്തിൽ തന്നെ ചുറ്റിത്തിരിയുകയാണെന്നു എനിക്കു മനസ്സിലായി. ഇനിയും കുറച്ചേറെ സമയം എടുക്കും ഞാനതിൽ നിന്നു മുക്തനാകുവാൻ. പലപ്പോഴും അങ്ങനെയാണ് ചില ബന്ധങ്ങൾ, നമ്മെ അവരിലേക്കു ആകർഷിക്കും. അവരിൽ നിന്നു നാം അകലെ ആയാലും കുറെ സമയം കൂടി നാം ആ സ്വാധിന വലയത്തിലായിരിക്കും. പത്രോസ് തിരിച്ചറിഞ്ഞത് പോലെ എനിക്കും മനസ്സിലായി ആ യാഥാർഥ്യം "ദൈവത്തിനു മുഖപക്ഷമില്ല" എന്ന്... കൊർന്നൊല്ല്യോസിന്റെ മുഖത്ത് ആ പ്രസ്താവന പുഞ്ചിരി വിരിയിച്ചെങ്കിലും ദൈവത്തിനു മുഖപക്ഷമില്ലഎന്നുള്ളത് എന്റെ ഹൃദയത്തിനു വെള്ളിടി സമ്മാനിച്ചു. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിനു ഒത്തതു പ്രാപിക്കും മുഖപക്ഷമില്ല എന്നുള്ളത് എനിക്കു ആശ്വാസം തരുന്നതല്ലായിരുന്നു.  

 

 

<< Back to Articles Discuss this post

0 Responses to "ദൈവത്തിനു മുഖപക്ഷമില്ല...എനിക്കും..."

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image