Preparation time

Posted on
27th Mar, 2020
| 0 Comments

ഞാൻ കഴിഞ്ഞ ദിവസം ബില്ലി ഗ്രഹാം എന്ന ലോകപ്രശസ്ത സുവിശേഷകന്റെ YouTube പ്രസംഗം കേൾക്കുകയായിരുന്നു. ആ വീഡിയോ യുടെ താഴെയുള്ള കമന്റ് ബോക്സിൽ ഉള്ള ഒരു കമന്റ് ഇങ്ങനെയായിരുന്നു, "ബില്ലിഗ്രഹാം തന്റെ വിദ്യാഭ്യാസ കാലത്തു കർത്താവിനെ രക്ഷകനായി സ്വീകരിച്ച നാൾമുതൽ തൊണ്ണൂറ്റിയൊൻപതാമത്തെ വയസ്സിൽ മരിക്കുന്നതു വരെയും ആദ്യസ്നേഹത്തിൽ നിന്ന് പിന്മാറാതെ, തന്നെ വിളിച്ചവനു വിശ്വസ്തനായിരുന്നു എന്ന്"

മിക്കവാറും എല്ലാ രാജ്യങ്ങളിലും ജനങ്ങൾ സ്വമേധയായോ നിർബന്ധമായായോ വീടിനകത്തു , ആയിരിക്കുന്ന സാഹചര്യത്തിലൂടെയാണല്ലോ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ദൈവത്തെ തിരിച്ചറിഞ്ഞു ദൈവത്തിനുവേണ്ടി ജീവിച്ചുകൊണ്ടിരുന്നവർ ജീവിത യാത്രയിൽ എവിടെയൊക്കെയോ വച്ചു പിന്മാറിപ്പോയി ആദ്യ സ്നേഹം നഷ്ട്ടപെടുത്തിയവരാണ് മിക്കപേരും. യിസ്രായേലിന്റെ കൂടെ മിസ്രയിമിൽ നിന്നും ഇറങ്ങിത്തിരിച്ച ഒരു സമ്മിശ്ര ജാതി ദുരാഗ്രഹികളായതു പോലെ ഒരു ബഹുഭൂരിപക്ഷം ദുരാഗ്രഹികൾ സഭയിൽ കടന്നു കൂടി മലിനമസമാക്കിയതിനാൽ യഥാർത്ഥമായി, കൈപ്പണിയല്ലാത്ത, ദൈവം ശില്പിയായി നിർമ്മിച്ച നഗരം ദർശിച്ചിറങ്ങിയവരും, സമ്മിശ്ര ജാതികളെ പ്രസാദിപ്പിക്കുവാൻ കല്ലുകളെ അപ്പമാക്കി ഭക്ഷിക്കുവാൻ കൊടുക്കുകയും സ്വയം ഭക്ഷിക്കുകയും ചെയ്തു. ആളുകളുടെ വർദ്ധനവിനനുസരിച്ചു വിശുദ്ധിയുടെ അളവ് കുറച്ചു. ഞാനും എന്റെ മക്കളും ചെയ്യുന്നതു എന്താണോ അതുവരെയാണ് വിശുദ്ധിയുടെ അളവ് എന്നു  നിശ്ചയിച്ചു തർക്കങ്ങളിലേക്കും വാഗ്‌വാദങ്ങളിലേക്കും, ഡിബേറ്റുകളിലേക്കും, പിന്നീട് പോർ വിളികളിലേക്കും നയിക്കപ്പെട്ടു.

ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ലോകത്തിൽ ഭോഷത്തമായതിനെ തിരഞ്ഞെടുക്കുകയും ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ബലഹീനമായതു തിരഞ്ഞെടുക്കുകയും ചെയ്ത ഗുരുവിന്റെ ശിഷ്യന്മാർ, ജ്ഞാനവും ബലവും കാണിക്കുവാൻ LIVE പ്രോഗ്രാമുകൾ നിരന്തരം ചെയ്തു ലോകത്തിന്റെ മുൻപിൽ ഗുരുവിന്റെ നാമത്തിനു കളങ്കമുണ്ടാക്കി.സൗമ്യതയും താഴ്മയും ഉള്ള ഗുരുവിന്റെ ശിഷ്യന്മാർ ഗുരുവിന്റെ യാതൊരു സ്വഭാവ ഗുണവും കാണിക്കാതെ ദൈവനാമം ദുഷിപ്പിച്ചു. ഒരു അനുതാപത്തിനോ, മടങ്ങിവരവിനോ, കരച്ചിലിനോ, അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ എന്നെ ആർ കയറ്റുമെന്ന നിലവിളിക്കോ ഇടം കൊടുക്കാതെ ഹൃദയത്തെ കല്ലാക്കി. അനർത്ഥം സംഭവിക്കുന്ന സമയമെല്ലാം മറ്റുള്ളവരുടെ കുഴപ്പംകൊണ്ടാണെന്നും മറ്റുള്ളവരുടെ ദുഷ്പ്രവർത്തി കൊണ്ടാണെന്നും അടുത്ത് നിൽക്കുന്നവനിലേക്കു വിരൽ ചൂണ്ടി സ്വയം നീതികരിച്ചു. മാനസാന്തര പ്രസംഗങ്ങൾ എനിക്കല്ല മറ്റുള്ളവർക്കാണെന്ന പരീശ ചിന്തയാൽ അവയെ ഏറ്റെടുക്കാതെ ഭൗതികമായ അനുഗ്രഹം മാത്രം ഏറ്റെടുത്തു. എന്നാൽ ഇന്നു യാതൊരാളെയും നോക്കി കുറ്റം പറയാതെവണ്ണം ചെറിയവരെയും വലിയവരെയും പണക്കാരനെയും പാവപ്പെട്ടവനെയും നേതാക്കന്മാരെയും അണികളെയും ഭീതിയിലാഴ്ത്തി കുഞ്ഞൻ വൈറസ് നമ്മെ വീട്ടിനുള്ളിലാക്കി. 

വീടുകളിൽ ഇരിക്കുവാൻ നിർബന്ധിക്കപ്പെട്ട ഈ കുറച്ചു സമയങ്ങൾ (Preparation)  തയ്യാറെടുപ്പിന്റെ സമയമായി ഉപയോഗിക്കാം. ആദ്യ സ്‌നേഹത്തിലേക്കു, തന്റെ മക്കൾ എന്ന പദവിയിലേക്കു മടക്കി വരുത്തേണമേയെന്ന നിലവിളി ഭവനത്തിൽ നിന്ന് ഉയരട്ടെ. കാഹളധ്വനിക്കു അധിക സമയമില്ലാത്തതിനാൽ പ്രവാസജീവിതംഅവസാനിപ്പിച്ചു പോകുവാനായി തയ്യാറെടുപ്പിന്റെ സമയമായി ഈ കാലയളവിനെ മാറ്റാം.  

തുടക്കത്തിൽ  പറഞ്ഞ പോലെ ആദ്യ സ്നേഹം ഇല്ലാത്തതു ദൈവമുൻപാകെ ഗുരുതരമായ പിഴവായി നിൽക്കുമ്പോൾ ആദ്യ സ്‌നേഹത്തിലേക്കു നമുക്കും മടങ്ങി വരാം. റോമാ ലേഖനം എട്ടാം അദ്ധ്യായത്തിൽ പൗലോസ് അപ്പോസ്തോലൻ ചൂണ്ടി കാട്ടുന്ന ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് ഇതു അവസാനിപ്പിക്കട്ടെ, "യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും."

പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ആത്മാവ് നമ്മിൽ വസിക്കുന്നില്ലെങ്കിൽ നാം കർത്താവിന്റെ വരവിൽ എടുക്കപ്പെടുകയില്ല. നമുക്ക് മടങ്ങി വരാം, മുഴങ്കാലുകളെ മടക്കാം. കർത്താവെ ഞാൻ മടങ്ങി വരേണ്ടതിനു എന്നെ മടക്കി വരുത്തേണമേ എന്നു നിലവിളിക്കാം. ദൈവം നമ്മോട് ഒരിക്കൽ കൂടി ക്ഷമിക്കും. ഹനന യാഗത്തിനും ഹോമയാഗത്തിനും ഉള്ള പണം ബാങ്കിൽ കിടപ്പുണ്ടെങ്കിലും യഥാർത്ഥമായി നാം തിരിച്ചറിയട്ടെ ദാവീദു തിരിച്ചറിഞ്ഞത് പോലെ ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദ്യമാണെന്ന്....

"ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല."

 

<< Back to Articles Discuss this post

0 Responses to "Preparation time"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image