കടമകൾ വാർത്തയാകുമ്പോൾ

Posted on
3rd Aug, 2020
| 0 Comments

    പാസ്റ്റർ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ കൊടുത്തു മാതൃകയായി...അന്ധനായ വഴിയാത്രികനെ ബസിൽ കയറ്റിവിട്ടു സഹോദരി മനുഷ്യത്വത്തിന്റെ മുഖമായി...പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് പാമ്പുകടിയേറ്റ പിഞ്ചുകുഞ്ഞിനെ വാരിയെടുത്തുകൊണ്ടു പോയി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു...

കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തയാണിത്. കേൾക്കുമ്പോൾ ഒരു സുഖമുണ്ട്, മനസ്സിനു ഒരു കുളിർമ്മയുണ്ട്. കേട്ടവർ വായിച്ചവർ കണ്ടവർ ഷെയർ ചെയ്തു ലൈക് അടിച്ചു. ഞാൻ ഈ പ്രവർത്തിയെ വിമർശിക്കുവാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഈ പ്രവൃത്തി വാർത്തയാകുമ്പോൾ ഉള്ള അപകടം ഓർമ്മിപ്പിക്കുന്നത് മാത്രമേയുള്ളു. ഈ മേൽപ്പറഞ്ഞ പ്രവർത്തി ചെയ്ത മൂന്നുപേരും പ്രശസ്തി ആഗ്രഹിച്ചിട്ടോ പിന്നീട് വരുന്ന മാന്യത പ്രതീക്ഷിച്ചോ ചെയ്തവരല്ല . അവർ മാനുഷികമായ കടമ നിർവഹിച്ചെന്നു മാത്രം. ഈ മൂന്നുപേർക്കൊഴിച്ചു ബാക്കിയെല്ലാവർക്കും എന്തോ കാര്യമായിട്ടു സംഭവിച്ചിട്ടുണ്ട്. മനുഷ്യൻ തന്റെ സഹജീവികളോട് ചെയ്ത കടമ അല്ലെങ്കിൽ ഉത്തരവാദിത്തം അത്രമാത്രമാണ് ഇവിടെ നടന്നത്. ഒരിക്കലും ഒരിടത്തും നടക്കാത്തതുപോലെയാണ് നാം അത്ഭുതപ്പെടുന്നത്.

പെന്തകോസ്ത് പാസ്റ്റർ കളഞ്ഞുകിട്ടിയ മാല മടക്കി കൊടുത്തുവത്രെ. മറ്റു എന്തു പോംവഴിയാണ് അദ്ദേഹത്തിനുള്ളത്? ഒരേ ഒരു വഴി മാല മടക്കി കൊടുക്കുക മാത്രം. വേറെ ഒരു option അദ്ദേഹത്തിന്റെ മുൻപിലില്ല, പ്രത്യകിച്ചു അദ്ദേഹം ക്രിസ്തുവിന്റെ അനുകരിയായിരിക്കുന്നിടത്തോളം. അന്ധനായ മനുഷ്യനെ കൈപിടിച്ചു നടത്തിയത് ...ഇവയെല്ലാം സ്വഭാവിക കാര്യങ്ങളാണെന്നും മനുഷ്യൻ മനുഷ്യനോടു ചെയ്യുന്ന ഉത്തരവാദിത്തങ്ങളാണെന്നും ഇതൊക്കെ എല്ലാ സ്ഥലത്തും നടക്കുന്നതാണെന്നും മനപ്പൂർവ്വമായി മറന്നു കളഞ്ഞിട്ടാണ് ഇതൊക്കെ ചർച്ചയാക്കുന്നത്. അതുകൊണ്ടുള്ള അപകടം, അടുത്ത തലമുറയ്ക്കു നാം കൊടുക്കുന്ന സന്ദേശം ഇതൊക്കെ ഇവിടെ അപൂർവ്വമായിട്ടേ നടക്കുകയുള്ളുവെന്നും അല്ലെങ്കിൽ ഇതൊക്കെ ചെയ്യുന്നത് പ്രത്യേക വിഭാഗക്കാർ മാത്രമേയുള്ളുവെന്നും എന്തെങ്കിലും ചെയ്താൽ അതിനു പ്രസിദ്ധി ലഭിക്കുമെന്നും നാം പറഞ്ഞുവെക്കുന്നു.

സഹോദരങ്ങളെ, നമ്മുടെ പൂർവ്വികർ മണ്ണിനോടും, കാട്ടുമൃഗങ്ങളോടും, പകർച്ചവ്യാധികളോടും, പ്രകൃതിയുടെ എല്ലാ പ്രതിസന്ധികളോടും മല്ലടിച്ചാണ് നാം കാണുന്ന സുഖസൗകര്യങ്ങളോടു കൂടിയ ലോകം ഉണ്ടായതു. അതുകൊണ്ടായിരിക്കാം വിശുദ്ധ വചനം  "നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം” എന്നു നമ്മോടു ആഹ്വാനം ചെയ്തത്. ഒരു മരം വയ്ക്കുമ്പോൾ തന്റെ ജീവിതകാലത്തു ആ വൃക്ഷത്തിൽ നിന്നും ഫലം കഴിക്കാമെന്ന വ്യാമോഹത്തിലല്ല അവർ ആ വൃക്ഷത്തൈ കുഴിച്ചു വച്ചിരുന്നത്. അതിനു വെള്ളം കോരിയിരുന്നത്, അതിനെ പരിചരിച്ചിരുന്നത് .  ഇന്നു ഒരു മരത്തൈ നടണമെങ്കിൽ പോലും ക്യാമറ മുന്പിലുണ്ടാകണം, എല്ലാ വർഷവും ലക്ഷക്കണക്കിനു മരം നടുന്നുണ്ട് . പിന്നെ അവയെ നാം പരിചരിക്കുന്നില്ല. ഇന്ന് സകലതും സ്വാർത്ഥതയിലേക്കു പോകയാണ്. സുവിശേഷികരണം പോലും പ്രശസ്തിക്കായി മാറിയിരിക്കുന്നു. അപ്പോസ്തോലനായ പൗലോസ് ഇങ്ങനെയെഴുതി "സുവിശേഷം ഞാൻ അറിയിക്കുന്നില്ലായെങ്കിൽ എനിക്കു അയ്യോ കഷ്ടം, നിർബന്ധം എന്റെമേൽ കിടക്കുന്നു" നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടുമ്പോൾ അവ വാർത്തയാകില്ല. നിറവേറ്റാത്തപ്പോഴാണ് അവ വാർത്തയാകേണ്ടത്. പാസ്റ്റർ ബാബുചെറിയാൻ ഇതിനു നല്ല ഒരു ഉദാഹരണം പറഞ്ഞത് ഇപ്പോൾ സാന്ദർഭികമായി ഓർത്തത് കുറിക്കട്ടെ; കൊല്ലത്തു ഒരു മകൻ തന്റെ കുടുംബവുമായി ഒരാഴ്ചത്തെ അവധിയെടുത്തു വിനോദസഞ്ചാരത്തിനു പോയി, വൃദ്ധയായ അമ്മയെ തനിച്ചാക്കിയിട്ട്. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ അയൽവാസികൾ കണ്ടു, ഭകഷണമില്ലാതെ 'അമ്മ വിഷമിക്കുന്നത് കണ്ടിട്ട്, അത് എങ്ങനെയൊക്കെയോ വാർത്തയായി, പോലീസും ആരോഗ്യപ്രവർത്തകരും ഒക്കെ പാഞ്ഞെത്തി, നാടൊട്ടുക്ക് വാർത്തയായി. മകനും കുടുംബവും വേഗം തിരിച്ചു വന്നു. അപ്പോൾ അയാൾ മാധ്യമങ്ങളോടും കൂടെനിന്നവരോടും ചോദിച്ച ഒരു ചോദ്യം ഉണ്ട് "കഴിഞ്ഞ പത്തിരുപത്തിയഞ്ചു വർഷമായിട്ടു ഞാനാണ് അമ്മയെ നോക്കുന്നത്, പരിചരിക്കുന്നത്. ആഹാരം കൊടുക്കുന്നുണ്ട്. എന്നാൽ ഇത്രയും നാൾ എന്തുകൊണ്ടാണ് വർത്തയാകാഞ്ഞത്." കഴിഞ്ഞ ഒരാഴ്ച അമ്മയെ പരിചരിക്കാതിരുന്നപ്പോൾ അതു വാർത്തയായി ലോകം അറിഞ്ഞു മകൻ അമ്മയെ പരിചരിക്കുന്നില്ലായെന്ന്.

നമ്മുടെ ഉത്തരവാദിത്തങ്ങൾ വാർത്തയാകില്ല. കടമ നിർവഹിക്കാതിരിക്കുമ്പോഴാണ് അവ വാർത്തയാകുന്നത്. സുവിശേഷം അറിയിച്ചാൽ അതു വാർത്തയല്ല. അതിനു അതിശയോക്തിയില്ല. കാരണം അതു നമ്മുടെ ഉത്തരവാദിത്തമാണ്.

നിക്ഷേപമില്ലാത്ത ശൂന്യമായ സ്വർഗ്ഗത്തിലെ നമ്മുടെ അക്കൗണ്ട് കണ്ടു വിഷമിച്ചിട്ടാകാം കർത്താവു പലപ്പോഴും മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള അവസരം നമ്മുടെ കണ്മുൻപിൽ തരുന്നത്. എന്റെ വിചാരം ഞാൻ ആ പാവത്തിനെ സഹായിച്ചു, ഞാൻ ഇല്ലായിരുന്നെങ്കിൽ എന്റെ പൈസ ഇല്ലായിരുന്നുവെങ്കിൽ എന്റെ സഹായമില്ലായിരുന്നെങ്കിൽ എന്നൊക്കെയാണ്. എന്നാൽ ഒരു സഹായമാവശ്യമുള്ളവരെയോ ഒരു അശരണരെയോ ഒരു ആലംബഹീനരെയോ നമ്മുക്ക് സഹായം ചെയ്തു കൊടുക്കത്തക്ക രീതിയിൽ നമ്മുടെ കണ്മുൻപിൽ അയക്കുന്നത് സഹായം ആവശ്യമുള്ളവർക്ക് നാം ചെയ്യുന്ന ഉപകാരമല്ല പ്രത്യുത ദൈവം നമ്മോടു കാട്ടുന്ന ഉപകാരമാണ്. എന്നാൽ ഈ സഹായം ചെയ്തതു ഇടംകൈയ്യോട് ഒന്നു പറയാതെ ഉറങ്ങുവാൻ നമുക്ക് സാധിക്കുന്നില്ല. അങ്ങനെയാണ് നമ്മുടെ സാക്ഷ്യങ്ങളും , എനിക്ക് മാത്രം അസുഖം വന്നില്ല എന്റെ ജോലി പോയില്ല എന്റെ സാലറി കുറച്ചില്ല എന്റെ ചുറ്റിലും ഇതൊക്കെ നടന്നിട്ടും... യഥാർത്ഥമായി പറയണ്ട നന്ദി നാം പലപ്പോഴും പറയാതെ പോകുന്നു " എന്റെ ചുറ്റിലും എന്റെ കുടുംബത്തിലും എന്റെ കൂട്ടുകാർക്കിടയിലും " അനേകരുണ്ടായിരിക്കെ എന്നോടു കാട്ടിയ സ്‌നേഹം എന്നെ തിരഞ്ഞെടുക്കുവാൻ കാട്ടിയ ദയ, കരുണ ഇവയെ ഓർക്കുകയോ നന്ദി പറയുവാനോ കർത്താവിനോടു സ്‌നേഹം കാണിക്കുവാനോ നമുക്ക് കഴിയാതെ പോകുന്നു. ഈ ലോകത്തിൽ ലഭിക്കുന്നതിനു നന്ദി പറയരുത് എന്നല്ല അതിനു അർത്ഥം. അതിനു മാത്രമാകുമ്പോഴാണ് ഈ ലോകക്കാരായി നാം മാറുന്നത്. നിത്യതയ്ക്കായി നമ്മെ തിരഞ്ഞെടുത്തതോർത്തു നമ്മെ നേടുവാൻ ക്രൂശിൽ പിടഞ്ഞു മരിച്ചതോർത്തു സ്വർഗ്ഗത്തിലെ സകല ആത്മിക അനുഗ്രഹങ്ങളാലും നമ്മെ അനുഗ്രഹിച്ചതോർത്തു നമുക്ക്‌ നന്ദി പറയാം.

നാം മറ്റുള്ളവരെ സഹായിക്കുമ്പോൾ അവ വാർത്തയാകരുത്. അവ നമ്മുടെ കടമയാണ്. ഉത്തരവാദിത്തമാണ്. അതിലുപരി കർത്താവിന്റെ കല്പനയുടെ ലംഘനമാണ്. വാങ്ങുന്ന ആളിൻറെ മാനസികാവസ്ഥ നാം മറന്നുകളയരുത്. വാങ്ങുന്നവർ നിസ്സഹായരാണ്. കൈനീട്ടുമ്പോൾ ഉള്ള ഒരു ഹൃദയത്തകർച്ചയുണ്ട്. എനിക്കിഗതി വന്നല്ലോ എന്നുള്ള ഒരു പതം പറച്ചിലുണ്ട്.(സഹായം ഒരു ഉപായമായി കാണുന്നവരെ കുറിച്ചല്ല)  ഫോട്ടോ എടുത്തു മറ്റുള്ളവരിലേക്കു സന്ദേശം കൈമാറുമ്പോൾ കൊടുക്കുന്നവൻ അല്പനാകുകയാണ്. കൊടുക്കൽ വാങ്ങലുകൾ ഇവിടെ സ്വഭാവികമാണ്. അത് ഒരു പുതിയ കാര്യമല്ല . മനസാക്ഷി മരവിച്ചു പോകുന്ന സ്വാർത്ഥത തിങ്ങിനിൽക്കുന്ന ഒരു ജനതയുടെ നടുവിലാണ്  കടമകൾ വാർത്തയാകുന്നത്.

പ്രിയമുള്ളവരേ, നമുക്കി അപകടം സംഭവിക്കാതിരിക്കട്ടെ. സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തപ്പെടട്ടെ. നാം ചെയ്യുന്ന സൽപ്രവർത്തികൾ നമ്മുടെ നാവിൽ നിന്നും പുറത്തു വന്നില്ലെങ്കിലും അവ അറിയേണ്ടവയെങ്കിൽ മറ്റുള്ളവർ അറിഞ്ഞു കൊള്ളും. എഫസ്യർക്കു എഴുതിയ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ വിവരിക്കുന്നതിങ്ങനെയാണ് "നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു."  നാം ചെയ്യേണ്ട സൽപ്രവർത്തികൾ ദൈവം മുന്നൊരുക്കിയിട്ടുണ്ട് . അവ ചെയ്യുവാനുള്ള വിഭവവും സാഹചര്യവും ആളുകളെയും ദൈവം നമ്മുടെ മുൻപിൽ എത്തിക്കും. മനുഷ്യർ കാണണ്ടതിനു നമ്മുടെ ഇച്ഛപ്രകാരം ചെയ്യുന്നവയാണ് നാം പുറത്തു പ്രദർശിപ്പിക്കുന്നത്. അവയ്ക്കു ദൈവസന്നിധിയിൽ പ്രതിഫലമില്ല .

<< Back to Articles Discuss this post

0 Responses to "കടമകൾ വാർത്തയാകുമ്പോൾ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image