ഞങ്ങളും നിങ്ങളും

Posted on
18th Mar, 2018
| 0 Comments

ഞങ്ങളും നിങ്ങളും

വായനാഭാഗം : ലൂക്കോസ് 16:19-31

"ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നു വരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു." (ലൂക്കോസ് 16:19)

'ധനവാനും ലാസറും' പലരുടെയും പ്രതിനിധികളായി എല്ലാ കാലഘട്ടത്തിലും അപ്രസക്തരല്ലാതെ നിൽക്കുന്നു. പണമുള്ളവന്റെയും ദരിദ്രന്റെയും പ്രതിനിധികളായി, രോഗം ശീലിച്ചവന്റെയും വൃണം നിറഞ്ഞവന്റെയും, വച്ചു കെട്ടിയവന്റെയും മുറിവുകെട്ടാത്തവന്റെയും, വിശപ്പ് അറിയാത്തവന്റെയും വിശപ്പിന്റെ വില അറിഞ്ഞവന്റെയും, സർവ്വോപരി രക്ഷിക്കപെടാത്തവന്റെയും മാനസാന്തരപ്പെട്ടവന്റെയും പ്രതിനിധികളായി നിൽക്കുന്നു.

ധനവാന്റെ ഭൂമിയിലെ വാസം ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കഴിഞ്ഞു. എന്നാൽ ദരിദ്രനോ വിശപ്പടക്കുവാനുള്ള വക കണ്ടെത്താതെ വേദനയാൽ ആയുസ്സു തീർത്തു. ഭൂമിയിലെ വാസശേഷമോ കാര്യങ്ങൾ നേരെ തിരിഞ്ഞു മറിഞ്ഞു...ഭൂമിയിൽ ആശ്വാസം കണ്ടെത്താൻ കഴിയാത്ത ലാസർ എന്ന ദരിദ്രൻ അബ്രഹാം പിതാവിന്റെ മടിയിൽ കയറി ഇരിക്കുന്നു. വിശപ്പടക്കുവാൻ മേശയിൽ നിന്ന് വീഴുന്നതിനെ പ്രതിക്ഷിച്ചിരുന്നവന്റെ വൃണം നിറഞ്ഞ വിരലിന്റെ അഗ്രത്തിൽ നിന്നും ഉമിനീരിന്റെ കൂടെ ലയിച്ചു ചേരുവാൻ ഒരുതുള്ളി ജലത്തിനായി കേഴുന്ന "ധനവാൻ" .

ലാസറിനെ പോലെയുള്ള അനേക പാവങ്ങളുടെ ഹൃദയങ്ങളെ ആ നാവു കൊണ്ട് തണുപ്പിക്കുവാൻ സാധിക്കുമായിരുന്നു. പക്ഷെ ധനവാന് കഴിഞ്ഞില്ല. അതിലുപരി അതിനു ധനവാൻ തയ്യാറായില്ല. അനേകരെ തണുപ്പിക്കുവാൻ സാധിക്കുമായിരുന്ന അതെ നാവിനെ ഇപ്പോൾ ലാസറിന്റെ വിരലാഗ്രം കൊണ്ടു തണുപ്പിക്കുവാൻ ധനവാൻ ആവശ്യപെടുന്നു.

കുറ്റബോധത്തിന്റെ/ നിരാശയുടെ/ പരാജയത്തിന്റെ വാക്കുകൾ നിഴലിക്കുന്നുണ്ടെങ്കിലും ഇവരുടെ ഇടയിലെ പിളർപ്പു അങ്ങോട്ടും ഇങ്ങോട്ടും, ഞങ്ങളും നിങ്ങളും എന്നുള്ള വലിയൊരു വ്യത്യാസത്തിലേക്കു കൊണ്ടെത്തിച്ചിരിക്കുന്നു.

അനീതിയുള്ള മാമോനായ പണത്തെ ഉപയോഗിച്ച് നിങ്ങൾക്കു സ്‌നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ (ലൂക്കോസ് 16:9) എന്ന് പറഞ്ഞ കർത്താവിന്റെ വാക്കു കേൾക്കാത്ത ധനവാന്റെ അന്ത്യം. അനേക ദരിദ്രരായ ലാസറുമാരെ സ്‌നേഹിതൻമാരായി ഉണ്ടാക്കി എടുക്കാവുന്ന പണം ധനവാൻ ആഡംബരത്തോടെ സുഖിച്ചു മദിക്കുവാൻ ഉപയോഗിച്ചു. അങ്ങനെ ഉപയോഗിച്ചിരുന്നുവെങ്കിൽ നിത്യകൂടരമായ സ്വർഗ്ഗത്തിൽ പ്രവേശനവും ദരിദ്ര ലാസറുമാർ കൂട്ടുകാരായിത്തീരുകയും ചെയ്യുമായിരുന്നു.

കർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കുക : വിശന്നവനായും ദാഹിച്ചവനായും അതിഥിയായും നഗ്നനായും രോഗിയും തടവിലുമായി എന്നെ പലസ്ഥലങ്ങളിൽ നിങ്ങൾ ദർശിച്ചു. നിങ്ങളുടെ busy schedule -കൾ അല്ലെങ്കിൽ ഇങ്ങനെയൊക്കെയുള്ളവർ കബളിപ്പുകാരാണ് എന്നോ മറ്റെവിടെയൊക്കെയോ കേട്ട അറിവുകൾ മുഖാന്തിരമോ ഭക്ഷിപ്പാനോ, കുടിപ്പാനോ, ചേർത്തുകൊള്ളുവാനോ, ഉടുപ്പിക്കുവാനോ, കാൺമാനോ, ആശ്വസിപ്പാനോ നിങ്ങൾ മിനക്കെട്ടില്ല... ഒന്നുകിൽ നിങ്ങൾ മുഖം തിരിച്ചു പോയി. അല്ലെങ്കിൽ കണ്ടില്ലയെന്നുള്ള വ്യാജ ഭാവം നടിച്ചു. അല്ലെങ്കിൽ കുടുംബവും മക്കളുമാണ് വലുതെന്നും അവർക്കുവേണ്ടി കരുതുവാൻ ഞാനല്ലാതെ മറ്റാരുമില്ലെന്നും മനസിനെ പറഞ്ഞു പഠിപ്പിച്ചു.

ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ മനോഹരമായി ചമയിക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ വാക്കുകൾക്ക് വിപരീതമായി കരുതി വയ്ക്കാത്തവൻ വിഡ്ഢിയാണെന്നുള്ള ലോക സമ്പ്രദായം ഏറ്റു പിടിച്ചു.

ദരിദ്രരായ ആലംബഹീനരായവരുടെ മുൻപിൽ മറക്കപ്പെടുന്ന മുഖങ്ങളോടു "ഈ ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞിടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത്" എന്ന് ഹൃദയം തകർന്നു കർത്താവു ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ആവശ്യത്തിൽ അധികമായി നമ്മിലുള്ള ഈ അനീതിയുള്ള മാമ്മോനെ (പണത്തെ) ആഡംബരത്തോടെ സുഖിക്കുവാനുള്ളതല്ല എന്നു ധനവാന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

തിരിച്ചു ലാസറിന്റെ (രക്ഷിക്കപെട്ടവന്റെയും) ഉത്തരവാദിത്തവും തിരുവചനം പറയുന്നു. ധനവാന്റെ അപ്പന്റെ വീട്ടിൽ യേശുവിന്റെ സാക്ഷിയായി തിരിച്ചറിവില്ലാതെ നശിച്ചു യാതനാസ്ഥലത്തേക്കു പ്രയാണം ചെയ്യുന്നവരെ വിടുവിക്കുവാനായി കടന്നുപോകുവാനുള്ള വലിയ ദൗത്യവും ഭരമേല്പിക്കുന്നു.

ധനവാനു അബ്രഹാം പിതാവിന്റെ മടിയിലേക്കുള്ള പ്രവേശനം നിക്ഷേധിച്ചിരിക്കുന്നതു പോലെത്തന്നെ ലാസറിനും നിക്ഷിദ്ധമാണ് യാതനസ്ഥലത്തെ  സുവിശേഷികരണം. അതുകൊണ്ടു രക്ഷ ഒരുവന്റെ ശരീരത്തിൽ വച്ചു മാത്രം. അതായതു ഭൂമിയിലെ ജീവിതത്തിൽ മാത്രം.

ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ സാധിക്കുമായിരുന്നതിനെ ഇഹലോകവാസത്തിനു ശേഷം ആഗ്രഹിച്ചാലും സാധിക്കുകയില്ല. യാതനസ്ഥലത്തുനിന്നു ആശ്വാസ ലോകത്തിലേക്കും തിരിച്ചും കടന്നു പോകുവാൻ കഴിയുന്നതല്ല.

ധനവാനും ലാസറും പണക്കാരന്റെയും ദരിദ്രന്റെയും മാത്രം പ്രതിനിധികളല്ല പ്രത്യുത രക്ഷിക്കപെടാത്തവന്റെയും മനസാന്തരപ്പെട്ടവന്റെയും കൂടെ പ്രതിനിധികളാണ്. വിശ്വാസിയുടെയും അവിശ്വാസിയുടെയും കൂടെ!

പ്രീയമുള്ളവരെ, ഞങ്ങളും നിങ്ങളും എന്ന വേർതിരിവിൽ നിന്നു, അശരണരെ ആവശ്യക്കാരെ ചേർത്തുപിടിക്കുവാൻ മനസുള്ളവരായി നമുക്കു മാറാം. അങ്ങനെയെങ്കിൽ നിത്യകൂടാരങ്ങളിൽ നമ്മെയും കാത്തു സ്‌നേഹിതന്മാരുണ്ടാവും തീർച്ച !

 

<< Back to Articles Discuss this post

0 Responses to "ഞങ്ങളും നിങ്ങളും"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image