സമാധാനത്തിന്റെ ദൈവം …………….. ഭാവന
സമാധാനത്തിന്റെ ദൈവം …………….. ഭാവന
രാമഥയിം - സോഫിമിൽ ഒരു വിവാഹം നടക്കുകയാണ്. യെരോഹാമിന്റെ മകൻ ഏൽക്കാനായാണ് വരൻ. വധു - ഹന്നാ... വലിയ ആഘോഷങ്ങളില്ലാത്ത സാധാരണ വിവാഹം... ചടങ്ങുകൾ ലളിതമെങ്കിലും വധുവരന്മാരുടെ നെയ്തെടുത്ത സ്വപ്നങ്ങൾക്കു പരിധികിളില്ലായിരുന്നു. മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല, അവനു തക്ക തുണയെ നൽകുന്ന ദൈവം...അങ്ങനെ ഒരായിരം സ്വപ്നങ്ങളുമായി ഹന്നാ എന്ന കൊച്ചു സുന്ദരി എല്കാന എന്ന വരനു സ്വന്തമായി...
ഹന്നാ വളരെ പെട്ടെന്നു തന്നെ ഭർതൃവീട്ടിൽ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു ചിത്രശലഭത്തെ പോലെ അവൾ എല്ലായിടത്തും പാറി നടന്നു...എല്ലാവരുടെയും പ്രീതി സമ്പാദിച്ചു...എല്ലാവരും അവളെയും സ്‌നേഹിച്ചു...അയൽക്കാരുമായും നല്ല ബന്ധം സൂക്ഷിക്കുവാൻ ഹന്നാ സമയം കണ്ടെത്തി...
ദിവസങ്ങൾ മാസങ്ങളായി...വിവാഹം കഴിഞ്ഞു വർഷം ഒന്നു കഴിഞ്ഞു...കുടുംബ ജീവിതത്തിന്റെ പ്രതിഫലം, അവകാശം കാണുന്നില്ല..അടുത്തുള്ളവർ ചോദിക്കുവാൻ തുടങ്ങി 'കുഞ്ഞുങ്ങൾ ഒന്നും'...ഹന്നയ്ക്ക് ആധിയായി...ഉറങ്ങുവാൻ കിടന്നപ്പോൾ ചെറുകെ ഏൽക്കാനയുടെ ചെവിയിൽ മന്ത്രിച്ചു...വർഷം ഒന്നു കഴിഞ്ഞു...നമുക്ക് ഒരു കുഞ്ഞായില്ല..."ദൈവത്തിന്റെ സമയമാകുമ്പോൾ നമുക്കും ലഭിക്കും" ഒരു വാചകത്തിൽ ആ സംസാരം ഏൽക്കാനാ നിർത്തി...പിന്നെയും ദിവസങ്ങളും മാസങ്ങളും ആണ്ടുകളും ആർക്കും വേണ്ടി കാത്തുനിൽക്കാതെ ഓടി മറഞ്ഞു...ഹന്നയെ പോലെ ഏൽക്കാനയിലേക്കും ആ ആധി വളർന്നു കഴിഞ്ഞു... ഒരു പേരക്കുട്ടിയെ മടിയിൽ ലാളിക്കുവാനായി യെരോഹിമിന്റെയും ആഗ്രഹം സഫലമാകാതെ പോകുന്നു... വർഷം പത്തു കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ടു...പക്ഷെ ഒരു കുഞ്ഞിനു മുലയൂട്ടാനുള്ള പ്രതീക്ഷ എല്ലാം അസ്തമിച്ചതു പോലെ...പ്രാർത്ഥനകൾ വിഫലമായതു പോലെ...ദൈവത്തിന്റെ ദയാ കടാക്ഷം ഇല്ലാത്തതുപോലെ...
കുറെ ദിവസങ്ങളായി ഹന്നാ തന്നെയാണ് ഏൽക്കാനായെ നിർബന്ധിക്കുന്നത് വേറൊരു വിവാഹത്തിന്. എനിക്ക് ഒരു കുഞ്ഞിനെ തരുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല...നീണ്ട പത്തുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു...ഒടുക്കം ഹന്നയുടെ നിർബന്ധത്തിനു വഴങ്ങി രണ്ടാം വിവാഹത്തിന് സമ്മതം മൂളി...വധു പെനിന്നാ...നാളെ ഏൽക്കാനയുടെ രണ്ടാം വിവാഹമാണ്...
ഹന്നയ്ക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു...സ്വാതന്ത്ര്യത്തിന്റെ, സ്വാർത്ഥതയുടെ അവസാന രാത്രി...നാളെ മുതൽ എല്ലാം പങ്കു വയ്ക്കപ്പെടും... ഒരിക്കലും ഒരു സ്ത്രീയും ആഗ്രഹിക്കാത്ത, സ്വപ്നത്തിൽ പോലും കാണുവാൻ ഇഷ്ട്ടപ്പെടാത്ത ജീവിതവും സാഹചര്യവുമാണ് സംജാതമാകുവാൻ പോകുന്നത്. ഈ ദിവസം ഇരുട്ടി വെളുക്കുന്നതു, അടുത്ത പ്രഭാതത്തിൽ സൂര്യൻ കിഴക്കു വെള്ളകീറുന്നതു തന്റെ എല്ലാ സ്വാതന്ത്യവും ഹനിച്ചു കൊണ്ടാണ്...ഹന്നാ കഴിവതും കടിച്ചമർത്തുകയാണ്, സങ്കടം അണപൊട്ടി പുറത്തേക്കു വരുന്നത് ഏൽക്കാന അറിയാതിരിക്കുവാൻ ഒട്ടേറെ പണിപ്പെടേണ്ടി വന്നു...
പത്തു വർഷം മുൻപുള്ള വിവാഹത്തിന്റെ തലേ രാത്രി...നൂറു നൂറു സ്വപ്നങ്ങൾ നെയ്തെടുത്ത രാത്രി...പിറ്റേ പ്രഭാതത്തിലേക്കു ആയിരം മണിക്കൂറിന്റെ ദൈർഘ്യയതയോ എന്നു സംശയിച്ച രാത്രി...തനിക്കു മാത്രമായി ഒരു സ്വകാര്യ ജീവിതം കെട്ടിപ്പടുക്കുവാൻ വെമ്പൽ കൊണ്ട് തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടക്കയിൽ കഴിച്ചു കൂട്ടിയ രാത്രി...ആ രാത്രിയുടെ സ്വപ്നങ്ങൾക്കു ചിറകുകളുണ്ടായിരുന്നു...വർണ്ണശബളമായ സുന്ദര ചിറകുകൾ...ചിത്രശലഭത്തെ പോലെ... ഈ രാത്രി ഈയാംപാറ്റകളെ പോലെ കരിംതിരി എരിയുന്ന വിളക്കിന്റെ മുകളിൽ കൂടെ, വർണങ്ങളില്ലാത്ത ചിറകുകൾ കൊണ്ടു ഇരുട്ടിൽ എവിടൊക്കെയോ തട്ടി... എത്രപെട്ടന്നാണ് വർണ്ണങ്ങളുള്ള ജീവിതം കരിനിഴൽ വീണു മാറിമറിയുന്നത്...മനുഷ്യൻ ഒന്നു വിഭാവനം ചെയ്യുന്നു...ഉടയവൻ വേറൊന്നു ചെയ്യുന്നു...
പെനിന്നായും ഹന്നയെപോലെതന്നെ വീട്ടിൽ എല്ലാവരുടെയും ഇഷ്ടം വേഗത്തിൽനേടിയെടുത്തു. ഹന്നായുടെ ഉള്ളിൽ മാത്രം ഒരു കടലിരമ്പുന്നുണ്ടായിരുന്നു... എങ്കിലും തനിക്കു കൊടുക്കുവാൻ കഴിയാത്ത ഒരു കുഞ്ഞിനു വേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ ഹന്നാ തയ്യാറായി...കാലം ആരെയും കാത്തുനിൽക്കാതെ ഓടിമറഞ്ഞു...പെനിന്നാ ഗർഭം ധരിച്ചു മക്കളെ പ്രസവിച്ചു...തനിക്കുള്ളതും മറ്റൊരാൾക്കില്ലാത്തതുമായ കാര്യത്തെ കുറിച്ച് ഓർത്തപ്പോൾ പെനിന്നായിൽ അഹംങ്കാരം ഉടലെടുത്തു.അവളുടെ കണ്ണിനു ഹന്നാ നിന്ദിതയായി മാറിക്കഴിഞ്ഞു...
പെനിന്നായുടെ സ്വഭാവം ദിവസങ്ങൾ കഴിയുന്തോറും വഷളായി മാറി കൊണ്ടിരുന്നു...ഹന്നയെ മുഷിപ്പിക്കത്തക്ക നിലയിൽ അതു വളർന്നുകൊണ്ടേയിരുന്നു...ഏൽക്കാനയുടെ സ്‌നേഹം ഇപ്പോഴും മക്കളില്ലാത്ത ഹന്നയോടാണെന്നുള്ള ബോധ്യവും പെനിന്നായെ ദേക്ഷ്യം പിടിപ്പിച്ചു...പെനിന്നായുടെ മക്കളും ഹന്നയോടു പോരു തുടങ്ങിയിരുന്നു...ഏൽക്കാനയുടെ അസാന്നിദ്ധ്യo പീഡനത്തിന് ആക്കം കൂട്ടി.
രാവിലെ മുതൽ മുറിയടച്ചു കട്ടിലിൽ മുഖമർത്തികിടക്കുകയാണ് ഹന്നാ. ഏല്ക്കാന പലയാവർത്തി ശ്രെമിച്ചിട്ടും ഹന്നാ എഴുന്നേൽക്കുവാനോ ദിനചര്യകൾ നടത്തുവാനോ ഭക്ഷണം കഴിക്കുവാനോ കൂട്ടാക്കിയില്ല...ഒരേ കരച്ചിലാണ്...പിറ്റേദിവസവും ഇതുതന്നെ...ഏൽക്കാനയ്ക്കു ദേക്ഷ്യവും സങ്കടവും ഒരുപോലെ വന്നു...ഹന്നെ നീ എന്തിനാണീങ്ങനെ ഒരേകിടപ്പു കിടക്കുന്നതു...എന്തിനാണിങ്ങനെ പട്ടിണി കിടക്കുന്നതു... ജീവൻ നിലനിർത്താനെങ്കിലും എന്തെങ്കിലും ഒന്നു കഴിക്കരുതോ...എന്താ ഹന്നെ നീ ഒരു കൊച്ചുകുട്ടിയെ പോലെ...ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നു നീ എന്താ തിരിച്ചറിയാതെ പോകുന്നത്....പത്തുപുത്രന്മാർ ഒന്നിച്ചു നിന്നെ നോക്കുന്നതിലും അധികമായിട്ടല്ലേ ഞാൻ നിന്നെ കരുതുന്നത്....പിന്നെ നീ എന്തിനാ ഈ സമരം?... നീ എന്നോട് മാത്രമല്ല ഹന്നാ മത്സരിക്കുന്നത്...ആത്യന്തികമായി ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിൽ നടക്കുമെന്നും അതിനനുവാദം കൊടുത്തിട്ടുമുള്ള നമ്മുടെ ദൈവത്തോടുമാണ് നിന്റെ മത്സരം...ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല ഹന്നാ...നമുക്ക് കുറച്ചുദിവസത്തേക്കു ഇവിടെ നിന്ന് മാറിനിൽക്കാം.ഒരു മാറ്റം നിന്റെ മാനസികാവസ്ഥക്കു നല്ലതാണു...യെഹോവയുടെ മന്ദിരത്തിലേക്കുള്ള യാത്ര ഹന്നയ്ക്ക് ഉത്സാഹമാണ് ... ഏൽക്കാനയുടെ ഈ വാക്കുകൾ തെല്ലു ആശ്വാസം കണ്ടത്തി ഹന്നാ എഴുന്നേറ്റു...
ശീലോവിൽ ഭകഷണം കഴിഞ്ഞു വിശ്രമിക്കുവാൻ നിൽക്കാതെ ഹന്നാ വേഗം മന്ദിരത്തിൽ പോയി മുഴങ്കാലിൽ വീണു...അവളുടെ സങ്കടം മനോവ്യസനത്തിന്റെ ഹേതു ദൈവസന്നിധിയിൽ പകരുകയായിരുന്നു... പുരുഷസന്താനത്തെ ഉരുവാകുവാൻ എന്റെ ഉദരത്തിനു ഭാഗ്യം കടാക്ഷിച്ചാൽ അവനെ തിരികെ നിനക്കുതന്നെ നിവേദിക്കും...എന്റെ നിന്ദ മാറിപ്പോകണം..സമയ പരിധിയില്ലാതെ പ്രാർത്ഥന നീണ്ടു....
ആശ്വാസപ്രദനാകേണ്ട പുരോഹിതനിൽ ദർശനത്തിന്റെ അഭാവം... ആത്മികരെ കണ്ടെത്തുവാനുള്ള ദ്രിഷ്ട്ടി നക്ഷ്ടമാക്കിയതോ... പുത്രവാത്സല്യം കൂടിയതോ...ഏലി പുരോഹിതന്റെ തോന്നലുകൾ അസ്ഥാനത്തായിപോയി. മനോവ്യസനമുള്ള സ്ത്രീയെ നീചസ്ത്രിയായി തെറ്റിദ്ധരിച്ചുപോയി... അവളുടെ ഹൃദയതകർച്ചയെ വീഞ്ഞുകുടിച്ചു മത്തരായവരോട് അനുമാനിച്ചു...ആത്മാവു നിറഞ്ഞവൾക്കു ശാപത്തിന്റെ വാക്കുകൾ...
ഹന്നാ ആശ്രയിച്ചു വന്നതു ഇസ്രയേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിലായിരുന്നു. തന്റെ തൂവൽകൊണ്ടു മറയ്ക്കുന്ന... വിശ്വസ്തതക്കു ഭംഗം വരുത്താത്ത... പറ്റിച്ചേർന്നു നിൽക്കുന്നവരെ വിടുവിക്കുന്ന... കഷ്ടകാലത്തു കൂടെയിരിക്കുന്ന... മച്ചിയെ ഏഴു പ്രസവിക്കുമാറാക്കുന്ന... അനാഥർക്കും വിധവമാർക്കും അഭയം നൽകുന്ന... സൈന്യങ്ങളുടെ യഹോവയുടെ പാദപീഠത്തിൽ തന്നെയായിരുന്നു...
**************************************************************************************************
ശാപ്പാടിനു എന്തൊന്നില്ലാത്ത രുചി... അനേക വർഷങ്ങൾക്കു ശേഷം ആസ്വാദകരമായി ഭക്ഷണം കഴിക്കുന്ന പ്രിയതമയെ ഇമവെട്ടാതെ നോക്കിയിരുന്നുപോയി ഏൽക്കാനാ...പതിവില്ലാത്ത ആശ്വാസം മുഖത്തു നിഴലിച്ചിരുന്നു...പുരോഹിതനു തിരിച്ചറിയാൻ സാധിക്കാതു പോയത്, ഏൽക്കാനായ്ക്കു മനസിലാക്കുവാൻ കഴിയാതുപോയതു ഹന്നയ്ക്ക് കൈവന്നിരിക്കുന്നു... പ്രാർത്ഥനയും അപേക്ഷയും സ്തോത്രത്തോടു കൂടെ സമർപ്പിച്ച ഹന്നയുടെ മുഖത്തു ദൈവാശ്രയം നിഴലിച്ചിരുന്നു.
ബുദ്ദിക്കു അപ്രാപ്ര്യമായിരുന്ന ഹൃദയങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കുന്ന ദൈവസമാധാനം ഹന്നാ പ്രാപിച്ചു. സമാധാനത്തിന്റെ ദൈവം തന്നോടുകൂടെയുണ്ടെന്നുള്ള ബോധ്യം പ്രതിയോഗിയുടെ പിന്നീടുള്ള പീഡനത്തിനും തന്റെ സൗമ്യതക്കു കോട്ടംവരുത്തുവാൻ ഇടയായില്ല...അതെ "ഹന്നയുടെ മുഖം പിന്നെ വാടിയതുമില്ല"
0 Responses to "സമാധാനത്തിന്റെ ദൈവം …………….. ഭാവന"
Leave a Comment