നിലനിൽക്കുന്ന നഗരം
നിലനിൽക്കുന്ന നഗരം
ഒരു യാത്ര കുറുപ്പാണിത്...ചില പട്ടണങ്ങളും ഗ്രാമങ്ങളും സന്ദർശിച്ചതിന്റെ യാത്രാകുറിപ്പ്…
അധികം വീതിയില്ലാത്ത റോഡിലൂടെയാണ് നഗര കവാടത്തിലേക്കു ഞങ്ങൾ പ്രവേശിച്ചത്... റോഡിൽ അങ്ങിങ്ങായി സ്‌ഥാപിച്ചിരുന്ന ചൂണ്ടു പലകകൾ ശരിയായ ദിശയിലേക്കു വാഹനം ഓടിക്കുവാൻ ഡ്രൈവറെ സഹായിച്ചു... യാത്രാ ക്ഷീണമകറ്റാനും കാൽ ഒന്നു നിവർത്തുവാനുമായി പാടത്തിനു സമീപമുള്ള ചെറിയ ഒരു ചായക്കടയുടെ സമീപം ഞങ്ങൾ വാഹനം ഒതുക്കി... ചായ കുടിക്കുന്നതിനിടയിൽ എന്റെ ഗൂഡമായ ലക്ഷ്യം ഈ പട്ടണത്തെക്കുറിച്ചും അതിലെ നിവാസികളെ കുറിച്ചുമുള്ള കാര്യങ്ങൾ ചോദിച്ചുറിയുക കൂടിയായിരുന്നു. മെല്ലെ ചൂടു ചായ ഊതുന്നതിനിടയിൽ ഞാൻ ചായ അടിക്കുന്നയാളോടു ചോദിച്ചു. (ചായ അടിക്കുവാൻ പ്രത്യകിച്ച് വേറെ പണിക്കാരനൊന്നുമില്ല അദ്ദേഹം തന്നെയാണ് മുതലാളിയും തൊഴിലാളിയും) എങ്ങനെയാ ചേട്ടാ ഈ പട്ടണത്തിന് ഇങ്ങനെയൊരു പേരുവരുവാൻ കാരണം?. അധികം സന്ദർശകരില്ലത്ത കടയിൽ, വർത്തമാനം പറയുവാൻ ഒരാളെ കിട്ടിയതിന്റെ ആനന്ദം ആ കണ്ണുകളിൽ ഞാൻ വായിച്ചെടുത്തു. അങ്ങിങ്ങായി എണ്ണിയാൽ പത്തിൽ താഴെ മാത്രം കറുത്ത മുടികളുള്ള പാവത്തം തോന്നിപ്പിക്കുന്ന മുഖത്തോടു കൂടിയ മനുഷ്യൻ കിഴക്കോട്ടു ചൂണ്ടി പറഞ്ഞു ‘നോദ്’ എന്നായിരുന്നു ഇതിന്റെ പേര് ഇപ്പോഴും അങ്ങനെ വിളിക്കുന്നവരുണ്ട്... കയിൻ എന്ന മനുഷ്യൻ സ്വന്തം സഹോദരനെ കൊന്നിട്ടു വന്നു പാർക്കുവാൻ തുടങ്ങി ഇവിടെ...കഠിനാദ്ധ്യാനിയായിരുന്നു...കുറച്ചു പണവും പുത്തനുമായപ്പോൾ ഒരു പട്ടണം ഉണ്ടാക്കി ആദ്യത്തെ പയ്യന്റെ പേരും ചാർത്തി "ഹാനോക്ക് " അങ്ങനെ ഇതിന് ഹാനോക്ക് പട്ടണം എന്നു പേരു കിട്ടുന്നത്.
വേറെന്തൊക്കെയോ പറയുവാനായി ആ വൃദ്ധൻ വെമ്പൽ കൊള്ളുന്നത് ഞാൻ തിരിച്ചറിഞ്ഞു. വേഗത്തിൽ ചായഗ്ലാസ്സും പണവും നല്കി ഞാൻ എഴുന്നേറ്റു. പണം കൊടുക്കുന്നതിനിടയിൽ ചായയെ പ്രശംസിക്കുവാൻ ഞാൻ മറന്നില്ല.പകരം എളിമയുടെ ഒരു പുഞ്ചിരി അദ്ദേഹം സമ്മാനിച്ചു. തിരിച്ചു നടക്കുവാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആത്മഗതം കേട്ടു. ദൈവ സാന്നിദ്ധ്യത്തിൽ നിന്നകന്നു പോയവൻ, ദൈവം വംശാവലി എണ്ണുമ്പോൾ കാണാത്തവൻ, തനിക്കു പേരു നിലനിർത്തുവാൻ ഇതൊക്കെ ചെയ്തെ മതിയാകു. അപ്പോൾ മക്കളുടെ പേരൊക്കെ പട്ടണത്തിനു ഇട്ടെന്നു വരും. ഇപ്പോൾ പേരു നിലനിർത്തുവാനായി കസേരകളിയും തമ്മിൽ തല്ലും ഒക്കെ നടത്തുന്നവരുടെയൊക്കയും അവസ്ഥ ഞാൻ വെറുതെ മനസ്സിൽ കൂട്ടി... മത്സരം ആഭിചാരദോഷം പോലെയും… ശരിയാണ് ജീവപുസ്തകത്തിൽ പേരെഴുതി കാണാത്തവർ ഇവിടെ പേരുനിലനിർത്തുവാനായി അശ്രാന്ത പരിശ്രമത്തിലാണ്...
ചിലമുന്നറിയിപ്പുകളൂടെ നല്കിയിട്ടാണ് അദ്ദേഹം ഞങ്ങളെ പോകുവാനനുവദിച്ചത്. നിങ്ങൾ പട്ടണത്തിലേക്കുള്ള യാത്രക്കാരാണെങ്കിൽ നിങ്ങൾക്കു പല മുഖങ്ങളും അവിടെ ദർശിക്കാം. ഭീതിയുടെ,കോപത്തിന്റെ, വൈരാഗ്യത്തിന്റെ, അസഹിഷ്ണതയുടെ. ചില ഇരുമ്പിന്റെ ശബ്‌ദം...ആയുധങ്ങളെ പണിയുന്നവരെ.സ്വസ്‌ഥയില്ലാത്തവർ,സമാധാനം അനുഭവിക്കാത്തവർ, ഏഴാം തലമുറയിലെത്തിയപ്പോഴേക്കും പകയുടെ, അസഹിഷ്ണതയുടെ അളവു ഏഴിരട്ടിയിൽ നിന്നു എഴുപത്തിയേഴു ഇരട്ടിയിലേക്കു വളർത്തിയവർ... ക്ഷമിക്കാത്തവർ... ഒരു മുറിവിന്നു പകരം ഒരു പുരുഷനെയും ഒരു പരിക്കിനു പകരം യുവാവിനെയും കൊല്ലുന്ന ദേശം.
ഞങ്ങളുടെ വാഹനം അതിവേഗം മുൻപോട്ടു കുതിക്കുമ്പോഴും പിന്നിൽ ആ വൃദ്ധൻ പറഞ്ഞതു ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു...ഒരിക്കൽ പ്രകാശനം ലഭിച്ചു ദൈവത്തെ ആരാധിച്ചു വന്നവർ പിന്മാറിപോകുമ്പോൾ കാട്ടികൂട്ടുന്ന കോപ്രായത്തരങ്ങൾ...ദൈവസന്നിധിയിൽ നിന്നു ദൂരത്തേക്കു പായുന്നവർ...മടങ്ങി വരുവാൻ വളരെ ക്ലേശം തന്നെ. ചായക്കടക്കാരന്റെ മുന്നറിയിപ്പ്, ഈ പട്ടണത്തിൽ അധികം ചുറ്റിക്കറങ്ങാതെ അടുത്ത പട്ടണത്തിലേക്കു പോകുവാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു.
ആകാശത്തോളം ഉയർത്തി, കഴുകനെ പോലെ കൂടുകൂട്ടി വലിയൊരു ഗോപുരവും അതിനുമുകളിൽ ഒരു പേരും..."ബാബേൽ"... ആരെ കൊന്നാലും കുഴപ്പമില്ല എനിക്കു ഒരു പേരുണ്ടാകണം, ആരെ ചതിച്ചാലും സാരമില്ല എനിക്കു പണം ഉണ്ടാക്കണം...എത്ര കള്ളം പറഞ്ഞാലും വേണ്ടതില്ല എനിക്കു പദവിയും സ്ഥാനവും വേണം. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം, അതിനു മുകളിൽ നമ്മുടെ പേര്... ദൈവത്തെ ഒഴിവാക്കി തങ്ങളുടെ പ്രയത്നം കൊണ്ടു പട്ടണം പണിയുന്നവർ...ഒടുവിൽ ബാബേൽ ഗോപുരം തകർന്നു ആ അവശിഷ്ടത്തിൽ ചവിട്ടി നിരാശരായി താടിക്കു കയ്യും കൊടുത്തു നിൽക്കുന്നവരെയും കടന്നു ഞങ്ങൾ യാത്ര തുടർന്നു...അനേകവിശേഷങ്ങൾ ഈ പട്ടണത്തിലുമുണ്ടായിരുന്നു...അതു വേറൊരു അവസരത്തിലാകട്ടെ വിവരിക്കാം...
കുറച്ചേറെ വികസനം എത്തിയിട്ടുള്ള ഒരു നഗരം... നല്ല വീതിയുള്ള റോഡുകൾ... നഗരസഭകളുള്ള, കൂറ്റൻ കമാനങ്ങളുള്ള ഒരു പട്ടണത്തിലേക്കാണ് ഞങ്ങൾ വീണ്ടും പോയത്. ഭരണ സാമർത്ഥ്യമുള്ള ഭരണാധികാരികൾ തന്നെ സംശയമില്ല. നമ്മുടെ ഒരു പരിചയക്കാരനാണ് അവിടെ ഭരണ സാരഥ്യം വഹിക്കുന്നത്. പേരു പറഞ്ഞാൽ നിങ്ങൾ അറിയും, അല്ലെങ്കിൽ ഉപ്പാപ്പന്റെ പേരു പറഞ്ഞാൽ നിശ്ചായമായും അറിയും. ലോത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഉപ്പാപ്പൻ അബ്രാഹം. ഈ പട്ടണത്തേയും കുറിച്ചുള്ള മുന്നറിയിപ്പുകൾ യാത്രാ മധ്യ ഞങ്ങൾക്കു ലഭിച്ചിരുന്നു. ഈ പട്ടണക്കാർ വല്ലാത്ത മനുഷ്യരാണെന്നുള്ള തിരിച്ചറിവ് യാത്ര മതിയാക്കിയാലോ എന്നു വരെ ഒരുവട്ടം ചിന്തിച്ചു പോയി. 'നനഞ്ഞിറങ്ങിയതല്ലേ , കുളിച്ചു തന്നെ കയറാനായിരുന്നു എന്റെ തീരുമാനം'.
സ്വസ്നേഹികൾ, പുരുഷ കാമികൾ, സ്വയഭോഗികൾ, ആണോടുആൺ അവലക്ഷണമായി പ്രവർത്തിക്കുന്നവർ, നന്ദികെട്ടവർ, വാത്സല്യമില്ലാത്തവർ, ഇണങ്ങാത്തവർ, ഉഗ്രന്മാർ, സല്ഗുണദോഷികൾ, ധാർഷ്ട്യക്കാർ, ദൈവപ്രീയമില്ലാത്ത ഭോഗപ്രിയർ, ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവർ. ഇങ്ങനെയുള്ള നാശം പിടിച്ച ഒരു പട്ടണമാണിത്. ഈ പട്ടണങ്ങളെയും നഗരങ്ങളെയും എല്ലാം സന്ദർശിക്കുവാൻ ഒരേയൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ മനസ്സിൽ. അവരുടെ കുറ്റം നിരത്തി മടങ്ങി വരികയല്ല, പ്രത്യുത വലിയ പട്ടണങ്ങളിൽ, മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന, ബിസിനസ്സ് ചെയ്യുന്ന നാമും ആരെ ചവിട്ടി താഴ്ത്തിയാലും എന്റെ തല മുകളിൽ തന്നെ നിൽക്കണമെന്നു പറയുന്നവരുടെ ഇടയിൽ ഈ പട്ടണ വാസികളോടു വല്ല സാദ്യശ്യവും ഉണ്ടോ എന്നറിയുവാൻ...
ഇപ്പോൾ മൂന്നു പട്ടണങ്ങളിൽ നാം സന്ദർശനം നടത്തി. ദൈവസാന്നിധ്യം ഇല്ലാത്ത പട്ടണങ്ങൾ. ഒരു പക്ഷെ ഉറപ്പിൻ മേലായിരിക്കും ഈ പട്ടണങ്ങളൊക്കെയും പണിതുറപ്പിച്ചത്. പക്ഷെ സകല മ്ലേച്ഛതകളുടെയും ഉറവിടമാണ് ഈ പട്ടണങ്ങൾ എന്നു നാം കണ്ടു.
യഹോവയുടെ സന്നിധിയിൽ നിന്നു ഓടിപ്പോയി പണം സമ്പാദിച്ചു പട്ടണം പണിതു ആ പട്ടണത്തിനു മകന്റെ പേരു തന്നെയിട്ട വേദപുസ്തക ചരിത്രത്തിലെ ഒന്നാമത്തെ പട്ടണം "ഹാനോക്ക്". യഹോവയെ കൂടാതെയും പണം സമ്പാദിക്കാം. അളവിൽ കൂടുതൽ. നമ്മുടെ ആവശ്യത്തെക്കാൾ കൂടുതൽ പണം നമ്മുടെ കൈവശം ഇരിക്കുന്നുവെങ്കിൽ അതു നമുക്കുള്ളതല്ല. മറ്റാർക്കോ വേണ്ടി നമ്മുടെ കൈവശം തന്നതാണ്.
പേരു സമ്പാദിക്കുവാനായി ആകാശത്തോളം എത്തുന്ന ഗോപുരവും ഒരു പട്ടണവും നിർമ്മിക്കുവാൻ ഇറങ്ങി പുറപ്പെട്ട ബാബേൽ നഗരവാസികൾ.
സോദോമും ഗോമേറെയും നാശത്തിൽ നിപതിച്ചു മനുഷ്യർക്ക് ദ്യഷ്ട്ടാന്തമായി കിടക്കുന്ന മ്ലേച്ഛത നിറഞ്ഞ ലോത്തു പാർത്തിരുന്ന നാശ പട്ടണം.
ഞങ്ങൾ നേരെ പോയതു ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. വഴിയുടെ ഇരു വശത്തും ഇടതിങ്ങി നിൽക്കുന്ന വൃക്ഷങ്ങൾ, ചെറിയ അരുവികൾ, പക്ഷി മൃഗാധി കൾ. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. അത്രക്കും മനോഹരമായ ദേശം. ഒരു വന്ദ്യവയോധികനായ മനുഷ്യന്റെ വീടിനെ ലക്ഷ്യമാക്കിയാണ് ഞങ്ങൾ നീങ്ങിയത്...
********** ********** ********** ********** ********** ********** ********** ******
ഉച്ച മയക്കം പതിവില്ലാത്തതാണ്. പക്ഷെ പ്രായാധിക്യം അദ്ദേഹത്തെ മയക്കത്തിലേക്കാണ് തള്ളിവിട്ടത്. ലോത്തു പലപ്പോഴും പട്ടണത്തിൽ നിന്ന് വരുമ്പോഴൊക്കെയും പറയും ഈ കുഗ്രാമത്തിൽ നിന്നു പട്ടണത്തിലേക്കു മാറി താമസിക്കുവാൻ. ഒരു അസുഖം വന്നാൽ നല്ല ചികിത്സ കിട്ടുന്ന ഒരു ആശുപത്രിയില്ല. എല്ലാം നാട്ടു ചികിത്സ മാത്രം. സോദോമിലാണെങ്കിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എല്ലാ സൗകര്യങ്ങളോടും കൂടിയതു... ഞാൻ താമസിക്കുന്ന ബംഗ്ലാവിനോട് ചേർന്ന് ഒരു വലിയ ഇരുനില കെട്ടിടം കൊടുക്കുവാനുണ്ട്...എല്ലാ സൗകര്യങ്ങളോടും കൂടിയത്. ങാ... നിന്റെയപ്പൻ അങ്ങോട്ടൊന്നും വരില്ല... യിസ്സഹാക്കേ, നീയെങ്കിലും അങ്ങോട്ടു വാ... യാക്കോബും ഏശാവും വളർന്നു വരികയാണ്. ഇനിയുള്ള കാലം നല്ല ജോലിയൊക്കെ കിട്ടണമെങ്കിൽ നല്ല വിദ്യാഭ്യാസം പിള്ളേർക്കു കൊടുക്കണം. യിസ്സഹാക്കു ഒന്നു മന്ദഹസിക്കും... യാക്കോബിനു ചെറിയ താല്പര്യം ഉണ്ട്. കസിൻസ് വരുന്നത് കാണുമ്പോൾ. അവരുടെ ഡ്രസ്സിങ് പെർഫ്യൂംസ്, മേക്കപ്പ്, അവരുടെ കാർ, വീടിനെക്കുറിച്ചും പട്ടണത്തെ കുറിച്ചും, തോന്നിയപോലുള്ള ആ നാട്ടുകാരുടെ ജീവിതത്തെ കുറിച്ചും...ചെറിയ ഒരാഗ്രഹം ആരിലും ജനിപ്പിക്കും...
ലോത്തു പോയ ഉടനെ അബ്രഹാം ചാരുകസേരയിൽ നിന്നു പതിയെ എഴുന്നേൽക്കുവാനാഞ്ഞു. യിസ്സഹാക്കു ഓടി വന്നു താങ്ങി. കണ്ണുകൾ യാക്കോബ് നിന്നിടത്തേക്കും നീണ്ടു... യിസ്സഹാക്കിന്റെയും യാക്കോബിന്റെയും തോളിലേക്കു കൈയിട്ടു കൂടാര വാതിലിൽ കൂടി കുനിഞ്ഞു പുറത്തേക്കിറങ്ങി. കൂടാരത്തിന്റെ മുമ്പിൽ അബ്രാഹാം മുഴങ്കാലുകളെ മടക്കി മറ്റു രണ്ടു പേരോടും കൂടെ… മക്കളെ… കണ്ഠമിടറി… വിദൂരതയിലേക്കു വിറയ്ക്കുന്ന കൈകൾ ചൂണ്ടി ഇങ്ങനെ മൊഴിഞ്ഞു. “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ല” ... “കാണുന്നതു താല്‌ക്കാലികം”.
കണ്ണുകൾ അദ്ദേഹം ഇറുക്കി അടച്ചു… കൺപീലികൾ ഞെരിഞ്ഞമർത്തിയ കണ്ണുനീർ തുള്ളികളിൽ ഒന്നു കൂടാരത്തിനു പുറത്തു വീണുചിന്നി പൊട്ടി... കൽദയരുടെ പട്ടണമായ ഊരിൽ നിന്ന് ഏകനായി വിളിച്ചിറക്കി ദൈവത്തിന്റെ സ്നേഹിതൻ എന്ന പേരിനു യോഗ്യനാക്കി, ഉടമ്പടികളുടെ ദൈവത്തെ തിരിച്ചറിഞ്ഞ അബ്രാഹാം. അതെ വിശാസികളുടെ പിതാവ്, ഇങ്ങനെ മൊഴിഞ്ഞു "ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരം" അതാണു ശാശ്വത ഭവനം. നാം ഇവിടെ അന്യരാണ്. പരദേശികളാണ്. നമുക്ക് ഇവിടെ നിലനിൽക്കുന്ന നഗരമില്ല...
വന്ദ്യവയോധികന്റെ മുമ്പിൽ ഞാനും അറിയാതെ മുഴങ്കാലുകൾ മടക്കി. ഞാൻ പാർക്കുന്ന ഭവനത്തിലും ഒരു കൂടാര മനോഭാവിയായിത്തീരുവനായുള്ള ആഗ്രഹം കൊണ്ടു എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി...
മടക്കയത്രയിലുടനീളം തുളുമ്പിയ കണ്ണുകൾ കാഴ്ചകളെ മറച്ചു... ഡ്രൈവർ കാണാതെ പുറത്തേക്കു ചാടിയ കണ്ണീർ കണങ്ങൾ വേഗത്തിൽ ഞാൻ ഒപ്പിയെടുത്തു. മനസ്സ് വലിയ ശാന്തതയും സംത്യപ്തിയും അനുഭവിക്കുന്നുണ്ടായിരുന്നു. ഞാൻ പോയ മറ്റു മൂന്നു പട്ടണങ്ങളിലും ലഭിക്കാത്ത ആനന്ദം ഈ ചെറിയ ഗ്രാമത്തിൽ ഞാനനുഭവിച്ചു. പണ്ടെങ്ങോ കേട്ടു മറന്ന ഒരു വാചകം പിന്നെയും തികട്ടി വന്നു. "നാട്ടിൻ പുറം നന്മകളാൽ സമൃദ്ധo”.
0 Responses to "നിലനിൽക്കുന്ന നഗരം"
Leave a Comment