അതിർവരമ്പ്
പാപത്തോടു പോരാടുന്നതിൽ നിങ്ങൾ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല" (എബ്രായർ 12:4)
പാപം പ്രലോഭനവുമായി, ആഗ്രഹവുമായി അടുക്കുമ്പോൾ ഏതറ്റം വരെ എതിർത്തു നിൽക്കാം. ഏതു വരെയാണ് പാപവും ഞാനും തമ്മിലുള്ള അതിർവരമ്പ്. എപ്പോൾ എനിക്ക് ആ അതിർ കടന്നു പോകാം.അശ്രദ്ധയോടുള്ള ഓരോ നിമിഷവും പാപത്തിൽ അകപെടുവാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. വളരെ കരുതലോടെയല്ല ചുവടുകളെ പെറുക്കി വയ്ക്കുന്നതെങ്കിൽ അബദ്ധജഡിലമാകും കാര്യങ്ങൾ. നമ്മുടെ വീഴ്ചകൾ ഒരു പക്ഷെ ദൈവം ക്ഷമിച്ചു തരുമായിരിക്കും.(ആർക്കറിയാം) എങ്കിലും നാം നഷ്ടമാക്കുന്നതു ക്രിസ്തുവിലെ സന്തോഷവും സുവിശേഷികരണത്തിലെ സാധ്യതകളുമാണ്. മനുഷ്യരോടും ദൈവത്തോടും നിരപ്പു പ്രാപിക്കുവാനുള്ള കാലതാമസം നമ്മുടെ സാധ്യതകൾക്കു കോട്ടം സംഭവിപ്പിക്കുന്നതാണ്.പലപ്പോഴും പാപത്തോടുള്ള പോരാട്ടങ്ങൾ പാതിവഴിയിൽ നാം ഉപേക്ഷിക്കുന്നു. ബലഹീനതയിൽ ദൈവം തുണനിന്നില്ലായെന്നു നാം പരാതിപ്പെടുന്നു. എന്നാൽ ദൈവത്തിനു എന്നിലുള്ള അഭിലാഷം പാപത്തോടുള്ള യുദ്ധത്തിൽ പ്രാണനെ ഉപേക്ഷിക്കേണ്ടി വന്നാലും അതിനു വഴങ്ങാത്തവരാകേണം എന്നാണ്.യോശുവ യുദ്ധത്തിൽ പരാജയപ്പെട്ട ഇസ്രയേലിനെ നോക്കി വിലപിക്കുന്നതു ഇപ്രകാരം 'യഹോവേ ഇസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്ത് പറയേണ്ടു'. (യോശുവ 7:8) ഇസ്രായേൽ യുദ്ധത്തിൽ പിന്തിരിഞ്ഞോടി. ശത്രുവിനു പുറം കാട്ടുമാറാക്കി. ഒരു ക്രിസ്തു വിശ്വാസിക്കു അതു സംഭവിപ്പാൻ പാടുള്ളതല്ല. പാപത്തോടു പോരാടുന്നതിൽ പ്രാണത്യാഗത്തോളം എതിർത്തു നിൽക്കേണം.നന്മയുടെ അവസാന കണികയും നഷ്ടമാക്കിയ കായിനോടു ദൈവത്തിന്റെ ഇടപെടൽ ഇപ്രകാരമായിരുന്നു 'നന്മയുടെ അംശം നിന്നിൽ നിന്നു മാറിപോയതിനാൽ പാപം നിന്റെ വാതിൽക്കൽ കൊതിയോടെ കിടക്കുന്നു. നിന്നെ കീഴ്പെടുത്തുവാനായി അവൻ തക്കം പാർക്കുന്നു'.പാപവുമായി സന്ധിചെയ്യുവാനോ അവന്റെ അതിർത്തിയിൽ നിന്നു സല്ലപിക്കുവാനോ പാടില്ല. കൊതിയോടെ, പാപം നമ്മെ ആഗ്രഹിക്കുന്നതുപോലെ നാമും നോക്കി നിന്നാൽ ഒടുക്കം അവൻ നമ്മെ കീഴ്പെടുത്തും. എന്നാൽ ദൈവം നമ്മിൽ കൂടെ ആഗ്രഹിക്കുന്നതു തോറ്റു പിന്മാറുവാൻ അല്ല, അവനോടു എതിർത്തു കീഴ്പെടുത്തുവാനാണ്.നമ്മുടെ പ്രാർത്ഥന ഇതാകട്ടെ 'പാപം ചെയ്യുന്നതിലുംഅധികം ഞാൻ ഇഷ്ട്ടപെടുന്നതു എന്റെ മരണമാണ്.' ദൈവം നമ്മെ അതിനു സഹായിക്കട്ടെ.പുതിയ നിയമ ഇസ്രായേലായ നമ്മോടു ദൈവത്തിനു പറയുവാനുള്ളത് ഇത്ര മാത്രം, "വിശുദ്ധിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പ്രാണൻ വെടിയേണ്ടി വന്നാലും എതിർത്തു നിൽക്കേണം." നാം ശത്രുവിനു പുറം കാട്ടിയശേഷം പിന്നെ എന്തിനു ജീവിച്ചിരിക്കുന്നു.
0 Responses to "അതിർവരമ്പ്"
Leave a Comment