മനുഷ്യർ നിങ്ങൾക്കു എന്തുചെയ്യേണം
"മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ"
സ്വാർത്ഥതയും അസഹിഷ്ണതയും കൊണ്ടു മൂടിയിരിക്കുന്ന ഈ അന്ത്യകാലഘട്ടത്തിൽ യേശുകർത്താവിന്റെ മനോഹരമായ പ്രശ്നപരിഹാര ഉപതിയാണിത്. ഒരു ചെറിയ പ്രശ്നങ്ങളെപ്പോലും അഭിമുഖീകരിക്കുവാൻ ഈ കാലഘട്ടത്തിനു കഴിയാതെയാകുന്നു. സഹിഷ്ണതയില്ലായ്മ കൂടെപ്പിറപ്പായിരിക്കുന്നു.സഹിഷ്ണതയില്ലാത്ത മാതാപിതാക്കൾക്കു ബഹുമാനിക്കുവാൻ അറിയാത്ത സന്തതികൾ പിറവിയെടുക്കുന്നു. മെട്രോകളിൽ, ട്രെയിനുകളിൽ, ബസുകളിൽ, ഹോസ്പിറ്റലുകളിൽ, ജോലിസ്ഥാപനങ്ങളിൽ ഒരിടത്തും മുതിർന്നവരെയോ, ആലംബഹീനരെയോ ബഹുമാനിക്കുകയോ സഹായിക്കുകയോ ചെയ്യുവാൻ വഹിയാതെവണ്ണം തങ്ങളിലേക്കു മാത്രം ചുരുങ്ങുന്നവരായി സമൂഹം മാറിപ്പോയിരിക്കുന്നു. ഒരു മൊബൈൽ ഫോണും ഞാനും ഉണ്ടെങ്കിൽ ഞാൻ മാത്രം ഉള്ള ലോകം സൃഷ്ട്ടിച്ചു അതിലെ രാജാവായി ഞാൻ വാഴുന്നു. ചുറ്റിനും നിൽക്കുന്നവർക്കു എന്തു സംഭവിക്കുന്നുവെന്നോ ചുറ്റിലും നടക്കുന്നതു എന്താണന്നോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ, എന്റെ സുഖങ്ങളും എന്റെ സൗകര്യങ്ങളും മാത്രം ഞാൻ അന്വേഷിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നു. അല്ലെങ്കിൽ എനിക്കു സൗകര്യം ഒരുക്കുവാനായി മറ്റുള്ളവരോടു എന്റെ ക്രൂരമായ നോട്ടത്തിൽ നിശബ്ദനായി ഞാൻ ആജ്ഞാപിക്കുന്നു.
സുഖസൗകര്യങ്ങളുടെ ആധിക്യവും ശാസ്ത്രത്തിന്റെ വളർച്ചയും ക്രിസ്തുയേശുവിന്റെ ഭാവമാകുന്ന കഷ്ടത നമ്മിൽ നിന്നു എടുത്തുമാറ്റിയിരിക്കുന്നു. എന്നേക്കും നിലനിൽക്കുന്ന വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നിലെ പ്രത്യാശയിലേക്കുള്ള ചാലകമായ സഹിഷ്ണതയെന്ന ക്രിസ്തുയേശുവിന്റെ ഭാവം, കഷ്ടതയേൽക്കുവാനുള്ള മനസില്ലായ്മ മൂലം നമ്മിൽന്നിന്നു അന്യം നിന്നു പോകുന്നു.
എപ്പോഴും നാം ആഗ്രഹിക്കുന്നതും ഇച്ഛിക്കുന്നതും മറ്റുള്ളവർ എനിക്കു നന്മയായുള്ളതു ചെയ്യണം, ഇന്നയിന്ന കാര്യങ്ങൾ, ഞാനിടപഴകുന്നവർ എനിക്കായി ചെയ്തു തരണമെന്നും എന്റെ സുഖസൗകര്യങ്ങൾക്കായി പ്രവർത്തിക്കണമെന്നും ഞാൻ നിഷ്കർഷിക്കുന്നു. ആജ്ഞാനുവർത്തികളായി ആരെങ്കിലുമൊക്കെ നമ്മുടെ ചുറ്റിലും ഉണ്ടെങ്കിൽ പിന്നെ പ്രത്യാശക്കു ഭംഗം വരികതന്നെ ചെയ്യും. പൗലോസ് ശ്ലീഹാ റോമാ ലേഖനത്തിൽ എഴുതിയിരിക്കുന്നതു 'കഷ്ടത സഹിഷ്ണതയും സഹിഷ്ണത സിദ്ധതയും സിദ്ധത പ്രത്യാശയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു' എന്നാണ്.
ഇന്നു കഷ്ടങ്ങളിൽ പ്രശംസിക്കുന്നതിനു പകരം ലോകസമ്പ്രദായത്തിനു ഒത്തവണ്ണം കഷ്ടങ്ങളിൽ നാം അസ്വസ്ഥപ്പെടുകയാണ്. പ്രത്യാശയിലേക്കുള്ള ചാലകമായ കഷ്ടതയും, കഷ്ടതയിൽ നിന്നുളവാകുന്ന സഹിഷ്ണതയും നമ്മിൽ നിന്നു അന്യമാകുന്നതു കൊണ്ടു വാസ്തവത്തിൽ പൗലോസ് നമ്മെക്കുറിച്ചു പ്രതിക്ഷിച്ചതിനു വിപരീതമായി പ്രത്യാശക്കു ഭംഗം വരുകയാണ്.
നമ്മുടെ സുഖങ്ങൾക്കു ഉപയോഗിക്കപ്പെടുവാൻ മറ്റുള്ളവരെ തേടുമ്പോൾ ഇതിനു പരിഹാരമായി ഒന്നുമാത്രമേ കർത്താവിനു നമ്മെ ഉപദേശിക്കുവാനുള്ളു "മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ". നമുക്കു പ്രാക്ടിസില്ലാത്തതുകൊണ്ടു ബുദ്ധിമുട്ടാണെന്നറിയാം എങ്കിലും നമുക്കു ഒന്നു പ്രയോഗിഗതലത്തിലേക്കു കൊണ്ടുവരുവാൻ ആവശ്യമായ കൃപയ്ക്കായി ദൈവത്തോടു അപേക്ഷിക്കാം. പരിശുദ്ധാത്മാവിന്റെ കൃപയാൽ നമുക്കു സാധിക്കും, നിശ്ചയം…
0 Responses to "മനുഷ്യർ നിങ്ങൾക്കു എന്തുചെയ്യേണം"
Leave a Comment