അധികം നല്ലതിനെ കാംഷിച്ചവർ!!!
അധികം നല്ലതിനെ കാംഷിച്ചവർ!!!
ചൂടു കട്ടൻകാപ്പിയുടെ കപ്പു ദേഹത്തു മുട്ടിയപ്പോഴാണു ഞാൻ ആ ഞെട്ടലിൽ നിന്നും മുക്തനായത്. രാവിലെ പത്രം നിവർത്തി കണ്ണും മിഴിച്ചിരുന്ന എന്നെ കാപ്പി തരുന്നതിനിടയിൽ അവളു പറഞ്ഞ പള്ളൂ ഒന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. എന്തിനാ മനുഷ്യാ പത്രത്തിൽ നോക്കി മിഴിച്ചിരിക്കുന്നത്. ആരെങ്കിലും അറിയാവുന്നവർ ചത്തോ?. "നീയല്ലെങ്കിലും ചരമകോളം മാത്രമല്ലെ നോക്കുകയുള്ളോ. നീ ആ പുറം പേജു ഒന്നു നോക്കിക്കേ" ഞാൻ ആ പത്രം ഭാര്യയുടെ കയ്യിലേക്കു കൊടുത്തിട്ടു ചാരുകസേരയിലേക്കു അമർന്നു.
ഒന്നിന്റെ കേടു ഇതുവരെ തീർന്നിട്ടില്ല. ഒരു സ്വപ്നം കണ്ടതിനു രാജ്യത്തെ മുഴുവൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും എല്ലാം മുൾമുനയിൽ നിർത്തി സ്വപ്ന വ്യാഖ്യാനം ചോദിച്ച മനുഷ്യനാ... ആ യൂദ ചെറുക്കാനില്ലായിരുന്നുവെങ്കിൽ ഹോ... ഓർക്കൻ കൂടി വയ്യാ..സാധാരണ സ്വപ്നം വല്ലതും ആണോ?...സ്വപ്നം കാണുക...അതു മറക്കുക...കണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും ചോദിക്കുക...വല്ലാത്ത കേടു തന്നെ...
ഇന്നിപ്പോൾ ദാ... അടുത്തത്...ദൂരാ സമഭൂമിയിൽ പണിതുയർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കുവാനുള്ള ഉത്തരവ്...
"അടുത്ത ഒരാഴ്ച്ച ഭരണ ചക്രം തിരിയുന്നത് ദൂരാ സമഭൂമിയിൽ നിന്നും" ... "നെബുഖദ്നെസർ അടിയന്തിര മന്ത്രി സഭായോഗം വിളിച്ചു"...
"സ്വർണ്ണ ബിംബം പ്രതിഷ്ടോത്സവം ഒരുക്കങ്ങൾ പൂർത്തിയായി."
ബാബേൽ സംസ്ഥാനത്തിൽ ദൂരാ സമഭൂമിയിൽ സ്ഥാപിച്ച തൊണ്ണൂറു അടി ഉയരവും ഒൻപതു അടി വീതിയുമുള്ള കൂറ്റൻ സ്വർണ്ണ ബിംബത്തിന്റെ പ്രതിഷ്ടോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിൻറെ ഒട്ടുമിക്ക മാധ്യമ പ്രവർത്തകരും സംഭവം റിപ്പോർട്ടു ചെയ്യുവാൻ എത്തിക്കഴിഞ്ഞു. നെബുഖദ്നെസറും പ്രധാന ഉദ്യോഗസ്ഥരും അവസാനവട്ട ഒരുക്കങ്ങൾ നേരിൽ കാണുവാനായി ഇന്നലെ വൈകിയും സന്ദർശനം നടത്തി. രാജ്യത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുംമന്ത്രിമാരും ഭരണസാരഥ്യം വഹിക്കുന്നവരുടെയും സാന്നിധ്യത്താൽ സുരക്ഷാ അതിവിപുലമാക്കി.
സകലവിധ സംഗീത ഉപകരണങ്ങളാലുമുള്ള ശബ്‌ദം പുറപ്പെടുവിക്കുമ്പോൾ വീണു നെബുഖദ്നെസർ രാജാവു നിർത്തിയിരിക്കുന്ന സ്വർണ്ണ ബിംബത്തെ നമസ്ക്കരിക്കേണ്ടതാകുന്നു. കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സംഗീത ഉപകരണങ്ങൾ വായിക്കുവാൻ വൈദഗ്ത്യം നേടിയ കലാകാരന്മാർ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേർന്നു കഴിഞ്ഞു. ബിംബത്തെ വീണുനമസ്കരിക്കാത്തവർക്കായി എരിയുന്ന തീച്ചുളയും ബിംബത്തിന്റെ അധികം അകലെയല്ലാതെ തന്നെ സ്ഥാപിച്ചു കഴിഞ്ഞു.
ഭാര്യ ചില തലക്കെട്ടും ചിലതിന്റെ വിശദാമശ്ങ്ങളും ഉറക്കെത്തന്നെ വായിക്കുന്നുണ്ടായിരുന്നു.
എല്ലാവരെയും പോലെ എന്റെ യാത്രയും ദൂരാ സമഭൂമിയിലേക്കു തന്നെയായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെ എവിടെയെങ്കിലും മറഞ്ഞുനിന്നു കാണുക...ഹോ...ഒരു ഒൻപതു നില കെട്ടിടത്തിന്റെ ഉയരത്തിലുള്ള സ്വർണ്ണബിംബത്തിന്റെ നിൽപ്പു ഒന്നു കാണേണ്ടതു തന്നെയാണ്. ആയിരക്കണക്കിനു ജനങ്ങൾ, വീണു നമസ്കരിക്കുന്നവർ, രാജാ പ്രീതിക്കായി തുടർച്ചയായി നമസ്കരിക്കുന്നവർ..സുരക്ഷാഭടന്മാർ നെടുകയും കുറുകയും നടക്കുന്നു.
കുറച്ചകലെ അധികമാരുടെയും കണ്ണിൽപ്പെടാതെ മാറിനിൽക്കുന്ന കോമളന്മാരായ മൂന്നു ചെറുപ്പക്കാർ. മുഖഭാവം ദൂരെനിന്നെനിക്കു വ്യക്തമല്ലെങ്കിലും ശാന്തതയുടെയോ, ഭയത്തിന്റെയോ അല്ല, അസ്വസ്ഥ പെടുത്തുന്ന ഹൃദയഭാരം പേറുന്ന എന്തോ അലട്ടുന്നവർ...ഉത്സവത്തിന്റെ ആനന്ദം ലവലേശം അവരിൽ തട്ടിയിട്ടില്ല. വാദ്യഘോഷങ്ങൾ കേൾക്കുമ്പോളൊന്നും അവർ വീണു നമസ്കരിക്കുന്നത് ഞാൻ കണ്ടില്ല. ശികഷയുടെ ഭീകരതയെ കുറിച്ച് ബോധ്യമുള്ളവരൊക്കെ പറഞ്ഞു നോക്കി വീണു നമസ്കരിക്കുവാൻ..യെഹൂദാ പ്രവാസത്തിലുള്ള ചിലരും അവരെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്. "നിങ്ങൾ ഒന്നു നമസ്കരിച്ചാൽ പോരെ, ആരറിയാൻ , ഇതു നമ്മുടെ രാജ്യമൊന്നുമല്ലല്ലോ.. നാം ഇവിടുത്തെ നന്മ അനുഭവിക്കുന്നവരല്ലേ, അപ്പോൾ രാജാവ് പറയുന്നതു അനുസരിച്ചാൽ എന്താ കുഴപ്പം...ഒന്നുമല്ലേൽ നമ്മൾ അയാളുടെ ചോറല്ലേ കഴിക്കുന്നത്..." കൂട്ടത്തിൽ തലമുതിർന്നയാൾ അവരെ ഉപദേശിച്ചു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവർ ഉറച്ചു നിൽക്കുന്നു. ഒടുവിൽ കൂടിനിന്നവർ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോയും പിടിക്കപ്പെട്ടു.
എല്ലാവരുടെയും ശ്രെദ്ധ ഈ മൂന്നു ചെറുപ്പക്കാരിലായി. വാദ്യഘോഷങ്ങൾ നിലച്ചു. എല്ലായിടവും നിശബ്ദത കളിയാടി. കോപാകുലനായി നെബുഖദ്നെസർ സിംഹാസനത്തിൽനിന്നു ചാടിയെഴുന്നേറ്റു. രാജാവിന്റെ ശബ്‌ദം അലറുന്ന ഗർജ്ജനം പോലെയായി... ശദ്രക്കേ,മേശക്കേ, അബേദ്നെഗോവേ, എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ ബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്ന് ഞാൻ കേട്ടതു നേർ തന്നെയോ ?... എന്നാൽ തയ്യാറായിക്കോളു...നിങ്ങളുടെ ധിക്കാരം എന്നോടോ...എരിയുന്ന തീച്ചൂളയാണ് നിങ്ങളുടെ വിധി. എന്റെ കയ്യിൽ നിന്നു വിടുവിക്കുന്ന ഒരു ദൈവം അതു ആരെന്നു എനിക്കറിയണം...
ശദ്രക്കിന്റെയും മറ്റു രണ്ടുപേരുടെയും മുഖഭാവം തികച്ചും ശാന്തമായിരുന്നു. അവർ ഒരുമിച്ചു രാജാവിനെ വിളിച്ചു ' നെബുഖദ്നെസറേ'...ഞങ്ങളുടെ വിടുതലുമായുള്ള ബന്ധത്തിൽ നിന്നോടു ഉത്തരം പറയേണ്ട ആവശ്യം ഞങ്ങൾക്കില്ല. കാരണം ഞങ്ങളുടെ ദൈവമാരെന്നുള്ള ബോധ്യം ഞങ്ങൾക്കുണ്ട്. നിന്റെ കയ്യിൽ നിന്ന് ഞങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും ഒറ്റ ഉത്തരമേ ഞങ്ങൾക്കുള്ളു, "ഞങ്ങൾ നിന്റെ ബിംബത്തെ നമസ്കരിക്കില്ല..." അതായതു ഞങ്ങളുടെ ദൈവത്തിന്റെ കല്പനയെ ഞങ്ങൾ ധിക്കരിക്കില്ല. ഈ ചെറുപ്പക്കാരുടെ രാജാവിനെതിരെയുള്ള ധിക്കാരപരമായ നിലപാടു കേട്ടു എല്ലാവരും ഞെട്ടി...രാജാവിന്റെ കോപം ഏഴുമടങ്ങു വർദ്ധിച്ചു. കോപത്തിന്റെ വർദ്ധനവു പോലെത്തന്നെ ചൂളയുടെയും ചൂടു ഏഴുമടങ്ങു വർധിപ്പിക്കുവാൻ കല്പനയായി...
അരുതാത്തതു കാണുവാൻ കെല്പില്ലാതെ ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു...ആർപ്പിടുന്ന ശബ്‌ദം കേട്ടു ഞാൻ നോക്കുമ്പോൾ തീയിലേറിയപ്പെട്ട ആ മൂന്നുപേർ അനേകരുടെ തോളിലേറി വിജയഭേരി മുഴക്കി വരുന്നു...
മൂന്നുപേരുടെ നിചയദാർഢ്യം, വിശ്വാസപ്രഖ്യാപനം, വിശുദ്ധിക്കുവേണ്ടിയുള്ള തീഷ്ണത, ഒരു രാജ്യത്തെ രാജാവിനെയും ജനത്തെയും മാറിചിന്തിക്കുവാൻ ഇടയാക്കി. ആ മൂന്നുപേർ അധികം നല്ലതിനെ കാംക്ഷിച്ചു. അതുകൊണ്ടു എല്ലാ ഭാഷക്കാരുടെയും മുൻപാകെ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റേയും ദൈവം എന്നു രാജാവിനെക്കൊണ്ടു പറയിപ്പിക്കുവാൻ ദൈവം ലജ്ജിച്ചില്ല...എന്നെ മനുഷ്യരുടെ മുൻപിൽ ഏറ്റു പറയുന്നവനെ ദൂതന്മാരുടെ മുൻപാകെ ഏറ്റുപറയുന്ന ദൈവം...
അനേക കോടികൾക്കു പണിത, കുറച്ചു സമയം വരെയും ജേതാവായി നിന്ന അനേകലക്ഷങ്ങൾ മുട്ടുമടക്കിയ സ്വർണ്ണബിംബം ആരുംശ്രെദ്ധിക്കാതെ നിൽക്കുന്നു...ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചില പക്ഷികൾ അതിന്റെ തലക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു.... കൂട്ടത്തിലൊരു കിളി അതിന്റെ തോളിലിരുന്നു കാഷ്ടിച്ചു...ഈ പണം പ്രയോജനമുള്ളതിനു വേണ്ടി ചിലവഴിച്ചിരുന്നുവെങ്കിൽ...
മടങ്ങി വീടിന്റെ പടിക്കെട്ടുകൾ കയറുന്ന എന്നെ ഭാര്യ ആശ്‌ചര്യത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..രാവിലത്തെ മ്ലാനതയിൽ നിന്നും ആവേശത്തിന്റെ മുഖഭാവം കണ്ടതിനാലായിരിക്കും. പാപത്തോടു പോരാടുന്നതിൽ പ്രാണത്യാഗത്തോളം എതിർത്തു നിന്നവർ എന്നിൽ അത്രയേറെ സ്വാധിനം ചെലുത്തി കഴിഞ്ഞിരുന്നു...:അധികം നല്ലതിനെ കാംഷിച്ചവർ" എന്റെ ചുണ്ടുകൾ വീണ്ടും ആവർത്തിച്ചു...
0 Responses to "അധികം നല്ലതിനെ കാംഷിച്ചവർ!!!"
Leave a Comment