രണ്ടു യജമാനന്മാർ
രണ്ടു യജമാനന്മാർ
ശരത്തിന്റെ ജോലി നഗരത്തിലെ സാമാന്യം ഭേദമല്ലാത്ത കമ്പനിയിലായിരുന്നു. 'ഷാ' എന്നും 'ഗത്താനീ' യെന്നും രണ്ടു പേരായിരുന്നു ശരത്തിന്റെ മുതാളിമാർ. കമ്പനിയുടെ തുടക്കം മുതലേ ഈ കമ്പനി ഉദ്യോഗസ്ഥനായതിനാലാകാം രണ്ടു യജമാനന്മാർക്കും ശരത്തിനെ വളരെ കാര്യമായിരുന്നു. വർഷങ്ങൾ ഓടി മാറുന്നതിനനുസരിച്ചു കമ്പനിയും വളർന്നു. നമ്മുടെ കഥാപാത്രം തിരക്കേറിയ ഉദ്യോഗസ്ഥനായി തീർന്നു. യജമാനന്മാർ ഒറ്റമുറി ഓഫീസിൽനിന്നും വെവ്വേറെ ഓഫിസുകളിലേക്കും വെവ്വേറെ കെട്ടിടങ്ങളിലേക്കും മാറുവാൻ അധിക സമയം എടുത്തില്ല. കമ്പനി അത്രെയേറെ വളർച്ച പ്രാപിച്ചിരുന്നു. യജമാനന്മാർക്കൊപ്പം ശരത്തും വളർന്നു. കമ്പനിയുടെ ശ്രേഷ്ഠനായ മാനേജരാണ് അദ്ദേഹമിപ്പോൾ. പ്രേശ്നങ്ങൾ ആരംഭിച്ചതും ഈ കാലയളവിൽ തന്നെയാണ്. യജമാനന്മാർ തമ്മിൽ സമ്പത്തിന്റെ വരവു മുഖാന്തിരം സംശയങ്ങളിലേക്കും അകൽച്ചയിലേക്കും വഴിവച്ചു. ഒടുക്കം വേർപിരിയേണ്ടി വന്നു. പക്ഷെ രണ്ടുപേർക്കും ശരത്തിനെ കൂടിയേ തീരു. അവസാനം ശരത് 'ഷാ' യെ നിരസിച്ചു 'ഗത്താനി'യോടു പറ്റിച്ചേർന്നു.
വ്യത്യസ്ഥ സ്വഭാവത്തിനുടമകളായ രണ്ടു യജമാനന്മാരെ ഒരേ സമയം സേവിക്കുവാൻ കഴിയുകയില്ല എന്ന് ഈ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ കർത്താവായ യേശുവും പറയുന്നു 'രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴിയുകയില്ല'. ദൈവത്തെയും പണത്തെയും (മാമോനെ) ഒരുപോലെ സേവിപ്പാൻ കഴിയുകയില്ല. ഒരു യജമാനനെ പകെക്കുകയോ, നിരസിക്കുകയോ ചെയ്തിട്ടു മറ്റേ യജമാനനെ സ്നേഹിച്ചു പറ്റിച്ചേരും. പലപ്പോഴും നാം അറിയാതെത്തന്നെ ദൈവത്തെ നിരസിച്ചിട്ടു പണത്തെ സ്നേഹിച്ചു അതിനോടു പറ്റിച്ചേരുന്നവരായി തീരുന്നു.
പണമെന്ന അനീതിയുള്ള മാമോൻ നമ്മുടെ യജമാനനായി നമ്മെ ഭരിക്കുവാൻ തുടങ്ങും. അരുതാത്തതൊക്കെ നമ്മെക്കൊണ്ടു ചെയ്യിക്കും. നാം എന്തിനെ ഏറെ സ്‌നേഹിക്കുന്നുവോ അവിടെ ആയിരിക്കും നമ്മുടെ ഹൃദയവും. നമ്മുടെ ആശ്രയവും അവിടെ ആയിരിക്കും. പണമെന്ന അനീതിയുള്ള ഈ യജമാനൻ അവനെ സ്നേഹിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. മോഹനവാഗ്ദാനങ്ങൾ നൽകുന്നു. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്നുള്ള ദൈവത്തിന്റെ ഓർമ്മപെടുത്തലുകൾക്കു കാര്യമാത്ര പ്രസക്തി കൊടുക്കുവാൻ മാമോനെന്ന യജമാനൻ നമ്മെ സമ്മതിക്കില്ല. ഒരിക്കലും സംതൃപ്തിയില്ലാത്ത ജീവിതം പ്രധാനം ചെയ്യുന്നതുകൊണ്ട് കൂടുതൽ കൂടുതൽ പ്രതിക്ഷിപ്പിക്കുന്നു. കൂട്ടുവയ്ക്കുന്നു. "കന്നട്ടയുടെ രണ്ടു പുത്രിമാരെപ്പോലെ തരിക, തരിക എന്നു അവർ എപ്പോഴും മുറവിളി കൂട്ടുകയാണ്". അവർക്കു ഒരിക്കലും തൃപ്‌തി വരികയില്ല. (സാദൃശ്യ വാക്യങ്ങൾ 30:15) എന്തു തിന്നും, എന്തു കുടിക്കും എന്തു ഉടുക്കും എന്നുള്ള വിചാരം ജാതികൾക്കിടയിലാണ് എന്ന് ഓർമ്മപ്പെടുത്തുന്ന നല്ല യജമാനനായ കർത്താവു, നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമെന്നു കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഏതു വിധേന കരങ്ങളിലെത്തിയാലും ആ പണത്തെ നമ്മുടെ കർത്താവു സംബോധന ചെയ്യുന്നത് അനീതിയുള്ള മാമോനെന്നാണ്. ഈ പണത്തെ ആവശ്യത്തിലിരിക്കുന്നവർക്കു നൽകി യേശുവിന്റെ സ്നേഹത്തിലേക്കു അവരെ നയിക്കു. നിത്യമായ സ്വർഗ്ഗത്തിൽ നമ്മുടെ സ്നേഹിതന്മാരായി അവർ നമ്മെ ചേർത്തു പിടിക്കും.നമ്മുടെ യജമാനൻ ഒരിക്കലും സംതൃപ്‌തി തരാത്ത, കൂട്ടി കൂട്ടി വയ്ക്കുവാൻ പ്രേരിപ്പിക്കുന്ന അനീതിയുള്ള മാമോനല്ല. പ്രത്യുത സകലത്തിലും സംതൃപ്‌തിയുള്ള ജീവിതം നയിക്കുവാൻ നമ്മെ ഉത്സുകരാക്കുന്ന, ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല, ഇവിടെ നിന്നു ഒന്നും കൊണ്ടു പോകുവാൻ സാധിക്കുകയുമില്ല എന്നും ഉള്ളതുകൊണ്ടു തൃപ്തിപെടുവാൻ പ്രേരിപ്പിക്കുന്ന ദൈവമാണ് നമ്മുടെ യജമാനൻ. ദൈവത്തെയും പണത്തെയും ഒരുപോലെ കൊണ്ടുപോകുവാൻ സാധിക്കുമെന്നുള്ള നമ്മുടെ ന്യായത്തിനു കർത്താവിന്റെ പക്കൽനിന്നുള്ള തീർപ്പ്, കഴിയുകയില്ലന്നത്രെ. അതെ പ്രിയരേ, രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും സാധിക്കുകയില്ല.
0 Responses to "രണ്ടു യജമാനന്മാർ"
Leave a Comment