എന്താകും എന്തു ചെയ്യും
എന്താകും എന്തു ചെയ്യും
ലോകത്തിന്റെ ചിന്ത ധനത്തിന്റെ വഞ്ചന
വായനഭാഗം മത്തായി 13:22
"മുള്ളിനിടയിൽ വിതക്കപ്പെട്ടതോ ഒരുത്തൻ വചനം കേൾക്കുന്നുവെങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കിയിട്ടു നിഷ്‌ഫലനായി തീരുന്നതാകുന്നു".
വിതക്കുന്നവന്റെ ഉപമയാണ് പശ്ചാത്തലം. വഴിയരികെ, പാറ സ്ഥലത്തു, മുള്ളിനിടയിൽ, നല്ലനിലത്തു. അങ്ങനെ നാലു പ്രദേശങ്ങളിൽ വിത്തു വിതക്കപ്പെട്ടു. ഒരു നിലമൊഴികെ, അതായതു നല്ലനിലമൊഴികെ മറ്റൊരു സ്ഥലത്തെയും വിത്തു വളർന്നു വിളഞ്ഞു യജമാനന്റെ ഹൃദയത്തിനു സംതൃപ്‌തി നൽകിയില്ല. നല്ല നിലത്തു വീണതോ നൂറും അറുപതും മുപ്പതും മേനി വിളഞ്ഞു.
നമ്മുടെ ചിന്തഭാഗം മുള്ളിനിടയിൽ വിതക്കപെട്ട വിത്തിനെപ്പറ്റിയാണ്. മുള്ളിന്റെ പ്രത്യേകത അതൊഴികെ കൂടെ വളരുന്ന യാതൊന്നിനെയും അവ വളരുവാൻ അനുവദിക്കുകയില്ലെന്നുള്ളതാണ്. വചനം എന്ന വിത്തു മുള്ളിന്നിടയിലും വിതെക്കപ്പെട്ടു. ഒന്നിച്ചു വളർന്നുവന്നു. എന്നാൽ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനമാകുന്ന വിത്തിനെ വളരുവാൻ അനുവദിച്ചില്ല. മാറിമറിയുന്ന ലോകസാഹചര്യങ്ങളെയും, ഭാവിയെപ്പറ്റിയുള്ള ആശങ്കകളും, ജഡിക മനുഷ്യർ ചെയ്യുന്നതിനനുസരിച്ചുള്ള ചുവടുവെയ്പുകളും വചനമാകുന്ന വിത്തിനെ വളരുവാൻ സമ്മതിച്ചില്ല.
ഇന്നിന്റെ ഏറ്റവും വലിയ ദോഷം പ്രായമായവരെയും, യൗവ്വ്വനക്കാരെയും, എന്തിനേറെ കുഞ്ഞുങ്ങളെപ്പോലും ഗ്രസിച്ചിരിക്കുന്ന വിപത്താണ് ഭാവിയെപ്പറ്റിയുള്ള എന്താകും എന്തുചെയ്യും എന്നുള്ള ആധി.
ഈ കാണുന്നതൊക്കെ നക്ഷ്ടമായാൽ, ജോലിയിൽ നിന്നു പിരിച്ചുവിട്ടാൽ, ബിസിനസ്സ് തകർന്നാൽ, കടം മേടിച്ചവർ തരാതിരുന്നാൽ, മറ്റുള്ളവരെ എന്റെ പണം കൊടുത്തു സഹായിച്ചാൽ ഞാൻ എന്ത് ചെയ്യും. ഇങ്ങനെയുള്ള നൂറുക്കൂട്ടം കാര്യങ്ങളാലുള്ള ആധി. ഭാഇപ്പോൾ വിയെപ്പറ്റിയുള്ള ആശങ്കളോടൊപ്പം ധനത്തിന്റെ വഞ്ചന കൂടിയായാലോ?. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയായാലേ എനിക്കു ജീവിക്കുവാൻ കഴിയു. ഇപ്പോൾ ചെയ്യുന്ന ബിസിനസ് ഒന്നുക്കൂടി മെച്ചപ്പെട്ടാലേ തീരു. ജോലിക്കു പുറമെ ഒരു സൈഡ് ബിസിനസ് കൂടിയാവശ്യമാണ്. കുറച്ചു കമ്മീഷൻ വാങ്ങിയാലേ അടുത്തമാസത്തെ ചിലവുകൾ ഒന്നു ക്കൂട്ടി മുട്ടിക്കുവാൻ സാധിക്കുകയുള്ളു. ഇങ്ങനെ അന്തമില്ലാത്ത വിചാരം നൽകി പിശാച് നമ്മെ വഞ്ചിക്കുകയാണ്. ഇങ്ങനെ നമ്മെ കുരുക്കിട്ടു മുറുക്കി നിർത്തുവാൻ സാത്താൻ ചെയ്യുന്ന തന്ത്രങ്ങളാണിതൊക്കെ. അടിമനുകത്തിൽ പിന്നെയും നാം കുടുങ്ങിപോകുകയാണോ? സ്വാതന്ത്രിത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയെന്നുള്ള ബോധ്യം നാം മറന്നു പോയോ? (ഗലാത്യർ 5:1)
പിശാച് യേശുവിനെ കൂട്ടിക്കൊണ്ടുപോയി (മത്തായി 4:8)സകല രാജ്യങ്ങളെയും അവയുടെ മഹത്വവും കാണിച്ചു. വീണു നമസ്കരിക്കുവാൻ ആവശ്യപ്പെട്ടു. ഇന്നു നമ്മെയും ആ പിശാചു ഈ ലോകത്തിലെ കണ്ണഞ്ചിപ്പിക്കുന്നതിനേയും അതൊക്കെ ലഭിച്ചാൽ നമുക്കുണ്ടാകുന്ന മഹത്വത്തെയും കാണിച്ചുതരുന്നു. യേശു പിശാചിനോടു പറഞ്ഞു പിതാവ് എനിക്ക് തരുന്ന മഹത്വം മതി. ഈ ലോകത്തിലുള്ള സകലരാജ്യങ്ങളും നേടിയാലും അതിന്റെ എല്ലാം രാജാവായി ഞാൻ വാണാലും ദൈവം തരുന്ന മഹത്വത്തിനൊപ്പം വരികയില്ല. എന്നാൽ ഇന്നു നാം പിശാചിന്റെ തന്ത്രങ്ങളിൽ, ചതിയിൽ അകപെട്ടുപോകുന്നു.
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. ഈ വചനമാകുന്ന വിത്തു നമ്മുടെ ഉള്ളിൽ വിതക്കപ്പെട്ടതാണ്. എന്നാൽ ലോകത്തിന്റെ ചിന്ത, ധനത്തിന്റെ വഞ്ചന നമ്മെ കൂട്ടി കൊണ്ടുപോകുന്നത് അങ്ങനെയല്ല സഹോദരാ, കുറച്ചു നീയിവിടെ സ്വരൂപിക്കണം. അങ്ങനെയൊക്കെപ്പറയുവാൻ എളുപ്പമാണ്...
നാളെ നിന്റെ ഭാവിയെന്താകും. നാളെയിപറയുന്നവർ കാണില്ല എന്നിത്യാദി ലോകത്തിന്റെ ചിന്തകൾ വചനത്തെ ഞെരുക്കി ഫലം തരാതെയാക്കുന്നു. എന്തുതിന്നും എന്തു കുടിക്കും എന്തുഉടുക്കും എന്നോർത്തു വ്യാകുലപ്പെടരുത്. ഈ വചനം നമ്മുടെ ഉള്ളിൽ വിതെക്കപ്പെട്ടതാണ്. പക്ഷെ നമ്മെ ഭരിക്കുന്ന ആധി, ലോകം അതിനായി നെട്ടോട്ടമോടുന്നതു കാണുമ്പോൾ നാമും വിചാരിക്കുകയാണ് അവരുടെയത്രേം ആധിയില്ലെങ്കിലും എനിക്കും കുറച്ചു ആധി വേണം.
നമുക്കു ഒരു സ്വർഗ്ഗസ്ഥനായ പിതാവ് ഉണ്ടെന്നുള്ള ബോധ്യം നാം മനഃപ്പൂർവ്വമായി മറന്നു കളയുന്നു. വിതയ്ക്കാത്ത, കൊയ്യാത്ത, കളപ്പുരയില്ലാത്ത ആകാശത്തിലെ പറവകളെ ഒന്നു നോക്കു അവ ഇതൊന്നും ചെയ്യുന്നില്ല അന്നന്നത്തെതിനു മാത്രം അദ്ധ്വാനിക്കുന്നു. അവരുടെ ജീവിതചര്യ തന്നെ അവർക്കൊരു സ്വർഗ്ഗിയ പിതാവു ഉണ്ടെന്നുള്ള ബോധ്യത്തിലാണ്.
വാഴുന്നത് സ്വർഗ്ഗമാണന്നുള്ള ബോധ്യം മനപ്പൂർവ്വമായി നാമെന്താണ് മറന്നുകളയുന്നതു. ഭരിക്കുന്നത് കർത്താവാണെന്നുള്ള തിരിച്ചറിവു നമുക്കില്ലാതെയാകുന്നുവോ ?. പരിണിതഫലം വഞ്ചകനായ പിശാച് മാമോനെന്ന ധനത്തിന്റെ വേഷം കെട്ടി നമ്മെ അവന്റെ സേവകരാക്കും. പണമില്ലാത്തവൻ പിണമാണെന്നും, പണത്തിനുമീതെ പരുന്തും പറക്കുകയില്ലെന്നുമുള്ള ദൈവമക്കൾക്കു ഒട്ടും ഭൂഷണമല്ലാത്ത പഴഞ്ചോല്ലും പേറി നടക്കുന്നവരും അതിനെ അപ്പാടെ വിഴുങ്ങുന്നവരുമായി നാം മാറിപ്പോകുന്നു.
അത്തിവൃക്ഷം തളിർക്കാതെയും, മുന്തിരിവള്ളികൾ പ്രതീക്ഷിച്ച അനുഭവം തരാതെയും ഒലിവുമരത്തിനായി അധ്വാനിച്ചതു വെറുതെയായിപോയതും ആഹാരം വിളയിക്കാതെ നിലങ്ങൾ മുഖം തിരിച്ചു നിൽക്കുന്നതും കൈമുതലായുണ്ടായിരുന്ന ആട്ടിൻപറ്റം കൂട്ടത്തോടെ ചത്തുപോകുന്നതും, ഗോശാലകൾ വെറും മേൽക്കൂരയോടെ കൂടെ പാർക്കുവാൻ മൃഗങ്ങൾ ഇല്ലാതിരിക്കുന്നതും, അധ്വാനിക്കാഞ്ഞിട്ടോ, മടിച്ചിരുന്നതിനാലോ, പ്രയത്‌നം ചെയ്യാതിരുന്നിട്ടോ അല്ല, മുൻപുള്ള വർഷങ്ങളിൽ ഇവയെല്ലാം തന്റെയും കുടുംബത്തിന്റെയും ജീവിത സന്ധരണത്തിനു ഉതകുന്നതുമായിരുന്നു. എന്നാൽ ഇപ്പോൾ ഇതില്ലെങ്കിലും ഞാൻ സന്തോഷിച്ചതു ഇതുകൊണ്ടായിരുന്നില്ല എന്നും ഞാൻ സന്തോഷം കണ്ടെത്തിയത് യെഹോവയിലായിരുന്നു എന്നും, ദൈവം എനിക്കു ബലം തരുന്നകാലത്തോളം എന്റെ കാൽ പേടമാന്റെ കാൽപോലെ ഉന്നതങ്ങളിലേക്കു ഓടിക്കയറും എന്നുമാണ് ഹബക്കൂക് പ്രവാചകൻ പറയുന്നത് (ഹബക്കൂക് 3:17-19) ഇവയൊന്നും ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ രഹസ്യം. കഴിഞ്ഞ നാളുകളിൽ നിങ്ങൾ എന്റെ മുഖത്തു ദർശിച്ച അതെ സന്തോഷം ഈ ക്ഷാമകാലത്തും ഉണ്ടാകും എന്നു പറയുന്നവനാണു യഥാർത്ഥ ആത്മികൻ.
ലേവിഗോത്രമെന്ന ദൈവത്തിന്റെ പുരോഹിത വർഗ്ഗത്തോടുള്ള കർത്താവിന്റെ ഇടപെടൽ ക്കൂടി പറഞ്ഞവസാനിപ്പിക്കുകയാണ് "അവരുടെ അവകാശമോ, ഞാൻ തന്നെ അവരുടെ അവകാശം. നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുത്. ഞാൻ തന്നെ അവരുടെ സ്വത്താകുന്നു. (യെഹെസ്കേൽ 44:28) യേശുവാണ് പ്രിയപ്പെട്ടവരേ നമ്മുടെ സ്വത്തു. യേശു നമ്മുടെ അവകാശം, ഇവിടെ നമുക്ക് അവകാശവും സ്വത്തുമില്ല. അതുകൊണ്ടു എന്താകും എന്തുചെയ്യും എന്നുള്ള ആധി വേണ്ട.
0 Responses to "എന്താകും എന്തു ചെയ്യും"
Leave a Comment