നയമാൻ
ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും നൽകാത്ത എന്തു വിശുദ്ധിയാണ് യോർദാനിൽ നീ കാണുന്നത്? അരാം രാജാവിന്റെ സേനാധിപതിയായ നയമാൻ ദേക്ഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി. രാജ്യത്തിൻറെ സർവ്വസൈന്യാധിപനായ ഒരുവൻ വരുമ്പോൾ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത്, പറയേണ്ടത് .അരാം രാജാവിന്റെ കത്തുമായി ഔദ്യോദികമായി കാഴ്ചകളുമായി കടന്നു വന്നിട്ട് ബഹുമാനിക്കേണ്ടതിനു പകരം സകല പ്രോട്ടോക്കോളും ലംഘിച്ചു യോർദാനിൽ ഒന്നും രണ്ടുമല്ല ഏഴുപ്രാവശ്യം മുങ്ങി കുളിക്കുവാൻ.
എലിശയ്‌ക്കു ഒറ്റ മറുപടിയെ ഉള്ളു. ഏഴുപ്രാവശ്യം യോർദാനിൽ മുങ്ങി കുളിക്ക. വേറൊരു ഉപാധിയില്ല... പുറമെയുള്ള എല്ലാവരും കാണുന്ന കുഷ്ടത്തോടൊപ്പം തന്റെ ഉള്ളിലെ അഹന്തയും കെട്ടടങ്ങുവാനുള്ള മാർഗ്ഗ നിർദ്ദേശം...യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങിയ നയമാന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി. തിരിഞ്ഞു ശിശുക്കളെപോലെ ആയില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കയില്ലെന്നുള്ള യേശുകർത്താവിന്റെ വചനംപോലെ ശരീരവും ഹൃദയവും നിർമ്മലമാക്കി നയമാൻ മടങ്ങി.
യിസ്രായേൽ ദേശത്തുനിന്നും പിടിച്ചുകൊണ്ടുപോയ ഒരു ചെറിയ പെൺകുട്ടി അവൾ നയമാൻ എന്ന സൈന്യാധിപന്റെ ഭാര്യയുടെ ശുശ്രുഷക്കാരിയായി. തന്റെ വിധിയെ ഓർത്തു വിലപിച്ചു സ്വയം ശപിച്ചു കഴിഞ്ഞു കൂടാതെ യജമാനന്റെ കുഷ്ഠരോഗത്തിനു പരിഹാരം യിസ്രായേലിന്റെ ദൈവത്തിൽ ഉണ്ടെന്നും പ്രവാചകനായ എലീശായെ പോയികാണുവാനും യജമാനത്തിയോട് ഉപദേശിച്ചു.
കരിയും പുകയും കൊണ്ടു ഈ വീടിന്റെ ഉള്ളിൽ ഞാനിങ്ങനെ ഉരുകിത്തീരുവാനാണ് എന്റെ വിധി എന്നു പരിതപിക്കുന്നതിനു പകരം ഉറ്റവരും സ്വന്തക്കാരും മാതാപിതാക്കളും ഒന്നും അടുത്തില്ലാതിരുന്നിട്ടും ക്രിസ്തുവിന്റെ വെളിച്ചമാകുവാൻ ഈ ചെറിയ പെൺകുട്ടിക്കു സാധ്യമായി.
നോക്കു പ്രിയമുള്ളവരേ, സാഹചര്യങ്ങൾ ഏതുമാകട്ടെ, ക്രിസ്തുവിന്റെ വെളിച്ചമാകുവാൻ നമുക്ക് പ്രതികൂല സാഹചര്യത്തിലും സാധിക്കുമെന്ന് ഈ ചെറിയ ബാലിക നമ്മെ ഓർമ്മിപ്പിക്കുന്നു. എന്റെ ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യത്താൽ ഏതു സാഹചര്യത്തിലും നമുക്കു ക്രിസ്തുവിന്റെ വെളിച്ചമാകുവാൻ സാധിക്കും...
0 Responses to "നയമാൻ"
Leave a Comment