ആഹാബിനോടു സംബന്ധം കൂടുമ്പോൾ...

Posted on
7th Jul, 2019
| 0 Comments

വായനാഭാഗം 2 ദിനവൃത്താന്തം 17-21

യഹൂദാ രാജാവായിരുന്ന ആസയുടെയും അസൂബയുടെയും മകനായാണ് യഹോശാഫാത്തു ജനിക്കുന്നത്. ആസയുടെ മരണശേഷം യഹൂദയിലെ രാജാവായി സ്ഥാനമേൽക്കുമ്പോൾ യഹോശാഫാത്തിനു വയസ്സു മുപ്പത്തഞ്ചായിരുന്നു. ഇരുപത്തിയഞ്ചു വർഷം യെരുശലേം ആസ്ഥാനമാക്കി അദ്ദേഹം യഹൂദയെ ഭരിച്ചു. ആസയെന്ന തന്റെ പിതാവിനോടൊപ്പം കിടപിടിക്കുന്ന ഭരണ സാമർഥ്യം യഹോശാഫാത്തു തെളിയിച്ചു.

ആസ ദൈവാശ്രയത്തിൽ ജീവിച്ച ആദ്യകാലങ്ങളെപ്പോലെ ഒട്ടുമിക്ക സമയങ്ങളിലും ജീവിക്കുവാൻ യഹോശാഫാത്തിനു സാധിച്ചു. തന്റെ രാജ്യത്തിന്റെ അതിർത്തിപ്രദേശങ്ങളും, ആസ സമ്പാദിച്ച പട്ടണങ്ങളും സംരക്ഷിക്കുവാനും, പാലിക്കുവാനും യഹോശാഫാത്തു വ്യഗ്രത കാണിച്ചു.

യിസ്രായേൽ പിന്തുടർന്നുവന്ന ആചാരങ്ങളിൽ തട്ടിവീഴാതെ, ദൈവകല്പനകൾക്കു പ്രാധാന്യം നൽകുവാൻ യഹോശാഫാത്തിനു സാധിച്ചു. ദൈവവഴികൾ തികവുള്ളതെന്നു മനസ്സിലാക്കിയ യഹോശാഫാത്തു, പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും നീക്കി കളഞ്ഞു.

രാജ്യപുരോഗതിക്കായി യത്നിക്കുമ്പോൾ തന്നെ ദൈവവിഷയത്തിനു ഒന്നാം സ്ഥാനം നൽകുവാൻ അവൻ മറന്നില്ല. സ്ഥാനം ഏറ്റ മൂന്നാം വർഷംത്തന്നെ യഹൂദയിലെ എല്ലാ നഗരങ്ങളിലും ഉപദേശിപ്പാനായിട്ടു ലേവ്യരെയും പുരോഹിതന്മാരെയും അയച്ചു. ന്യായപ്രമാണ പുസ്തകവുമായി നഗരങ്ങളിലെല്ലാം പരസ്യയോഗങ്ങൾ സംഘടിപ്പിച്ചു. ജനത്തെ യഹോവയിലേക്കു മടക്കിവരുവാൻ ഉപദേശിച്ചു. യഹോവയുടെ പ്രവർത്തി ഉദാസീനതയോടെ ചെയ്യാതെ ഉത്സാഹത്തോടെ ചെയ്യുവാൻ യഹോശാഫാത്തു പരിശ്രമിച്ചു. ദൈവത്തോടുള്ള ആലോചനപ്രകാരം തീരുമാനം കൈക്കൊള്ളുന്നതിനാൽ അയൽരാജ്യങ്ങൾ യുദ്ധത്തിനു വരുന്നതിനു പകരം, സമ്മാനങ്ങളും നികുതിയും നൽകി ആദരിച്ചു. രാജ്യസുരക്ഷക്കായി ആസയെന്ന തന്റെ പിതാവു നേടിയതിലും ഇരട്ടി സൈനികരെ യഹോശാഫാത്തു സമ്പാദിച്ചു.

പണവും പ്രശസ്‌തിയും വർദ്ധിക്കുന്നതിനനുസരിച്ചു ഒട്ടുമിക്കവർക്കും സംഭവിക്കുന്നതുപോലെ ചില അബദ്ധങ്ങളിൽ യഹോശാഫാത്തും ചെന്നു പ്പെട്ടു. യിസ്രായേലിന്റെ ചരിത്രത്തിൽ സകലവിധ ദുഷ്‌ക്കാര്യങ്ങളിലും ഇടപ്പെട്ടു ചരിത്രത്തിൽ ഇടംപിടിച്ച രാജാവായിരുന്ന ആഹാബുമായി സംബന്ധം കൂടുവാൻ യഹോശാഫാത്തു താല്പര്യം കാണിച്ചു. തന്റെ ആദ്യജാതനായ യഹോരാമിനു ഭാര്യയെ കണ്ടെത്തിയത് ആഹാബിന്റെ മകളെയായിരുന്നു. ആഹാബുമായുള്ള സംബന്ധം പിൽക്കാലത്തു തന്റെ കുടുംബത്തിൽ  എത്രമാത്രം പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നു പിന്നീട് നാം മനസിലാക്കുന്നു. അരാം രാജാവിനോടു യുദ്ധം ചെയ്യുവാനായി യഹോശാഫാത്തിനെയും കൂടെക്കൂട്ടുവാനായി ആഹാബ് വലിയ വിരുന്നു നടത്തി യഹോശാഫാത്തിനെ വശീകരിച്ചു. ആഹാബിന്റെ വശീകരണ വാക്കുകളിൽ യഹോശാഫാത്തു വീണുപോയി. തന്റെ മനഃസുഖത്തിനനുസരിച്ചു പ്രവചിക്കുവാനായി തീറ്റിപോറ്റുന്ന നാനൂറു കള്ളപ്രവാചന്മാരുടെ വാക്കുകളേക്കാൾ യഹോവയുടെ പ്രവാചകനായ മീഖായാവിന്റെ വാക്കുകൾക്കു വിലകൽപ്പിക്കുവാൻ യഹോശാഫാത്തു ആദ്യം താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീടു ആഹാബിന്റെ വാക്കുകളിൽ കുടുങ്ങി യുദ്ധത്തിനു പുറപ്പെട്ടു പടയിൽ പട്ടുപോകുവാൻ തുടങ്ങിയിടത്തുനിന്നു ദൈവം തന്റെ ദയയാലും ദാവീദിനോടുള്ള നിയമത്താലും രക്ഷിക്കുന്നതും നാം കാണുന്നു.

യഹോശാഫാത്തിന്റെ മരണശേഷം ഭരണമേറ്റ യെഹോരാം തന്റെ സഹോദരങ്ങളെയെല്ലാം കൊന്നുകളഞ്ഞു. ആഹാബും കുടുബവും എന്തൊക്കെ ചെയ്തുവോ അതെല്ലാം യഹോശാഫാത്തിന്റെ ഭവനത്തിലേക്കു പറിച്ചുനടപ്പെട്ടു. “ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.”  (2 ദിനവൃത്താന്തം 21:6)  നോക്കു പ്രിയമുള്ളവരേ, വിവേചിക്കാതെ, ദൈവത്തോടു ആലോചന ചോദിക്കാതെ, ബന്ധം സ്ഥാപിച്ചവന്റെ കുടുംബത്തിന്റെ സ്ഥിതി വിശേഷം.

 പണവും പ്രശസ്തിയും വർദ്ധിക്കുന്നതിനനുസരിച്ചു നമ്മുടെ അന്തസ്സിനൊപ്പിച്ചു സംബന്ധം ചെയ്യുവാൻ ആർക്കും തോന്നിപ്പോകും. ദൈവത്തെക്കൂടാതെയുള്ള ഏതു ബന്ധങ്ങളുടെയും പരിണിതഫലം ദൂരവ്യാപകമായിരിക്കും എന്നു യഹോശാഫാത്തിന്റെ തീരുമാനത്തിലൂടെ നാം വായിച്ചറിയുന്നു. ആഹാബും ഇസബേലും ചെയ്തു വന്നിരുന്നത് അതേപടി കണ്ടുപഠിച്ചിരുന്ന മകളാണ് ഇപ്പോൾ യഹൂദ്യയിലെ ഭരണനേതൃത്വം കയ്യാളുന്നത്. നാം ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നമ്മളുമായി ഇടപഴകുവാൻ കൂടുന്നവരെ, വിവേചിച്ചറിയുവാനുള്ള മാനുഷിക ബുദ്ധിയല്ല, ഉയരത്തിൽനിന്നുള്ള പരിജ്ഞാനത്തിനായി പ്രാർത്ഥിക്കുക.

വിവാഹദിനത്തിൽ വലിയ ആർഭാടം നാട്ടുകാരെയും വീട്ടുകാരെയും കാണിക്കുവാൻ കഴിയുമായിരിക്കും. അതു ഒറ്റദിവസം കൊണ്ടു കഴിഞ്ഞുപോകുമെന്നും നാം മനസ്സിലാക്കുന്നില്ല. പിന്നീടങ്ങോട്ടുള്ള തലമുറയെപ്പോലും ഈ ബന്ധം ശിഥിലമാക്കുന്നതായിരിക്കും നമ്മുടെ  തീരുമാനം. ആഹാബുമാരുമായിട്ടുള്ള സംബന്ധം പ്രത്യക്ഷത്തിൽ എത്ര ലാഭം ഉണ്ടാക്കുമെങ്കിലും ദൈവപ്രസാദമില്ലാത്ത ബന്ധങ്ങൾ നമുക്കു വേണ്ടായെന്നു പറയുവാൻ നമുക്കും സാധിക്കട്ടെ.

യഹോശാഫാത്തു ദൈവ വഴികളിൽ കൂടി തന്നെയാണ് ആദ്യകാലങ്ങളിൽ നടന്നിരുന്നത്. പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും നീക്കികളഞ്ഞവനാണ്. പരസ്യയോഗങ്ങൾ നടത്തി ജനത്തെ മടക്കി വരുത്തുവാൻ അക്ഷീണം പ്രയത്നിച്ചവനാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവനാണ്. എങ്കിലും യഹോശാഫാത്തിനും ഒരു വേള കാലിടറിപ്പോയി. ബന്ധങ്ങൾ ലാഭമായി മറ്റുള്ളവർക്കു തോന്നിയില്ലെങ്കിലും ദൈവപ്രസാദമുള്ള ബന്ധങ്ങൾ  തന്നെയായിരിക്കട്ടെ നാം തിരഞ്ഞെടുക്കുന്നത്. ദൈവം നമ്മെ അതിനായി സഹായിക്കട്ടെ.

<< Back to Articles Discuss this post

0 Responses to "ആഹാബിനോടു സംബന്ധം കൂടുമ്പോൾ..."

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image