അധികാരം  ദുർവിനിയോഗം ചെയ്യുമ്പോൾ

Posted on
12th Aug, 2019
| 0 Comments

അധികാരം  ദുർവിനിയോഗം ചെയ്യുമ്പോൾ

വായനാഭാഗം  2ദിനവൃത്താന്തം 21

യഹോശാഫാത്തിന്റെ മകനായ 'യെഹോരാം' രാജ്യഭരണം ഏൽക്കുന്നത് മുപ്പത്തിരണ്ടാം വയസ്സിലാണ്. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ദൈവലോചന അന്വേഷിച്ചില്ലയെന്നതൊഴിച്ചാൽ ഭൂരിഭാഗം സമയങ്ങളിലും ദൈവമുഖം അന്വേഷിച്ചവനായിരുന്നു യഹോശാഫാത്ത്. ദൈവാലോചന ചോദിക്കാതെ തീരുമാനം എടുത്തതിൽ പ്രധാനപ്പെട്ടതു യെഹോരാമിന്റെ വിവാഹം ആയിരുന്നു. സംബന്ധം കൂടുവാൻ തിരഞ്ഞെടുത്തത് എക്കാലത്തെയും ദുഷ്പ്രവർത്തികളിൽ അഗ്രഗണ്യനായിരുന്ന യിസ്രായേൽ രാജാവായ ആഹാബിന്റെ മകളെയാണെന്നുള്ള വലിയ അബദ്ധം യഹോരാമിന്റെ കുടുംബത്തിനു കെണിയായി സംഭവിച്ചു. പിന്നീടങ്ങോട്ടുള്ള വർഷങ്ങൾ ആഹാബിന്റെ ഇഷ്ടങ്ങളായിരുന്നു യഹോശാഫാത്തിന്റെ കുടുംബത്തിലും അരങ്ങേറിയത്.

യഹോശാഫാത്തിനെപറ്റി പറയുന്നത് യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു. അവൻ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചു നടക്കുകയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെയും ദൈവം അവനോടു  (യഹോശാഫാത്ത് ) കൂടെ നടക്കുകയും ചെയ്തു എന്നാണ്.എന്നാൽ യെഹോരാം സ്വയമായി രാജത്വം ഉറപ്പിച്ചു.തന്നത്താൻ ബലപ്പെടുത്തി. തന്നെക്കാൾ നല്ലവരായ തന്റെ സഹോദരങ്ങളെയെല്ലാം വെട്ടികൊന്നുകൊണ്ടാണ് കളം നിറയുന്നത്.  യഹോശാഫാത്തു യെഹൂദയെ ദൈവത്തിലേക്കു മടക്കി വരുത്തുവാൻ കഠിന പ്രയത്‌നം ചെയ്തു പരസ്യ യോഗങ്ങളും പ്രവർത്തനങ്ങളും നടത്തിയെങ്കിൽ യെഹോരാം ആഹാബ് ഗ്രഹം ചെയ്തതുപോലെ യെഹൂദയെ പരസംഗം ചെയ്യിച്ചു തിരിച്ചു നടത്തി.

അധികാര ദുർവിനിയോഗത്തിന്റെ മൂർത്തീഭാവമായിരുന്നു യെഹോരാം. അധികാര ഗർവ്വു അത്രയ്ക്കു തലയ്‌ക്കു പിടിച്ചിരുന്നു യഹോരാമിന്റെ കുടുംബത്തിന്. അധികാരം അതു ചെറുതോ വലുതോ ആകട്ടെ,  സേവനത്തിനുള്ള അവസരമാണെന്നു മനസ്സിലാക്കാത്തിടത്തോളം അധികാരം അപകടകരമാണ്. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തോലൻ കൃപാവരങ്ങളെപറ്റി വിവരിക്കുമ്പോൾ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നത്. 'ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം പൊതു പ്രയോജനത്തിനായി നൽകപ്പെടുന്നു' (1കൊരിന്ത്യർ 12:7)

അധികാരം സ്വന്ത ഇഷ്ടത്തിനു വിനിയോഗിക്കുമ്പോഴോ, ഇഷ്ടക്കാരുടെ കാര്യാ സാധ്യത്തിനു വഴങ്ങുമ്പോഴോ ആണ് ദുർവിനിയോഗം ആയി മാറുന്നത്. അധികാര ദുർവിനിയോഗം എന്നു വിശേഷിപ്പിക്കുവാൻ, അല്ലെങ്കിൽ അധികാരം ദുർവിനിയോഗം ചെയ്യുവാൻ രാജാവാകണമെന്നോ, പ്രധാനമന്ത്രി കസേരയോ, മുഖ്യമന്ത്രി കസേരയോ, താഴെത്തട്ടിലേക്കു വന്നാൽ കുറഞ്ഞതു ഒരു പഞ്ചായത്തു മെമ്പറെങ്കിലും ആയെങ്കിൽ മാത്രമേ ദുർവിനിയോഗം നടക്കുകയുള്ളൂ എന്നാണ് നമ്മുടെ ചിന്ത.

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം തന്നെ ദുർവിനിയോഗം നടത്തുന്നുണ്ട്. നമുക്ക് ലഭിച്ച ഔദ്യോഗിക പദവികൾ, സഭയിലെയും ജോലിസ്ഥലത്തെയും സ്ഥാനങ്ങൾ, ഓരോ ദിവസവും ചിന്തിച്ചാൽ മതി പൊതുപ്രയോജനത്തിനായി നമ്മിൽ ഭരമേല്പിക്കപ്പെട്ട വിവിധ കാര്യങ്ങളിൽ നാം വിശ്വസ്‌തരാകാറുണ്ടോ? യഹോരാമിനെയും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെയും കുറ്റം വിധിച്ചിട്ടു അയാളെന്തൊരു മനുഷ്യനാണ് രാജപദവി ഇങ്ങനെ നശിപ്പിക്കാമോ എന്നൊക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പും എഴുതി സത്യാവസ്തയുടെ ഉറവിടമോ എഴുതിയ ആളിന്റെ ചേതോവികാരങ്ങളോ മനസ്സിലാക്കാതെ ഷെയറും ചെയ്തു ഒരു മനഃസുഖം പ്രാപിച്ചു കിടന്നുറങ്ങുവാൻ സാധിക്കും. എന്നാൽ യെഹോരാം കഴിഞ്ഞു പോയി. ചരിത്ര താളുകളിൽ യെഹോരാമിന്റെയും ദുർവിനിയോഗം ചെയ്തവരുടെയും സ്ഥാനം ചവറ്റു കുട്ടയിലാണ് .

തിരുവചനം അദ്ദേഹത്തെകുറിച്ചു പറഞ്ഞു അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ് 'അവൻ എട്ടു സംവത്സരം യെരുശലേമിൽ വാണു. ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു. രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും' ആർക്കും ഇഷ്ടനാകാതെ അയാളുടെ ശവസംസ്‍കാരം വരെ വെറുപ്പോടെയാണ് ജനം കണ്ടു നിന്നത്. പഴയമകാലത്തിൽ നല്ല അടക്കത്തിനു പ്രാധാന്യം വളെരെയേറെ ആയിരുന്നുവെങ്കിൽ നല്ല അടക്കം ലഭിക്കാതെ രാജാക്കന്മാരുടെ കല്ലറകളിൽ അടക്കാതെ യഹോരാമിന്റെ ജീവിത കഥ അവസാനിച്ചു. യഹോരാമിന്റെ ചരിത്രം കുറിക്കുന്ന അദ്ധ്യായം (2ദിനവൃത്താന്തം 21 ) ആരംഭിക്കുന്നത് തന്നെ തന്റെ അപ്പനായ യഹോശാഫാത്തിന്റെ അവസാനം പറഞ്ഞു കൊണ്ടാണ്. അവന്നു ലഭിച്ച നല്ല അടക്കത്തെ ഓർപ്പിച്ചു കൊണ്ടാണ്. അദ്ധ്യായം അവസാനിപ്പിക്കുന്നത് യഹോരാമിന്റെ അടക്കത്തെ ഓർപ്പിച്ചു കൊണ്ടും. ജീവിതത്തിൽ ഒട്ടുമിക്ക സമയങ്ങളിലും ദൈവഹിതം തേടിയിരുന്ന യഹോശാഫാത്തിന്റെ അവസാനവും ഒരു പ്രാവശ്യം പോലും ദൈവമുഖത്തു ഒരു പുഞ്ചിരി വരുത്തുവാൻ പ്രയത്നിക്കാത്ത യഹോരാമിന്റെ ഒടുക്കവും.

ബൈബിളിലെ അപ്രസക്ത കഥാപാത്രമാണ് യെഹോരാം എന്നിരുന്നാലും അദ്ദേഹത്തിന്റെ ചരിത്രം നമുക്കു നൽകുന്ന പാഠം വലിയതാണ്. മുന്നറിയിപ്പ് ഉന്നതവും.

തീരുമാനം എടുക്കുന്നതിനു മുൻപ് ദൈവത്തോടു ആലോചന ചോദിക്കുന്നില്ലായെങ്കിൽ സ്വന്ത ബുദ്ധിയിൽ തീരുമാനം സ്ഥാപിച്ചാൽ പിൽക്കാലത്തെ പരിണിതഫലം വലിയ വേദനാജനകം ആയിരിക്കും. പദവികളും ഒത്തുതീർപ്പുകളും ജീവിതം തന്നെ ഇല്ലായ്മ ചെയ്യും. ഒരിക്കൽ പാപത്തിനു വഴങ്ങി കൊടുത്താൽ പിന്നീടങ്ങോട്ടു പാപം നമ്മെ നയിക്കും പുറത്തു കടക്കുവാൻ കഴിയാത്തതു പോലെ.

പ്രാർത്ഥിക്കാം : കർത്താവെ, തീരുമാനം അതു ജീവിതത്തിലെ നിർണ്ണായകമോ നിസ്സാരമോ രണ്ടായാലും അങ്ങയുടെ മുഖത്തു പുഞ്ചിരി വരുത്തുന്നതും സംതൃപ്‌തി തരുന്നതുമാകുവാൻ എന്നെ സഹായിക്കണമേ. ആമേൻ ...

 

<< Back to Articles Discuss this post

0 Responses to "അധികാരം  ദുർവിനിയോഗം ചെയ്യുമ്പോൾ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image