ക്രിസ്‌തീയ സന്തോഷം
ക്രിസ്തിയ സന്തോഷം
1950 കളുടെ തുടക്കത്തിൽ ഔക്കാ ജാതിക്കാരുടെ ഇടയിൽ സുവിശേഷം അറിയിക്കുവാനായി അമേരിക്കൻ മിഷനറിമാരായ ജിം എലിയറ്റും തന്റെ നാലു സഹപ്രവർത്തകരും തയ്യാറായി. കൊടും വനത്തിനു നടുവിലെ ഗോത്രവർഗ്ഗമായിരുന്നു ഔക്കാ ജാതിക്കാർ. ഒരിക്കൽ പോലും പുറംലോകം കാണാത്ത, വസ്ത്രങ്ങളില്ലാത്ത, ഗോത്രങ്ങൾ തമ്മിൽ പോരടിച്ചും കൊന്നും കൊലചെയ്യപ്പെട്ടും കഴിഞ്ഞു വന്ന സമൂഹത്തിൽ തങ്ങൾക്കുള്ളതെല്ലാം കൊടുത്തുകൊണ്ടു ക്രിസ്തുവിന്റെ സ്നേഹം അറിയിക്കുവാനായി തയ്യാറാതാണു അഞ്ചു സഹോദരങ്ങൾ. എന്നാൽ സുവിശേഷം അറിയിക്കുന്നതിനു മുൻപേ ഈ അഞ്ചു പേരും ഔക്കാ ഗോത്രവർഗ്ഗക്കാരുടെ കുന്തം ഏറിനാൽ കൊല്ലപ്പെട്ടു. ജിം എലിയറ്റിന്റെ കോളേജ് പഠനകാലയളവിൽ അദ്ദേഹത്തിന്റെ ഡയറിയിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടായിരുന്നു "നഷ്ട്ടപെടാത്തതിനെ നേടുന്നതിനു വേണ്ടി സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതു ഉപേക്ഷിക്കുന്നവൻ ഒരിക്കലും ഭോഷനല്ല"
ക്രിസ്തിയ ജീവിതത്തിന്റെ സന്തോഷം അതു ക്രിസ്തുവാണ്. അതാണീ സംഭവകഥയിലൂടെ പറഞ്ഞത്. നഷ്ടപെടാത്തതു ക്രിസ്തുവാണ്. ഈ ലോകത്തിലെ യാതൊന്നും അത് ഭൗതികമാകട്ടെ എന്തിനേറെ നമ്മുടെ പ്രാണൻ പോലും സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്തതു ആണ്. സൂക്ഷിച്ചു വയ്ക്കുവാൻ കഴിയാത്ത സകലതും ഉപേക്ഷിച്ചാലും ഒരുവൻ ഭോഷനാകില്ല അവൻ എപ്പോൾ നഷ്ടപെടാത്തതായ ക്രിസ്തുവിനെ നേടുന്നതിനു വേണ്ടിയാകുമ്പോൾ.
ക്രിസ്തിയ സന്തോഷത്തിന്റെ അടിസ്ഥാനം പണിതിരിക്കുന്നത് ഭൗതികമായ നന്മയിലല്ല. നാലാം സങ്കീർത്തനത്തിൽ ഇങ്ങനെ പറയുന്നു. "ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു". വർദ്ധനവ് ഉണ്ടായ കൃഷിക്കാരന്റെ ചേതോവികാരങ്ങളെ കാവ്യാത്മകമായി അവതരിപ്പിച്ചു കൊണ്ട് ദാവീദു പറയുന്നു "അവർക്കൊരു സന്തോഷമുണ്ട് , പക്ഷെ അവർക്കുള്ളതിലും അധികം സന്തോഷം എനിക്കുണ്ട് കാരണം എന്റെ ഉള്ളിൽ ക്രിസ്തുവുണ്ട്.
മേല്പറഞ്ഞ കൃഷിക്കാരന്റെ സന്തോഷത്തിന്റെ അടിസ്ഥാനം വീഞ്ഞിന്റെയും ധാന്യത്തിന്റെയും വർദ്ധനവ് ആണെങ്കിൽ എന്റെ സന്തോഷത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ്. അത് അവരുടെ സന്തോഷത്തിലും അധികമാണ്. ഭൗതികമായ നന്മ കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം നിലനിൽക്കുന്നതല്ല അതിനു ഏറ്റ കുറച്ചിലുണ്ടാകും...വർദ്ധനവിനനുസരിച്ചു അധികവും കുറവിനനുസരിച്ചു കുറവു സന്തോഷവും.
ഹബക്കൂക് പ്രവാചകൻ ഇങ്ങനെ വിവരിക്കുന്നു. അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
നോക്കു പ്രിയമുള്ളവരേ , അദ്ധ്വാനിച്ചു നട്ടുവളർത്തിയ ഒരു കർഷകന്റെ പ്രസ്താവനയാണിത്. തന്റെ സന്തോഷത്തെ നിയന്ത്രിക്കുന്നത് ഈ മേൽപ്പറഞ്ഞ യാതൊന്നുമല്ല എന്റെ സന്തോഷത്തിന്റെ രഹസ്യം യേശുവാണ്. ഭൗതികമായ യാതൊന്നുമാകരുതു നമ്മുടെ സന്തോഷത്തെ നിയന്ത്രിക്കേണ്ടത്. കുടുംബത്തിൽ, വ്യക്തികളിൽ, സമൂഹത്തിൽ അസമാധാനം കളിയാടുന്നതിന്റെ ഒരേ ഒരു കാരണം യേശു തങ്ങളുടെ ഹൃദയത്തിൽ ഇല്ലാത്തതാണ്. യേശുവാണ് നമ്മുടെ കേന്ദ്ര ബിന്തുവെങ്കിൽ നാം സന്തോഷം ഉള്ളവരായിരിക്കും.
പതിനാറാം സങ്കീർത്തനക്കാരൻ പറയുന്നത് സന്തോഷത്തിന്റെ പരിപൂർണ്ണത ദൈവത്തിന്റെ സന്നിധിയിൽ ആണെന്നാണ്.
നമ്മുടെ ജീവിതങ്ങളിൽ യേശുവിനെ കർത്താവായി സ്വീകരിക്കുമെങ്കിൽ യേശുവിനു പ്രഥമ സ്ഥാനം നൽകുമെങ്കിൽ, അവന്റെ സന്നിധിയിലെ സന്തോഷത്തിന്റെ പരിപൂർണ്ണത നമുക്കനുഭവിക്കുവാൻ സാധിക്കും. ലോകം വാഗ്ദാനം ചെയ്യുന്നത് പോലെയുള്ള സന്തോഷമല്ല പ്രത്യുത പൂർണതയുള്ള സന്തോഷം.
തുടക്കത്തിൽ പറഞ്ഞ സംഭവ കഥ പോലെ നഷ്ട്ടപെടാത്തതിനെ നേടുന്നതിന് വേണ്ടി സൂക്ഷിച്ചു വെയ്ക്കുവാൻ കഴിയാത്തതു ഉപേക്ഷിക്കുവാൻ തയ്യാറാകുമെങ്കിൽ അവൻ ഭോഷനല്ല. മറ്റുള്ളവരുടെ സന്തോഷം എന്നിലൂടെ നമ്മിലൂടെ പൂർണ്ണതയിൽ എത്തുന്നത് കാണുമ്പൊൾ ക്രിസ്തിയ ജീവിതം സന്തോഷ പരിപൂര്ണമാകുകയാണ്. നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ വേണ്ടി നമുക്ക് വേണ്ടി ബലിയായി തീർന്ന യേശുവിനെ മാതൃക ആക്കാം. മറ്റുള്ളവരെ സ്നേഹിക്കാം, നമുക്കുള്ളതൊക്കെ വിട്ടു കൊടുക്കാം...അങ്ങനെ യഥാർത്ഥ ക്രിസ്തിയ സന്തോഷം ആസ്വദിക്കാം.
0 Responses to "ക്രിസ്‌തീയ സന്തോഷം"
Leave a Comment