രേഖാബ്യഗ്രഹം
രേഖാബ്യഗ്രഹം
വായനാഭാഗം: യിരെമ്യാവ് അദ്ധ്യായം 35
യിരെമ്യാവ് പ്രവാചകന്റെ പുസ്തകം മുപ്പത്തിയഞ്ചാം അദ്ധ്യായം വിവരിക്കുന്നതു രേഖാബ്യ കുടുംബത്തെപറ്റിയാണ്. കൃത്യമായി പറഞ്ഞാൽ രേഖാബ്യഗ്രഹത്തിലെ യോനാദാബിന്റെ മക്കളെപ്പറ്റി...ഒരു സ്നേഹനിധിയായ അപ്പൻ മക്കളെ എല്ലാ ലാളനയും പെറ്റ അമ്മ മറന്നാലും ഒരിക്കലും മറക്കുകയില്ല എന്ന വാഗ്ദാനത്തോടു കൂടിയും ശത്രുവിന്റെ സകല ആക്രമണങ്ങളിൽ നിന്നും പകലത്തെ അസ്ത്രങ്ങളിൽ നിന്നും രാത്രിയിലെ മഹാമാരിയിൽ നിന്നും ഒക്കെ വിടുവിക്കാമെന്നു ഉറപ്പോടുകൂടിയും വളർത്തി കൊണ്ട് വന്നിട്ടും പിതാവിന്റെ വാക്കുകൾക്കു വിലകല്പിക്കാതെയും തന്നിഷ്ടപ്രകാരം നടക്കുകയും ചെയ്യുന്ന തന്റെ മക്കളെയും, ഇത്രയൊന്നും പരിപാലനങ്ങൾ കിട്ടാത്തതും, യാതൊരു ജീവിത സാഹചര്യങ്ങൾ ഇല്ലാത്തതുമായ യോനാദാബിന്റെ കുടുംബത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നതാണ് ഇതിവൃത്തം. സ്നേഹവാനായ പിതാവ് സ്വർഗ്ഗത്തിലെ ദൈവവും ലാളിച്ചു വളർത്തിയ മക്കൾ യിസ്രായേൽ മക്കളും തന്നെ!.
ഇങ്ങനെയും ഒരു കുടുംബമോ? ഈ അദ്ധ്യായം വായിച്ചു ഞാൻ കുറേനേരത്തേക്കു അന്തം വിട്ടിരുന്നു. നേരാണോയെന്നു ഓർത്തു വീണ്ടും വീണ്ടും വായിച്ചു. പിന്നീട് ചിന്തിച്ചു താടിക്കു കൈകൊടുത്തു ഇരുന്നു പോയി.
യിരെമ്യാവ് പ്രവാചകനോട് ദൈവം ഒരു ദിവസം വിളിച്ചിട്ടു പറഞ്ഞു രേഖാബ്യഗ്രഹത്തിലെ യോനാദാബിന്റെ പിള്ളേരെ വിളിച്ചിട്ടു അവർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുക.(35:2) അതിന്നു അവർ പറഞ്ഞതു: "ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്തു ദീർഘയുസ്സോടെ ഇരിക്കേണ്ടതിന്നു നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ പാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ പാർപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല. ഞങ്ങൾ കൂടാരങ്ങളിൽ പാർത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു." (35:6-10)
ചുറ്റുപാടും നടക്കുന്നതൊന്നും തങ്ങളുടെ ജീവിത ചര്യയ്ക്കു നേരിയ വ്യതിയാനം പോലും വരുത്തുവാൻ കഴിയുന്നതായിരുന്നില്ല എന്നു ഈ കുടുംബം വ്യക്തമാക്കുന്നു. നമ്മുടെ വീടുകളിലെപ്പോലെ അവർ പാർക്കുന്നിടത്തേക്കും സന്ദർശകരുണ്ടാകാം. ഇവരും മറ്റുവീടുകൾ സന്ദർശിച്ചിരിക്കാം. എന്നാൽ സമൂഹത്തിലെ യാതൊരു വ്യതിയാനങ്ങളും, 'നാടു ഓടുമ്പോൾ നടുകെ ഓടുന്ന' യാതൊരു പ്രക്രിയകളും യോനാദാബിന്റെ മക്കൾക്കു സംഭവിച്ചില്ല. തലമുറകൾ മാറി വന്നപ്പോഴും അപ്പൻ പഴഞ്ചനെന്നൊ, ഇന്നത്തെ പുതിയ ലോകത്തെ പറ്റി അപ്പനെന്തറിയാമെന്നോ മക്കൾ ചോദിച്ചില്ല. ഈ ലോകത്തു ജീവിക്കണമെങ്കിൽ ദൈവം വേണം എന്നാൽ കുറച്ചു ബുദ്ധി കൂടി വേണമെന്നും അവർ പറഞ്ഞില്ല. അപ്പന്റെ വാക്കുകൾ ചോദ്യം ചെയ്യപ്പെട്ടില്ല.
യിസ്രായേലിന്റെ വലിയ പ്രവാചകനാണ് മുൻപിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും നിരത്തി വെച്ചിട്ടു പറയുന്നത്. ഞങ്ങൾ ഒന്നു കൂടി ആലോചിക്കട്ടെ. എന്നിട്ടു ഇതിലൊരുഭിപ്രായം പറയാം, ഭൂരിപക്ഷം അനുകൂലിക്കുകയാണെങ്കിൽ കുടിക്കാം, പ്രവാചകൻ അല്ലെ പറയുന്നത്, ഒറ്റപ്രാവശ്യത്തേക്കു മാത്രം ചെയ്താൽ കുഴപ്പമില്ല, എന്നൊന്നും അവർ പറഞ്ഞില്ല. പ്രവാചകനായാലും ആരായാലും ഒറ്റ ഉത്തരമേ യോനാദാബിന്റെ മക്കൾക്കുള്ളു "ഞങ്ങളുടെ പിതാവായ യോനാദാബിന്റെ വാക്കുകൾക്കു ഞങ്ങൾ വിഘ്‌നം വരുത്തുകയില്ല."
നോക്കൂ പ്രിയമുള്ളവരേ, എത്ര ആത്മവിശ്വാസത്തോടു കൂടിയാണ് അവർ സംസാരിക്കുന്നതെന്ന്. സമൂഹത്തിന്റെ, ലോകത്തിന്റെ വളർച്ചയ്ക്ക് ഇവരുടെ തീരുമാനത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞില്ലായെന്നു നാം കാണുന്നു.
പലപ്പോഴും യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നാം പലതിനോടും സന്ധിചെയ്യുന്നു. മുഖം നോക്കി തീരുമാനങ്ങൾക്കു വിട്ടുവീഴ്ച ചെയ്യുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ നാം എളുപ്പവഴികൾ കണ്ടെത്തുന്നു. ഞാൻ നിങ്ങളെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയില്ല എന്നുള്ള യേശുവിന്റെ വാക്കുകൾക്കു അത്രയ്ക്കങ്ങോട്ടു വിശ്വസ്തത നാം കൽപ്പിക്കുന്നില്ല. നദികളിൽ കൂടി കടക്കുമ്പോഴും തീയിൽ കൂടി പ്രവേശിക്കുമ്പോഴും മുങ്ങിപോകാതെയും വെന്തുപോകാതെയും ദഹിപ്പിച്ചുകളയാതെയും പുറത്തു കടത്തുന്ന രക്ഷകനെ നാം മറന്നു പോകുന്നു. നിലനിൽപ്പിനായി, ഭാവിയെക്കുറിച്ചുള്ള ആധിയാൽ നാം പാപത്തിനു, സാഹചര്യങ്ങൾക്കു വഴങ്ങിപ്പോകുന്നു.
രേഖാബ്യഗൃഹത്തിനു നഷ്ടപ്പെടുവാൻ യാതൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒത്തുതീർപ്പുകൾക്കു അവർ തയ്യാറല്ലായിരുന്നു. ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ, വാങ്ങിക്കൂട്ടിയ luggage കൾ, സമൂഹത്തിലെ സത്‌പേര് ഇവയൊക്കെ നിലനിർത്തുവാൻ ആഗ്രഹിക്കുന്നവർക്കാണ് ഒത്തുതീർപ്പുകളോട് സന്ധിചെയ്യേണ്ടി വരുന്നത്.
തിരുവചനത്തിലെ വിശ്വാസ വീരന്മാരെപ്പറ്റി നാം ഊറ്റം കൊള്ളാറുണ്ട്. ശദ്രക്, മേശക്, അബേദ്നെഗോ ഇവരെ പറ്റി ഇടവിടാതെ നാം കേൾക്കാറുണ്ട്, പാടാറുണ്ട്. യോസേഫിന്റെ ദൈവം എന്റെ ദൈവമെന്നു നെഞ്ചത്തു കൈവച്ചു പറയാറുണ്ട്. ഏലീയാവിന്റെ ദൈവം ഇന്നും ജീവിക്കുന്നുവെന്നു കൈയുയർത്തി നാം പറയാറുമുണ്ട്. എന്നാൽ ഹൃദഭാരത്തോടെ നാം തിരിച്ചറിയേണ്ടത് നമ്മുടെ ജീവിതത്തിലൂടെ നാം അതു പ്രവർത്തികമാക്കുന്നില്ല എന്നുള്ളതാണ്. "എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല." എന്നുള്ളതും നാം മനഃപ്പൂർവമായി തിരസ്കരിക്കുന്നു.
രേഖാബ്യഗൃഹത്തിനു വേണ്ടി എന്തിനാണ് ദൈവം തിരുവചനത്തിലെ ഒരു അദ്ധ്യായംമാറ്റിവച്ചത്. തങ്ങളുടെ പിതാവിന്റെ കല്പനകൾ അക്ഷരംപ്രതി അനുസരിക്കുന്ന ഒരു കുടുംബം നിങ്ങളുടെ ഇടയിലുണ്ട് എന്നു ചൂണ്ടിക്കാട്ടുവാൻ. എന്നാൽ എന്നെ പിതാവേയെന്നു വിളിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും എനിക്കുള്ള ബഹുമാനം തരാത്തതുമായ മക്കളെയും നിരത്തി മറുവശത്തു യോനാദാബിന്റെ കുടുംബത്തെയും നിർത്തിയിട്ടു യോനാദാബിന്റെ മക്കളെ ചൂണ്ടി കർത്താവു പറയുകാണ് എനിക്കു ആ പിള്ളേരെ കണ്ടിട്ടു കൊതിയാകുന്നു. നിങ്ങൾ എല്ലാവരും അങ്ങനെയൊന്നു എന്നെ അനുസരിച്ചിരുന്നുവെങ്കിൽ....
ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത് ഇവർക്കെന്തെങ്കിലും ഒരു അനുഗ്രഹം കൊടുക്കണമെന്ന ദൈവത്തിന്റെ അതിയായ ആഗ്രഹത്തോടെയാണ്. അനുഗ്രഹം എന്നു നാം ധരിച്ചു വച്ചിരിക്കുന്നതെല്ലാം ഉപേക്ഷിച്ച ഒരു കുടുംബത്തതിന് ഇനിയും എന്തു അനുഗ്രഹമാണ് കൊടുക്കുവാനുള്ളത്. "നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു, എന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു".(35:18-19) എല്ലാ തലമുറയിലും ദൈവത്തെ പ്രതിധാനം ചെയ്യുവാനുള്ള അനുഗ്രഹം ദൈവം രേഖാബ്യഗ്രഹത്തിലെ യോനാദാബിന്റെ മക്കൾക്കു നൽകി. പ്രിയമുള്ളവരേ നമ്മെ വിളിച്ചിരിക്കുന്നത് ഒറ്റ പ്രത്യാശക്കു വേണ്ടിയാണ്. നമ്മുടെ കർത്താവിനോടു കൂടെ നിത്യമായി വാസം ചെയ്യുവാൻ. നിത്യജീവനാണ് അവൻ നമുക്ക് വാഗ്‌ദത്തം ചെയ്തിരിക്കുന്നത്. അതിൽ കുറവായതിനു വേണ്ടി നിത്യജീവൻ നാം നഷ്ടമാക്കരുതേ...
ഈ കുടുംബത്തെ കണ്ടിട്ടു പിന്നീട് ഞാൻ വഴിമാറി പോകുമായിരുന്നു. അല്ലെങ്കിൽ അധികം കുശലാന്വേഷണം നടത്താതെ അവിടെ നിന്നു മാറുമായിരുന്നു. കാരണം ഇവരെ പരിചയപ്പെട്ടതു മുതൽ ഇവരെന്നും എനിക്കു ഒരു വെല്ലുവിളിയായിരുന്നു...
0 Responses to "രേഖാബ്യഗ്രഹം"
Leave a Comment