നാം നമ്മെ ആരുമായിട്ടാണ് താരതമ്യം ചെയ്യുന്നത് ?
ഇയ്യോബിന്റെ ജീവിതം ഒരു സമസ്യയാണ്. വളരെ വലിയ സുഖസൗകര്യങ്ങൾക്കു നടുവിൽ നിന്നും പൊടുന്നനെയുള്ള വീഴ്ച...സാധാരണക്കാർ ആരായിരുന്നാലും തകർന്നു പോകുന്നത്ര ദുരവസ്ഥ...എന്നാൽ അചഞ്ചലമായ വിശ്വാസമുള്ള ഇയ്യോബ് തന്റെ ഭക്തിയെ മുറുകെ പിടിച്ചു. അത് ഭാര്യ തള്ളിപ്പറയാൻ ആവശ്യപ്പെട്ടിട്ടും കൂട്ടുകാർ നിരന്തരം കുറ്റപ്പെടുത്തിയിട്ടും. കൂട്ടുകാരുടെ കുറ്റപ്പെടുത്തലുകൾക്കെല്ലാം ഇയ്യോബ് ഉത്തരം നൽകിയത് തന്റെ നല്ല പ്രവൃത്തികളെ വിവരിച്ചിട്ടായിരുന്നു. താരതമ്യം മറ്റുള്ളവരുമായിട്ടായിരുന്നു. ഈയ്യോബിന്റെ പുസ്തകം അവസാന അദ്ധ്യായത്തിൽ നാം ഇങ്ങനെയാണ് വായിക്കുന്നത് " താൻ മുൻപ് വിവരിച്ചതെല്ലാം ദൈവത്തെകുറിച്ചു ഒരു കേൾവി മാത്രം കേട്ടതുകൊണ്ടാണ്, എന്നാൽ ഇപ്പോൾ ഞാൻ എന്റെ കണ്ണാൽ നിന്നെ കാണുന്നു.ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു."
മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അവരെക്കാൾ ഞാൻ എത്രയോ ശ്രേഷ്ഠനാണെന്നോ മെച്ചമാണെന്നോ നമുക്ക് തോന്നാം. എന്നാൽ യേശുവിലേക്കു നമ്മുടെ കണ്ണുകളെ തിരിക്കുമ്പോൾ താരതമ്യം യേശുവുമായിട്ടാകുമ്പോൾ നാമും അറിയാതെ പറഞ്ഞു പോകും. എന്റെ സ്വഭാവത്തെ ഞാൻ വെറുക്കുന്നു. എനിക്കെന്നോട് തന്നെ അറപ്പാകുന്നു . എന്നെപ്പോലെ ഒരുവനെ സ്‌നേഹിക്കുവാൻ ആണല്ലോ അവൻ ഇറങ്ങിവന്നു ക്രൂശിൽ മരിച്ചതെന്ന് നാമും അലറിക്കരയും.
പ്രിയമുള്ളവരേ, നമ്മുടെ താരതമ്യപഠനം നമ്മുടെ സ്വഭാവത്തിന്റെ മഹിമയെ മറ്റുള്ളവരുമായിട്ടല്ല യേശുവുമായിട്ടു താരതമ്യം ചെയ്യൂ. അപ്പോൾ നമ്മുടെ കുറവുകളെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. യേശു നമ്മുടെ ഉള്ളിൽ ജീവിച്ചു അവന്റെ പ്രവർത്തികളെ നിവർത്തിക്കും. അങ്ങനെ മറ്റുള്ളവരുടെ ഇടയിൽ യേശു കർത്താവിന്റെ വെളിച്ചമായി നമുക്ക് മാറുവാൻ സാധിക്കും...
0 Responses to "നാം നമ്മെ ആരുമായിട്ടാണ് താരതമ്യം ചെയ്യുന്നത് ?"
Leave a Comment