മടങ്ങിപ്പോക്ക്-പാസ്റ്റർ നൈനാൻ തോമസ് (Jesus Mission - Damoh, Madhya Pradesh)
പാസ്റ്റർ നൈനാൻ തോമസ് (Jesus Mission - Damoh, Madhya Pradesh)
വായനാഭാഗം: ലൂക്കോസ് 2:41-51 (അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും ....പതിവുപോലെ പെരുന്നാളിനു പോയി....അമ്മയപ്പന്മാരോ അറിഞ്ഞില്ല....ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴിപോന്നു...ഗ്രഹിച്ചില്ല...ഹൃദയത്തിൽ സംഗ്രഹിച്ചു...)
ചിന്തയ്ക്കു ആധാരമായ സംഭവം ഒരു പെരുന്നാൾ ആണ്. പെരുന്നാൾ ഏവർക്കും സന്തോഷത്തിന്റേതാണ്. യാത്ര, കൂട്ടായ്മ, ബന്ധം പുതുക്കൽ, പള്ളി, പട്ടക്കാർ, മുത്തുക്കുട, ലൈറ്റ് വർക്സ്, ഫയർ വർക്സ്... ഇവിടെ നമ്മൾ ചിന്തിക്കുന്ന പെരുന്നാൾ ആണ്ടുതോറും നടക്കുന്ന പെരുന്നാൾ ആണ്. ആണ്ടിൽ ഒരിക്കലായി നടക്കുന്ന പെസഹാ പെരുന്നാൾ!
എല്ലാ യിസ്രായേല്യനും പെസഹായുടെ ഓർമ്മകൾ പോലും ഒരു ആവേശമാണ്. അതുകൊണ്ടുതന്നെ പതിവുപോലെ ആ വർഷവും പെരുന്നാൾ ഗംഭീരമായിരിക്കുവനായിരിക്കും സാധ്യത. കഴിഞ്ഞതിനേക്കാൾ മെച്ചപ്പെടുത്താനാണ് സാധ്യതയും.
പെരുന്നാൾ കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായിരുന്നിരിക്കാം അക്കൊല്ലം ! കഴിഞ്ഞവർഷത്തെ തെറ്റുകൾ ശരിയാക്കി, മെച്ചമാക്കി നടത്തുക എന്നതിൽ തെറ്റൊന്നുമില്ല. മാത്രവുമല്ല മെച്ചമാക്കി നടത്തുകയും വേണം. കാരണം ആണ്ടുതോറും നടക്കേണ്ടതാണ്.
എന്നാൽ സംഭവിച്ച ദുഃഖകരമായ കാര്യം പെരുന്നാളിന് ശേഷം, സന്തോഷിച്ചു സംസാരിച്ചു മടങ്ങിപ്പോകുമ്പോൾ പലതും വാങ്ങിയെങ്കിലും കയ്യിൽ ഉണ്ടായിരുന്ന അമുല്യമായതു നഷ്ട്ടപ്പെട്ടു. ബഹളങ്ങൾ, ഗംഭീര പ്രകടനങ്ങൾ വിലക്കുറവിൽ വാങ്ങിക്കൂട്ടിയ പെരുന്നാൾ ഉൽപ്പന്നങ്ങൾ ഇവയുടെ എല്ലാം ലഹരിയിൽ നഷ്ട്ടപ്പെടുത്തിയത് അമൂല്യമായ യേശുവിനെയാണ്. നഷ്ടപ്പെടുത്തിയത് വേറെയാരുമല്ല, മറിയയും യോസേഫും. വെറും ഗ്രാമീണ പെൺകുട്ടിയായിരുന്നു 'മറിയ' രക്ഷകന്റെ 'അമ്മ ഇമ്മാനുവലിന്റെ അമ്മയായതു യേശു മൂലം മാത്രം! വെറും തച്ചനയാവാൻ "നീതിമാനായ യോസേഫ്" ആയതു യേശുവിനോടുള്ള ബന്ധത്തിൽ അവൻ എടുത്ത ഒരു തീരുമാനം കൊണ്ട് മാത്രം.
ഈ നഷ്ട്ടം ഇത്രയും പ്രധാനപ്പെട്ടവർക്കു നടന്നുവെങ്കിൽ പെരുന്നാൾ മുഖരിതമായ നമ്മുടെയൊക്കെ ജീവിതത്തിൽ എത്രയധികം നടക്കുവാൻ സാധ്യധ.
ഏതൊരു ക്രിസ്തിയാനിയുടെയും മോക്ഷയാത്രയിൽ സൂക്ഷിച്ചില്ലെങ്കിൽ സംഭവിച്ചു പോകുന്ന ഒരു വലിയ അപജയം.
യേശുവിനെ നഷ്ടപ്പെടുത്തി നാം എങ്ങോട്ടു പോകുന്നു? എല്ലാം നന്നായി പര്യവസാനിക്കുമ്പോഴും കഴിഞ്ഞതിലും നന്നായി തീരുമ്പോഴും കാതലായവൻ, വിലമതിക്കാനാവാത്തവൻ അതിലൊന്നിലും ഇല്ലെങ്കിൽ പിന്നെയെന്തു ജീവിതം? ശുശ്രുഷ, മിഷനറി പ്രവർത്തനം, ആതുര ശുശ്രുഷ, ബൈബിൾ ക്ലാസുകൾ, ഉപദേശത്തിനായുള്ള ഘോരം-ഘോരം ഓൺലൈൻ പോരാട്ടങ്ങൾ...ഒന്നും തെറ്റല്ല, ആവശ്യം തന്നെ. പക്ഷെ ഏറ്റവും ശരിയേയും അത്യാവശ്യത്തെയും മറന്നു കൊണ്ടാകരുതു അവയൊന്നും. നാം കാര്യങ്ങൾ "BETTER" ആക്കുമ്പോൾ "THE BEST" നഷ്ടപ്പെടരുത്. പിന്നെയുള്ള യാത്രയൊക്കെ അർത്ഥരഹിതമാണ്. മരിയയും യോസേഫും നഷ്ടപ്പെടുത്തിയത് ഏറ്റവും വിലയുള്ളതിനെയായിരുന്നു. "നഷ്ട്ടപ്പെട്ടു" എന്നത് തിരിച്ചറിഞ്ഞ വിശുദ്ധർ! യേശു അവരുടെ കൂടെയില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ അവർ ചെയ്ത കാര്യം മുൻപോട്ടുള്ള യാത്ര അവസാനിപ്പിച്ചു എന്നുള്ളതാണ്. " യേശുവില്ലെങ്കിൽ പിന്നെയെന്തു മോക്ഷയാത്ര? ജീവിതം?" തിരിച്ചറിവിൽ നിന്നും ഒരു തിരികെപോക്ക്. യേശു നഷ്ട്ടപ്പെട്ടു എന്നു തോന്നിയാൽ പിന്നെയും "ഊഹിച്ചു" ഒത്തിരി പോകരുത്. പോകുന്തോറും യേശുവിൽ നിന്നുള്ള ദൂരം കൂടും. അപ്പോഴേക്കും അവർ ഒരു ദിവസത്തെ വഴിപിന്നിട്ടിരുന്നു. അറിഞ്ഞ ഉടൻ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ ഒരു ദിവസത്തെ വഴി പിന്നിടുകയില്ലായിരുന്നു. യാത്ര നിർത്തിയത് മടയത്തരമായി എന്ന് കൂടെപോയവർക്കു തോന്നിയിരിക്കാം. "പതിവുള്ള കാര്യമല്ലേ", ബാലൻ ഒന്നുകിൽ മുൻപിൽ, അല്ലെങ്കിൽ പിൻപേ...ഒരു ദിവസം പിന്നിട്ടതല്ലേ, ഇനി പതുക്കെയാണെങ്കിലും മുൻപോട്ടു പോകാം. ഇങ്ങനെയൊക്കെ പറഞ്ഞു കൊടുക്കുവാൻ ഒത്തിരിപേർ കണ്ടെന്നെരിക്കാം. പക്ഷെ നഷ്ടം മനസ്സിലാക്കിയ അമ്മയപ്പന്മാർക്കു ഒരു തിരഞ്ഞെടുപ്പുമാത്രമേ ഉണ്ടായിരുന്നുള്ളു "മടങ്ങിപോകുക" അതും 180 ഡിഗ്രി.
വാസ്തവത്തിൽ ഈ മടങ്ങിപോക്കല്ല, 'മാനസാന്തരം' യേശുവിൽ നിന്നു പോയവർ തിരികെ യേശുവിലേക്കു പോകുന്ന സ്വർഗ്ഗീയ യാത്ര.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ഭാഗത്തു ശ്രദ്ധിക്കാതെ പോകരുത്. യേശുവിൽ നിന്നും ഉള്ള ദൂരം ഒരുദിവസത്തെ വഴി ദൂരം, പക്ഷെ തിരികെ യേശുവിലേക്കുള്ള ദൂരം മൂന്നു ദിവസത്തെ വഴിദൂരം. മടങ്ങിപ്പോക്കു വളരെ ആയാസകരമാണ്. എത്ര പ്രയാസകരമാണെങ്കിലും തിരികെപ്പോകാതെ വേറെ മാർഗ്ഗമില്ല. അല്ലാത്തതൊക്കെ ആത്മഹത്യാപരമാണ്. നമുക്കു യേശുവിനെ നഷ്ട്ടപ്പെടുത്തുവാൻ വളരെപെട്ടെന്ന് സാധ്യമാണ്. പക്ഷേ തിരികെ യേശുവിലെത്തുവാൻ ദൂരം കൂടുതലാണ്. വ്യക്തിബന്ധങ്ങൾ തകർക്കുവാൻ ഒരുവാക്കു മതിയാകും. എന്നാൽ ബന്ധങ്ങൾ പുനസ്ഥാപിക്കുവാൻ ആയിരം വാക്കുകൾകൊണ്ടും സാധ്യമാകാറില്ല. മടങ്ങിപ്പോക്കു വിഷമകരമാണ്. പക്ഷേ മടങ്ങാതെ, വേറെ വഴിയുമില്ല.
നഷ്ടം സംഭവിച്ചു എന്നു പറയുമ്പോൾ അന്വേഷിച്ചു കണ്ടെത്തും വരെ യാത്രതുടരരുത്. ഇതു നാം തിരിച്ചറിഞ്ഞാൽ, നമ്മുടെ പ്രസംഗങ്ങളിൽ, ശുശ്രുഷയിൽ, ജീവിതത്തിലും ഒക്കെ തിരിച്ചുപോക്കു നടത്താമായിരുന്നു. അധികം ചോദ്യങ്ങൾ ഒഴിവാക്കുവാൻ, യേശു ഉള്ളതുപോലെ (അഭിനയിച്ചാൽ) നടന്നാൽ നഷ്ട്ടം നമുക്ക് മാത്രം.
നമ്മുടെ ആത്മികമായ ജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും യേശുവിനെ നഷ്ട്ടമാക്കിയാൽ അതു തുടരരുത്. "ഞാൻ പ്രസംഗിക്കാതെയിരുന്നാൽ, എഴുതാതെയിരുന്നാൽ, LIVE-ആയി സോഷ്യൽ മീഡിയായിൽ നിറഞ്ഞു നിന്നില്ലെങ്കിൽ, ആളുകൾ എന്തു വിചാരിക്കും. നമ്മുടെ 'പ്രശസ്തിയെക്കാൾ' വിലയുള്ളത് നമ്മുടെ 'നിഷ്കളങ്കത'യാണ്. വ്യാജമില്ലാത്ത ജീവിതമാണ്. നമ്മെക്കാൾ വിലയുള്ളതല്ല നമ്മുടെ പ്രവർത്തികൾ. നാം ആരാണ് എന്നതാണ് പ്രധാനം. അല്ലാതെ നാം എന്തു ചെയ്തുവെന്നതല്ല.
നഷ്ടം മനസ്സിലാക്കിയ ഒരു യുവതിയുടെ കഥ ലൂക്കോസ് 15-ൽ വായിക്കുവാൻ സാധിക്കും. 'നഷ്ടപ്പെടുക' എന്നതിനു ഇല്ലാതെയാകുക എന്നതിനേക്കാൾ സ്ഥാനഭ്രംശം സംഭവിക്കുക, ഉപയോഗരഹിതമാകുക, അപകടത്തിലേക്കു പോകുക, എന്നൊക്കെയാണ് കൂടുതൽ ഇണങ്ങുക.
നഷ്ട്ടപ്പെട്ടു എന്നു അവൾ മനസ്സിലാക്കിയപ്പോൾ വിളക്കു തെളിയിച്ചു. വെളിച്ചമെത്തിയാൽ ഒരു പരിധി വരെയുള്ള നഷ്ടങ്ങൾ കണ്ടുപിടിക്കാം. എന്നാൽ യഹൂദനാട്ടിലെ ഇടുക്കുമുറിയിലെ, വലിയ മേശകൾ, അലമാരകൾ ഇവയുടെ അടിഭാഗത്തേക്കു കയറി അന്വേഷണം വ്യാപിപ്പിക്കണമെങ്കിൽ 'ചൂല്' ആവശ്യമാണ്. തെളിയിച്ച വെളിച്ചം "കാലിനു ദീപമായ വചന"മെന്ന് വ്യാഖാനിക്കാമെങ്കിൽ, ചൂല് കയ്യുടെ സഹായിയാണ്. ദൈവം തന്ന താലന്തുകൾ നഷ്ടപ്പെട്ടുപോയി എന്നു മനസ്സിലാക്കിയാൽ പിന്നെ അന്വേഷണം ആവശ്യമാണ്.
0 Responses to "മടങ്ങിപ്പോക്ക്-പാസ്റ്റർ നൈനാൻ തോമസ് (Jesus Mission - Damoh, Madhya Pradesh)"
Leave a Comment