കാല്ക്കൽ ഇരിക്കുന്നവരും ശുശ്രൂഷയാൽ കുഴയുന്നവരും
പതിവില്ലാതെ അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടി മുട്ടുന്ന ഒച്ച ലാസറിനെ അസ്വസ്ഥനാക്കി. ഗുരുമുഖത്തു നിന്നുള്ള ശ്രദ്ധ പലപ്പോഴായി പതറിപ്പോകുന്നു. വീണ്ടും വാക്കുകൾക്കു ഒപ്പം എത്തുവാൻ ഏറെ പണിപ്പെടേണ്ടി വരുന്നു. പാത്രത്തിന്റെ ഒച്ചയ്ക്കു പുറമെ എന്തൊക്കെയോ അടക്കി സംസാരിക്കുന്നതിന്റെ ശബ്‌ദവും പുറത്തേക്കു കേൾക്കുന്നു. വീട്ടിൽ വന്നിരിക്കുന്ന അതിഥികൾ കേൾക്കുമല്ലോയെന്ന ചിന്ത ലാസറിനെ കൂടുതൽ പരിഭ്രാന്തനാക്കി. മറിയ കാല്ക്കൽത്തന്നെയുണ്ടല്ലോ പിന്നെ ആരോടാണ് മാർത്ത സംസാരിക്കുന്നത്. മറിയയുടെ ശ്രദ്ധ തിരിക്കുവാനായി ഘനപ്പിച്ച മുഖവുമായി ഒന്നു രണ്ടു വട്ടം പൂമുഖത്തുകൂടി നടന്ന മാർത്തയെ കണ്ടപ്പോഴേ ലാസറിനു സാഹചര്യം അത്ര പന്തിയല്ലെന്നു മനസ്സിലായി. ഇങ്ങനെയൊന്നു മുൻപുണ്ടായിട്ടില്ലല്ലോ, തമ്മിൽ ഒരു വഴക്ക്. പിന്നെന്താ ഇപ്പോഴിങ്ങനെ...ഇങ്ങനെ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ പ്രതീക്ഷിച്ചതു സംഭവിച്ചു. മാർത്ത കർത്താവിന്റെ അടുത്തേക്കു വന്നു ഉള്ളിലുള്ള അമർഷത്തിന്റെ എല്ലാ ഭാണ്ഡകെട്ടും അഴിച്ചിട്ടു. 'ഇവളിങ്ങനെ ഇവിടെ വർത്തമാനം കേട്ടിരുന്നാൽ മതിയോ ? ഞാനൊരുത്തി മാത്രം ആ അടുക്കളയിൽ കിടന്നു പണിയെടുക്കുന്നു. വീട്ടിൽ വന്നവർക്കു ഒരു ഗ്ലാസ്സ് വെള്ളം എങ്കിലും കൊടുക്കുവാൻ അവൾക്കു ഒന്നു എഴുന്നേറ്റു കൂടെ'...മനസ്സിൽ കടന്നു കൂടിയ ഈർഷ്യ മാർത്തയെ പൊട്ടിത്തെറിയിലേക്കാണ് കൊണ്ടെത്തിച്ചത്. “എന്നെ ഒന്നു സഹായിക്കുവാനായി ഇവളെ ഒന്നു എഴുന്നേൽപ്പിച്ചു വിടുമോ? അവൾക്കോ ഒരു ബോധമില്ല, കർത്താവെ, നിനക്കെങ്കിലും ഒരു വിചാരം വേണ്ടേ?...”
കർത്താവു മെല്ലെ പുഞ്ചിരിച്ചു, രണ്ടു പ്രാവശ്യം വിളിക്കേണ്ടി വന്നു മാർത്തയുടെ വിക്ഷോപം ഒന്നു അടങ്ങുവാൻ..."വിചാരങ്ങളും വികാരങ്ങളും ആശങ്കകളുമായി നീ മനസ്സിൽ ഇട്ടു കൂട്ടുകയും കിഴിക്കുകയും ചെയ്തു കൊണ്ടു കൂടുതൽ പ്രവർത്തിച്ചു പ്രീതി നേടുവാൻ നീ ആഗ്രഹിച്ചു. മാർത്തേ, നീ കരുതുന്നതുപോലെ ഒത്തിരിപ്രവർത്തിച്ചിട്ടല്ല, തിരഞ്ഞെടുപ്പിലാണ് കാര്യം...നല്ലതു ഏതാണ് എന്നു നിനക്കു മനസ്സിലായില്ല...ആ ഭാഗം തിരഞ്ഞെടുക്കുന്നതിൽ നിനക്കു തെറ്റു പറ്റിപ്പോയി...പ്രസാദകരം കാല്ക്കൽ ഇരിക്കുന്നതാണ്...മാർത്തയാണ് കർത്താവിനെ സ്വീകരിച്ചു വീട്ടിലേക്കു കൂട്ടികൊണ്ടുവന്നത്...പക്ഷേ അവൾ കർത്താവിനെ പ്രസാദിപ്പിക്കുവാൻ ബാഹ്യമായ ഇടപെടലുകളിലൂടെ ശ്രമിച്ചു പരാജയപ്പെട്ടു... അവൾ ശുശ്രൂഷ ചെയ്തു കുഴഞ്ഞു പോയി...
ഒലിവുമലയുടെ തെക്കുകിഴക്കേ ചരുവിൽ സ്ഥിതി ചെയ്യുന്ന ബേഥാന്യ ചെറിയ ഒരു ഗ്രാമമാണ്. ചെറുത് എപ്പോഴും മനോഹരമായിരിക്കുമല്ലോ... ഒത്തിരിപ്പേരുടെ കൈകടത്തലില്ലാത്തതിനാൽ മനോഹാരിത നിലനിൽക്കും. കൂടുതൽ വികസനം വരുമ്പോഴാണ് സ്വതസിദ്ധമായ സൗന്ദര്യം നഷ്ടമാകുന്നത്. ഗ്രാമം ചെറുതാകുന്തോറും ഗ്രാമവാസികൾ വിശാലതയുള്ളവരായിരിക്കും. അന്യോന്യം അറിയുന്നവർ... ബന്ധങ്ങൾ നിലനിർത്തുന്നവർ... അനുവാദം കൂടാതെ അന്യോന്യം വീടുകളിൽ ചെല്ലുവാൻ കഴിയുന്നവർ.... ചെറുതാകുന്തോറും ചേർത്തുപിടിക്കുവാൻ സാധിക്കും. ഗ്രാമം വളർന്നാൽ എല്ലായിടത്തും എല്ലാവർക്കും എത്തപ്പെടുവാൻ കഴിയുകയില്ല... അങ്ങനെയൊരു കൊച്ചു ഗ്രാമമാണ് ബേഥാന്യ... ഈ ബേഥാന്യയിലെ കുഞ്ഞു വീട്ടിലാണ് നിലവിളി ഉയരുന്നത്. രണ്ടു പെങ്ങന്മാർക്കും കൂടിയുള്ള ഒരേ ഒരു ആങ്ങളയാണ് മരണം വഴിയായി ഈ ലോകത്തിൽ നിന്നു മാറ്റപ്പെട്ടത് . ഗ്രാമം മുഴുവൻ ആ ഭവനത്തിലുണ്ട്. യേശുവിനു പ്രിയനായവൻ ആയിരുന്ന ലാസർ ദീനമായി കിടക്കുന്നതു അറിയിച്ചിട്ടും യേശു ആ വഴി വന്നില്ല. സഹോദരിമാരുടെ അലമുറ കൂടിവന്നതു യെഹൂദന്മാരെ അങ്ങനെയും ചിലരെ ഇങ്ങനെയും യേശുവിനെ കുറ്റപ്പെടുത്തി. കുരുടന്റെ കണ്ണു തുറന്ന യേശുവിനു ഇവനെ മരിക്കാതിരിക്കുവാൻ കഴിഞ്ഞില്ലല്ലോ എന്നു പറഞ്ഞു.
മരിച്ചിട്ടു നാലുദിവസത്തിനപ്പുറം ബേഥാന്യ എന്ന ഗ്രാമത്തിൽ ലാസറിന്റെ ഭവനത്തിലേക്കു വന്ന കർത്താവിനെ കുറച്ചുനാളുകൾക്കു മുൻപു സ്വീകരിച്ച അതെ ഗ്രാമ കവാടത്തിൽ മാർത്ത സ്വീകരിച്ചു , ദുഖത്തോടെ കൂടെയുള്ള മാർത്തയുടെ ആദ്യത്തെ വാചകം "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു" എന്നായിരുന്നു. ഗുരുവിനെ കാണുവാൻ വന്ന മറിയയുടെയും ആദ്യ വാചകം അതു തന്നെയായിരുന്നു "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു." എന്നാൽ വ്യത്യാസം മറിയ മുൻപേ ഇരുന്നതു പോലെ കാല്ക്കൽ കെട്ടിപ്പിടിച്ചു കരഞ്ഞു... എന്നാൽ മാർത്ത വാദ പ്രതിവാദത്തിനു മുതിർന്നു "നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും" എന്നുള്ള കർത്താവിന്റെ പ്രസ്താവനയ്ക്ക് മാർത്തയുടെ പ്രതിവാദം "ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ" എന്നായിരുന്നു ... കല്ലറയ്ക്കൽ എത്തിയപ്പോഴും മാർത്തയ്‌ക്ക് വലിയ വിശ്വാസമില്ലായിരുന്നു കാരണം "നാലുദിവസമായി അടക്കിയിട്ടു നാറ്റവും വമിച്ചു തുടങ്ങി"യെന്നു മാർത്ത കർത്താവിനെ ഓർപ്പിച്ചു. ശുശ്രൂഷയാൽ കുഴയുന്നവർ വിശ്വാസത്തിലും കുഴയും... കർത്താവു നേരത്തെ പറഞ്ഞത് തന്നെ ഓർപ്പിച്ചു "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും".
മറിയയ്ക്കു വിശ്വാസത്തിൽ ചഞ്ചലമില്ല. മറിയ ഓടി നടന്നില്ല, പലതിനെ ചൊല്ലി വിചാരപ്പെട്ടില്ല, അവളുടെ തിരഞ്ഞെടുപ്പ് നല്ല അംശം ആയിരുന്നു, ആർക്കും അപഹരിക്കുവാൻ കഴിയാത്തതായിരുന്നു അവൾ തിരെഞ്ഞെടുത്ത ഭാഗം..
ശുശ്രൂഷയാൽ കുഴയുന്നവർ, കാല്ക്കൽ ഇരിക്കുന്നവരെ കുറ്റം പറയുന്നവരായിരിക്കും. ശുശ്രൂഷയാൽ കുഴയുന്നവർ ചെയ്തതിന്റെ കണക്കു നിരത്തുന്നവരായിരിക്കും... ശുശ്രൂഷയാൽ കുഴയുന്നവർ ഞാൻ തന്നെയാണ് എല്ലാം ചെയ്തതെന്നു വീരവാദം മുഴക്കുന്നവരായിരിക്കും. ശുശ്രൂഷയാൽ കുഴയുന്നവർ പരാതിയുടെ ഭാണ്ഡം അടയ്ക്കാത്തവർ ആയിരിക്കും... ശുശ്രൂഷയാൽ കുഴയുന്നവർ ഏൽപ്പിക്കാത്ത കാര്യം ചെയ്യുന്നവരായിരിക്കും...
അപ്പോൾ ശുശ്രൂഷ തെറ്റാണോ ? ഒരിക്കലും അല്ല, ശരിയുമാണ്. എന്നാൽ വ്യത്യാസം ഇത്രമാത്രം, കാല്ക്കൽ ഇരിക്കുന്നതിനേക്കാൾ വലുതല്ല ശുശ്രൂഷ...
0 Responses to "കാല്ക്കൽ ഇരിക്കുന്നവരും ശുശ്രൂഷയാൽ കുഴയുന്നവരും"
Leave a Comment