നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്
ദൈവത്തിന്റെ അത്ഭുതത്തെ കണ്ണിൻമുൻപിൽ കണ്ടവരും നിരാശയിലേക്കു പതുക്കെ ഇഴഞ്ഞു നീങ്ങുന്നതായി കാണുന്നു. കഷ്ടതയുടെ പ്രതിസന്ധികളുടെ ദൈർഘ്യം നീണ്ടുപോകുന്തോറും നിരാശയിലേക്കു ദൈവജനമെന്ന പേരുള്ളവരും ആഴ്ത്തപ്പെടുന്നു. പുറത്തു കേൾക്കുന്ന വാർത്തകൾ സുഖകരമല്ല... കൂടെയുള്ളവരും കൂടെ കൂടെ പറയുന്നുണ്ട്, കൈവിട്ടു പോകുമെന്ന ആശങ്കയാണ് സകലമുഖങ്ങളിലും. ധൈര്യത്തോടെ നിന്നവർ പോലും പതുക്കെ ഉൾവലിയുന്നു... രക്ഷപെടലും ഭാവിയെക്കുറിച്ചുള്ള ആശങ്കയും മറ്റൊരിടത്തു...
ഇയ്യോബിന്റെ പ്രതികൂലം കണ്ടു ആശ്വസിപ്പിക്കാനെത്തിയ മൂന്നു സഹോദരങ്ങൾ, അവന്റെ വ്യസനം അതികഠിനമെന്നു കണ്ടു ഒരു വാക്കും മിണ്ടാനാകാതെ ഉറക്കെ കരഞ്ഞു വസ്ത്രം കീറി, പൊടി വാരി തലയിൽ ഇട്ടു അവനോടു കൂടെ ഏഴു രാവും ഏഴു പകലും നിലത്തിരുന്നു. എന്നിട്ടും ഈ പ്രതികൂലം പിന്മാറുന്നില്ലന്നു കണ്ടപ്പോൾ പതുക്കെ ഉപദേശിപ്പാനും, വിമർശിക്കുവാനും തുടങ്ങി. പ്രതിസന്ധികൾ ഇങ്ങനെയാണ് , ചുറ്റും കൂടി നിൽക്കുന്നവരും, ആശ്വാസ പ്രവർത്തകരും നമ്മെ നിരാശയിലേക്കു തള്ളിവിടും.
ലോകത്തിന്റെ നിരാശകൾക്കു ചെവിയടച്ചു, പതുക്കെ വചനമെന്ന ജാലകം തുറന്നിടു... അവിടെ നിങ്ങൾക്കു ആശ്വാസപ്രദനെ കണ്ടെത്തുവാൻ സാധിക്കും. ആ ജാലകത്തിലൂടെ സൗമ്യതയും താഴ്മയും ഉള്ളവൻ ആശ്വസിപ്പിക്കുവാൻ നിൽക്കുന്നത് നിങ്ങൾ കാണും . ചെറുപുഞ്ചിരിയോടെ നിങ്ങളോടു പറയുന്നുണ്ടാവും "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്" നിങ്ങൾ ലോകത്തിലെ വാർത്തകളിൽ സമാധാനം അന്വേഷിച്ചാണ് നടക്കുന്നതെങ്കിൽ നിങ്ങൾക്കു സമാധാനം കണ്ടെത്തുവാൻ സാധിക്കുകയില്ല. ഞാൻ ( യേശു) നിങ്ങൾക്കു സമാധനം തന്നേച്ചു പോകുന്നു . എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ഹൃദയം കലക്കി കളയരുത്. ഭ്രമിച്ചു നോക്കരുത്.
ആയിരം പേർ ഒരു വശത്തും പതിനായിരം പേർ മറ്റൊരു വശത്തും വീണു കിടക്കുന്നതു നിങ്ങൾ കാണും. എങ്കിലും അതു നിങ്ങളോടു അടുത്തുവരികയില്ല. കർത്താവിന്റെ ചിറകിനടിയിൽ നിങ്ങൾ സുരക്ഷിതരായിരിക്കും ...
0 Responses to "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്"
Leave a Comment