കൂടെ പാർക്ക...നേരം വൈകുന്നിതാ...

Posted on
13th Apr, 2020
| 0 Comments

കടപ്പാട് : Dr. സിനി ജോയ്‌സ് മാത്യു 

ആയിരത്തി എണ്ണൂറിനടുത്തു സ്കോട്ലാൻഡിലെ "എഡ്നാം" എന്ന ഗ്രാമത്തിൽ ക്യാപ്റ്റൻ തോമസ് ലെയ്റ്റിന്റെയും അന്നാ മേരിയുടെയും രണ്ടാമത്തെ മകനായി ഹെൻറി ജനിച്ചു. ഐറിഷ് റിബലുകൾ ബ്രിട്ടന് എതിരായി ആക്രമണം തുടങ്ങിയപ്പോൾ അതിനെ അടിച്ചമർത്തുവാനായി ക്യാപ്റ്റൻ തോമസ് ലൈറ്റ് നിയോഗിക്കപ്പെട്ടു. ഭാര്യയും കുഞ്ഞുങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. ഹെൻറി ചെറുപ്പം മുതലേ അമ്മയുടെ ഓമനയായിരുന്നു. അവനിൽ കണ്ട ദൈവിക ചൈതന്യത്തെ, ബൈബിൾ കഥകൾ പറഞ്ഞു കൊടുത്തും, അവളുടെ അരികിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ പഠിപ്പിച്ചും, ദൈവസ്നേഹത്തെ കുറിച്ചു പറഞ്ഞു മനസ്സിലാക്കിയും അവൾ ഊട്ടിവളർത്തി. ക്യാപ്റ്റൻ തോമസ് തന്റെ മൂത്ത രണ്ടുപുത്രന്മാരെയും പോർട്ടറോ റോയൽ സ്കൂളിൽ ചേർത്തു. അങ്ങനെ ഹെൻറിയും മൂത്ത സഹോദരനും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുവാൻ ആരംഭിച്ചു. അധികനാൾ കഴിയും മുമ്പേ ക്യാപ്റ്റൻ തോമസ് തന്റെ കുടുംബത്തെ ഉപേക്ഷിച്ചു 'ജേഴ്സി യിലേക്കു പോയി. തുടർന്ന് ഇംഗ്ളണ്ടിലേക്കു യാത്രയായ അമ്മയും ഇളയ കുഞ്ഞും അവിടെ വച്ച് പെട്ടെന്ന് മരിച്ചു. മൂത്ത സഹോദരൻ സ്കൂളിൽ നിന്നും അപ്രത്യക്ഷനായി. അവനെക്കുറിച്ചു പിന്നീട് വിവരം ഒന്നും ലഭിച്ചില്ല. "ഒൻപതാമത്തെ വയസ്സിൽ ഹെൻറി ആരുമില്ലാത്തവനായി.... ആശ്രയമറ്റവനായിത്തീർന്നു. മുകളിൽ ആകാശം...താഴെ ഭൂമി...സഹായിപ്പാൻ ആരുമില്ല...പിതാവില്ല...മാതാവില്ല....സഹോദരില്ല....ആ പിഞ്ചു മനസ്സ് അനിശ്ചിതത്തിന്റെ തിരമാലകളിൽ ആടി ഉലഞ്ഞു. ഹെൻറി ഫ്രാൻസിസ് ലൈറ്റ് എന്ന അനാഥ ബാലൻ..നിസ്സഹായനായി പോർട്ടറോ റോയൽ സ്കൂളിന്റെ കല്പടവുകളിൽ ഇരുന്നു തേങ്ങി കരഞ്ഞു...
പോർട്ടറോ റോയൽ സ്ക്കൂളിന്റെ ഹെഡ്മാസ്റ്റർ ഡോ.ബറോസ് വലിയ മനസ്സലിവുള്ള മനുഷ്യനായിരുന്നു. അദ്ദേഹം ഹെൻറിയുടെ ദുഃഖം കണ്ടു കനിവ് തോന്നി...അവനെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടു പോയി സ്വന്തം മക്കളോട് കൂടെ അവനെ വളർത്തി. വിദ്യാഭ്യാസത്തിനു വേണ്ട ചെലവ് ചെയ്തു അവനെ പഠിപ്പിച്ചു. സ്കോളർഷിപ്പോടു കൂടി ലൈറ്റ് പഠനം പൂർത്തിയാക്കി. ഒരു ഡോക്ടർ ആകുവാൻ അവനെ മെഡിക്കൽ സ്കൂളിൽ ചേർക്കുവാൻ ഒരുങ്ങി...എന്നാൽ ദൈവവേലക്കുള്ള ഉൾവിളി ലൈറ്റിന്റെ അന്തരാളങ്ങളിൽ മുഴങ്ങിയതിനാൽ അവൻ ദൈവവചനം പഠിക്കുവാനും ഒരു സുവിശേഷകനാകുവാനും സ്വയം സമർപ്പിച്ചു. ലൈറ്റ് "ഡിവിനിറ്റി സ്കൂളിൽ" ചേർന്നു പഠിച്ചു. ആറടി ഉയരവും കറുത്തു ചുരുണ്ട മുടിയുമുണ്ടായിരുന്നു ലൈറ്റ് അതിസുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു. മൂന്നു വർഷം ചാൻസിലർ പ്രൈസ് നേടിയ ലൈറ്റ് അവസാന വര്ഷം ഒരു സ്കോളർഷിപ്പു കൂടി നേടി സ്കൂളിൽ ഒന്നാമനായി വിജയിച്ചു....ബിരുദവുമായി പുറത്തിറങ്ങി.
1815 ൽ അദ്ദേഹം സഭ ശ്രിശ്രുഷകനായി നിയമിതനായി. തൻ ശ്രുശ്രുഷിച്ച ഇടങ്ങളിലെല്ലാം അനുഗ്രഹീതനായ ദൈവദാസൻ എന്ന് എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. തന്റെ ഇടവകയിലെ പ്രവർത്തനങ്ങളിൽ കഠിനാദ്ധ്വാനം ചെയ്തിരുന്ന ലെയിറ്റ് ചില വർഷങ്ങൾക്കുള്ളിൽ ശ്വാസകോശങ്ങളിൽ രോഗ ബാധയുള്ളവനായി തീരുകയും അതു ഗുരുതരമായ ഒരു രോഗമായി അദ്ദേഹത്തെ അലട്ടുവാൻ തുടങ്ങുകയും ചെയ്തു. തണുപ്പ് കുറവുള്ള സ്ഥലത്തേക്ക് ഉടനെ മാറി താമസിക്കേണം എന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കുറച്ചു നാൾ അദ്ദേഹം ഫ്രാൻസിലും ഇറ്റലിയിലും ആയിരുന്നു. രോഗം കുറഞ്ഞു മടങ്ങി എത്തിയ അദ്ദേഹം മേരി മാക്സ് വെല്ലിനെ വിവാഹം കഴിച്ചു...മേരി ഭർത്താവിന് തക്ക തുണയായിരുന്നു. ഭർത്താവിനെ ശുശ്രുഷയിൽ സഹായിക്കുന്നതിനും സാധുക്കളെയും, രോഗികളെയും സന്ദർശിച്ചു അവർക്കു വേണ്ടുന്ന നൽകുന്നതിലും അവൾ ഭർത്താവിനോടു ചേർന്ന് നിന്നു പ്രവർത്തിച്ചു. കഠിനാദ്ധ്വാനത്താൽ ലെയ്റ്റിന്റെ ശരീര സ്ഥിതി വീണ്ടും വഷളായി. ക്ഷയരോഗം അദ്ദേഹത്തിന്റെ ശ്വാസ കോശങ്ങളെ കാർന്നു തിന്നുവാൻ തുടങ്ങി...തന്റെ ശരീരം നുറുക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇംഗ്ളണ്ടിന്റെ തെക്കേ തീരത്തുള്ള ബ്രിസ്ഹാം എന്ന കൊച്ചു മുക്കുവ ഗ്രാമത്തിൽ തന്റെ സഭയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ഏറെ അധ്വാനിച്ചു. മീൻ പിടുത്തത്തിനു മുൻപ് അവരെ പ്രാർത്ഥിച്ചയക്കുവാൻ..മീൻ പിടിത്തം കഴിഞ്ഞു അവർ സുരക്ഷിതരായി മടങ്ങി എത്തുമ്പോൾ അവരെ സ്വീകരിച്ചു പ്രാർത്ഥിക്കുവാനും അദ്ദേഹം കടൽക്കരയിൽ എത്തുമായിരുന്നു. ലെയ്റ്റു തീർത്തും അവശനായി. സകലവും മറന്നു ദൈവാരാജ്യത്തിനു വേണ്ടിയുള്ള അധ്വാനം അദ്ദേഹത്തിന്റെ ശരീരത്തെ ആകെ തളർത്തി. ഇതിനാൽ ചുരുങ്ങിയ നാളുകൾ മാത്രമേ ഈ ലോകത്തിൽ ജീവിക്കുകയുള്ളു എന്നു ലെയ്റ്റിനു മനസ്സിലായി. ഒരു സായം സന്ധ്യയിൽ പ്രാർത്ഥനയ്ക്കായി തന്റെ ബൈബിൾ അദ്ദേഹം തുറന്നു. ജനാലയിൽ കൂടി വീശിയടിച്ച തണുത്ത കാറ്റിൽ ബൈബിളിന്റെ താളുകൾ താനെ മറിഞ്ഞു. താൻ ഏറ്റവും പ്രീയപ്പെട്ടിരുന്ന വചന ഭാഗത്തു പേജുകൾ വന്നു മറിഞ്ഞു നിന്നു. ലൂക്കോസിന്റെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം ഇരുപത്തിയൊൻപതാം വാക്യം "ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ" ആ സായാഹ്നത്തിന്റെ പ്രശാന്തതയിൽ ലെയ്റ്റു ആ വാക്യങ്ങൾ ആവർത്തിച്ചു വായിച്ചു...ദൈവിക സമാധാനത്തിന്റെ ഒരു ശക്തമായ പ്രവാഹം അവന്റെ ഹൃദയത്തിലേക്ക് ഒഴുകി എത്തി ബ്രിസ്ഹാം കടൽക്കരയിലെ ആ സന്ധ്യയിൽ അസ്തമയ സൂര്യനെയും, തിരമാലകളെയും നോക്കി അവൻ മെല്ലെ നടന്നു. യേശുവിന്റെ സാമിപ്യത്തിന്റെ മാസ്മരശക്തിയിൽ തന്റെ ദുഃഖങ്ങൾ എല്ലാം അലിയുന്നതായി, രോഗത്തിന്റെ ഭാരങ്ങളെല്ലാം നീങ്ങിപ്പോകുന്നതായി അവനു തോന്നി. തന്റെ മനസ്സിനെ നിറച്ച സമാധാനത്തിന്റെ വീചികൾ അവൻ ഒരു കടലാസ്സിൽ പകർത്തി. "Abide with me; fast talls the even tide...." അനേക വർഷങ്ങളായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരങ്ങൾക്കു ആശ്വാസമായി, സാന്ത്വനമായി ഉയരുന്ന അനുഗ്രഹീതമായ ആ ഗാനത്തിന്റെ ഈരടികൾ അവിടെ രൂപം കൊള്ളുകയായിരുന്നു..." കൂടെ പാർക്ക...നേരം വൈകുന്നിതാ..."
ആ ഗാനം എഴുതിക്കഴിഞ്ഞു ലെയ്റ്റ് 1847 സെപ്റ്റംബർ മാസം ഫ്രാൻസിലെ നൈസിലേക്കു യാത്രയായി. യാത്രാമധ്യേ ആ ഗാനത്തിന്റെ അവസാന മാനു സ്ക്രിപ്റ്റ് "അവിഗ്നണി" ൽ നിന്നും തന്റെ ഭാര്യക്ക് അയച്ചു കൊടുത്തു. ഇനി തനിക്കു ഇംഗ്ളണ്ടിലേക്കു മടങ്ങി വരുവാനാവില്ല എന്ന് മനസ്സ് തന്നോടു മന്ത്രിച്ചു. അദ്ദേഹം "നൈസിൽ" എത്തി, തന്റെ രോഗം മൂർച്ഛിച്ചു 1847 നവംബർ മാസത്തിൽ ഹെൻറി ഫ്രാൻസിസ് ലെയ്റ്റ്കൂരിരുൾ കടന്നു തേജസ്സിന്റെ ശോഭനമായ തീരത്തിലേക്കു പോയി...
ഇന്നും ബ്രിസ്ഹാം-ലെ പഴയ കനാൺ ലെയ്റ്റ് ചാപ്പലിൽ എല്ലാ രാത്രിയിലും എട്ടു മണിക്കു മീൻ പിടിത്തത്തിനു ബോട്ടുകൾ ഇറങ്ങുവാൻ മണി മുഴങ്ങുമ്പോൾ അവരുടെ പ്രത്യാശയായി ആ ഗാനം ഉയരുകയായി...."Abide with me..."
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഏറ്റം പ്രിയങ്കരമായ ആ ഗാനം അഞ്ചു വൻകരകളിലും മൂന്നു നൂറ്റാണ്ടുകളായി ആലപിക്കപ്പെടുന്നു. ഓരോ ദിവസവും ആയിരക്കണക്കിനു ക്രിസ്തിയ കുടുംബങ്ങളുടെ സന്ധ്യാ പ്രാർത്ഥനയിൽ...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിന്റെ 'Beating the Retreat' ൽ.... ഇംഗ്ളണ്ടിലെ FA Cup ഫുട്ബോൾ ഫൈനൽ മത്സരത്തിൽ...മഹാനായ മഹാത്മാഗാന്ധിയുടെ ദൈനംദിന പ്രാർത്ഥനകളിൽ...നാസി ഫയറിംഗ് സ്ക്വാഡിന്റെ വെടിയുണ്ടകളുടെ മുന്നിൽ പതറാതെ നിന്ന എഡിത്ത് കാവേൽ എന്ന ക്രൈസ്തവ വനിതയുടെ ചുണ്ടുകളിൽ...ജർമൻ ടോർപ്പിഡോ ഏറ്റു മുങ്ങുമ്പോൾ RMS Stella എന്ന യുദ്ധക്കപ്പലിന്റെ ബ്രിഡ്ജിൽ നിന്നു രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവരുടെ അധരങ്ങളിൽ...ഉയർന്ന പ്രത്യാശയുടെ ഗാനം...Abide with me; fast falls the eventide...കൂടെ പാർക്ക...നേരം വൈകുന്നിതാ...."

<< Back to Articles Discuss this post

0 Responses to "കൂടെ പാർക്ക...നേരം വൈകുന്നിതാ..."

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image