മറ്റുള്ളവരുടെ വിശ്വാസത്തിന്റെ മുകളിൽ വിശ്വാസം പണിയുന്നവർ
"ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു."
യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം നാല്പത്തിരണ്ടാം വാക്യമാണിത്. ശമര്യയിൽ കൂടി കടന്നു പോകുന്ന കർത്താവു ഉച്ചക്ക് 12 മണിക്ക് വിശന്നും ദാഹിച്ചും ഇരുന്നപ്പോൾ കിണറിന്റെ കരയിൽ വന്ന സ്ത്രീയോടു അവളുടെ പാപത്തെക്കുറിച്ചും താനാണ് മശിഹായെന്നും, സത്യനമസ്കാരികൾ ദൈവത്തെ സത്യത്തിലും ആത്മാവിലും ആണ് നമസ്കരിക്കേണ്ടത് എന്നും പറഞ്ഞു മനസിലാക്കുന്നു. സുവിശേഷം സ്വീകരിക്കുകയും കർത്താവിനെ കൈക്കൊള്ളുകയും ചെയ്തവൾ പട്ടണത്തിൽ പോയി സുവിശേഷം അറിയിക്കുന്നു. സുവിശേഷം കേട്ടവർ യേശുവിന്റെ അടുക്കലേക്കു വന്നു യേശുവിന്റെ മുഖത്തു നിന്നു വചനം കേൾക്കുകയും ലോകത്തിന്റെ രക്ഷിതാവു യേശുക്രിസ്തുവാണെന്നു തിരിച്ചറിയുകയും ചെയ്തിട്ട് പറയുന്ന പ്രസ്താവനയാണ് മുകളിൽ ഉദ്ധരിച്ച വാക്യം.
യേശു കർത്താവിനെ കുറിച്ച് മറ്റുള്ളവരിൽ നിന്ന് കേട്ടിട്ടാണ് നാമും അവനെ കൈകൊണ്ടത്. അതായതു പ്രസംഗത്തിന്റെ ഭോഷത്വത്താൽ... എന്നാൽ പലപ്പോഴും ഈ ശമര്യർ പറഞ്ഞതുപോലെ നമുക്ക് പറയുവാൻ സാധിക്കുന്നില്ല. കാരണം നാം യേശുവിന്റെ അടുത്തേക്ക് വന്നു അവന്റെ മുഖത്ത് നിന്ന് കേൾപ്പാൻ സമയം കണ്ടെത്തുന്നില്ല. മിക്കപ്പോഴും പ്രസംഗകരുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ വിശ്വാസത്തിന്റെമേൽ നമ്മുടെ വിശ്വാസം പണിതെടുക്കുവാനാണ് നാം പരിശ്രമിക്കുന്നത്. അപ്പോൾ മിനക്കേടില്ലല്ലോ. എന്നാൽ ഈ ഒരു പ്രത്യേക സാഹചര്യം ദൈവ മുഖത്ത് നിന്ന് നേരിട്ട് കേൾക്കുവാനും അവനെ രുചിച്ചറിവാനുമുള്ള അസുലഭ നിമിഷമാണ്. മറ്റുള്ളവരുടെ വാക്കിന്മേൽ അല്ല "കർത്താവ് വ്യക്തിപരമായി നമ്മോടു ഇടപെടുന്ന സമയങ്ങളായി തീരട്ടെ ഇതു." കർത്താവു ആഗ്രഹിക്കുന്നതും അതാണ് .... ഇപ്പോൾ മാത്രമല്ല തുടർന്നും അത് ജീവിതചര്യയാകട്ടെ....
0 Responses to "മറ്റുള്ളവരുടെ വിശ്വാസത്തിന്റെ മുകളിൽ വിശ്വാസം പണിയുന്നവർ"
Leave a Comment