സ്നേഹം, "ദോഷം കണക്കിടുന്നില്ല..."
സ്നേഹം, "ദോഷം കണക്കിടുന്നില്ല..." അപ്പോസ്തോലനായ പൗലോസ് കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിലെ വാക്യമാണിത്. Love, Keeps no record of wrongs... നമ്മുടെ ജീവിതത്തിലേക്കു ഒന്നു കണ്ണോടിച്ചാൽ മതിയാകും ഇതിന്റെ വ്യക്തമായ ഉദാഹരണം കാണുവാൻ. ഒരു സ്‌നേഹിതനെയോ, സഹോദരനെയോ, അയൽക്കാരനെയോ, കൂട്ടു വിശ്വാസിയെയോ ആരുമാകട്ടെ നാം സ്‌നേഹിക്കുമ്പോൾ യാതൊരു കണക്കും സൂക്ഷിക്കാറില്ല. കൊടുക്കൽ വാങ്ങലിന്റെയോ, തെറ്റുകളുടെയോ ഒന്നിന്റെയും...എന്നാൽ ഈ മേല്പറഞ്ഞ ആരുമാകട്ടെ നമ്മുടെ ഉള്ളിൽ അവരെ പ്രതിയുള്ള വെറുപ്പ് തുടങ്ങിയാൽ പിന്നെ നാം അവർക്കു ചെയ്തു കൊടുത്ത എല്ലാ പ്രവർത്തികളുടെയും വലിയ ഒരു ലിസ്റ്റ് നമ്മുടെ ഉള്ളിലേക്കു ഓടിയെത്തും. സ്‌നേഹിച്ച സമയത്തു ദോഷമായി ചെയ്തതാണെങ്കിലും അതൊന്നും കുഴപ്പമില്ലായെന്നു തള്ളിക്കളഞ്ഞ കാര്യങ്ങൾ പോലും തികട്ടി വരും. ഇതു മാനുഷികമാണ്. ഒട്ടുമിക്കവരും അനുവർത്തിക്കുന്ന കാര്യമാണ്. എന്നാൽ നാം ശത്രുക്കൾ ആയിരുന്നപ്പോഴേ നമ്മെ സ്‌നേഹിച്ച സ്‌നേഹമായ യേശുകർത്താവ് നമുക്കെതിരെയുണ്ടായിരുന്ന എല്ലാ കയ്യെഴുത്തും ക്രൂശിൽ ചൊരിഞ്ഞ രക്തത്താൽ മായിച്ചു കളഞ്ഞു. അതാണ് ഉപാധികളില്ലാത്ത സ്നേഹം (unconditional love) . പിന്നീട് ഒരിക്കലും ഓർക്കാതെവണ്ണം നമ്മുടെ അകൃത്യങ്ങളെ അവൻ പുറകിൽ എറിഞ്ഞു കളയുന്നു. സ്‌നേഹം എന്ന ആത്മാവിന്റെ ഫലം നമ്മിൽ കൂടി പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ ആ സ്‌നേഹം ദോഷത്തിന്റെ കണക്കു സൂക്ഷിക്കില്ല. സ്‌നേഹം എന്ന ആത്മാവിന്റെ ഫലം നാം സൂക്ഷിച്ചു വച്ചിരുന്ന ദോഷത്തിന്റെ കണക്കു പുസ്തകം കീറി കളയും.
പ്രിയമുള്ളവരേ, നമ്മുടെ സ്വന്തശക്തി കൊണ്ടും നമ്മുടെ നല്ലനടപ്പും കൊണ്ടും സഹോദരനെ നൂറു ശതമാനവും സ്‌നേഹിക്കുവാൻ കഴിയില്ല. എന്നാൽ യേശു നമ്മിലൂടെ ജീവിക്കുവാൻ നാം അനുവദിച്ചാൽ അതു സാധ്യമാകും.
0 Responses to "സ്നേഹം, "ദോഷം കണക്കിടുന്നില്ല...""
Leave a Comment