അനീതിയുള്ള മാമോൻ
ലൂക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായത്തിൽ അവിശ്വസ്തനായ ഒരു കാര്യസ്ഥനെ നാം കണ്ടുമുട്ടുന്നുണ്ട്. യജമാനൻ അർപ്പിച്ച വിശ്വാസം തകർത്തുകളഞ്ഞു തന്റെ വസ്തുവകകൾ നാനാവിധമാക്കിയ കാര്യസ്ഥനെ. യജമാനൻ അവന്റെ കാര്യസ്ഥപ്പണിയവസാനിപ്പിച്ചു ജോലിയിൽ നിന്നും പിരിച്ചു വിടുവാൻ തുടങ്ങുന്നു. കിളക്കുവാൻ കഴിവോ, ഇരക്കുവാൻ അഭിമാനമോ അനുവദിക്കാത്ത കാര്യസ്ഥൻ മുൻപോട്ടുള്ള ജീവിതം എന്തു ചെയ്യണമെന്നു വിചാരിക്കുന്നിടത്താണ് അയാൾക്ക് ഒരാശയം വീണുകിട്ടുന്നത് , ആർക്കൊക്കെ കടം കൊടുത്തിട്ടുണ്ടന്നോ ആരൊക്കെ തിരിച്ചു കൊടുക്കുവാനുണ്ടന്നോ അറിയാവുന്ന ഏക വ്യക്തി ഈ കാര്യസ്ഥനാണ്. അയാൾ കടം മേടിച്ചതു കിട്ടാനുള്ളവരുടെ കയ്യിൽനിന്നും എല്ലാം പകുതിയായി കുറപ്പിച്ചു. ശിഷ്ടകാലം ഈ കടം മേടിച്ചവരുടെ സ്‌നേഹിതനായി ഇരുന്നു ബാക്കിയുള്ള കാലം ജീവിക്കുക. താൻ ചെയ്ത പ്രത്യുപകാരത്തിനു പകരമായി, അവർ അവരുടെ വീടുകളിൽ ചേർത്തുകൊള്ളും എന്നു വിചാരിച്ചു കടം പറ്റിയവരോടെല്ലാം കാര്യസ്ഥൻ അവരുടെ കടം പകുതിയായി ഇളച്ചു കൊടുക്കുന്നു.
ഇതു കർത്താവു പറയുവാൻ ഉള്ള കാരണം, ആ അവിശ്വസ്തനായ കാര്യസ്ഥൻ എങ്ങനെ തന്റെ ഭാവിയെ കരുതി ബുദ്ധിയോടു ഇടപെട്ട് എന്നുള്ളതാണ്. നമ്മുടെ കൈവശമുള്ള പണം അതിനെ കർത്താവു സംബോധന ചെയ്യുന്നത് അനീതിയുള്ള മാമോനെന്നാണ്. ഈ അനീതിയുള്ള മാമോനെക്കൊണ്ടു സ്‌നേഹിതരെ ഉണ്ടാക്കിക്കൊൾവിൻ. ഈ പണം നമ്മുടെ കയ്യിൽ നിന്നു തീർന്നു പോകും, അശരണർ, ആലംബഹീനർ, ദരിദ്രർ, ആവശ്യത്തിൽ ഇരിക്കുന്നവർ, ഇവരെയൊക്കെ സഹായിക്കുവാൻ വേണ്ടി നമ്മുടെ കൈവശം ഉള്ള പണം ചിലവഴിക്കുമെങ്കിൽ, ദൈവത്തിനായി അവരെ നേടുമെങ്കിൽ, ഇവയെല്ലാം അവസാനിച്ചു നിത്യതയിലേക്കുള്ള പ്രവേശനത്തിൽ അവർ നിങ്ങളുടെ സ്‌നേഹിതരായിരിക്കും.
പ്രിയമുള്ളവരേ, അനീതിയുള്ള മാമോൻ, അതായതു പണത്തെ നിശിതമായിട്ടാണ് , കർത്താവു വിമർശിക്കുന്നത്. എന്നാൽ അവയെക്കൊണ്ട് സ്‌നേഹിതരെ നേടുവാൻ കഴിയുമെന്ന് കർത്താവു നമ്മോട് പറയുന്നു... ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കുവാൻ നമുക്ക് കഴിയില്ല. കാലം അതിന്റെ അന്ത്യത്തിലേക്ക് കടക്കുമ്പോൾ, നമുക്കും നിത്യതയിലേക്കു സ്‌നേഹിതരെ സൃഷ്ടിക്കാം. ദൈവം അതിനായി നമ്മെ സഹായിക്കട്ടെ...
0 Responses to "അനീതിയുള്ള മാമോൻ"
Leave a Comment