അനീതിയുള്ള കാര്യസ്ഥനും അനീതിയുള്ള മാമോനും
വളരെ ഉത്സാഹിയും കർമ്മനിരതനുമായ മനുഷ്യനാണ് മൂന്നുനാലു ദിവസമായി വീട്ടിൽ തന്നെ കുത്തിയിരിക്കുന്നത്. ചാരുകസേരയിൽ വിഷണ്ണനായി ഒരേയിരുപ്പാണ്. നേരം പരപരാ വെളുക്കുന്നതിനു മുൻപേ പോയി രാത്രിയേറെ വൈകി വന്നു കൊണ്ടിരുന്ന മനുഷ്യനാണ്. ഇതെന്തു പറ്റി, എന്തെങ്കിലും ചോദിക്കാമെന്നു വച്ചാൽ മൂക്കത്താണ് ശുണ്ഠി. ചീത്ത കേട്ടാലും വേണ്ടില്ല, ഇതിങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ."
തന്നെ ജോലിയിൽ നിന്നും പുറത്താക്കിയ (പിരിച്ചുവിടപ്പെട്ട) കാര്യം ഇതുവരെയും ഭാര്യയോടുപോലും പറഞ്ഞിട്ടില്ല. മുൻപോട്ടു ജീവിക്കുവാൻ ഒരു വഴി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല. കൂലിപ്പണിയെടുത്തു കുടുംബം പോറ്റുവാനാണേൽ അതിനുള്ള ത്രാണി ഇനിയും ഈ ശരീരത്തിനുണ്ടോ എന്നു തോന്നുന്നില്ല. കിളയ്ക്കുവാനുള്ള ആരോഗ്യം ഇല്ല. നല്ല സമയങ്ങൾ എല്ലാം ശരീരമനങ്ങാതെയുള്ള പണിയായതിനാൽ ആരോഗ്യം എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടി ജീവിക്കുവാൻ...., യജമാനന്റെ കാര്യാദികൾ നോക്കി നടത്തുകയായിരുന്നുവെങ്കിലും സ്വന്തം പോലെയല്ലേ ഉപയോഗിച്ച് വന്നത്. നാട്ടുകാരുടെയെല്ലാം മുൻപിൽ കാര്യസ്ഥനായി നടന്നിട്ടു ഇനിയിപ്പോൾ അവരുടെ മുൻപിൽ ഇരക്കുവാൻ... ബഹുമാനത്തോടെ കണ്ടവർ പുച്ഛത്തോടെ നോക്കുന്നത് ഓർക്കുവാൻകൂടി വയ്യ... ഒരു കുറവും ഇല്ലാതെ ജീവിച്ചിട്ട് ഇപ്പോൾ യാചകനായിട്ടു ഇനിയും....
ഇനിയും ഒറ്റ വഴിയേ ഉള്ളു... അത് ഞാൻ ചെയ്യും. ഉള്ളിൽ ഊറി ചിരിച്ചുക്കൊണ്ടു ചാരുകസേര വിട്ടു എഴുന്നേൽക്കുമ്പോഴാണ് ഭാര്യ പിന്നിൽ നിൽക്കുന്നത് കണ്ടത്. "എടി, നീ ആ എന്റെ ഉടുപ്പും കുടയും ഇങ്ങെടുത്തേ, ഞാൻ പുറത്തു ഒന്ന് പോയി വരട്ടെ..."
ഭാര്യ ചോദിക്കുവാൻ വന്നതെല്ലാം വിഴുങ്ങി, കുടയും ഷർട്ടും വേഗം എടുത്തു കൊടുത്തു. മൂന്നുനാലു ദിവസമായി ഒരു ഉത്സാഹമില്ലാതെ വീട്ടിൽ ചടഞ്ഞു കൂടിയിരുന്ന മനുഷ്യൻ കുതിരയെപ്പോലെ പാഞ്ഞു പോകുന്നത് നോക്കി അവർ ഉമ്മറത്തു തന്നെ നിന്നു.
നാട്ടിലെ അറിയപ്പെടുന്ന ധനവാനും പ്രമാണിയുടെയും കാര്യസ്ഥനാണ് നമ്മുടെ കഥാപാത്രം. സകലതും വിശ്വസിച്ചു ഏൽപ്പിച്ചതാണ്. നാനാവിധമാക്കിയ തന്റെ സ്വത്തിനെക്കുറിച്ചു ആരൊക്കെയോ ചെന്ന് യജമാനന്റെ ചെവിയിൽ എത്തിച്ചു. ഈ കാര്യസ്ഥനെ ഇനിയും തുടരാനുവദിച്ചാൽ വലിയ കാലതാമസമില്ലാതെ നിങ്ങൾ തെരുവിലിറങ്ങേണ്ടി വരും. അങ്ങനെയാണ് കാര്യസ്ഥനെ ചോദ്യം ചെയ്തു പുറത്താക്കിയത്. എല്ലാം തിരിച്ചു ഏൽപ്പിക്കുവാനുള്ള അവസാനദിവസമാണ് പിടിച്ചു നിൽക്കുവാനുള്ള ആശയം വീണു കിട്ടിയത്. അതുമായിട്ടാണ് കാര്യസ്ഥൻ രാവിലെ കുടയുമെടുത്തു വീട്ടിൽ നിന്നുമിറങ്ങിയത്. യജമാനന് കടം തിരിച്ചു കൊടുക്കുവാനുള്ള എല്ലാ വീടുകളും കയറിയിറങ്ങുക....
പതിവില്ലാതെ ഇയാളെന്തിനാണ് രാവിലെ ഇങ്ങോട്ടു വരുന്നത്. കടം തിരച്ചടയ്ക്കുവാനുള്ള കാലാവധി കഴിഞ്ഞിട്ടില്ലല്ലോ...എന്നു ആലോചിച്ചു നിൽക്കുമ്പോൾ തന്നെ കാര്യസ്ഥൻ പൂമുഖത്തേക്കു കയറിയിരുന്നു...ഇഷ്ടമില്ലാത്ത പുഞ്ചിരി മുഖത്തു വരുത്തി ഇറയത്തു കിടന്ന കസേര തോളിലെ തോർത്തു കൊണ്ടു പൊടിയൊന്നും ഇല്ലാതിരിക്കെത്തന്നെ തുടച്ചു വൃത്തിയാക്കി...നീ യജമാനനു എന്താണ് കടം കൊടുക്കുവാനുള്ളത് ? ഈ മനുഷ്യൻ പറഞ്ഞു അങ്ങയ്ക്കു അറിയില്ലേ ഞാൻ നൂറു കുടം എണ്ണയാണ്, പലപ്പോഴയായി മേടിച്ചതാണ്, പ്രാരാബ്ധം ആണ് അങ്ങുന്നേ ഞാൻ എത്രയും പെട്ടെന്ന് തിരിച്ചടച്ചോളാം. "എടോ, ഞാൻ ഇപ്പോൾ കടം തിരിച്ചു ചോദിക്കുവാനല്ല വന്നത് "കാര്യസ്ഥൻ മറുപടി കൊടുത്തു. "നീ നിന്റെ കട ചീട്ട് ഇങ്ങെടുത്തേ " അതിൽ നൂറു എന്നുള്ളടത്തു അൻപതു എന്നു എഴുതു വേഗം". കടം തിരിച്ചു കൊടുക്കുവാനുള്ള മനുഷ്യൻ വളരെ സന്തോഷവാനായി . “ഞാൻ നിന്നോടുള്ള സ്‌നേഹം കൊണ്ടും നിന്റെ പ്രാരാബ്‌ദം കണ്ടും ഇതു കുറച്ചു തന്നതാ, യജമാനൻ അറിയേണ്ടാ, നമ്മൾ മാത്രം അറിഞ്ഞാൽ മതി”, ഇറങ്ങുന്നതിനു മുൻപേ കാര്യസ്ഥൻ ഓർമ്മിപ്പിച്ചു. അങ്ങനെ കടം തിരിച്ചു കൊടുക്കുവാനുള്ള എല്ലാ വീടും കയറി ഇറങ്ങി കടചീട്ടിൽ പകുതി ആയി കുറപ്പിച്ചു. ഈ വിവരവും യജമാനൻ അറിഞ്ഞു. പതിവിനു വിപരീതമായി യജമാനൻ ഈ കാര്യസ്ഥനെ അഭിനന്ദിച്ചു. കാര്യസ്ഥൻ ഈ കടം എല്ലാം ഇളച്ചു കൊടുത്ത് അവരെയെല്ലാം തന്റെ സ്‌നേഹിതന്മാരാക്കി. ഇനിയുള്ള കാലം അവരുടെ ചിലവിൽ ശിഷ്ട കാലം ജീവിക്കാം. യജമാനൻ കാര്യസ്ഥനെ അഭിനന്ദിക്കുവാനുള്ള കാരണം ഇവൻ സമ്പത്തു നാനാവിധമാക്കിയതിനെക്കാളും നഷ്ടമാണ് ഇപ്പോൾ വരുത്തിവച്ചിരിക്കുന്നത്. ഒരു പക്ഷെ കാര്യസ്ഥനെ ആ യജമാനൻ പറഞ്ഞു വിട്ടു കാണില്ല... ഈ കാര്യസ്ഥൻ തന്റെ ശിഷ്ടകാലം എങ്ങനെ ജീവിക്കുവാൻ ബുദ്ധിയുപയോഗിച്ചു എന്ന് നോക്കൂ... നമ്മുടെ കൈവശം ഉള്ള പണവും അനീതിയുള്ള മാമോനാണ്. അവയെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഈ കഥയിൽ കൂടി കർത്താവു ഓർപ്പിക്കുന്നത്. നിങ്ങളുടെ പണം നിത്യതയിലേക്കുള്ള സ്‌നേഹിതന്മാരെ സൃഷ്ടിക്കുവാൻ വേണ്ടി ഉപയോഗിക്കു. എന്തായാലും ഈ പണം ഈ ലോകം കൊണ്ട് അവസാനിക്കും, അവ നമ്മുടെ സുഖസൗകര്യങ്ങൾ കൂട്ടുവാൻ വേണ്ടിയാണു ഉപയോഗിക്കുന്നതെങ്കിൽ ഈ കാണുന്ന സുഖങ്ങൾ, പ്രതാപങ്ങൾ എല്ലാം ഈ ലോകം കൊണ്ട് അവസാനിക്കും. എന്നാൽ അശരണരെ, ആലംബഹീനരെ, അനാഥരെ സഹായിക്കുവാനും അവരെ ദൈവത്തിനായി നേടുവാനുമായി നമ്മുടെ പണം സമയം ആരോഗ്യം ഒക്കെ ഉപയോഗിക്കുമെങ്കിൽ അവർ നമ്മുടെ സ്‌നേഹിതരാകും. സ്വർഗ്ഗത്തിൽ അവർ നമ്മെ സ്വീകരിക്കും.
നാം പറയുന്നത് പണവുമായുള്ള ബന്ധത്തിൽ ബുദ്ധിമോശം കാണിക്കരുതെന്നാണ്. നമ്മുടെ കയ്യിലുള്ള പണത്തെ എങ്ങനെ വിനിയോഗിക്കണം എന്നതാണ് കർത്താവു അവിടെ ഉദ്ദേശിക്കുന്നത്. പണത്തെ കർത്താവു സംബോധന ചെയ്യുന്നത് 'അനീതിയുള്ള മാമോനെന്നാണ്'. അതിൽ കൂടുതൽ പണത്തെ കർത്താവിനു സംബോധന ചെയ്യുവാൻ പറ്റുന്നില്ല. ഈ അനീതിയുള്ള മാമോനെ എങ്ങനെ ബുദ്ധിപരമായി നമ്മുടെ തുടർന്നുള്ള നിത്യമായ ജീവിതത്തിൽ ഉപയോഗപ്പെടുത്താം എന്നതിന്റെ വലിയ ഉദാഹരണമാണ് അവിശ്വസ്തനായ കാര്യവിചാരകൻ. അയാൾ ചെയ്തത് നീതികരിക്കാനാവാത്ത കാര്യമാണ്. വിശ്വസിച്ചു ഏൽപ്പിച്ചത് വഞ്ചിച്ചെടുക്കുകയാണ്. അത് ആരിൽനിന്നൊക്കെയോ അറിഞ്ഞ യജമാനൻ അയാളെ വിളിച്ചു വരുത്തി ചോദിക്കുന്നു, നിന്നെ വിശ്വസിച്ചു ഏൽപ്പിച്ച കാര്യത്തിൽ നീ വിശ്വസ്തനല്ല, ആയതിനാൽ നീ കാര്യസ്ഥനായി തുടരുന്നത് ശരിയല്ല... ആർക്കാണ് കടം കൊടുത്ത് എന്നോ ആരൊക്കെ തിരിച്ചു കൊടുക്കുവാനുണ്ടെന്നോ എത്ര വീതം കൊടുക്കുവാനുണ്ടെന്നോ ഒക്കെ അറിയാവുന്ന ഏക ആൾ ഈ കാര്യസ്ഥനാണ്.
അനീതിയുള്ള കാര്യസ്ഥനാണ്, പക്ഷേ കടം മേടിച്ചവർക്കെല്ലാം അയാൾ കണ്ണിലുണ്ണിയായി. നമ്മുടെ കയ്യിലിരിക്കുന്ന പണത്തെ കർത്താവു സംബോധന ചെയ്യുന്നത് അനീതിയുള്ള മാമോനെന്നാണ്. ഈ അനീതിയുള്ള മാമോനെയാണ് യജമാനനായിട്ടു നാം കൊണ്ട് നടക്കുന്നത്. അവനെക്കൊണ്ട് കാര്യങ്ങൾ എല്ലാം നടത്തുവാൻ കഴിയും. ക്രയവ്യക്രയങ്ങൾ എല്ലാം നടത്തുന്നത് ഈ മാമോനെക്കൊണ്ടാണ്. എന്നു കരുതി അവൻ നമ്മുടെ യജമാനൻ ആകരുത്. പക്ഷേ നമ്മൾ അവനെ യജമാനനായിട്ടാണ് പലപ്പോഴും കരുതുന്നത്. കീറിയതും ചുളുങ്ങിയതുമായ യജമാനനെ ആദ്യമാദ്യം കൊടുത്തിട്ടു ഭംഗിയുള്ളതിനെ നാം സൂക്ഷിച്ചുവയ്ക്കാറുണ്ട്. ഇടയ്ക്കിടയ്ക്കു പേഴ്‌സ് നാം തപ്പി നോക്കാറുണ്ട്, അവിടെത്തന്നെയുണ്ടോയെന്ന്. കൂടെയുള്ള മക്കളെ സംരക്ഷിക്കുന്നതിലും ഒരുപിടി മുൻപിൽ നമ്മുടെ പേഴ്സിനെ നാം സംരക്ഷിക്കാറുണ്ട്. യജമാനൻ അനീതിയുള്ള മാമോനാണ്. ആ പണത്തെ പറ്റിയാണ് നമ്മുടെ വാചാലത കൂടുതലും. അതിനു നാം കാരണം കണ്ടെത്തും. ബുദ്ധിമോശം കാണിക്കരുത് സഹോദരാ എന്നു നാം പലരെയും ഉപദേശിക്കും....
അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചു. ശിഷ്ടകാലം എങ്ങനെ ജീവിക്കാമെന്നു കാണിച്ചു. ഇടയ്ക്കിടയ്ക്കു നാം വച്ചിടത്തുതന്നെ ഉണ്ടോ എന്നു തപ്പിനോക്കുന്ന ഈ അനീതിയുള്ള മാമോനെക്കൊണ്ടു എങ്ങനെ നിത്യതയിൽ കൂട്ടുകാരെ ഉണ്ടാക്കാമെന്നു കർത്താവു നമ്മെ പഠിപ്പിക്കുന്നു.
ലോകത്തിലെ വിലയില്ലാത്ത സാധനം പണമാണെന്നുള്ള തിരിച്ചറിവല്ല നാം തലമുറയ്ക്ക് കൈമാറുന്നത്. ഈ കഥയുടെ അവസാനം ഈ പറഞ്ഞതൊന്നും ഇഷ്ടപ്പെടാതെ തന്നെ പരിഹസിച്ച ദ്രവ്യാഗ്രഹികളായ പരീശന്മാരോടു കർത്താവു പറയുന്നത് “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ." (ലൂക്കോസ് 16:14-15) നമ്മളുമിങ്ങനെയാണ്, ഇഷ്ടമില്ലാത്തതിനെ നാം പരിഹസിക്കും, അതുമല്ലെങ്കിൽ നൂറു ന്യായങ്ങൾ നിരത്തും...
ഇതിനുശേഷം ധനവാന്റെയും ലാസറിന്റെയും സംഭവത്തിൽ കർത്താവു നമുക്ക് ഇതു വ്യക്തമായി വിവരിക്കുന്നുണ്ട്. കുറച്ചു നിമിഷങ്ങൾ മുൻപ് വരെ പടിവാതിലിൽ കിടന്നവനാണ് ഇപ്പോൾ അബ്രഹാം പിതാവിന്റെ മടിയിൽ ഇരുന്നു സന്തോഷിക്കുന്നത്. ലോകത്തിൽ ആയിരുന്നപ്പോൾ ഒന്നു കുനിഞ്ഞു നോക്കുവാൻ കഴിയാഞ്ഞതുകൊണ്ട് തന്റെ കയ്യിലിരുന്ന അനീതി യുള്ള മാമോനായ പണത്തെ ഉപയോഗിച്ച് സ്‌നേഹിതന്മാരെ കൂട്ടാതെ ആഡംബരജീവിതം നയിച്ചത് കൊണ്ടു സ്‌നേഹിതന്മാരായി കരംഗ്രഹിച്ചു നടക്കേണ്ടുന്ന സ്ഥാനത്തു ഇപ്പോൾ ധനവാന് മുകളിലേക്കു നോക്കി ലാസറിനെ കാണേണ്ടി വരുന്നു.
പ്രിയമുള്ളവരേ, ലോകം അനീതിയുള്ള മാമോനായ പണത്തെയാണ് യജമാനനായി കാണുന്നത്...കാരണം അവരുടെ ദൈവം പണമാണ് . നമുക്കു അങ്ങനെയല്ല നമ്മെ സംരക്ഷിക്കുന്ന, നമുക്കു ആവശ്യമായതെല്ലാം തരുന്നത് നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവാണ്. നമ്മുടെ പിതാവിനു നമ്മെക്കുറിച്ചു ബോധ്യമുണ്ട്. നമ്മെക്കാൾ കൂടുതൽ നമ്മെ അടുത്തറിയുന്നവനാണ് നമ്മുടെ പിതാവ്...വിശ്വാസം ചില വാക്കുകളിലൂടെ മാത്രമല്ല, നമ്മുടെ പ്രവർത്തികളിലൂടെ തെളിയിക്കപ്പെടട്ടെ....നമ്മുടെ മുകളിൽ പതിഞ്ഞിരിക്കുന്ന മുദ്ര കൈസരുടെതല്ല, നമ്മിൽ പതിഞ്ഞിരിക്കുന്ന മുദ്ര പരിശുദ്ധാത്മാവിന്റെ മുദ്രയാണ്...
പ്രാർത്ഥന : കർത്താവെ, അനീതിയുള്ള മാമോനായ പണത്തെ യജമാനനായി കാണാതെ നിത്യതയിൽ സ്‌നേഹിതന്മാരെ കൂട്ടുവാനായി ഉപയോഗിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. ആമേൻ.
0 Responses to "അനീതിയുള്ള കാര്യസ്ഥനും അനീതിയുള്ള മാമോനും"
Leave a Comment