മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും

Posted on
8th Dec, 2020
| 0 Comments

മൂത്ത പുത്രന്റെ നീതിയിവിടെ ഹനിക്കപ്പെടുന്നുവോ എന്ന ആശങ്കയാണ് എന്നെ വീണ്ടും ലൂക്കോസ് എഴുതിയ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ പിടിച്ചു നിർത്തിയത്. എന്റെ ആശങ്ക ന്യായമായിരുന്നു എന്നാണ് ഞാൻ അവസാന പകുതി വരെ ചിന്തിച്ചത്. അതിനു വ്യക്തമായ കാരണങ്ങൾ മൂത്ത പുത്രനുണ്ടായിരുന്നത് പോലെ തന്നെ എന്റെ പക്കലും ഉണ്ടായിരുന്നു. സ്വയം തർക്കത്തിലും വാഗ്‌വാദത്തിലും ഞാൻ ചിലവഴിച്ച മണിക്കൂറുകളും കുറവല്ല. ചില വാഗ്‌വാദങ്ങൾ എന്റെ രക്തസമ്മർദ്ദത്തിന്റെ അളവു ക്രമാതീതമായി വർദ്ധിപ്പിച്ചു. ഒടുക്കം എല്ലായ്‌പോഴും പോലെത്തന്നെ ഞാൻ പരാജയം സമ്മതിച്ചു. ഞാൻ കുറയുവാൻ അവസരം കൊടുക്കാത്തിടത്തോളം അവൻ എന്നിൽ വളരില്ല എന്ന യാഥാർഥ്യം ഒരിക്കൽ കൂടി ഞാൻ മനസ്സിലാക്കി. എന്നിൽ യേശു വളരുന്നതിനേക്കാൾ പ്രാധാന്യം എന്റെ ശരികൾ എന്റെ ന്യായങ്ങൾ സ്ഥാപിച്ചെടുക്കുക എന്നുള്ളതായിരുന്നു എനിക്കേറെ ആവശ്യം. അതുകൊണ്ടുതന്നെ എന്റെ തർക്കങ്ങളുടെയും സ്വയന്യായികരണത്തിന്റെയും മണിക്കൂറുകൾ ഒരു കാര്യവുമില്ലാതെ നീണ്ടുപോകുകയും ചെയ്തു.

എന്റെ ന്യായികരണശാല ഞാൻ തുറന്നിടുന്നത് അപ്പൻ ഒരുപോലെ പകുത്തു നൽകിയ വസ്തുവകകൾ മുതലാണ്. തന്റെ ഭാഗം ഒന്നും നാട്ടിൽ ശേഷിപ്പിക്കാതെ സ്മരണയ്ക്കായി പോലും ഒന്നും ശേഷിപ്പിക്കാതെയാണ് ഇളയവൻ സകലതും വിറ്റു കിട്ടിയ പണമെല്ലാം ശേഖരിച്ചു നാടുവിട്ടത്. മൂത്തമകനെ പിതാവു ശരിയായി ഗൗനിക്കുന്നില്ല എന്ന തോന്നൽ അയാൾക്ക് ഉണ്ടായിരുന്നതുപോലെ തന്നെ എനിക്കും ഉണ്ടായി. ഇളയമകൻ വീടുവിട്ടു പോയതു മുതൽ വീട്ടിലെയും പറമ്പിലേയും കാര്യങ്ങളിൽ ശ്രദ്ധിച്ചു, വേലക്കാരോടു കൂടെ വേലചെയ്തു ഒന്നിനും കുറവില്ലാതെ വീടിനെ പോറ്റുവാൻ അവൻ യത്നിച്ചു. വേലചെയ്തു, ഇളയവൻ വരുത്തിയ സകല അപമാനത്തിൽ നിന്നും കുടുംബത്തെയും അപ്പനെയും കരകയറ്റുവാൻ മൂത്തമകൻ അക്ഷീണം പ്രയത്നിച്ചു. ഇളയവൻ വിറ്റിട്ടു പോയ വസ്തുവകകളിൽ തന്റെ കൂടെ അദ്ധ്വാനം ഉണ്ടെന്ന ബോധ്യം മൂത്തവനെ ഭരിച്ചിരുന്നു എന്നു എനിക്കു ബോധ്യം ഉണ്ടായിരുന്നു. തന്റെ പ്രയത്നങ്ങളെക്കുറിച്ചു ഒരിക്കൽപോലും പരാമർശിക്കാത്ത പിതാവിന്റെ പ്രവർത്തിയെ തനിക്കു താങ്ങാവുന്നതിലും അധികമായിരുന്നു. അപ്പന്റെ അവഗണന, തന്റെ പ്രയത്നങ്ങൾ, തന്റെ നിരാശകൾ, വേദനകൾ എല്ലാം ഇറയ്ക്കി വയ്ക്കുവാൻ, പതം പറയുവാനുള്ള ഇടം കണ്ടെത്തിയത് പാടത്തും പറമ്പിലും അധ്വാനിക്കുന്ന തന്റെ വേലക്കാരുടെ സമീപേയായിരുന്നു. പ്രശ്നപരിഹാരത്തിനുള്ള നേരിട്ടുള്ള ഉപാധിയെന്ന നിലയിൽ പിതാവിന്റെ സന്നിധെ അവൻ വായ്തുറക്കാത്തവനായിരുന്നു. കുടുംബത്തിനു വേണ്ടി രാവും പകലും അദ്ധ്വാനിച്ചിട്ടു ഒരു ഇടവേളയ്ക്കു കൂട്ടുകാരുമായുള്ള ആനന്ദം എല്ലാവരെയും പോലെ താനും ആഗ്രഹിച്ചു. പക്ഷേ അതിനുള്ള അനുവാദം ചോദിക്കുവാൻ ഈ മൂത്തമകനോ, കണ്ടറിഞ്ഞു ചെയ്യുവാൻ പിതാവോ തയ്യാറാകുന്നില്ല. മൂത്ത മകന്റെ ഉള്ളിൽ ഈ ആനന്ദത്തിനുള്ള ആഗ്രഹം മാറാല കെട്ടികിടക്കുന്നുണ്ടെങ്കിലും തുറന്നുഅപ്പനോടു അനുവാദം ചോദിക്കാതെ ആശ്വാസം പകരുമെന്നു കരുതുന്ന ചിലരോടു പങ്കുവയ്ക്കുവാൻ മാത്രം തയ്യാറാകുന്നു. ആശ്വാസം പിതാവിൽ നിന്നു ലഭിക്കുന്നതുപോലെ മറ്റുള്ളവരിൽ ലഭിക്കുകയില്ലായെന്ന ബോധ്യം തന്റെ അഹംഭാവം മൂലം അവഗണിക്കുന്നു. നിന്റെ അപ്പനു നിന്നോടല്ല സ്‌നേഹം സകലതും നശിപ്പിച്ചു ധൂർത്തടിച്ച ഇളയവനോടാണെന്ന എരിവുള്ള സംഭാഷണവും മൂത്തമകനെ പിതാവിൽനിന്നകറ്റി. രാപ്പകലില്ലാതെ ഞാൻ കഷ്ടപ്പെട്ടിട്ടും എനിക്കൊരു ആട്ടിൻകുട്ടിയെ തന്നിട്ടില്ലായെന്ന നിരന്തര ആവലാതി സകലത്തിനും യജമാനൻ എന്നുള്ള പദവിയിൽ നിന്നും ബാല്യക്കാരുടെ മുൻപിൽ ഇടിവു സ്വഭാവികമായും വരുത്തിയിട്ടുണ്ടാവാം. അവകാശി സർവ്വത്തിനും യജമാനൻ എങ്കിലും അപ്പനെ തിരിച്ചറിയുന്നതിൽ അപ്പന്റെ മനസ്സു വായിക്കുന്നതിൽ ശിശുവായിരിക്കുന്നിടത്തോളം ദാസന്മാരുടെ മുൻപിൽ വിശേഷതയുള്ളവനല്ല എന്ന യാഥാർഥ്യം താൻ അവഗണിക്കുന്നു. ചിലരുടെ വ്യാജ കരുതലിൽ അപ്പനെക്കാൾ കൂടുതൽ സ്‌നേഹിക്കുന്നുവെന്ന മൗഢ്യബോധ്യം തന്നെ അപ്പനിൽ നിന്നകറ്റുകയും വ്യാജ സംപ്ത്രിയിൽ സുഖനിദ്ര കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു.

അനിയന്റെ മടങ്ങിവരവിൽ സന്തോഷിച്ചു അറുത്ത കാളക്കുട്ടിയുടെ തൂക്കം വിവരിക്കുമ്പോൾ അതു തടിപ്പിച്ച കാളക്കുട്ടിയെന്ന പരാമർശം തന്റെ ഉള്ളിൽ ഒതുങ്ങിക്കൂടിയ ചെറിയ ആട്ടിൻകുട്ടിയെന്ന നിരാശയെ പുറത്തെത്തിക്കുന്നു. തന്റെ നിരാശ ബാല്യക്കാരുമായി പങ്കുവയ്ക്കുകയും അപ്പന്റെ കുറ്റം ദാസന്മാരുടെ മുൻപിൽ നിരത്തുകയും ചെയ്തതാണ് അറുത്ത കാളയെ തടിപ്പിച്ച കാളക്കുട്ടിയെന്ന പരാമർശത്തിൽ എത്തുവാൻ ബാല്യക്കാരനു ധൈര്യം പകർന്നത്. ഇനിയും ആട്ടിൻകുട്ടിയെ ഒരുപക്ഷേ അറുത്തു കൂട്ടുകാരുമായി പങ്കിടുവാൻ പിതാവു അനുവാദം കൊടുത്തിരുന്നുവെങ്കിലും ഈ മകൻ സംതൃപ്തനാകുമായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ കാളയും ആടും തമ്മിൽ താരതമ്യം ചെയ്തും വഴക്കുണ്ടാക്കുമായിരുന്നു.

ഉള്ളിൽ അടക്കിവച്ചിരുന്ന സകല കോപവും, നിരാശയും ഒരിക്കലും പിതാവിന്റെ പക്കൽ കാണിക്കാതിരുന്ന മകന്റെയുള്ളിൽ നിന്നും അണപൊട്ടിയൊഴുകുന്നത് കണ്ടു പിതാവ് സ്തബധനായിക്കാണും. അപ്പന്റെ മുൻപിൽ വച്ചു ഒരിക്കലും പറഞ്ഞു കൂടാത്ത വാക്കുകൾ മകനിൽ നിന്നും പുറത്തേക്കു ഒഴുകുന്നു. ഒരിക്കലും ഒരു പേരുദോഷം നിനക്കു വരുത്താത്ത, നാട്ടിലും വീട്ടിലും നല്ലപേരുണ്ടാകുവാൻ അക്ഷീണം പ്രയത്നിച്ച എനിക്കു കൂട്ടുകാരുമായി ആനന്ദിക്കുവാൻ ഒരു ആട്ടിൻകുട്ടിയെ നീ എനിക്കു തന്നിട്ടില്ല ഈക്കാലമത്രയും. എന്നാൽ നിന്റെ മുതൽ വേശ്യമാർക്കു കൊണ്ടു കൊടുത്തു നാട്ടിലും വീട്ടിലും നിനക്ക് അപമാനം വരുത്തിയ ഈ നിന്റെ മകൻ വന്നപ്പോഴേക്കും തടിപ്പിച്ച കാളക്കുട്ടിയെ അറുക്കുവാൻ അവൻ എന്തു സന്തോഷമാണ് നിന്റെ ഹൃദയത്തിനു പ്രധാനം ചെയ്തത്.

തന്റെ പ്രവർത്തിക്കൊണ്ടു കൂടിയാണ് ഇതൊക്കെ നിലനിന്നു പോകുന്നതെന്ന ബോധ്യമാണ്, അപ്പനോടു കയർക്കുവാൻ തന്നെ പ്രേരിപ്പിച്ചത്. തന്റെ പ്രവർത്തിയിലൂടെ നീതിമാൻ ആകുവാനുള്ള പരിശ്രമമാണ്, തന്നെ അപ്പനിൽ നിന്നും അകറ്റിയതും കയർക്കുവാൻ ധൈര്യം കൊടുത്തതും. മാതാപിതാക്കൾ വൃദ്ധരായി തീരുന്നതു തങ്ങളുടെ മക്കൾ തങ്ങളോടു എതിർത്ത് പറയുവാൻ തുടങ്ങുമ്പോഴാണെന്നു എവിടെയോ വായിച്ചിട്ടുണ്ട്. ഈ മൂത്ത മകന്റെ അധ്വാനം, പ്രവർത്തി പിതാവിനോട് നേർക്കുനിന്നു കയർക്കുവാൻ തന്നെ പ്രേരിപ്പിച്ചു.

മൂത്തമകന്റെ ന്യായങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ച എന്നെ മാറ്റിചിന്തിക്കുവാൻ പ്രേരിപ്പിച്ച ഘടകം, നക്ഷ്ട്ടപെട്ട മകനെ തിരികെ ലഭിച്ച അപ്പന്റെ സന്തോഷം പങ്കുവയ്ക്കുവാൻ കൂട്ടാക്കാതെ മർക്കടമുഷ്ടി കാണിച്ചതിനാലാണ്. മടങ്ങി വരവ് അപ്പന്റെ ഹൃദയം സന്തോഷ പൂരിതമായെങ്കിലും മൂത്തവനെ സംബന്ധിച്ചു.ആലോചിക്കുവാൻ കഴിയാത്തതാണ്. കൂലിക്കാരനിൽ ഒരുവനെപ്പോലെ കണ്ടാൽ മതിയെന്ന പറഞ്ഞാണ് വന്നതെങ്കിലും ഞാൻ സ്‌നേഹം കാണിച്ചാൽ ഉറപ്പാണ്, ഇനിയുമുള്ളതിൽ നിന്നു എന്തെങ്കിലും അവനുകൊടുത്തെ മതിയാകു.

അപ്പന്റെ ഔദാര്യത്തിലല്ല, എന്റെ പ്രവർത്തിയാൽ ഞാൻ യോഗ്യനാണെന്നുള്ള മനോഭാവമാണ്, മൂത്തമകന്റെ ന്യായത്തിനു കാരണം. അതുകൊണ്ടാണ് ഇളയസഹോദരന്റെ/ പിൻപന്മാരുടെ മടങ്ങിവരവിനെ തടയിടുവാൻ മൂത്തവൻ/ മുമ്പന്മാർ ശ്രമിക്കുന്നത്. തന്റെ പ്രവർത്തിയുടെ ന്യായത്തിൽ, തന്റെ കഠിനാദ്ധ്വാനത്തിന്റെ കണക്കുകൾക്കുള്ളിൽ നിന്നും പുറത്തവരാത്തതുകൊണ്ടു അപ്പൻ പ്രകടിപ്പിച്ച സന്തോഷത്തെ അവജ്ഞയോടെ അവൻ തള്ളിക്കളഞ്ഞു.

തന്റെ കഠിനാദ്ധ്വാനത്തിന്റെയും പ്രവർത്തികളുടെയും കണക്കുകൾ നിരത്തി അവയിൽ നീതികണ്ടെത്തി, അപ്പന്റെ മകനെന്ന യോഗ്യത തനിക്കുണ്ടെന്ന് ഉറപ്പു വരുത്തുന്ന മൂത്തമക്കൾ.

പ്രവർത്തികളാൽ നീതികരിക്കുവാൻ ശ്രമിക്കുന്തോറും മാനസാന്തരത്തിന്റെ ആവശ്യകതയിൽ നിന്നും ഹൃദയനുറുക്കത്തിന്റെ സമീപേ നിന്നും നാം വളരെയേറെ അകലം പാലിച്ചിട്ടുണ്ടാകും. ഇളയവന്റെ ധൂർത്തു ജീവിതമല്ല അവനെ പ്രാധാന്യത്തിലേക്കു നയിച്ചത്, അവന്റെ നിസ്സഹായാവസ്ഥ ആണ്. അപ്പൻ സ്‌നേഹിക്കുന്നതുപോലെ യാതൊരാളും സ്‌നേഹിക്കുകയില്ലയെന്ന തിരിച്ചറിവ് തന്നെ തിരിഞ്ഞു നടക്കുവാൻ പ്രേരിപ്പിക്കുന്നു. ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തു, ഇനിയും നിന്റെ മകനെന്ന പേരിനു ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്ന് പറയും എന്ന തീരുമാനത്തിലാണ് ഭവനത്തിലേക്ക് പുറപ്പെടുന്നത്. ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തു,എനിക്ക് യോഗ്യതയില്ല നിന്റെ മകനെന്നുള്ള അവകാശത്തിനു... ബാക്കിപറയുവാൻ അപ്പൻ അവനെ സമ്മതിച്ചു കാണില്ല. മടങ്ങിവരുന്ന ഇളയസഹോദരന്മാരെ ചേർത്തുപിടിക്കുവാനുള്ള മനസ്സ് ഉണ്ടാകാതെ വാതിൽക്കൽ കടകവിരുദ്ധം നിൽക്കുന്ന മൂത്ത സഹോദരന്മാർ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നവരല്ല. നഷ്ടപെട്ട സഹോദരനെ തേടിയിറങ്ങുവാനുള്ള മനഃസ്ഥിതി കാണിക്കാതിരുന്നതും പോരാഞ്ഞു സ്വയമേ മടങ്ങിയവനെ വീട്ടിൽ കയറ്റുവാനും നാം മടികാണിക്കുന്നു. പിൻപന്മാർ മുൻപന്മാരുടെ ഗണത്തിലും മുമ്പന്മാർ പിമ്പന്മാരുടെ ഗണത്തിലും തഴയപ്പെടുകയാണ്....നമുക്കു അംഗീകരിക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിലും.

<< Back to Articles Discuss this post

0 Responses to "മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image