വാർത്തകൾ
മുൻപെങ്ങും ഇല്ലാത്തതുപോലെ വാർത്തകളുടെ ഒരു കാലഘട്ടമാണിത്. മുൻപ് രാവിലെ പത്രം വന്നാൽ തലേദിവസത്തെ അറിയേണ്ട സുപ്രധാന വാർത്തകൾ എല്ലാം അവയിലുണ്ടാകും. അത് കൊണ്ട് നാം തൃപ്തിയടയും. റേഡിയോ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ വാർത്ത നൽകും. ടെലിവിഷന്റെ ആദ്യനാളുകളിൽ വൈകുന്നേരങ്ങളിൽ മാത്രം കുറച്ചു മിനിട്ടു കൊണ്ട് തീരുന്ന വാർത്ത നൽകുകയും അവയിൽ നാം ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.
ഈ ദശാബ്ദത്തിന്റെ പ്രത്യകത, സോഷ്യൽ മീഡിയയുടെ അതിപ്രസരം, ഓൺലൈൻ മാധ്യമങ്ങളുടെ കവിഞ്ഞൊഴുക്കു, എല്ലാ ഓരോ സെക്കന്റിലും വാർത്ത പിറക്കുവാൻ കാരണമായി. അതുപോലെ തന്നെ ഓരോരുത്തരും വാർത്ത അവതാരകരായി. വാർത്തയുടെ വാഹകരായി. കുറച്ചേറെ നേരം അന്തരീക്ഷത്തിൽ പറന്നു നടക്കുകയും 'k’ യും ‘m’ ഉം വലതു വശത്തു വരത്തക്കവിധത്തിൽ വാർത്തകൾ ചമയ്ക്കണമെങ്കിൽ പൊടിപ്പും തൊങ്ങലും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതുമായ നിറമുള്ള കഥകളും ആയിരിക്കേണം. വ്യാജമായ കഥകൾ ചമയിക്കുന്നതും, അർദ്ധസത്യങ്ങൾക്കു നിറം പിടിപ്പിക്കുന്നതുമായ വാർത്തകൾ അസത്യമെന്നറിയാമെങ്കിലും അന്തരീക്ഷത്തിൽ അനേകദൂരം പറന്നു നടക്കും. കാറ്റു അതിന്റെ ഉത്ഭവ ത്തിൽ നിന്നും ശക്തി പ്രാപിച്ചു ചില മണിക്കൂറുകൾ വീശിയടിച്ചു നാശം വരുത്തി വന്മരങ്ങളെ കടപുഴക്കി, സംഹാരതാണ്ഡവം ആടുന്നത് പോലെ വാർത്തകൾ പടച്ചുവിട്ടവൻ ഉദ്ദേശിച്ചതിനേക്കാൾ എത്രയോ മടങ്ങു കൂടുതൽ നാശം വരുത്തി കെട്ടടങ്ങും. നാശകരമായ ഈ വാർത്തകൾ തിരിഞ്ഞു നടക്കുന്നില്ല. താൻ നശിപ്പിച്ച, കടപുഴക്കിയ, നാശനഷ്ടം വരുത്തിയ പ്രദേശങ്ങളിലൂടെ... അടുത്ത കൊടിയ വാർത്തയുമായി അടുത്ത വാർത്ത അണിയറയിൽ തയ്യാറായിട്ടുണ്ടാവും.
വാർത്തകൾ ഇങ്ങനെയാണ്. വാർത്തകൾ ചെറിയ വിഭാഗത്തിനു സന്തോഷം കൊടുക്കുന്നതാണെങ്കിൽ ബഹുഭൂരിപക്ഷത്തിനും അവ ആനന്ദമേകില്ല. ഒരു വാർത്തയും എല്ലാവരെയും സംതൃപ്‌തി പെടുത്തുകയില്ല. ഇത്രയും കാടുകയറി വർത്തയെകുറിച്ചു വിവരിക്കുവാൻ കാരണമുണ്ട്. എല്ലാവർക്കും സന്തോഷം പകരുന്ന ഒരു വാർത്തയെ അവതരിപ്പിക്കുവാനാണ്. ഇപ്പോൾ പുതിയതെന്നു പറഞ്ഞു അവതരിപ്പിക്കുവാൻ ഇതു ഇപ്പോൾ ഉണ്ടായതല്ല. അനാദികാലം മുതലേ ഉള്ളതാണ്. രണ്ടായിരം വർഷങ്ങൾക്കു മുൻപാണ് ഭൂമിയിൽ അവതരിച്ചത്. " സർവ്വ ജനത്തിനും ഉണ്ടാവാനുള്ളൊരു മഹാ സന്തോഷം...കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ ജനിച്ചിരിക്കുന്നു." ഇതാണ് ആ വാർത്ത. മറ്റു യാതൊരു വാർത്തകൾക്കും നൽകുവാൻ കഴിയാത്ത സമാധാനത്തിന്റെ, സന്തോഷത്തിന്റെ, സംതൃപ്തിയുടെ വാർത്ത.
അതാണ് Good News. നല്ല വാർത്ത. യേശുവിനെ രക്ഷകനായി സ്വീകരിക്കുവാനുള്ള അവസരം നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകയില്ല എന്ന സദ്വാർത്ത . ഈ വാർത്ത അനേക ദൂരം സഞ്ചരിക്കുന്നുവെങ്കിലും മരങ്ങളെ കടപുഴക്കുന്നില്ല. നാശനഷ്ടം വരുത്തുന്നില്ല. ആരുടെയും സന്തോഷം അപഹരിക്കുന്നില്ല. പിന്നയോ നിത്യ സമാധാനം, നിത്യ സന്തോഷം, സംതൃപ്തി ഇവയാൽ നിറച്ചു ഒരു മന്ദമാരുതനെപ്പോലെ നിങ്ങൾക്കു ആശ്വാസം നൽകുന്നു. നിങ്ങളുടെ പാപങ്ങളുടെ കടുംചുവപ്പു, ഹിമം പോലെ വെളുപ്പിക്കുന്നു. സാരമില്ലായെന്നു മൊഴിയുന്നു. ചേർത്തുപിടിക്കുന്നു. തഴുകുന്നു. കൂടെ വസിക്കുന്നു.
ഈ നല്ല വാർത്ത കേൾക്കാം... ഈ വാർത്ത അനേകരിലേക്കു എത്തിക്കാം... എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!
“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം;
ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം”
0 Responses to "വാർത്തകൾ"
Leave a Comment