പ്രയോജനമില്ലാത്ത ദാസൻ

Posted on
4th Feb, 2021
| 0 Comments

വായനാഭാഗം -ലൂക്കോസ് 17 :5-10

യാതൊരു മനഃസാക്ഷിയും ഇല്ലാത്ത ക്രൂരനായ ഒരു യജമാനനെയാണല്ലോ കർത്താവു ലൂക്കോസിന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ പരിചയപ്പെടുത്തുന്നത് എന്നു ഏറെക്കാലം എന്നെ സങ്കടപ്പെടുത്തിയ കാര്യമാണ്. അതിരാവിലെ എഴുന്നേറ്റു വീട്ടിലെ കാര്യങ്ങൾ എല്ലാം ക്രമീകരിച്ചതിനു ശേഷം വളർത്തുമൃഗങ്ങളുടെ കാര്യാദികൾ, അവയുടെ ഭക്ഷണം, ശുചികരണം തുടങ്ങിയവയും നിവർത്തിച്ചിട്ടാണ്, ഉഴുവാനും മേയ്ക്കുവാനായും വയലിലേക്കോ തോട്ടത്തിലേക്കോ ഈ ദാസൻ യാത്രയാവുന്നത്. വയൽ വിത്തുവിതയ്ക്കുവാൻ പാകത്തിൽ ഒരുക്കുന്നു. വിത്തു വിതയ്ക്കുന്നു. അതിനെ പരിപാലിക്കുന്നു. കള പറിക്കുന്നു, സമയാസമയങ്ങളിൽ വളം ഇടുന്നു. വെള്ളം ആവശ്യത്തിനു വയലിലേക്കു കയറ്റി വിടുന്നു. മൃഗങ്ങളിൽ നിന്നും, പക്ഷികളിൽ നിന്നും മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും സംരക്ഷിക്കുവാനുള്ള മുൻകരുതൽ എടുക്കുന്നു. ദിവസവും പരിചരണത്തിനായി വയലിൽ കൂടെ നടക്കുന്നു. വയലിലെ മാത്രമല്ല, മേയ്ക്കുകയും ചെയ്യുന്ന ദാസൻ. തക്കസമയത്തു ആഹാരം കൊടുക്കുവാൻ ബാധ്യസ്ഥൻ കൂടിയാണ് ഈ ദാസൻ. ("യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ." മത്തായി 24:45-46 ) തുടർന്ന് പകലത്തെ അദ്ധ്വാനത്തിനു ശേഷം ക്ഷീണിച്ചു അവശനായി തന്റെ വേലസ്ഥലത്തുനിന്നും സന്ധ്യാസമയത്തു യജമാനന്റെ അടുത്തേക്കു ഈ ദാസൻ വരുന്നു.   ദാസനു ഇരുന്നു ഒന്നു വിശ്രമിക്കുവാനോ, ഒന്നു ക്ഷീണമകറ്റിയിട്ടു ബാക്കിയുള്ള കാര്യം ചെയ്യുവാനോ സാവകാശം ലഭിക്കുന്നില്ല. "നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല: എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറകയില്ലയോ?" (വാക്യം 7-8) ഇവിടെയാണ് ഈ യജമാനൻ ക്രൂരനാണെന്നുള്ള സംശയം എന്നിൽ ബലപ്പെട്ടത്.

 ഈ സാദൃശ്യം കർത്താവു പറയുവാനുള്ള കാരണം കേൾക്കുമ്പോഴാണ് കുറച്ചുക്കൂടെ നമുക്കു ആകാംക്ഷയേറുന്നത്. "അപ്പൊസ്തലന്മാർ കർത്താവിനോടു ആവശ്യപ്പെടുന്നത്  ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമെയെന്നാണ്."  വിശ്വാസം വർദ്ധിച്ചു കിട്ടുവാനുള്ള ആഗ്രഹത്തോടെ നില്ക്കുന്ന ശിക്ഷ്യന്മാരോടു, മുൻപിൽ നിൽക്കുന്ന കാട്ടത്തി വേരോടെ പറിഞ്ഞു കടലിൽ നട്ടു പോകാ എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും. അതിനു കടുകുമണിയോളം വിശ്വാസം മതി എന്നാണ്. മണ്ണില്ലാത്ത സ്ഥലത്തു വൃക്ഷം നടുന്നത് അസംഭവ്യമാണ്. അതു കടലിൽ കൂടിയാലോ. അങ്ങനെ സംഭവിക്കണമെങ്കിൽ കടുകുമണിയോളം വിശ്വാസം മതിയെന്നാണ് കർത്താവു പറയുന്നത്. ഇങ്ങനെയൊരു വിശ്വാസം ആർജ്ജിച്ചെടുക്കണമെങ്കിൽ നാം ആഗ്രഹിക്കുന്നതുപോലെ വിശ്വാസം ജീവിതത്തിലൂടെ വർദ്ധിപ്പിക്കണമെങ്കിൽ എന്തു ചെയ്യണമെന്നാണ് കർത്താവു ഈ സാദൃശ്യത്തിലൂടെ നമ്മോടു പറയുന്നത്.

അതിരാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഉള്ള അദ്ധ്വാനമാണ്. അതും രാത്രിയിൽ ഉറങ്ങുന്നതുവരെ യാതൊരു വിശ്രമമില്ലാത്ത ജോലിയാണ്. എങ്കിലും യജമാനനിൽ നിന്നു ഈ ദാസൻ നന്ദി പ്രതീക്ഷിക്കുന്നില്ല. യജമാനൻ നന്ദി പറയുന്നതുമില്ല. വിശ്വാസം വർദ്ധിക്കുവാനുള്ള ഏറ്റവും വലിയ ഉപാധി ഓരോ ശുശ്രൂഷാ മുഖത്തും ഞാൻ പ്രയോജനമില്ലാത്ത ദാസനാണു, നിന്റെ കൃപയാണ് ഓരോ ശുശ്രൂഷയും ചെയ്യുവാൻ എന്നെ പ്രാപ്തനാക്കുന്നത്. അതു ഉഴുമ്പോഴാകട്ടെ, വിത്തു വിതയ്ക്കുമ്പോഴാകട്ടെ, പരിപാലിക്കുമ്പോഴാകട്ടെ, കൊയ്യുമ്പോഴാകട്ടെ, പിന്നീടു യജമാനനു ശുശ്രൂഷ ചെയ്യുമ്പോഴാകട്ടെ, നിരന്തരം ഇതു തന്നെയാണ് ചെയ്യുന്നതെങ്കിലും ഒന്നും എന്റെ കഴിവുകൊണ്ടല്ല ഞാൻ ചെയ്യുന്നത് യജമാനന്റെ കരുണ മുഖാന്തിരം ആണെന്നുള്ള തിരിച്ചറിവാണ്. എന്തെങ്കിലും പ്രയോജനം വരത്തക്കനിലയിൽ എന്നെ പ്രാപ്തനാക്കിയത് നീയാണ്. നിന്റെ ശുശ്രൂഷ എന്നെ ഏൽപ്പിച്ചതുമൂലമാണ്. നിന്റെ വയലിൽ അദ്ധ്വാനിക്കുവാൻ, നിനക്കു അരകെട്ടി ശുശ്രൂഷിക്കുവാൻ എന്നെ അനുവദിച്ചതാണെന്നുള്ള ബോധ്യം. ശുശ്രൂഷയുടെ ഓരോ മേഖലയിലും എന്റെ  നിസ്സഹായവസ്ഥ പ്രകടമാകുമ്പോൾ എന്റെ വിശ്വാസം വർദ്ധിക്കുകയാണ്. എന്റെ കഴിവില്ലായ്മയിലും എന്നെക്കൊണ്ടു തന്റെ മഹത്വരമായ  ശുശ്രൂഷ ചെയ്തെടുക്കുവാൻ കർത്താവു എന്നെ തിരഞ്ഞെടുത്തുവല്ലോ എന്നു തിരിച്ചറിയുമ്പോൾ, ഞാൻ അറിയാതെ പറഞ്ഞുപോകും ഞാൻ പ്രയോജനമില്ലാത്ത ദാസനാണു, ചെയ്യേണ്ടതെ ചെയ്തിട്ടുള്ളുവെന്ന്.

വിശ്വാസം വർദ്ധിപ്പിക്കുവാൻ നാം ചെയ്യേണ്ടത്, കർത്താവു പറയുന്നതുപോലെ ചെയ്യുവാൻ നാം ഉത്സാഹിക്കുക. അവ ചിലപ്പോൾ കാഠിന്യമേറിയതായിരിക്കും. അതിരാവിലെ എഴുന്നേൽക്കേണ്ടിവരും. വയലിൽ അദ്ധ്വാനിക്കേണ്ടി വരും. ക്ഷീണത്തോടെ മടങ്ങേണ്ടി വരും.

വയലിൽ എത്ര അദ്ധ്വാനിച്ചാലും യജമാനന് അരകെട്ടി ശുശ്രൂഷ ചെയ്യുക എന്നുള്ളതിൽ നിന്നും ഒഴിഞ്ഞിരുന്നാൽ നമ്മുടെ അദ്ധ്വാനം പൂർണ്ണമാകുകയില്ല. യജമാനന്റെ പാദത്തിൽ ഇരുന്നു അവനോടു പഠിപ്പാനും അവനിൽ നിന്നു കേൾക്കുവാനും തയ്യാറായി, നാളത്തെ ദിവസത്തെ അദ്ധ്വാനത്തിനായുള്ള ഊർജ്ജം കണ്ടെത്തേണ്ടതും/ പ്രാപിക്കേണ്ടതും യജമാനന്റെ പക്കൽ നിന്നാണ്.

പിന്നെ ഈ സാദൃശ്യം നമ്മെ ഓർമ്മിപ്പിക്കുന്നത്, വേല തികയ്ക്കുമ്പോൾ, കർത്താവിന്റെ സന്നിധിയിൽ എടുക്കപ്പെടുമ്പോൾ മാത്രമെ, അതായതു ഈ ഭൂവിലെ വാസം വെടിയുമ്പോൾ മാത്രമെ വിശ്രമം അനുവദിക്കുകയുള്ളു എന്നുള്ളതാണ്. പലപ്പോഴും നാം ഇവിടെത്തന്നെ വിശ്രമം കണ്ടെത്തുവാനും, സുരക്ഷിത സ്ഥലം തേടുവാനും സമാധാനപൂർണ്ണവും സ്വസ്ഥവുമായുള്ള വിശ്രമം കണ്ടെത്തുവാനും ശ്രമിക്കും. എന്നാൽ ശുശ്രൂഷാ മുഖത്തുള്ളവർക്കു വിശ്രമമില്ല.

യജമാനനിൽ നിന്നും മറ്റുള്ളവരിൽ നിന്നും നന്ദി പ്രതീക്ഷിക്കുന്നവർ വിശ്വാസജീവിതത്തിൽ വളർന്നവരല്ല. ജനത്തിൽ നിന്നും പുകഴ്ച ആഗ്രഹിക്കുന്നവരും വിശ്വാസത്തിൽ വളർന്നവരല്ല. നന്ദി പ്രതിക്ഷിക്കുമ്പോൾ, പുകഴ്ച ആഗ്രഹിക്കുമ്പോൾ നാം ചിന്തിക്കുന്നത് നമ്മുടെ കഴിവുകൾ കൊണ്ടാണ് ശുശ്രൂഷ ചെയ്തു തീർത്തെന്നാണ്. എന്നാൽ നാം ചെയ്യുന്ന ഓരോ പ്രവർത്തികളുടെയും മുൻപിൽ നാം  കഴിവില്ലാത്തവരാണ് എന്നുള്ള തിരിച്ചറിവ്, ദൈവത്തിന്റെ പരമാധികാരത്തിലുള്ള ആശ്രയം നമ്മെ ദൈനംദിന ജീവിതത്തിൽ നാം പോലും അറിയാതെ വിശ്വാസമുള്ളവരാക്കും. ഒടുക്കം നമ്മുടെ നിസ്സഹായവസ്ഥയിൽ നിന്നു കൊണ്ടു നാം പറയും "ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാർ" വിശ്വാസം വർദ്ധിപ്പിക്കുവാനായി കർത്താവു എന്നോടു കാട്ടിയ ദയ, ക്രൂരനെന്നു ഞാൻ ആദ്യം വിശഷിപ്പിച്ചതിൽ നിന്നും ദയയുള്ള യജമാനനെന്നു എന്നെ മാറ്റിപ്പറയിപ്പിക്കുവാൻ തക്കതായിരുന്നു.

<< Back to Articles Discuss this post

0 Responses to "പ്രയോജനമില്ലാത്ത ദാസൻ"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image