ദിയൊത്രെഫേസ്
മറ്റുള്ളവർക്കുള്ള എഴുത്തുകൾ വായിക്കരുതെന്നാണ്. അതും പ്രീയമുള്ളവർ തങ്ങളുടെ പ്രീയമുള്ളവർക്കു എഴുതുമ്പോൾ, അതിൽ മറ്റുള്ളവർ, വെളിയിൽ നിൽക്കുന്നവർക്കു വായിക്കുവാൻ പാടില്ലാത്തതു പലതും കാണുമായിരിക്കും. മറ്റാരെയെങ്കിലും അഡ്രസ് ചെയ്തുള്ള എഴുത്തുകൾ വായിക്കരുതെന്നുള്ളത് ഒരു അലിഖിത നിയമമാണ്. അതു ഞങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗവും ഞങ്ങളിൽ ഇഴുകി ചേർന്നതുമാണ്. പക്ഷേ, ഗായോസെ, അങ്ങേക്കു ലഭിച്ച, അങ്ങയുടെ പ്രീയനായവൻ എഴുതിയ കത്ത് ഞങ്ങൾ വായിച്ചിരിക്കുന്നു. അതും രണ്ടായിരം വർഷങ്ങൾക്കിപ്പറമിരുന്നു കൊണ്ട്.
കുറച്ചേറെ വായിച്ചിരിക്കുവാനുള്ള എന്റെ ആവേശത്തിന് തിരശ്ശിലയിട്ടു കൊണ്ടാണ് മഷിയും തൂവലും കൊണ്ട് എഴുതുവാനുള്ള മനസ്സില്ലായ്മ എന്ന ഈ കത്തിന്റെ അവസാന ഭാഗം എന്നെ തെല്ലു നിരാശപ്പെടുത്തിയത്. പക്ഷേ നിങ്ങൾ മുഖാമുഖം കാണുമ്പോൾ സംസാരിച്ചിരുന്നതൊക്കെയും നിശബ്ദമായി വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുവാൻ രാത്രിയുടെ നിശബ്ദതയിൽ എനിക്ക് സാധിച്ചു.
നിങ്ങളുടെ സഭയിലെ ദിയൊത്രെഫേസിനെ എനിക്കും അറിയാം. നിങ്ങളുടെ സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വഭാവത്തോടു ചേർന്നു നിൽക്കുന്ന സ്വഭാവം ചിലപ്പോഴൊക്കെ അത്ര വലുതല്ലെങ്കിലും എന്നിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു. യേശു കർത്താവിന്റെ സുവിശേഷം ചിലരെങ്കിലും അറിഞ്ഞില്ലെകിലും കുഴപ്പമില്ല എന്നേക്കാൾ വലിയവനാകേണ്ട മറ്റാരും എന്നു ഞാൻ നിരീച്ചു. അവരെ ഒഴിവാക്കുവാൻ ഞാൻ പാടുപ്പെട്ടു. അവരുടെ കുറ്റങ്ങൾ മറ്റുള്ളവർക്കു മനസ്സിലാകത്തക്ക വിധത്തിൽ വിശുദ്ധിയുടെ പേരിലെന്നും, എന്റെ സഭയിൽ ഇതു നടക്കുകയില്ല എന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ചു പുറത്തേക്കുള്ള വഴി വെട്ടുന്നതിനു ആക്കം കൂട്ടിയിട്ടുണ്ട്.
എന്റെ മുൻപിൽ കയറുന്നവരെ ഏതു വിധേനെയും പിൻപിലാക്കുവാൻ അവരുടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ഒഴിവാക്കുവാൻ ഞാൻ അധികം തുനിഞ്ഞിരുന്നു. എന്റെ സിംഹാസനം ഉറപ്പിക്കുന്ന തിരക്കിൽ യേശുവിന്റെ രാജ്യം ഞാൻ പാടെ ഉപേക്ഷിച്ചു. എന്നിൽ കൂടെ അല്ലാതെ സഭയ്ക്കു ഒരു നിലനില്പില്ലായെന്നു ഞാൻ വ്യാജ സ്വപ്നം കണ്ടു. എവിടെയും എന്റെ പേര് വരണമെന്നു കണ്ടിട്ടു ഓടി നടന്നു അദ്ധ്വാനിച്ചു. സകലത്തിലും എന്റെ പേര് വന്നെങ്കിലും ആത്മാവില്ലാത്ത പ്രകടനമായി സകലതും. ആരാധനയ്ക്കിടയ്ക്കുള്ള എന്റെ കണ്ണുനീരു പോലും യേശു കർത്താവു കാണുന്നതിനെക്കാൾ മറ്റുള്ളവർ കാണുമ്പോൾ ഉള്ള ആത്മനിർവ്രിതിയിൽ നിന്നു ഞാൻ ഓരോ ആഴ്ചയിലും ആലയത്തിൽ നിന്നു ഞാൻ വിട പറഞ്ഞു. ചെറുതായി തുടങ്ങിയ എന്റെ വ്യാജം, പിന്നീട് അതു നിർത്തുവാൻ കഴിയാതെവണ്ണം എന്നിൽ അതു ഇഴുകിചേർന്നു. വ്യാജവും അഭിനയവും പാടില്ലായെന്നു അറിയാമെങ്കിലും അവ സാധ്യമല്ലാത്ത നിലയിൽ അവ എന്നിൽ വളരെയേറെ സ്വാധിനം ചെലുത്തിക്കഴിഞ്ഞിരുന്നു.
എന്റെ സംതൃപ്തിയെക്കാൾ ആത്മികൻ എന്ന പേരിന്നുള്ള ക്ഷതം എനിക്കു ആലോചിക്കുവാൻ കൂടി വയ്യാതായിരിക്കുന്നു.
സഭയുടെ വളർച്ചയ്ക്കു തടസ്സം നില്ക്കുന്ന ദിയൊത്രെഫേസ് പ്രധാനിയാകുവാൻ ആഗ്രഹിക്കുന്നതിനാൽ, ദൈവഹിതം സഭയിൽ നടക്കുവാൻ സമ്മതിക്കാതിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലാകേണ്ട യോഗങ്ങൾ മാനുഷിക കരങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ സ്വാത്രന്ത്ര്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കു വിലങ്ങുതടിയാകുന്നു.
പ്രധാനിയാകുവാനുള്ള പരക്കം പാച്ചിലിനിടയിൽ എത്രയോ ആത്മാക്കൾ നഷ്ട്ടപ്പെട്ടു. എത്രയോ കൃപാവരങ്ങൾ നഷ്ടമായി. അനുഗ്രഹങ്ങൾ ഉപേക്ഷിക്കപ്പെട്ടു. അതിലൊക്കെ ഉപരിയായി ദൈവരാജ്യത്തിന്റെ വ്യാപനം നാം മൂലം നഷ്ടമായി. ഈ ചെയ്യുന്നത് തിന്മയാണെന്നും തിന്മയൊന്നും ദൈവത്തിൽ നിന്നുള്ളതല്ല എന്നുള്ള തിരിച്ചറിവും ഇല്ലാതെയായിപ്പോയി. ദൈവരാജ്യത്തിനു തടസ്സമാകുന്ന ദിയൊത്രെഫേസുമാർ സഭയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇടം പിടിക്കുമ്പോൾ ആത്മീയർക്കു അവിടെ സ്ഥാനമില്ലാതെയാകുന്നു. എതിർപ്പിനും, അസ്സമാധാനത്തിനും വഴിവെക്കാതിരിക്കുവാനുമായി, ഇടർച്ചകൾ ഇല്ലാതിരിക്കുവാനുമായി ശാന്തത കൈവരിക്കുന്നതിനാൽ ദിയൊത്രെഫേസിനു അതു വളമാകുന്നു.
ഒരു വലിയ ഉണർവ്വിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയങ്ങളിൽ നാം അതിനു തടസ്സമാകരുത്. 'ഒരൊറ്റ പാപി വളരെ നന്മ നശിപ്പിക്കുന്നു'. അനേകരുടെ നന്മകൾ നശിപ്പിച്ചുകളയുവാൻ ഒരൊറ്റ പാപിക്കു സാധിക്കും. നന്മ നശിപ്പിക്കുന്ന പാപി ഞാനാകാതിരിക്കുവാനുള്ള ജാഗ്രത ഉള്ളവരായിരിക്കാം നാം ഓരോരുത്തരും. ദിയൊത്രെഫേസായി ഞാൻ മാറുന്നുണ്ടോ എന്നു വിചിന്തനം ചെയ്യാം... പ്രധാനിയാകുവാൻ ശ്രമിക്കുന്ന ഓരോ നിമിഷവും യേശു നമ്മിലൂടെ വെളിപ്പെടുവാനുള്ള അവസരങ്ങൾ ആണ് നാം നഷ്ടമാക്കുന്നത്.
ദിയൊത്രെഫേസ് മാത്രമല്ല ദെമേത്രിയൊസു മാരും നിങ്ങളുടെ സഭയിൽ ഉണ്ടെന്നു ഞാൻ കേട്ടു. അങ്ങയുടെ സഭയിലെ ദെമേത്രിയൊസിനെ പറ്റിയും നിങ്ങൾ സംസാരിക്കുന്നതു ഞാൻ കേട്ടു. എല്ലാവരാലും സത്യത്താൽ തന്നേയും സാക്ഷ്യം ലഭിച്ച ദെമേത്രിയൊസുമാർ...
പ്രാർത്ഥന: ഈ ലോകത്തിൽ ലഭിക്കുന്ന പ്രാധാന്യം നശ്വരമാകുന്നു എന്നും സത്യത്താൽ സാക്ഷ്യം ലഭിക്കുന്നതാണ് പ്രാധാന്യമേറിയെതന്നും ഞാൻ മനസിലാക്കുന്നു... എന്നെ നടത്തുന്നവർക്കു കീഴടങ്ങിയിരിക്കുവാനും അവരെ കൂട്ടാക്കുവാനും അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ആത്മാവിനു വേണ്ടി ജാഗരിക്കുവാനും ഇടവരുത്തുവാൻ എന്നെ സഹായിക്കേണമേ...ആമേൻ
0 Responses to "ദിയൊത്രെഫേസ്"
Leave a Comment