ഈഖാബോദ്
അപ്രസക്തമായ ഒരു പേരുകാരനാണ് ഈഖാബോദ്. രണ്ടുതവണയിൽ കൂടുതൽ അദ്ദേഹത്തിന്റെ പേര് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അനേക തവണ രേഖപ്പെടുത്തുവാൻ കഴിയുമായിരുന്ന പേരുകാരനാണ്. പക്ഷേ വിധിയുടെ വിളയാട്ടത്തിൽ എങ്ങനെയോ ആ പേരു അപ്രസക്തമായി. വംശാവലി എണ്ണി വരുമ്പോൾ, ദിനവൃത്താന്തത്തിലെങ്കിലും രേഖപ്പെടുത്തേണ്ടതായിരുന്നു. ഈ അപ്രസക്തമായ പേരുകാരനിലൂടെയും ചില സന്ദേശങ്ങൾ കൈമാറുവാൻ ദൈവം ആഗ്രഹിക്കുന്നതിനാലാണ് നമുക്ക് അപ്രസക്തമെന്നു തോന്നുമെങ്കിലും തിരുവചനത്തിൽ ഈ പേര് വരുവാൻ കാരണമായത്. വാഹനം ഓടിച്ചുപോകുന്നവർക്ക് ചില അപകട മേഖലകളിൽ മുന്നറിയിപ്പു നൽകുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് പോലെയാണ് ചില പേരുകൾ...
ഈഖാബോദ് ഫീനെഹാസിന്റെ മകനാണ്. ഏലീ പുരോഹിതന്റെ കൊച്ചുമകൻ. ശമുവേൽ പ്രവാചകൻ തന്റെ പുസ്തകം എഴുതി തുടങ്ങുമ്പോൾ ആമുഖത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളിലൊന്ന് ഈ ഫീനെഹാസിന്റേതാണ്. ശമൂവേൽ തന്നെത്തന്നെ പരിചയപ്പെടുത്തുന്നതിനു നാടും, അപ്പനും തന്റെ കുടുംബ പശ്ചാത്തലവും കുറച്ചുകൂടെ വിശദികരിച്ചാൽ പുരോഹിതനായ ഏലീയെക്കൂടെ പരിചയപ്പെടുത്തി ആരംഭിക്കാമായിരുന്നു. പക്ഷേ ഏലീയുടെ മക്കളായ ഹൊഫ്നിയും ഫീനെഹാസിനെയും കൂടെ മനപ്പൂർവ്വമായി ഉൾപ്പെടുത്തിയിരിക്കുന്നതായി നമുക്കു കാണുവാൻ സാധിക്കും. തുടർന്നുള്ള അദ്ധ്യായങ്ങൾ വായിക്കുമ്പോഴാണ് ആമുഖത്തിൽ തന്നെ ഇവരുടെ പേരുകൾ വരുവാൻ എന്താണ് കാരണമെന്നു നാം മനസ്സിലാക്കുന്നത്.
ഏലീയുടെ ഈ രണ്ടു മക്കളും യഹോവയുടെ പുരോഹിതന്മാരായിരുന്നു. ഏലീ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്ത പുരോഹിതനാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കളായ ഹൊഫ്നിയും ഫീനെഹാസും പിന്തുടർച്ചാവകാശമെന്ന നിലയിൽ അവിടെ പുരോഹിതന്മാരായി. ശുശ്രുഷയും മ്ലേച്ഛതയും ഒരുമിച്ചു കൊണ്ടുപോകാമെന്നു അവർ തെളിയിച്ചു. ദൈവത്തിന്റെ യാഗപീഠത്തെ അശുദ്ധമാക്കി. യാഗവസ്തുവിൽ അന്യായമായി കൈകടത്തി. യഹോവയെ ഓർക്കാത്ത യഹോവയുടെ പുരോഹിതന്മാർ. ശിക്ഷാവിധി താമസിക്കുന്നതിനാൽ കുഴപ്പമില്ല എന്ന് അവർ കരുതി. ഇന്നലെ ചെയ്തതിനു കുഴപ്പമില്ലാത്തതിനാൽ നാളെയും ചെയ്യുവാൻ അവർ മടി കാണിച്ചില്ല.
ദൈവത്തെക്കാൾ ബഹുമാനം മക്കൾക്കു കൊടുത്തതിനാൽ ഏലീ പുരോഹിതന്റെ പ്രാർത്ഥനയും വിഫലമായി. അപ്പന്റെ ഉപദേശം വളരെ താമസിച്ചു പോയിരുന്നു. യഹോവ അവരെ കൊല്ലുവാൻ നിശ്ചയിച്ചതു കൊണ്ടു അപ്പന്റെ വാക്കുകൾ അവർ കൂട്ടാക്കിയില്ല. ഉപദേശങ്ങളെ അപ്പാടെ തിരസ്കരിക്കുകയും ഉപദേശം നൽകുന്നവരെ പുച്ഛിക്കുകയും ചെയ്യുമ്പോൾ ദൈവം കൈവിട്ടോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. മടങ്ങിവരുവാൻ കഴിയാത്ത വിധത്തിൽ മോഹങ്ങളും ലോകസുഖങ്ങളും ദൈവത്തെക്കാൾ ഉപരിയായി അവരിൽ സ്വാധിനം ചെലുത്തിയിരുന്നു. ആലയത്തിലെ എല്ലാ വ്യവസ്ഥകളും അറിയാമായിരുന്നിട്ടും അശുദ്ധിയെ പിന്തുടർന്നതിനാൽ മടങ്ങിവരവിനുള്ള സാധ്യത മങ്ങുകയായിരുന്നു. "പ്രകാശനം ലഭിച്ചു സ്വർഗ്ഗിയ ദർശനം ആസ്വദിച്ചവർ പിന്മാറിയാൽ പിന്നെ മടക്കി വരുത്തുക അസാധ്യമാണ്." (എബ്രായർ 6:4-6)
യുദ്ധത്തിനു പുറപ്പെടുമ്പോൾ ജനത്തോടുകൂടെ ദൈവത്തിന്റെ പെട്ടകത്തോടൊപ്പം ഭൂമി കുലുങ്ങുംവണ്ണം ഉച്ചത്തിൽ ആർപ്പിടുവാൻ ഈ രണ്ടു പുരോഹിതന്മാരും ഉണ്ടായിരുന്നു. പാപം ചെയ്തു കൊണ്ടു ശുശ്രുഷ ചെയ്യുവാൻ കഴിയും. ഉച്ചത്തിൽ പാട്ടുപാടി ആരാധിക്കുവാൻ കഴിയും. പണ്ടെപ്പോഴോ മനസ്സിനെ കുളിരണിയിച്ച, കണ്ണുകളെ ഈറനണിയിച്ച പാട്ടുപാടുമ്പോൾ വീണ്ടും ഉച്ചത്തിൽ പാടുവാൻ സാധിക്കും. ഭൂമി കുലുങ്ങുംവണ്ണം ഉള്ള ആർപ്പിടിലും ദൈവം പ്രസാദിച്ചില്ല.
ഒറ്റ കുടുംബത്തിന്റെ മ്ലേച്ഛത മുപ്പതിനായിരം പേരുടെ നാശത്തിനു കാരണമായി. "ഒറ്റ പാപി വലിയ നന്മ മുടക്കുവാൻ കാരണക്കാരനാകുന്നുവെന്നു" സഭാപ്രസംഗി നമ്മെ ഉപദേശിക്കുന്നു. മേദസ്സു ദഹിക്കുന്നതിനു മുൻപേ മുപ്പല്ലി കുത്തി ദൈവത്തിന്റെ ദഹനയാഗത്തെ അശുദ്ധമാക്കിയവർ...ശിക്ഷ താമസിച്ചതിനാൽ വീണ്ടും വീണ്ടും പാപം ചെയ്യുവാൻ മടികാണിക്കാത്തവർ... ഒടുക്കം നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചു പോയി.
ഈഖാബോദ് ജനിക്കുന്നതു അപ്പൻ നഷ്ട്ടപെട്ട ദിനമാണ്. വല്യപ്പനും ഉപ്പാപ്പനും അവസാനം അമ്മയും നഷ്ട്ടപ്പെട്ട ദിനം. സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ടു ദുഃഖം ഉണ്ടാകുമെങ്കിലും കുഞ്ഞിനെ പ്രസവിച്ചശേഷം ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കണ്ടാത്തതാണ്. ഈഖാബോദിന്റെ കാര്യത്തിൽ അങ്ങനെയും ഉണ്ടായില്ല.
ശമുവേൽ ജനിക്കുന്നതിനു മുൻപേ ഏലീ പുരോഹിതന്റെ മക്കൾ അതിക്രമം ആരംഭിച്ചിരുന്നു. ആമുഖത്തിൽ തന്നെ ഈ രണ്ടു പുരോഹിതന്മാരുടെയും പേരുവരുവാൻ കാരണമായതിന്റെ സാംഗത്യം ഇപ്പോഴാണ് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.
ദൈവ ശുശ്രുഷ വിശ്വസ്തമായി ചെയ്യേണ്ടതാണ്. വിശ്വസ്തതയിൽ ഭംഗം വരുമ്പോൾ, നിരന്തരമായ അവിശ്വസ്തതയും അതിക്രമവും മറ്റൊരാളെ ശുശ്രുഷ ഏൽപ്പിക്കുവാൻ ദൈവത്തെ നിർബന്ധിക്കുന്നു.
ആലയത്തിൽ യാഗങ്ങൾ നടക്കുന്നുണ്ടെങ്കിലും ദൈവം ആ യാഗത്തിൽ പ്രസാദിക്കുന്നില്ലായിരുന്നു. വചനം ദുർല്ലഭമായിരുന്നു... ദർശനം തീരെ ഇല്ലായിരുന്നു...
ഏലീയുടെ കുടുംബം യഹോവയെ അറിയാതെ യാഗപീഠത്തെ അശുദ്ധമാക്കി അവിശ്വസ്തത കാട്ടി തങ്ങളുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകന്നതിനു സമാന്തരമായി ദൈവം ഹന്നയെ തീയിൽ കൂടി കടത്തിവിട്ടു ഒരു ശമുവേലിനെ വളർത്തിയെടുക്കുകയായിരുന്നു. അതിക്രമങ്ങൾ കൊണ്ടും പാപം കൊണ്ടും നിറഞ്ഞ ജീവിതത്തിൽ ശിക്ഷ താമസിക്കുന്നതിനാൽ ബാലശിക്ഷ ഒഴിവാക്കപ്പെടുകയും ദൈവം ഇതൊന്നും കാര്യമായി എടുക്കുന്നില്ലന്നും കുഴപ്പമില്ലായെന്നും നമ്മൾ നിരീക്ഷിക്കുന്നുവെങ്കിൽ ഭയപ്പെടണ്ടിയിരിക്കുന്നു. നമുക്കു പകരം ഒരാളെ സമാന്തരമായി എഴുന്നേൽപ്പിക്കുന്നുണ്ടാകും. ശമുവേൽ ബാലന്മാർ, അടുത്ത തലമുറ എഴുന്നേൽക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാൽ നമ്മുടെ അവിശ്വസ്തത കൊണ്ടു ദൈവം മറ്റൊരാളെ എഴുന്നേൽപ്പിക്കുന്നുവെങ്കിൽ എത്ര കഷ്ടമായി പോകും നമ്മുടെ ജീവിതം. പകരമായി എഴുന്നേൽക്കുന്നവനെ നോക്കി അസൂയപ്പെട്ടിട്ടും അവനെ തകർക്കുവാൻ നോക്കിയിട്ടും പിന്നെ കാര്യമില്ല. ശൗൽ രാജാവിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. തന്റെ അനുസരണക്കേടും അവിശ്വസ്തതയും നിമിത്തം ദാവീദിനെ ദൈവം എഴുന്നേൽപ്പിക്കുമ്പോൾ അവനെ കൊല്ലുവാനായി പകയോടെയാണ് തന്റെ ശിഷ്ട കാലം ജീവിച്ചു തീർക്കുന്നത്. ജനങ്ങളുടെ പരിപാലനത്തെക്കാൾ ഉപരി ദൈവം എഴുന്നേൽപ്പിച്ചവനെ തകർക്കുവാൻ ആളും അർത്ഥവും അവൻ ചിലവഴിക്കുന്നു.
നവീകരണത്തിലൂടെ കർത്താവു ശുദ്ധികരിച്ചെടുത്ത അവസാന മുന്നേറ്റമെന്നു അഭിരമിക്കുന്ന, പിതാക്കന്മാരെയോർത്തു ഊറ്റം കൊള്ളുന്ന നാം, നമ്മുടെ നിരന്തരമായ അവിശ്വസ്തതയാൽ വേറൊരു വിഭാഗത്തിനെ സമാന്തരമായി എഴുന്നേൽപ്പിച്ചാലോ ?.
ഈഖാബോദ് ഒരു സൂചനയാണ്...നിഷ്കളങ്ക ബാല്യങ്ങൾ അനാഥത്വം പേറുന്ന നേർക്കാഴ്ച....നമ്മുടെ സുഖങ്ങൾ അതിക്രമങ്ങൾ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുന്നതു അതിൽ ഒന്നും പങ്കാളികളാകാത്ത ബാല്യങ്ങൾ ആയിരിക്കും...
0 Responses to "ഈഖാബോദ്"
Leave a Comment