മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ...
ദേശത്തു കേൾക്കുന്ന വർത്തമാനങ്ങൾ , ഭയാശങ്കകൾ നിറഞ്ഞ ഭാവി, നാളെ എങ്ങനെ ജീവിക്കുമെന്ന അനതിസാധാരണമായ വേവലാതി ഇവയാണ് 'ദൈവം അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലായെന്നു' നാഴികയ്ക്കു നാല്പതുവട്ടം ഉരുവിടുന്ന വിശ്വാസികളെപ്പോലും നയിക്കുന്നത്.
ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയത്തെ ഞെരിച്ചുകളയത്തക്ക നിലയിലുള്ള മുള്ളും പറക്കാരയും വളരുന്ന നിലമായി നമ്മുടെ ഹൃദയം മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ സ്വാധിനം അത്രയേറെ നമ്മിൽ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. എണ്ണമില്ലാത്ത നന്മകൾക്കു നന്ദിയെന്നു ആരാധനയുടെ കുറച്ചുനിമിഷങ്ങൾ കയ്യുയർത്തിപ്പാടുമെങ്കിലും, എണ്ണമില്ലാത്ത ആകുലതകൾ വീണ്ടും ഇന്നലകളിലെ ദൈവിക നന്മകളെ ഞെരിഞ്ഞമർത്തുകയാണ്.
'സ്വർഗ്ഗസ്ഥനായ പിതാവു നിങ്ങൾക്കു ആവശ്യം ഉള്ളതെല്ലാം അറിയുന്നു' എന്ന രാജകീയ ലിഖിതം കൈവശം ഇരിക്കുകയും ആയിരക്കണക്കിനു പ്രാവശ്യം അതുതന്നെയെന്നു വായിച്ചുബോധ്യപ്പെടുകയും, നൂറുക്കണക്കിനു മനുഷ്യരിലൂടെ സാക്ഷ്യമായി പ്രസ്താവിക്കപ്പെടുകയും, സ്വന്ത ജീവിതത്തിന്റെ ഇന്നലകളിൽ തിരിച്ചറിയുകയും ചെയ്തിട്ടും "ഉറപ്പാണോ, നാളെയും നീ നടത്തുമോ കർത്താവേ" എന്നു ചോദിക്കുവാൻ നമുക്കു ഒട്ടും മടിയില്ലാതായിരിക്കുന്നു.
വേവലാതികൾ ദൈവരാജ്യം അന്വേഷിക്കുവാനുള്ള നമ്മുടെ കടമയിൽ നിന്നു നമ്മെ അകറ്റിനിർത്തുന്നു. സുവിശേഷം അറിയിക്കുക എന്ന നിർബന്ധം, നശിച്ചുപോകുന്ന കൂടപ്പിറപ്പുകളെ പറ്റിയുള്ള വിചാരം നമ്മുടെ ദൈനദിനജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത പ്രാരാബ്ദങ്ങളോ ആകുലതകളോ അപഹരിച്ചു കഴിഞ്ഞിരിക്കുന്നു.
ദൈവരാജ്യത്തിന്റെ അന്വേഷണം, വ്യാപനം എന്റെ ചുമതലയിൽപ്പെട്ടതല്ല എന്ന ചിന്ത തുടങ്ങുന്നിടത്തു ദൈവം വിഭാവനം ചെയ്ത സഭയിൽ നിന്നു നാം പിന്നോക്കം നടക്കുവാൻ ആരഭിച്ചിരിക്കും. പിന്നീടങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ആത്മാവില്ലാത്ത ശരീരത്തിന്റെ നിർജ്ജീവാവസ്ഥയിലായിരിക്കും. ഭൂമിയിൽ നേടിയതിന്റെ സംരക്ഷണമോ, നാളെയെക്കുറിച്ചുള്ള വേവലാതികളുടെ പരിഹാരസെല്ലുകളോ ആയി സഭ മാറ്റപ്പെടും.
പ്രീയപ്പെട്ടവരെ, കർത്താവിനെ അറിയാതെ നമ്മുടെ ചുറ്റിലും ജീവിച്ചു മരിക്കുന്ന ആയിരങ്ങളുടെ ഡെസ്റ്റിനി ദൈവത്തോടുള്ള സ്വസ്ഥതയില്ലല്ലോയെന്നുള്ള ആശങ്കയോടെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുവാൻ തുടങ്ങാം... നാം പാർക്കുന്ന ചെറുതും വലുതുമായ പട്ടണങ്ങൾക്കായി ആത്മഭാരത്തോടെയുള്ള പ്രാർത്ഥന, ദൈവസഭകൾക്കും നമ്മെ നടത്തുന്നവർക്കായുള്ള നിരന്തരമായ യാചന, സുവിശേഷം അറിയിക്കുവാനുള്ള വാഞ്ഛ, ഉണർവ്വിനായുള്ള ദാഹം, യേശുവിനെപ്പോലെ ഭൂമിയിൽ ജീവിക്കുവാനുള്ള കൊതി നമ്മിൽ ഭരമേല്പിച്ചിരിക്കുന്ന അല്പത്തിൽ, വിശ്വസ്തരായി ആരംഭിക്കാം. നമുക്കാവശ്യമായതെല്ലാം നാം ആവശ്യപ്പെടാതെ ദൈവം നമുക്കായി നൽകും. അവൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലവും കർത്താവിന്റെ മേൽ ഇട്ടുകൊള്ളുക. നാളത്തെ ദിവസം തനിക്കായി വിചാരപ്പെട്ടുകൊള്ളും... ആ ജോലി ഇന്നേ നാം ചെയ്യണ്ടാ... മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ നമുക്കു ലോകത്തു ജീവിക്കുവാനാവശ്യമായതെല്ലാം കർത്താവു കരുതിക്കൊള്ളും. 'ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.' എന്ന പൂർണ്ണമായ ബോധ്യം നമ്മെത്തന്നെ പറഞ്ഞുപഠിപ്പിച്ചു സംതൃപ്തിയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ...
0 Responses to "മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ..."
Leave a Comment