വീണ്ടും ജനനം
വീണ്ടും ജനനം എന്നാൽ നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന, ജഡത്തിൽ നിങ്ങളെ ജനിപ്പിച്ച മാതാപിതാക്കളുടെ വീട്ടിൽ നിന്നു, യേശുവിന്റെ വീട്ടിൽ ജനിക്കുന്നതിനെയാണ് വീണ്ടും ജനനം എന്ന് പറയുന്നത്. യോഹന്നാൻ 1:12 ൽ പറയുന്നത് "അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു."
യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചു അവന്റെ നാമത്തെ വിശ്വസിക്കുവാൻ തയ്യാറാകുന്ന ഏവർക്കും യേശുവിന്റെ ഭവനത്തിൽ ജനിക്കുവാൻ സാധിക്കും.
യേശുവിന്റെ വീട്ടിൽ ജനിക്കുന്നവൻ രക്തബന്ധത്തിന്റെയോ ജഡത്തിന്റെ ഇച്ഛയ്ക്കനുസരിച്ചോ പുരുഷൻ തീരുമാനിച്ചിട്ടോ അല്ല ജനിക്കുന്നത്, ദൈവപുത്രനിലുള്ള വിശ്വാസത്താലത്രേ ജനിക്കുന്നത്.
പ്രിയപ്പെട്ടവരെ, എന്താണ് നാം വിശ്വസിക്കുന്നത് , ഞാൻ പാപിയാണെന്നും എന്നെപ്പോലെ ഒരു കൊടുംപാപിയെ സ്‌നേഹിച്ചു അവന്റെ വീട്ടിൽ വളർത്തുവാനുള്ള കൃപയുടെ നിറവിനാൽ എനിക്കും കൃപ ലഭിച്ചെന്നും നാം വിശ്വസിക്കുന്നു.
ഒരു കുഞ്ഞു നമ്മുടെ കുടുംബത്തു പുതിയതായി പിറവിയെടുക്കുന്ന സന്തോഷത്തിൽ നാം മധുരം വിളമ്പും എല്ലാവരെയും വിളിച്ചറിയിക്കും. വളരെ ഉത്സാഹമുള്ളവരാകും. നമ്മുടെ സന്തോഷം പ്രകടിപ്പിക്കുവാൻ കഴിയുന്നതിനപ്പുറമായിരിക്കും. യേശു കർത്താവും പറയുന്നു " മനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും" എന്ന്.
അപ്പോൾ ഉണ്ടാകുന്ന സ്വഭാവിക ചോദ്യമാണ് ഈ പാപ ലോകത്തിലല്ലേ ഞാൻ ജഡത്തിൽ ജീവിക്കുന്നത് ? അപ്പോൾ വീണ്ടും പാപം നമ്മിൽ പിടിക്കില്ലേ ?
കുഞ്ഞുങ്ങളുടെ പ്രത്യകതയുണ്ട് പിച്ചവയ്ക്കുവാൻ പ്രാപ്തിയായെന്നു തോന്നിത്തുടങ്ങുമ്പോൾ അവരു തന്നെ നടക്കുവാനായി നമ്മിൽ നിന്നു ഇറങ്ങിയോടും. കുറച്ചു നേരം വേച്ചു വേച്ചു പോയി കാലൊക്കെ വേദനിക്കുമ്പോൾ തിരിഞ്ഞു നമ്മളെ നോക്കിക്കൊണ്ടു നമ്മുടെ അടുത്തേക്കു വരും. നമുക്ക് മാർഗ്ഗതടസ്സം വരുത്തിക്കൊണ്ട് കൈയുയർത്തി ഒരു നിൽപ്പുണ്ട്. എന്നെ എടുത്തോ, എനിക്കിനിയും നടക്കുവാൻ വയ്യാ... നാം ആ കുഞ്ഞിനെ വാരിയെടുത്തു അവനു നടക്കുവാൻ കഴിയാത്ത സ്ഥലത്തോളം എടുത്തു കൊണ്ട് നടക്കും.
സഹോദരങ്ങളെ യേശുവിന്റെ വീട്ടിൽ ജനിച്ച ദൈവത്തിന്റെ മക്കളാകുന്ന നമുക്കും തനിയെ നടക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ഈ കുഞ്ഞു ചെയ്തതുപോലെ കയ്യുയർത്തി ഒറ്റ നിൽപ്പ് . " എന്നെ എടുത്തോ... എനിക്കിനിയും തനിയെ നടക്കുവാൻ കഴിയില്ല ." റോമാ ലേഖനത്തിൽ നാം ഇങ്ങനെ വായിക്കുന്നു "ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു."
നമുക്ക് കഴിയാഞ്ഞതിനെ സാധിക്കുവാനാണ് കർത്താവു ഈ ഭൂമിയിലേക്ക് ഇറങ്ങി വന്നത് . ഒരു വിശുദ്ധ ജീവിതം നമുക്ക് അപ്രാപ്യമാണ് . എന്നാൽ പാപം ചെയ്യുവാനുള്ള ത്വര നമ്മിലേക്ക് വരുമ്പോൾ നാം മുൻപേ കണ്ട കുഞ്ഞു ചെയ്തതുപോലെ യേശുവിന്റെ മുൻപിൽ കയറി കയ്യുയർത്തി നിൽക്കുക . എന്നെ എടുത്തോ എനിക്കിനിയും നടക്കുവാൻ കഴിയില്ല. എനിക്കി പാപത്തെ ജയിക്കുവാനുള്ള കഴിവില്ല നീ എനിക്ക് പകരം നിന്നോ.
സഹോദരങ്ങളെ, നമുക്ക് പകരം നിൽക്കുന്ന എല്ലായിടത്തും നമ്മെ ജയോത്സവമായി നടത്തുന്ന യേശു കർത്താവിനായി ജീവിക്കാം. പുതിയ ദിനം യേശുവിനോടൊപ്പം ... ദൈവം നമ്മെ ഒരുമിച്ചു സഹായിക്കട്ടെ.
0 Responses to "വീണ്ടും ജനനം"
Leave a Comment