ദോഷങ്ങളുടെ കണക്കുപുസ്തകം
ദീർഘനേരത്തെ ദുർഘടം നിറഞ്ഞ പാത എന്നിലെ യാത്രികനിൽ മടുപ്പുളവാക്കി കഴിഞ്ഞിരിക്കുന്നു. എവിടെയെങ്കിലും വിശ്രമിക്കുവാനുള്ള ആഗ്രഹം നുര പൊന്തിയിട്ടു സമയമേറെയായി. തോളിലെ മാറാപ്പിൽ സൂക്ഷിച്ച വെള്ളം ഇടയ്ക്കിടയ്ക്കു സേവിക്കുന്നതൊഴിച്ചാൽ കാര്യമായ വിശ്രമം ഞാൻ എടുത്തിട്ടില്ല. ഏകാന്തതയാണ് കൂടുതൽ എനിക്കിഷ്ടമെന്നതിനാൽ ആരെയും കൂടെക്കൂട്ടാൻ തുനിഞ്ഞതുമില്ല. അല്ലെങ്കിൽ തന്നെ ഞാൻ എത്തപ്പെടേണ്ട സ്ഥലത്തു ഒറ്റയ്ക്ക് പോകുന്നതുതന്നെയാണ് നല്ലത് .
ഇടതൂർന്ന മരക്കാടുകൾ പാതയ്ക്ക് തണലും ഉന്മേഷവും നൽകുന്നുണ്ടെങ്കിലും ദീർഘദൂരത്തെ എന്റെ നടപ്പിൽ കാലിനും ശരീരത്തിനുമേറ്റ തളർച്ചയ്ക്കു ആശ്വാസമേകുവാൻ അവ മതിയാകുമായിരുന്നില്ല. കാലിന്നു നീരുവച്ചുതുടങ്ങിയിരിക്കുന്നു. ഇറങ്ങിപ്പുറപ്പെട്ട ഉഷസ്സിന്റെ ആവേശം, സന്ധ്യയായെന്ന തിരിച്ചറിവിൽ കരച്ചിലിനു വഴിമാറിയിരിക്കുന്നു. പകുതിയിലേറെ ദൂരം പിന്നിട്ടെന്ന ബോധ്യം എന്റെ നെഞ്ചിടിപ്പു വർദ്ധിപ്പിച്ചിട്ടുണ്ട്. ലക്ഷ്യത്തോടടുക്കുന്നു എന്ന വിചാരം വീണ്ടും എന്നെ പരിഭ്രാന്തനാക്കുന്നുണ്ട്. ഒരു സ്വല്പസമയത്തിനകം ലക്ഷ്യത്തിലെത്തുമെന്ന ബോധമനസ്സിന്റെ ഓർമ്മപ്പെടുത്തൽ വിശ്രമമൊഴിവാക്കി മുൻപോട്ടു പോകുവാൻ തന്നെ എന്നെ പ്രേരിപ്പിച്ചു. നട്ടുച്ചയ്ക്കുപ്പോലും സൂര്യപ്രകാശം ഇറ്റിറ്റു അരിച്ചിറങ്ങുന്ന മരങ്ങൾക്കു നടുവിലൂടെ ഇത്രയേറെ ദൂരം ഞാൻ താണ്ടിയെന്നതു അവിശ്വസിനീയമാണ്.
ചെങ്കുത്തായ പർവ്വതങ്ങൾക്കടിവാരത്തു നിന്നു തന്നെ എനിക്കുകാണുവാൻ കഴിഞ്ഞു എനിക്കെത്തപ്പെടേണ്ട സ്ഥലവും ഉയർന്നു നിൽക്കുന്ന ഗോപരത്തിന്റെ അഗ്രവും. ബാല്യത്തിൽ വായിച്ച യക്ഷിക്കഥയിലെ വലിയക്കോട്ടകളെ അനുസ്മരിപ്പിക്കുന്ന പഴഞ്ചൻ കെട്ടിടം. രണ്ടുപാളി കതകുകളാണ്. രണ്ടാൾ പൊക്കത്തിലുള്ള വാതിലിന്റെ വശങ്ങൾ ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. വാതിൽ അടച്ചു എന്നു വരുത്തിത്തീർക്കുവാൻ വേണ്ടിമാത്രം വലിയ ചങ്ങലയും അതിനറ്റത്തു വലിയൊരു താഴും. താഴിട്ടുപൂട്ടിയിരുന്നെങ്കിലും അതിന്റെ വിടവിലൂടെ ഒരു മാതിരിപ്പെട്ട ഇഴജന്തുക്കെൾക്കെല്ലാം യഥേഷ്ടം വന്നുപോകാം. എന്റെ കൈവശം ഉണ്ടായിരുന്ന താക്കോലുപയോഗിച്ചു താഴിന്റെ ബന്ധം വിടുവിച്ചതിനുശേഷം ചങ്ങല ഞാൻ വലിച്ചു താഴേക്കിട്ടു. ആ ശബ്ദത്തിലാകാം കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന പക്ഷികൾക്കൂട്ടമായി വലിയ ചിറകടിയോടെ കൂടെ പറന്നു വൃക്ഷത്തിലേക്കു ചേക്കേറിയത്. ആ ചിറകടി ശബ്ദം എന്റെ വയറ്റിൽ നിന്ന് പേടിയുടെ ഒരു ആളിച്ച കൊണ്ടുവന്നപ്പോഴാണ് ചെയ്തതു അബദ്ധമായിപ്പോയതെന്നു മനസ്സിലായത്. രണ്ടടി പൊക്കത്തിലാണ് വാതിലിന്റെ സ്ഥാനമെങ്കിലും ഞാൻ പ്രതീക്ഷിച്ച പടിക്കെട്ടു അവിടെ ഉണ്ടായിരുന്നില്ല. മന്തുപോലെ നീരുവച്ച കാലുഞാൻ ആയാസപ്പെട്ടു കൈകൾക്കൊണ്ടു താങ്ങിയാണ് എടുത്തുവച്ചത്.
കുറേക്കാലമായി ഈ വഴിയാരും വന്നിട്ടില്ലായെന്നതിന്റെ ലക്ഷണമായി മാറാല തൂങ്ങിക്കിടക്കുന്നു. വായിലും മുഖത്തുമായി പറ്റിപ്പിടിച്ച മാറാല ഞാൻ തെല്ലു അസ്വസ്ഥതയോടെ തൂത്തുമാറ്റി. പൂർണ്ണമായി ഫലം കാണാത്തതിനാൽ അവിടവിടെ പശപശപ്പു ഒട്ടുന്നു. അരണ്ട വെളിച്ചം മാത്രമാണ് ഉള്ളിലേക്കു കയറുന്നത്. ഇവിടം ഇഴജന്തുക്കളുടെയും സൂക്ഷ്മ ജീവികളുടെയും ആവാസ കേന്ദ്രമാണെന്നതു എന്റെ ഓരോ നാഡിവ്യുഹത്തിലും ഭയം അരിച്ചിറക്കുന്നുണ്ട് . എന്റെ ഓരോ ചുവടുകളും വളരെ കരുതലോടെയും അതിലേറെ ജിജ്ഞാസയോടും കൂടിയാണ്. കണ്ണെത്തും ദൂരത്തോളം നീണ്ടുകിടക്കുന്ന ഇടനാഴികൾ. കാലപ്പഴക്കമേറെ ഉണ്ടെങ്കിലും നിരയൊപ്പിച്ചു അടുക്കിവച്ചിരിക്കുന്ന വിവിധ ബുക്ക് ഷെൽഫുകൾ.
ഒരിക്കൽ വച്ചതിൽപ്പിന്നെ ആരും തുറന്നുനോക്കിയിട്ടില്ലാത്ത എണ്ണമറ്റ ഫയലുകൾ. ഓരോന്നിന്റെയും മുകളിൽ ബുക്കിന്റെയത്രത്തന്നെ ഘനത്തിലുള്ള പൊടിയുടെ വലിയ പാളി. അവ തുറന്നു വായിച്ചെടുക്കുവാൻ വർഷങ്ങൾ എടുക്കേണ്ടി വരും.
ഓരോ ഫയലുകളും തുറന്നു പരിശോധിച്ചു മുന്നേറുമ്പോഴും എന്റെ കാലുകൾക്കു ബലം കുറയുന്നതുപോലെയും തലയിൽ ഇരുട്ടുകയറുന്നതുപോലെയും എനിക്കനുഭവപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത വിധിയുടെ പകർപ്പുകൾ... വായിച്ചാലും വായിച്ചാലും തീരാത്ത കുറ്റകൃത്യങ്ങളുടെ നീണ്ട നിരകൾ... ജീവനോടെ ചുട്ടുകളഞ്ഞാൽ പോലും തീരാത്ത അധമപാപങ്ങൾ... എനിക്കുപ്പോലും അറപ്പുളവാക്കുന്ന കൊടിയപാപങ്ങൾ... ഞാൻ മൂലം വേദനിച്ച, കണ്ണീരുകുടിച്ച നിരപരാധികളുടെ ദയനീയ മുഖങ്ങൾ...ചതിക്കപ്പെട്ട ജീവിതങ്ങൾ...ദാക്ഷണ്യമില്ലാതെ പരിഹാസമേറ്റവർ... എന്റെ നാവിനാൽ ഹൃദയത്തിന്റെ മാംസഭിത്തിയിൽ നിന്നും രകതം വാർന്നു അവശരായവർ... ജീവനുതുല്യം എന്നെ സ്നേഹിച്ചിട്ടും നിസ്സാരകാര്യത്തിനായി മനഃസാക്ഷിക്കുത്തില്ലാതെ ആട്ടിയോടിക്കപ്പെട്ടവർ... എനിക്കെതിരായി മറ്റുള്ളവർ ചെയ്തുകാണുമെന്നു ഹൃദയത്തിൽ നിരൂപിച്ചു, പറഞ്ഞും പ്രവർത്തിച്ചും കുടിയിറക്കപ്പെട്ടവരുടെ നീണ്ടനിരകൾ... എന്നെ വിശുദ്ധനായി പ്രഘോഷിക്കപ്പെടുവാനായി ബലിയാടാക്കപ്പെട്ട നിഷ്കളങ്ക ജന്മങ്ങൾ... എന്നെ ന്യായികരിക്കുവാനായി തഞ്ചത്തിൽ മെനഞ്ഞെടുത്ത അപസർപ്പക കഥകൾ... ഞാൻ മൂലം പിന്മാറ്റത്തിൽ പോയവരുടെ നീണ്ട പട്ടികകൾ... എന്റെ സ്വഭാവം കാരണം പ്രവേശനം നഷ്ടപ്പെട്ടവർ... എന്റെ സ്ഥാനം ഉറപ്പിക്കാനായി മെനഞ്ഞെടുത്ത അസത്യങ്ങൾ.... എന്നോടു മറ്റുള്ളവർ ചെയ്ത നിസ്സാര തെറ്റുകൾ എല്ലാം അക്കമിട്ടു എഴുതി പകയോടുകൂടി പ്രതികാരം ചെയ്തത്... പ്രതികാരം ചെയ്തിട്ടും വീണ്ടും അവരുടെ നാശത്തിൽ സന്തോഷിച്ചത്. അവരുടെ വീഴ്ചയിൽ ആനന്ദിച്ചത്... ദൈവമേ, എന്റെ ഈ പ്രായത്തിൽ ഇവയെല്ലാം ഞാൻ ചെയ്തതാണോ ?. ഞാൻ സഹായിച്ചില്ലായിരുന്നുവെങ്കിൽ അവന്റെ ഗതിയെന്താകുമായിരുന്നുവെന്നു കൂടെക്കൂടെ ആത്മഹർഷം പേറി എനിക്കനുകൂലമായി സ്വർഗ്ഗത്തിൽ നിക്ഷേപിച്ചെന്നു വിധിയെഴുതിയതിൽപ്പോലും എനിക്കെതിരായുള്ള വിധിപ്പകർപ്പു കണ്ടു ഞാൻ അന്തംവിട്ടുപ്പോയി... പണവും സമയവും നഷ്ടമായതിലുപരി എന്റെ ഒരു പുണ്യപ്രവർത്തികളും വരവുവച്ചിട്ടില്ലല്ലോയെന്ന അറിവ് തെല്ലൊന്നുമല്ല എന്നിൽ നടുക്കമുണ്ടാക്കിയത്...ശരീരത്തിന്റെ തളർച്ച കൂടിക്കൂടി വരുന്നു... എന്റെ ശരീര ഭാരം താങ്ങാനാവാതെ കാലുകൾ കുഴയുന്നു... കണ്ണിൽ ഇരുട്ടുകയറുന്നു....
ഈ ജന്മം ഞാൻ ചെയ്തുകൂട്ടിയ വിവരിച്ചുതീർക്കാനാവാത്ത ക്രൂര പാപങ്ങളുടെ പട്ടിക ചുറ്റിനും കൂട്ടിയിട്ടു നിർവികാരനായി ഞാൻ തലകുമ്പിട്ടിരുന്നു... എന്റെ ചുറ്റിനും നിന്നു ആയിരങ്ങൾ ആർത്തട്ടഹസിക്കുന്ന ശബ്‌ദം എന്റെ കർണ്ണപടങ്ങളിൽ തട്ടി പ്രകമ്പനം കൊണ്ടു... എനിക്കു വിരോധവും പ്രതികൂലവുമായ കയ്യെഴുത്തു പ്രതികൾ ഉയർത്തിപ്പിടിച്ചു ആനന്ദനൃത്തം ചെയ്യുന്നവരുടെ ബഹളത്താൽ വേറേതോ ലോകത്തിൽ ഞാൻ എത്തപ്പെട്ടതായി എനിക്കു തോന്നി... വർഷങ്ങൾ കാറ്റും വെളിച്ചവും കയറാതെ അടച്ചിട്ടിരുന്നതിന്റെ മുശടിപ്പു മണവും, നിമിഷംപ്രതി ഞാൻ ചെയ്തുകൂട്ടിയ പാപത്തിന്റെ വമിക്കുന്ന തീവ്രഗന്ധവും എന്റെ നാസാഗ്രന്ഥിയിലെക്കു ഇരച്ചു കയറി എനിക്കു മനംപുരട്ടി വന്നു. ദൈവമേ, ഇവയെല്ലാം ചെയ്തിട്ടാണല്ലോ ഞാൻ ഘോര ഘോരം പ്രസംഗിക്കുന്നത്...അയോഗ്യമായി കൈനീട്ടരുത് എന്നു ഒരു നൂറുപ്രാവശ്യമെങ്കിലും കേട്ടിട്ടും മറ്റുള്ളവർ എന്തു വിചാരിക്കുമെന്നു വച്ച് ഞാൻ ഇവയെല്ലാം അടക്കിപ്പിടിച്ചു കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനായി നിൽക്കുന്നത് . നിന്നനില്പിൽ ഒന്നു വെന്തു ചാരമാകുവാൻ ഞാൻ കൊതിച്ചു... ഇവയെല്ലാം പൊടിതട്ടിയെടുത്തു വായിച്ചെടുക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട നിമിഷത്തെ ഞാൻ ഉള്ളറിഞ്ഞു ശപിച്ചു...തലച്ചോറു കലങ്ങി ഞാൻ ഭ്രാന്തനാകുന്നതു പോലെ എനിക്കു തോന്നി. ചെവി രണ്ടും പൊത്തിപ്പിടിച്ചു കണ്ണു രണ്ടും ഇറുക്കിയടച്ചു ഞാൻ പിന്തിരിഞ്ഞു ഓടി... വാതിലിന്റെ ഉമ്മറപ്പടിയും കടന്നു വിശാലമായ അങ്കണത്തിലേക്ക്... ഇങ്ങോട്ടുള്ള വരവിൽ ഈ വിശാലമായ മുറ്റത്തു ഒത്തനടുക്കായി കിടന്ന, എന്റെ സ്വയനീതിയുടെ ഹുങ്കിനാൽ ഞാൻ കാണപ്പെടാതെ കിടന്ന കല്ലിൽ തട്ടി ഞാൻ മുഖമടിച്ചു വീണു...ആ കിടപ്പു എത്രനേരം തുടർന്നെന്നു എനിക്കു നിശ്ചയമില്ല. ഞാൻ കിടന്നതിന്റെ അരികെ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിട്ടു ണ്ട്. വലിയൊരു പ്രളയം കഴിഞ്ഞതിന്റെ ബാക്കിപത്രം തെളിഞു കിടക്കുന്നു... തലയുയർത്തി നോക്കിയ എനിക്കു എന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ... കുറച്ചുനേരം മുൻപു വരെ തലയുയർത്തി ഗര്‍വ്വോടെ നിന്ന എനിക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു നിറച്ച ആ വലിയ കെട്ടിടം അവിടെയില്ല... അവയുടെ അവശിഷ്ടങ്ങൾ പോലും അവിടെ ശേഷിക്കുന്നില്ല...
ഒരു സ്വല്പസമയത്തിനു മുൻപു എന്റെ മുഖത്തു നോക്കി പുഞ്ചിരിതൂകിയ മുഖം കൂടുതൽ തെളിഞ്ഞു വരുന്നു... വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ എനിക്കു വിരോധമായി കയ്യെഴുത്തു പ്രതികൾ ഉയർത്തിപ്പിടിച്ചു ആനന്ദനൃത്തമാടിയവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കിയവന്റെ പുഞ്ചിരിക്കുന്ന മുഖം... എന്റെ പേരിൽ എഴുതി സൂക്ഷിക്കപ്പെട്ട അതിക്രമങ്ങൾ ഒക്കെയും എന്നോടു ക്ഷമിച്ച ചട്ടങ്ങളാൽ എനിക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞവന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി... പ്രകടിപ്പിക്കുവാൻ കഴിയാത്ത വികാരവിക്ഷോഭത്താൽ തിരികെ ഭവനത്തിലേക്കു നടക്കുമ്പോൾ, ആരോടെങ്കിലുമൊക്കെ വിളിച്ചുപറയുവാനുള്ള വെമ്പലിനാൽ കീഴ്ക്കാം തൂക്കായ മല ഓടിയിറങ്ങുമ്പോൾ വീണ്ടും പതിഞ്ഞ സ്വരത്തിൽ പുറകിൽ നിന്നു കേട്ടു "സ്‌നേഹം ദോഷങ്ങളുടെ കണക്കു പുസ്തകം സൂക്ഷിക്കുന്നില്ല..." വീണ്ടും ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കുവാനുള്ള ശക്തി ഇല്ലാതെ ഞാൻ വിതുമ്പി... എന്റെ കൈവശമുണ്ടായിരുന്ന നല്ലതും ദോഷവുമായ കണക്കു പുസ്തകത്തിന്റെ താളുകൾ ഞാനും കാറ്റത്തു കീറി എറിഞ്ഞുകൊണ്ടേയിരുന്നു...
0 Responses to "ദോഷങ്ങളുടെ കണക്കുപുസ്തകം"
Leave a Comment