യേശുവിനെപ്പോലെ ജീവിക്കുവാൻ
നാം എടുക്കുന്ന തീരുമാനങ്ങൾക്കു ഒരു പകലിന്റെ ആയുസ്സുപ്പോലുമില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് കർത്താവിന്റെ പ്രീയ ശിഷ്യൻ ശീമോൻ പത്രോസ് . യോഹന്നാൻ എഴുതിയ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ കർത്താവു പോകുന്ന സ്ഥലത്തേക്ക് ഇപ്പോൾ തന്നെ പിൻഗാമിക്കാം എന്ന് പറയുന്ന പത്രോസിനോട് ഇപ്പോൾ നിനക്കു എന്നെ അനുഗമിക്കാൻ കഴിയുകയില്ല, എന്നാൽ പിന്നെ നീ എന്നെ അനുഗമിക്കുമെന്നു പറയുന്ന കർത്താവിനോടു കർത്താവിനു അറിയാത്ത രഹസ്യം പറഞ്ഞു ഫലിപ്പിക്കുകയാണ് പത്രോസ്, കർത്താവേ നിനക്കു വേണ്ടി എന്റെ ജീവൻ നല്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുകയാണ്, അപ്പോഴാണ് പറയുന്നത് അനുഗമിക്കുവാൻ കഴിയില്ലായെന്ന് .
വിശുദ്ധനായി/വിശുദ്ധയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇന്നുമുതൽ ഞാൻ നിനക്കായി ജീവിക്കുമെന്ന് ഓരോ ദിവസവും തീരുമാനമെടുത്തിട്ടാണ് നാം ഓരോ പകലിനെയും അഭിമുഖീകരിക്കുന്നത്. എന്നാൽ കുറച്ചേറെ സമയം നാം എടുത്ത തീരുമാനത്തെ ആശ്രയിച്ചു നാം പിടിച്ചു നിൽക്കും. എന്നാൽ പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങൾ ചിലപ്പോഴൊക്കെ നമ്മെ നിലംപരിചാക്കും. ഞാൻ പിടിച്ചു നിൽക്കും, ഞാൻ വീഴില്ലായെന്ന സ്വയം മറന്നു ആഹ്ളാദിക്കുമ്പോഴായിരിക്കും പെട്ടെന്ന് തന്നെ നാം വീണുപോകുന്നത്.
പ്രതിസന്ധികളെ നാം എങ്ങനെ തരണം ചെയ്യും. നമുക്ക് നേരിടുന്ന കഷ്ടതകൾ മാത്രമല്ല, നമ്മുടെ വിശ്വാസത്തിന്റെ എല്ലാ പരിശോധനകളും എങ്ങനെ നാം വിജയിക്കും.
കഴിഞ്ഞ ദിവസമെല്ലാം ഞാൻ ദൈവത്തോട് നിലവിളിച്ച കാര്യമാണ്, പിതാവേ, ഒരു ദിവസമെങ്കിലും അങ്ങയുടെ പൊന്നോമന പുത്രൻ ഈ ലോകത്തു ജീവിച്ചതുപോലെ ജീവിക്കുവാൻ എന്നെ സഹായിക്കണമേ എന്ന്. വിശുദ്ധനാണെന്നു അഭിനയിച്ചു ജീവിക്കുവാനല്ല, മറ്റുള്ളവരെക്കൊണ്ട് വിശുദ്ധനാണെന്നു പറയിപ്പിക്കുവാനുമല്ല. യേശുവിനെപ്പോലെ ഈ ഭൂമിയിൽ ജീവിച്ചു തീർക്കുവാനുള്ള കൊതി ഉള്ളിൽ വരുവാൻ.
ഓരോ ദിവസവും നമ്മുടെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞു കർത്താവിനു നമ്മിലൂടെ ജീവിക്കുവാൻ അവസരം നല്കുമെങ്കിൽ ദൈവം നമ്മെ അത്ഭുതങ്ങളിലൂടെ നടത്തും. പ്രകോപനങ്ങളെ, പ്രതിസന്ധികളെ, ചിരിക്കുന്ന ഹൃദയവുമായി നേരിടുവാൻ കഴിയും. നമ്മുടെ സൗമ്യത മറ്റുള്ളവർ അറിയും.
വിശ്വാസത്തിന്റെ പരിശോധന നിന്നുപോകുമെന്നല്ല അതിനർത്ഥം വീണ്ടും കുറച്ചുകൂടെ വലിയ പരിശോധനകളിൽ കൂടെ നമ്മെ കടത്തിവിടുമെന്നാണ് അതിനർത്ഥം. ഓരോ വിശ്വാസത്തിന്റെ പരിശോധനകളും എനിക്ക് സ്വയമായി നേരിടുവാൻ കഴിയുകയില്ല എന്നുള്ള നമ്മുടെ നിസ്സഹായവസ്ഥ തിരിച്ചറിയുമ്പോൾ കർത്താവു നമുക്കായി പ്രവർത്തിക്കും. കർത്താവിനെ പിരിഞ്ഞു നമുക്ക് ഒന്നും ചെയ്യുവാൻ കഴികയില്ല എന്ന ശ്രേഷ്ഠമേറിയ അവസ്ഥയിലേക്ക് നാം എത്തിച്ചേരും. നമ്മുടെ നിസ്സഹായത എത്ര നല്ലതായിരുന്നുവെന്നു നാം മനസ്സിലാക്കും. ക്രിസ്തുവിന്റെ ശക്തി നമ്മിൽ ശക്തിയോടെ ആവസിക്കുന്നതുകൊണ്ടു അതിസന്തോഷത്തോടെ നമ്മുടെ ബലഹീനതകളിൽ നമുക്കു പ്രശംസിക്കുവാൻ കഴിയും. (2 കൊരിന്ത്യർ 12:9) പ്രിയമുള്ളവരേ, ക്രിസ്ത്യൻ പക്വത എന്നാൽ എനിക്കു എല്ലാം സ്വയം ചെയ്യാമെന്നു കരുതുന്നതല്ല പ്രത്യുത കർത്താവിനെ പിരിഞ്ഞു ഒന്നും എനിക്കു ചെയ്യുവാൻ കഴിയുകയില്ലായെന്നുള്ള ബോധ്യമാണ്.
നമ്മുടെ സ്വയതീരുമാനങ്ങളുടെ ദൈർഘ്യം കോഴിയുടെ മൂന്നു കൂവലിനപ്പുറം കടക്കാത്തപ്പോൾ, ദിവസവും യേശുവിനെപ്പോലെ ഈ ഭൂമിയിൽ ജീവിക്കുവാനുള്ള കൊതിയോടെ ഓരോ നിമിഷവും കർത്താവിനെ നമ്മിലൂടെ ജീവിക്കുവാനനുവദിക്കാം...
0 Responses to "യേശുവിനെപ്പോലെ ജീവിക്കുവാൻ"
Leave a Comment