കൊള്ളരുതാത്ത ദാസൻ 

Posted on
19th Sep, 2022
| 0 Comments

താലന്തു വിതരണത്തിലെ പക്ഷപാദം എന്റെ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. അസ്വസ്ഥമായ മനസ്സ് എന്റെ ചിന്തകളെ ഉദ്ധിപിപ്പിച്ചു. യജമാനനോടുള്ള അമർഷം എന്നിൽ നെരിപ്പോടായി നീറിക്കത്തികൊണ്ടിരുന്നു. എനിക്കു കിട്ടിയ 'ഒന്ന്' കൈനീട്ടി വാങ്ങുമ്പോൾ മുഖത്തു വരുത്തിയ കൃത്രിമ ചിരിയിൽ എല്ലാം ഞാൻ ഒതുക്കിയിരുന്നു. എന്റെ വിയർപ്പുകൊണ്ടു ഇനിയും അദ്ദേഹം സമ്പന്നനാകേണ്ടാ എന്നു ഞാൻ മനസ്സിൽ അപ്പോഴേ കുറിച്ചിരുന്നു. "വിതക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ" എന്നല്ലാതെ പിന്നെന്താണ് ഞാൻ അദ്ദേഹത്തെ സംബോധന ചെയ്യേണ്ടിയിരുന്നത്. മുഖപക്ഷം ഇല്ലാത്ത യജമാനൻ എന്നുള്ള പേരിന്നു അദ്ദേഹത്തിന്റെ പ്രവർത്തി തന്നെ കളങ്കം വരുത്തിയിരിക്കുന്നു. മറ്റുള്ളവരുടെ മുൻപിൽ ഒന്നിനും കൊള്ളാത്തവനെന്ന നിരീക്ഷണമല്ലേ എനിക്കുള്ളതിൽ 'ഒന്നിൽ' നിർത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കുഴിയിൽ മറച്ചുവയ്ക്കുന്നതിലുപരി മറ്റെന്താണ് അദ്ദേഹം ഒന്നുമാത്രം ലഭിച്ചവനിൽ നിന്നു പ്രതീക്ഷിക്കുന്നത്. എന്നോടുള്ള അവഗണനയ്ക്കു ദ്രവ്യം നശിപ്പിച്ചുകളഞ്ഞില്ലല്ലോ?. തന്നതു അതേപടി തിരിച്ചേൽപ്പിച്ചില്ലേ?.
കുഴിച്ചിടുന്ന താലന്തുകൾ എന്നായിരുന്നു ഞാനാദ്യം ഈ ലേഖനത്തിനു പേരിട്ടിരുന്നത്. എന്നാൽ ഉപമ വായിച്ചവസാനിക്കുമ്പോൾ താലന്തുകൾ നമ്മെ കൊണ്ടെത്തിക്കുന്നത് കൊള്ളരുതാത്ത ദാസനിലേക്കാണെന്നുള്ള തിരിച്ചറിവു, ലഘുവായി സമീപിക്കുന്നതിലുപരി ഓരോ ജാഗ്രതക്കുറവുകൾക്കും നാം വലിയ വിലനൽകേണ്ടതാണെന്നും ഈ ഉപമ വ്യക്തമായി ഓർമ്മപ്പെടുത്തിയതുകൊണ്ടാണ് ഈ തലക്കെട്ടു നൽകിയത്. കുഴിച്ചിടുന്ന താലന്തുകൾക്കു കാലികപ്രാധാന്യം ഇല്ലെന്നല്ല അതിനർത്ഥം. പക്ഷേ നമ്മുടെ ജീവിതചര്യകൾ നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളെ മാറ്റുകയോ, കുഴിച്ചിടുകയോ അതിലുപരി നശിപ്പിച്ചുകളയുകയോ ചെയ്തതുമൂലം ഒരിക്കൽ ദൈവം ഭരമേല്പിച്ച ദൗത്യം/ ഉത്തരവാദിത്വം ഇന്നത്തെ ഭൗതികവാദത്തിലൂടെ പ്രാധാന്യമില്ലാത്തതോ/ അപ്രസക്തമായോ പോയിരിക്കുന്നു. ജഡത്തിന്റെ ചിന്തകൾ നമ്മിൽ അത്രയേറെ സ്വാധിനം ചെലുത്തിയിരിക്കുന്നു. ജഡത്തിന്റെ ചിന്തകൾ റോമാ ലേഖന കർത്താവിന്റെ ഭാഷ്യത്തിൽ നമ്മെ മരണത്തിലേക്കു നയിക്കുന്നു എന്ന തിരിച്ചറിവു നമുക്കുണ്ടായിരിക്കയെയാണ് നാം ഇവയെ അലക്ഷ്യമാക്കിയിരിക്കുന്നത്.
ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക എന്ന ക്രിസ്തിയ വിശ്വാസത്തിന്റെ അടിസ്ഥാനം ഇല്ലാതെ പണിയപ്പെടുന്നതാണ്  ഈ വീഴ്ചയ്ക്ക് പ്രധാന കാരണം. ഏതു സാഹചര്യത്തിലും നടത്തുവാൻ മതിയായവനെന്നതിലുപരി നാം ആഗ്രഹിക്കുന്ന തരത്തിൽ നടത്തുവാൻ മതിയായവനെന്നുള്ള 'നേരിയ വ്യതിചലനം' (slightly changes) അധികമാർക്കും ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കുവാൻ കഴിയാത്ത രീതിയിൽ വിശ്വാസത്തെ വ്യതിചലിപ്പിച്ചു എന്നതാണ് കാലഘട്ടത്തിന്റെ പ്രധാന ദോഷം.
ഞാനെന്തിനാണ് കഷ്ടപ്പെടുന്നത് ? എന്റെ ആരോഗ്യം എന്തിനാണ് കളയുന്നത്? എനിക്കസമയം കൂടെ വേറെയെന്തെങ്കിലും ചെയ്യുവാൻ ഉപയോഗിച്ചുകൂടെ? ഉല്ലാസത്തിലേർപ്പെട്ടുകൂടെ. കുറച്ചുക്കൂടെ ജോലിചെയ്താൽ, പണം കൂടുതൽ കിട്ടിയില്ലെങ്കിലും മേലുദ്യോഗസ്ഥന്റെ പ്രീതിക്കുപാത്രമായിക്കൂടെ, ഇത്രയും നാൾ ഞാൻ അധ്വാനിച്ചിട്ടു എന്തു പ്രയോജനം? നമ്മുടെ ആരോഗ്യവും പണവും സമയവും നഷ്ടമാകുന്നതല്ലാതെ. അഞ്ചും രണ്ടും ലഭിച്ചവർ അധികം ചെയ്യട്ടെ. ഭോഷനാകുവാൻ ഇനിയും വയ്യാ...        മടിയനും ദുഷ്ടനുമായവന്നു കൂടുതൽ വിശദികരണത്തിനു പോകേണ്ടിവരും. എന്റെ പക്കലേൽപ്പിച്ച താലന്തു വ്യാപാരത്തിനു തടസ്സം യജമാനന്റെ സ്വഭാവം ആണെന്നു കണ്ടെത്തേണ്ടി വരും. നമ്മുടെ വിശ്വസ്തതയ്ക്കു കോട്ടം സംഭവിക്കുമ്പോൾ ക്രിത്യനിർവ്വഹണത്തിലെ അപാകത മറച്ചുവയ്ക്കുവാൻ പലപ്പോഴും നാം യജമാനൻ വിതക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആണെന്നു കണ്ടെത്തിയിരിക്കും. നമ്മുടെ സമയം നാം പാഴാക്കി കളയുന്നത് ഇപ്രകാരമാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടെത്തി, അതിനു ന്യായികരണം കൊടുത്തു, വിശദികരിച്ചു മടുത്തു യജമാനനെപ്പോലെയല്ല ഞാൻ എന്നു വരുത്തിത്തീർത്തു താലന്തു കുഴികുഴിച്ചു അതിൽ മറച്ചു വച്ചു അതിനുമുകളിൽ കിടന്നു ഉറങ്ങും. ന്യായികരണങ്ങളും വിശദികരണങ്ങളും കണ്ടെത്തുന്ന സമയം മതി ഈ താലന്തു വ്യാപാരം ചെയ്യുവാൻ. വ്യാപാരം ചെയ്യാതെ താലന്തു വർദ്ധിപ്പിക്കാനാകില്ല. ഏറ്റക്കുറച്ചിലുകളുടെ താരതമ്യ പഠനം നടത്തുന്നതിനേക്കാൾ നമ്മിൽ എന്തു താലന്താണ് ഉള്ളെതെന്നു കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. അതിനായി കർത്താവിന്റെ സന്നിധിയിൽ സമയം ചിലവഴിക്കുക. കൂടുതൽ ചെയ്യുന്നതിൽ അല്ല, ഏൽപ്പിക്കാത്തതു ചെയ്യുന്നതിലുമല്ല ,ഒന്നു മാത്രമേ ഭരമേല്പിച്ചുട്ടുള്ളു എങ്കിൽ അവയിൽ വിശ്വസ്തരാകുക എന്നതാണ് പ്രാധാന്യം. യജമാനനെ പ്രസാദിപ്പിക്കുവാനുള്ള ഏക പോംവഴി അതുമാത്രമേയുള്ളു. പലപ്പോഴും സങ്കടകരമായ കാര്യം ലോകത്തിലെ യജമാനന്മാരെ പ്രസാദിപ്പിക്കുവാനായി സ്വർഗ്ഗത്തിലെ യജമാനൻ നൽകിയ ദൗത്യങ്ങൾ നാം അവഗണിക്കുന്നു. ലോകത്തിലുള്ള യജമാനന്മാർക്കു പ്രസാദം ദൃഷ്ടിസേവയാലുള്ളതിനാണ്. 
ദാസന്മാരുടെ പ്രാപ്തിയെക്കുറിച്ചു തിരിച്ചറിവില്ലാത്ത യജമാനനായിരുന്നുവെങ്കിൽ, ഒന്നു കിട്ടിയവന് അഞ്ചു തലന്തായിരുന്നു വ്യാപാരം ചെയ്യുവാനേൽപ്പിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ നഷ്ട്ടം എത്രയോ ഇരട്ടിയാകുമായിരുന്നു. 
പ്രിയപ്പെട്ടവരേ, നമ്മുടെ കൈവശം വിവിധയളവുകളിൽ താലന്തുകൾ ലഭിച്ചിട്ടുണ്ട്. അവയെ വ്യാപാരം ചെയ്യുവാൻ നാം മിനക്കെടാറില്ല എന്നതാണ് സത്യം. നിങ്ങളുടെ സഭയ്ക്കുവേണ്ടി, നിങ്ങളെ നയിക്കുന്നവർക്കായി, നിങ്ങളുടെ അയൽവാസികൾക്കായി, നിങ്ങൾ പാർക്കുന്ന ചെറിയ പട്ടണങ്ങളാക്കായി, നിങ്ങൾ ദൈനംദിനം കണ്ടുമുട്ടുന്ന പരിചിതരും അപരിചതരുമായ ആളുകൾക്കുവേണ്ടി, നിങ്ങളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു തുടങ്ങു. അങ്ങനെ നിങ്ങളുടെ വ്യാപാരം ആരംഭിക്കൂ... പരിശുദ്ധാത്മാവുമായി നിരന്തരം സമ്പർക്കത്തിലാകു. അടുത്ത ചുവടുകൾക്കായി ദൈവം നിങ്ങളെ പ്രാപ്തരാക്കും. 
കുഴിച്ചിടുന്ന താലന്തുകൾ യജമാനനുള്ള നഷ്ടം മാത്രമല്ല, നമ്മുടെ നാശത്തിനുമുതകുന്നതാണ്. കുഴിച്ചിടുന്നതോ നശിപ്പിച്ചുകളയുന്നതോ ആയ താലന്തുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. സുവിശേഷികരണം ഇല്ലാത്ത സഭ നിർജ്ജീവമാണ്. അവിടേക്കു ആത്മാവിന്റെ വരങ്ങളൊന്നും തന്നെ പ്രദർശിപ്പിക്കപ്പെടുന്നില്ല. അന്യഭാഷയൊഴികെ. അതും പാട്ടു പാടുംമ്പോൾ മാത്രം. ഇതൊരു വലിയ അപകടമാണ്. ഈ വലിയ അപകടത്തിന്റെ നടുവിലാണ് നാം നിൽക്കുന്നതറിയാത്ത അപകടം. പുതിയനിയമ സഭയുടെ ആരംഭം മുതലിങ്ങോട്ടു ചെറുതും വലുതുമായ ഉണർവ്വുകൾ നടന്നിരുന്നു. ഉണർവ്വ് വ്യാപിക്കുമ്പോൾ, ഉണർവിന്റെ കാറ്റടിക്കുമ്പോൾ വടുവൃക്ഷങ്ങൾ വരെ നെടുംപാടുവീണു ഉണർവ്വിനു പങ്കാളികളാകും. എന്നാൽ കുറച്ചേറെ സമയം കഴിയുമ്പോൾ സ്വസ്ഥതയെന്ന മാരകമായ അപകടം നമ്മിലേക്കു അരിച്ചിറങ്ങും. കാഴ്ചപ്പാടുകൾ മാറും. തേജസ്സിന്റെ കർത്താവിലേക്കുള്ള പ്രത്യാശയുടെ നോട്ടം പിൻവലിക്കും. തേജസ്സില്ലാത്തതിനു അധികം മാനം കല്പിക്കും. അങ്ങനെ പതുക്കെ നിർജ്ജീവസ്ഥയെ നാം പുൽകും. കേൾക്കുവാനും പ്രവർത്തിക്കുവാനും നാം മാന്ദ്യമുള്ളവരായി തീരും. 
ഒരിക്കൽ ആവേശത്തോടെ അതിലേറെ ഉത്സാഹത്തോടെ 
"എന്റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നെനും മതിയായവൻ 
ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ 
മനമേ, അവനെന്നെന്നും മതിയായവനെ" ന്നു പാടി കൊണ്ടിരുന്ന നാം ആവേശമെല്ലാം ചോർന്നു നിർവികാരത്തോടെ പാടുകയോ ദൂരെനിന്നു മറ്റൊരുവന്റെ ചുണ്ടിൽനിന്നും ഈ വരികൾ കേൾക്കുകയോ അവന്റെ യേശു അവനെത്ര നല്ലവനെന്നു കേൾക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥ എത്ര ദയനീയമാണ് സഹോദരങ്ങളെ. അംഗീകരിക്കുവാൻ ഇച്ചിരി വൈഷമ്യമുണ്ടെങ്കിലും സ്വസ്ഥതയെന്ന മാരകമായ അവസ്ഥ നമ്മെ അവിടെക്കുകൊണ്ടെത്തിച്ചു എന്നതു യാഥാർഥ്യമാണ്. മടങ്ങിവരവിനുള്ള സമയം കഴിഞ്ഞുപോയിട്ടില്ല. പക്ഷേ, അതിക്രമിച്ചിരിക്കുന്നു.
ദൈവവേല ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ട ഒരുവന്റെ ദയനീയ അവസ്ഥയാണ് നാം ഒടുക്കം കാണുന്നത്. തങ്കൽ ഭരമേല്പിച്ച ഒരു താലന്തിൽ വിശ്വസ്തനാകാതെ കുഴിച്ചിടപ്പെട്ടതുമൂലം നരകത്തിലേക്ക് തള്ളപ്പെട്ടുപോകുന്ന ദയനീയ അവസ്ഥ. ദിവസവും നാം കണ്ടുമുട്ടുന്ന നൂറുകണക്കിനായ മനുഷ്യ ജന്മങ്ങൾ നരകത്തിലേക്കാണ് പോകുന്നതെന്ന തിരിച്ചറിവുണ്ടായിരിക്കെ ലഭിച്ച ഒന്നിന്റെ ഏറ്റക്കുറച്ചിലുകളിൽ കുറ്റം കണ്ടെത്തി കുഴിച്ചിട്ടതു പൊറുക്കാനാവാത്ത കുറ്റമാണ്.    
താലന്തുകളുടെ ഏറ്റക്കുറച്ചിലുകൾക്കു അനുസരിച്ചല്ല ദാസന്മാർക്കു അഭിനന്ദനം ലഭിച്ചത്. പ്രത്യുത, വിശ്വസ്തതയ്ക്കനുസരിച്ചാണ് പ്രതിഫലവും അഭിനന്ദനവും ലഭിച്ചത്. സ്വർഗ്ഗത്തിന്റെ സ്ഥാനാപതികളായിട്ടാണ് നമ്മെ കർത്താവു വിവിധയിടങ്ങളിൽ നിയമിക്കുന്നത്. നാമോ സ്ഥാനാപതിയുടെ ആനുകൂല്യങ്ങൾ എല്ലാം ഉപയോഗിക്കുകയും ദൗത്യം ഉപേക്ഷിക്കുകയുമാണ് പതിവ്. തന്മൂലം  ദൗത്യനിർവഹണത്തിനായി മറ്റൊരാളെ വീണ്ടും അതേ സ്ഥാനത്തേക്കു നിയമിക്കേണ്ടി വരുന്നു. ഉപയോഗിച്ച അവകാശങ്ങൾ കവരുകയും സമയം നഷ്ടമാക്കുകയും മാത്രമല്ല, സ്ഥാനാപതിയെന്ന പദവി മൂലം ലഭിക്കേണ്ട അവകാശങ്ങൾ/ ദയ/ കരുണ മുതലായവ അർഹതപ്പെട്ടവരുടെ കൈവശം എത്തപ്പെടാതെയും പോകുന്നു. ഉത്തരവാദിത്തം നിറവേറ്റാത്ത സ്ഥാനാപതിയെ തിരിച്ചു വിളിക്കുവാൻ നിയമിച്ചവനു അധികാരമുണ്ട്.
യജമാനന്റെ മടങ്ങിവരവുവരെയാണ് താലന്തുകൾ വ്യാപാരം ചെയ്യുവാനുള്ള സമയ പരിധി. ഇരട്ടിയാക്കാം, നിലത്തു കുഴിച്ചിടാം തിരഞ്ഞെടുപ്പു നമ്മുടേതാണ്....

<< Back to Articles Discuss this post

0 Responses to "കൊള്ളരുതാത്ത ദാസൻ "

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image