ഞങ്ങൾക്ക് എന്തു കിട്ടും ?
പിന്മാറ്റത്തിന്റെ അവസ്ഥാന്തരത്തെ കുറിച്ചുള്ള ചെറുതല്ലാത്ത ഉപമയിൽ കർത്താവു പറഞ്ഞുതരുന്നതു ഗ്രഹിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ. ഓരോ പ്രാവശ്യവും മത്തായി എഴുതിയ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ സ്വർഗ്ഗരാജ്യ ഉപമ വായിച്ചെടുക്കുമ്പോഴും കർത്താവിന്റെ ഹൃദയം ആരായുമ്പോഴും എന്റെ കണ്ണുകൾ തൊട്ടുമുൻപുള്ള പേജിൽ മുൻപപ്പെഴോ അടിവരയിട്ട രണ്ടു വാക്കിൽ ഉടക്കുകയും ആ ചെറിയ വാക്കുകൾ എന്നെ നോക്കി മന്ദസ്മിതം ചെയ്യുകയും തുടർന്നു ഞാൻ ഈ ഭാഗത്തെ വായന അവസാനിപ്പിക്കുകയും ആണ് ചെയ്യാറുള്ളത്. ആ വാക്കുകൾ വേറെ ഒന്നുമല്ല "വരം ലഭിച്ചവർക്കല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല എന്നുള്ള കർത്താവിന്റെ വരമൊഴി തന്നെ.
ആദ്യ സ്നേഹം നമ്മിൽ നിന്നു പോകുന്നതാണ് പിന്മാറ്റത്തിന്റെ ആദ്യത്തെ പടി. ആദ്യ സ്നേഹം നഷ്ടപ്പെട്ട അവസ്ഥ പിന്മാറ്റമാണ്. ആദ്യസ്നേഹം പലപ്പോഴും വിട്ടുകളയുന്നതു മനഃപൂർവ്വമല്ല. അങ്ങനെയായി പോകുന്നതാണ്. വർഷങ്ങളുടെ പഴക്കം ശുശ്രുഷയുടെ പെരുപ്പം ഒക്കെ നമ്മെ ആദ്യസ്നേഹത്തിൽ നിന്നു അകറ്റുന്നതാണ്. കഠിന പാപമല്ലാത്ത പാപങ്ങളെ നിസ്സാരവത്ക്കരിക്കുന്നതു മൂലവും ദൈവത്തിനു കഠിനപാപത്തിൽ മാത്രമേ ശ്രദ്ധയുള്ളുവെന്ന മിഥ്യാ ധാരണയും നമ്മെ ആദ്യസ്നേഹത്തിൽ നിന്നും അകറ്റുന്നു. ആദ്യസ്നേഹം നഷ്ടപ്പെടുന്നത് നാം അറിയുന്നുക്കൂടിയുണ്ടാവില്ല. ഈ ഇരുപതാം അദ്ധ്യായത്തിൽ മുന്തിരിത്തോട്ടത്തിലെ വേലക്കാരുടെ നിയമനവും അവരുടെ കൂലിയും വേലയുംസംബന്ധിച്ചുള്ള തർക്കങ്ങളുടെയും എല്ലാം തുടക്കം പത്രോസിൽ നിന്നാണെന്നു പറയാം. ധനവാനായുള്ള ചെറുപ്പക്കാരന്റെ നിത്യതയിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യതകളെ ആരാഞ്ഞുള്ള ചോദ്യവുമായി ബന്ധപ്പെട്ടാണ് ഈ സന്ദർഭം ഉടലെടുക്കുന്നത് തന്നെ. അനേക സമ്പത്തിന്റെ ഉടമയായ ഈ ചെറുപ്പക്കാരൻ ധനമുപേക്ഷിച്ചുള്ള നിത്യജീവനോടുള്ള താൽപര്യക്കുറവ് കർത്താവിനെ ദുഃഖിപ്പിച്ചു. ഒട്ടകം സൂചിക്കുഴയിലൂടെയും ധനവാൻ ദൈവരാജ്യത്തിൽ കടക്കുവാനും ഒരുമിച്ചു ശ്രമം നടത്തിയാൽ ഒട്ടകം സൂചിക്കുഴയുടെ അപ്പുറം എത്തിയാലും ധനവാന് പിന്നെയും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം അകലെയായിരിക്കും എന്ന യേശുകർത്താവിന്റെ വാക്കുകൾ പത്രോസ് ഉൾപ്പടെയുള്ള ശിഷ്യവൃന്ദത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. രക്ഷിക്കപ്പെടുവാൻ മനുഷ്യർക്ക് അസാദ്ധ്യമാണെന്നുള്ള അടിസ്ഥാനപാഠം യേശുകർത്താവു ശിഷ്യന്മാർക്കു ഉപദേശിച്ചു കൊടുക്കുമ്പോൾ തകർന്നുവീഴുന്നതു നമ്മുടെക്കൂടെ ധാരണകളാണ്. രക്ഷിക്കപ്പെടുവാൻ ധനവാൻ എന്ന പ്രത്യേക വിഭാഗത്തിനു മാത്രമല്ല മനുഷ്യർക്കു ആർക്കും സാധ്യമല്ല. അതിനു ദൈവത്തിന്റെ കരുണ വേണമെന്നാണ് കർത്താവു ഇവിടെ മനസ്സിലാക്കിത്തരുന്നത്. സ്വന്തദാരിദ്ര്യം തിരിച്ചറിയാത്ത ആർക്കും ഈ ഭാഗ്യാവസ്ഥയിലേക്കു എത്തപ്പെടുവാൻ കഴിയുകയില്ല. പൗലോസ് അപ്പോസ്തോലൻ എഫസ്യർക്കു എഴുതിയ ലേഖനത്തിൽ കുറച്ചുക്കൂടെ വ്യക്തത വരുത്തി എഴുതി "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു: അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.(വാ. 2:8)
ദൈവത്തിന്റെ ദാനമാണ് രക്ഷ എന്നുള്ള മറവിയാണ് നമ്മെ പലപ്പോഴും ആത്മിക അഹങ്കാരത്തിലേക്കു നയിക്കുന്നത്. മനുഷ്യരുടെ യാതൊരു പ്രവർത്തി വൈഭവവും കൊണ്ടല്ല രക്ഷ എന്ന ദാനം കൈവന്നതെന്ന വാക്കുകൾ അന്തരീക്ഷത്തിൽ തങ്ങി നിന്നുണ്ടാക്കിയ മൗനതയെ ഭഞ്ജിച്ചുകൊണ്ടാണ് ശിഷ്യന്മാരുടെ എല്ലാം പ്രതിനിധി എന്ന അവകാശമെടുത്തു പത്രോസിന്റെ അപ്രതീക്ഷ ചോദ്യം 'ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ, ഞങ്ങൾക്കു എന്തുകിട്ടും ?'.
സകലതും ഉപേക്ഷിച്ചുള്ള അനുഗമനം മടയത്തരമാണെന്നുള്ള കണ്ടെത്തലിലാണ് ധനവാനായ ചെറുപ്പക്കാരൻ മടങ്ങിയതെങ്കിൽ ആ മടയത്തരം കാണിച്ച ഞങ്ങൾക്കു വല്ല പ്രയോജനവും ഉണ്ടാകുമോ എന്നാണ് മറയില്ലാതെ പത്രോസ് ചോദിക്കുന്നത്. ലാഭമില്ലാത്ത ഒരു പ്രവർത്തിക്കും തയ്യാറാകാത്ത ആധുനീക മനുഷ്യന്റെ പരിച്ഛേദം ആണ് പത്രോസ് എന്ന ശിഷ്യനിലൂടെ കേട്ടത്. കർത്താവിനോടുള്ള അഭേദ്യമായ ആദ്യസ്നേഹത്തിലുള്ള വിള്ളലുകൾ അറിയാതെയാണെങ്കിലും പ്രതിഫലിക്കപ്പെടുകയാണ് ഈ ചോദ്യത്തിലൂടെ. ഹൃദയം നിറഞ്ഞു കവിയന്നതിലൂടെയല്ലാതെ വായ്ക്കു പ്രസ്താവിക്കുവാൻ കഴിയുകയില്ലല്ലോ. ധനവാനായ ചെറുപ്പക്കാരൻ നിത്യജീവൻ തേടി വരുന്നതിനും മുൻപേ ഒരിക്കലെങ്കിലും ഹൃദയ ഭിത്തികളിലൂടെ മിന്നിപ്പോയ ചിന്തകളുടെ പ്രത്യക്ഷരൂപമാണല്ലോ അവസരമെത്തിയപ്പോൾ വാക്കുകളായി പുറത്തേക്കു നിർഗ്ഗളിച്ച "അനുഗമിച്ചാൽ എന്തു കിട്ടും എന്ന ചോദ്യം". അനുഗമനം സമം ഉപേക്ഷണമാണെന്നുള്ള യാഥാർഥ്യത്തെ കൊന്നു കുഴിച്ചുമൂടിയിട്ടാണ് നാം യേശുവിന്റെ ശിഷ്യരാണെന്നുള്ള ലേബലിൽ ആരാധിക്കുന്നത്.
ആരും കൂലിക്കുവിളിക്കാതെ പകൽ മുഴുവൻ ചന്തയിൽ മിനക്കെട്ടു നിന്ന എനിക്കു എന്തു കിട്ടുമെന്ന ചോദ്യം പിന്മാറ്റമാണ്. എന്നെപ്പോലെ അയൽക്കാരനും ലഭിക്കുന്നതു കാണുവാൻ മനസ്സില്ലാതെ നല്ലവനായ യജമാനന് നേരെ പിറുപിറുത്തതു പിന്മാറ്റത്തിന്റെ എത്രാമത്തെ അവസ്ഥാന്തരത്തിൽ എഴുതിച്ചേർക്കാം. തന്റെ മുന്തിരിത്തോട്ടത്തിലേക്കുള്ള വേലക്കാരെ കണ്ടെത്തുന്ന കാല വ്യത്യാസങ്ങൾ, പ്രതിഫലം ഒന്നും കൂട്ടുവേലക്കാരുടെ അധികാരത്തിന്റെ പരിധിയിൽ വരുന്നതല്ല. സ്വന്ത സഹോദരനെ സമമായി കാണുവാൻ കഴിയാത്ത നാം പിന്മാറ്റ ഗണത്തിലല്ലാതെ വേറെ ഏതു വിഭാഗത്തിൽപ്പെടുത്തും. ഒരു മണിനേരം മാത്രം വേലചെയ്തവനും പകലത്തെ ഭാരവും വെയിലും സഹിച്ചവനോട് സമമാക്കിയല്ലോ എന്നുള്ള ചിന്തയും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായ സഹോദരനെ രണ്ടായി കാണുന്നതും സ്വന്തം സഹോദരന്റെയും തന്റെയും നിത്യജീവനെ ക്കുറിച്ചുള്ള കാഴ്ചപ്പാടു നഷ്ടപ്പെടുത്തിയത് മൂലമാണ്.
പകലത്തെ ഭാരവും വെയിലും സഹിച്ച മുമ്പന്മാർക്കു അധികം ലഭിക്കുമെന്ന സ്വഭാവിക ചിന്ത തെറ്റല്ല ലോകവ്യവസ്ഥിതിയിൽ. എത്ര മാത്രം നല്ലതെന്നു നമുക്കു തോന്നിക്കുന്ന ലോകത്തിന്റെ ഏതു വ്യവസ്ഥകളും ദൈവസന്നിധിയിൽ അത് വിപരീത ഫലം കൊണ്ടു വരും.
പിൻപന്മാർ അതായതു, താമസിച്ചു ജോലിക്കു പ്രവേശിച്ചവർ ജോലിക്കു എത്താതിരുന്നെങ്കിൽ ഈ സാഹചര്യം ഉണ്ടാകുകയില്ലായിരുന്നു. ഭാരവും വെയിലും ഒരു വെള്ളിക്കാശുമല്ല ഇവിടുത്തെ പ്രതിസന്ധിക്കോ തർക്കത്തിനോ നിദാനം. നേരത്തെ ജോലിയിൽ പ്രവേശിച്ചവർ കുറച്ചേറെ പ്രത്യകത ഉള്ളവരാണെന്നു സ്വയമായി ചിന്തിക്കുന്നതിന്റെ ഒരു അപകടം കൂടിയാണ് ഇത്. യാതൊരു യോഗ്യതയും ഇല്ലാതിരുന്നിടത്തു നിന്നു സൗജന്യമായി നൽകിയ രക്ഷയുടെ പ്രാധാന്യത്തെ മറക്കുകയും തങ്ങളുടെ പ്രവർത്തിയെ രക്ഷയ്ക്ക് നിദാനമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നതും ഈ പിറുപിറുപ്പിനു കാരണമാകാം.
പുറകെ വന്നവരെയും ആദ്യം തന്നെ ഉണ്ടായിരുന്നവരെയും ഒരേ വിഭാഗത്തിൽ ഉൾപ്പെടുത്തിയ യജമാനനാണ് കുറ്റക്കാരൻ. പണത്തിന്റെ കുറവോ, അധ്വാനത്തിന്റെ കണക്കോ ഞാൻ ക്ഷമിക്കാം. പക്ഷേ ഇരുകൂട്ടരെയും ഒരു പോലെ കാണുന്ന നിന്റെ നല്ല മനസ്സ് അതു ഞങ്ങൾക്കു സഹിക്കാവുന്നതിലും അധികമാണ്. സഭകളിൽ ഉണ്ടാകുന്ന പരിഹരിക്കപ്പെടുവാൻ കഴിയാതെ പോകുന്ന പ്രതിസന്ധികളുടെ ഏറ്റവും വലിയ കാരണക്കാരനും ഈ ഒരു പോലെ കാണുന്നയവസ്ഥയാണ്. ക്രിസ്തുവിന്റെ പരിജ്ഞാനത്തിലേക്കുള്ള വളർച്ചയുടെ പടവുകളിൽ പതിനൊന്നാം മണിയിൽ പ്രവേശിച്ചവനെ അംഗീകരിക്കുവാനുള്ള മനസ്സില്ലായ്മ വല്ലാതെ പ്രതിസന്ധി സൃഷ്ടിക്കും. ഒരുമിച്ചു നിന്നു സ്വർഗ്ഗരാജ്യം പണിയപ്പെടുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും മുമ്പനാണെന്നുള്ള പരിഗണനയും അവകാശവും പേറുന്നതുകൊണ്ടു നഷ്ടമായി പോകും.
സ്വാഭാവികകൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലിവായ നമ്മെ അവയുടെ ഇടയിൽ ചേർത്തു വച്ചിരിക്കുകയാണ്. പ്രീയമുള്ളവരെ, സ്വാഭാവിക കൊമ്പുകളെ ആദരിക്കാതെ പോയെങ്കിൽ നമ്മെയും ആദരിക്കാതിരിക്കുവാൻ സാധ്യതയുണ്ട്.
നിന്റേതു വാങ്ങി പൊയ്ക്കൊൾക എന്നതാണ് വീട്ടുടയവന് നേരെയുള്ള പിറുപിറുപ്പിനൊടുവിൽ കേൾക്കുന്ന ശബ്‌ദം.
0 Responses to "ഞങ്ങൾക്ക് എന്തു കിട്ടും ?"
Leave a Comment