അവകാശം
യിസ്രായേലിലെ ഗോത്രങ്ങൾക്കെല്ലാം അവകാശങ്ങൾ വിഭാഗിച്ചു കൊടുത്തത്തിനു ശേഷം യോശുവ ലേവി ഗോത്രത്തിനോട് പറഞ്ഞു നിങ്ങൾക്ക് അവകാശം ഒന്നുമില്ലായെന്നു മോശ മുഖാന്തിരം ദൈവമായ യഹോവ കല്പിച്ചിട്ടുണ്ട്. പാർക്കാൻ പട്ടണങ്ങൾ, കന്നുകാലികൾക്കും മൃഗസമ്പത്തിനും പുൽപ്പുറങ്ങൾ, അതല്ലാതെ യിസ്രായേലിൽ നിങ്ങൾക്ക് യാതൊരു ഓഹരിയുമില്ല.
ലേവ്യരുടെ സ്വഭാവിക ചോദ്യമാണ് അപ്പോൾ ഞങ്ങൾ എങ്ങനെ ജീവിക്കും? ഞങ്ങളുടെ കുഞ്ഞുകുട്ടി പരാധിനതകൾ ആരോട് പറയും? മറ്റുള്ള കുഞ്ഞുങ്ങൾ നടക്കുന്ന പോലല്ലങ്കിലും അവർക്കും ആഗ്രഹങ്ങളുണ്ടാകില്ലേ ? അത് സഫലീകരിക്കുവാൻ ഉള്ള വിഭവങ്ങൾ ഞങ്ങൾ എങ്ങനെ കണ്ടെത്തും. ആരോട് പറയും . വിഭജനം കഴിയുമ്പോൾ എല്ലാവരും അവരുടെ സമ്പത്തുമായി അണുകുടുംബങ്ങളിലെക്കു ഒതുങ്ങും. കൂടുതൽ ഒന്നും വേണ്ടാ സമൂഹത്തിന്റെ മുൻപിൽ മാന്യമായി നടക്കുവാനുള്ളത് . ഇപ്പോഴേ എന്തെങ്കിലും സമ്പാദിച്ചു വച്ചാൽ നമുക്ക് കൊള്ളാം .
നമ്മളും പലപ്പോഴും ഈ ചോദ്യം നമ്മോടു തന്നെ നൂറു വട്ടം ചോദിക്കുന്നവരാണ്. ഈ ഭൂമിയിൽ അവകാശങ്ങൾ വേണ്ടേ ബ്രദറെ എന്നു നാം ആകുലതകൾ എല്ലാം ഉള്ളിലടക്കി നീട്ടി ചോദിക്കുന്നു . ഇപ്പോൾ മണ്ടത്തരം കാണിച്ചിട്ടു പിന്നെ ദുഃഖിച്ചിട്ടു കാര്യമില്ലായെന്നു നാം ബുദ്ധി ഉപദേശിക്കുന്നു.
ലേവികുടുംബത്തിനും ഒരു പക്ഷേ ഈ ആകുലതകളോടെ കൂടെ ഈ ചോദ്യം ഉന്നയിക്കാമായിരുന്നു . പക്ഷേ ഈ ചോദ്യമെത്തുന്നതിനുമുമ്പേ യോശുവ പറഞ്ഞു " നിങ്ങളുടെ അവകാശം ദൈവമാണ് . അതുകൊണ്ടു നിങ്ങൾക്ക് യിസ്രായേലിൽ ഒരു അവകാശവും ഇല്ല . നിങ്ങൾക്ക് ഇവിടെ ഒരു സ്വത്തുമില്ല . ദൈവം തന്നെ നിങ്ങളുടെ സ്വത്തു ആകുന്നു . "
പ്രിയമുള്ളവരേ , പുതിയനിയമത്തിന്റെ വലിയ വെളിപാടുകൾ നൽകിയിട്ടു , ഏറ്റവും വലിയ സമ്പത്താകുന്ന ക്രിസ്തുവിനെ നൽകിയിട്ടു നാം വീണ്ടും ഇവിടുത്തെ ഓഹരിക്കായി ക്യൂ നിൽക്കുന്നവരാണോ ? എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും ഓഹരി കർത്താവു ആകുന്നു. ലോകം തരുന്ന ഓഹരികൾ അവകാശങ്ങൾ മനഃപൂര്വമായി ഉപേക്ഷിക്കുവാൻ തയ്യാറാകുമ്പോഴാണ് സ്വർഗ്ഗത്തിലെ ഒരിക്കലും നശിക്കാത്ത നിക്ഷേപങ്ങളുടെ വില നാം
മനസ്സിലാക്കുന്നത് . ഉപേക്ഷണം നമ്മെ എത്രമാത്രം കൃപ ആസ്വദിക്കുവാൻ സഹായിക്കുന്നു എന്നു നാം മനസ്സിലാക്കും. ദാവീദ് പതിനാറാം സങ്കീർത്തനത്തിൽ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതു " എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു." എനിക്കു ഈ ബുദ്ധി പറഞ്ഞു തന്നത് യഹോവയാണ് . അല്ലെങ്കിൽ ഈ ഭൗതികമായ ഈ അവകാശത്തിനായി കടിപിടി കൂടി ഞാൻ നശിച്ചു പോകുമായിരുന്നു. ഉപേക്ഷണം കൂടാതെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല. ശിഷ്യനല്ലാത്തവന് അവന്റെ ഉള്ളിൽ സ്ഥാനമില്ല . അവന്റെ ഉള്ളിൽ സ്ഥാനമില്ലാത്തവനെ പിതാവ് അംഗീകരിക്കില്ല. പിതാവ് അംഗീകരിക്കാത്തവന് പുത്രന്റെ രാജ്യത്തു ഓഹരിയില്ല.
0 Responses to "അവകാശം"
Leave a Comment