2ND OPINION

Posted on
3rd Jul, 2023
| 0 Comments

ഞാനും നിന്നെപ്പോലെ പ്രവാചകനാണെന്ന ചിലമ്പിച്ച ശബ്ദം കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്. കഴുതപ്പുറത്തുള്ള സഞ്ചാരിയെ വീണ്ടും ക്ഷീണിച്ച കണ്ണോടുകൂടി ഞാൻ നോക്കി. ഉരിയാടിയില്ലെങ്കിലും എന്റെ കണ്ണുകളിലെ ചോദ്യഭാവം അറിഞ്ഞതിനാലാകാം, കഴുതപ്പുറത്തുനിന്നു ആ വൃദ്ധൻ ബദ്ധപ്പെട്ടിറങ്ങിയത്. നരച്ചവനോടുള്ള ബഹുമാനത്താൽ ഉറയ്ക്കാത്ത കാലുകളോടുകൂടി ഞാൻ എഴുന്നേൽക്കുവാൻ ഒരു ശ്രമം നടത്തി. കരുവേലകത്തിന്റെ തായ്തടിയിൽ തപ്പിപ്പിടിക്കുവാൻ ഞാനൊരു പാഴ്ശ്രമം നടത്തി. അതു കണ്ടിട്ടാണ് വൃദ്ധൻ എന്നെ എഴുന്നേൽക്കുവാൻ സഹായിച്ചത്. പ്രത്യക്ഷത്തിലേ ശോഷണം ഒന്നും ആ കൈകൾക്കു ബാധിച്ചിട്ടേയില്ല. ഉറച്ച ബലിഷ്ഠമായ കരങ്ങൾ. എന്റെ തളർച്ചയും ബലഹീനതയും കൊണ്ടു ഒരു പക്ഷേ എനിക്കു തോന്നിയതാകാം. എന്തായാലും ഞാൻ പരസഹായത്തോടെ എഴുന്നേറ്റു നിന്നു. വേഗം കെട്ടും ഭാണ്ഡവും എടുത്തു കഴുതപ്പുറത്തേക്കു കയറിക്കോ... നീ ഇങ്ങനെ പോയാൽ ബേഥേലിന്റെ അതിരിനപ്പുറം കടക്കുകയില്ല പിന്നല്ലേ. യഹുദയിലെ നിന്റെ സ്വന്ത ദേശം.  ഭക്ഷണം കഴിച്ചു വിശ്രമിച്ചു ശേഷം പോയാൽ മതി. ഞാൻ തന്നെ നിന്നെ കൊണ്ടാക്കാം. 
എന്റെ മുഖത്തു നേരിയ പരിഹാസത്തിന്റെ പുഞ്ചിരി വിടർന്നു. അരുളപ്പാടുകൾക്കു വിഘ്‌നം സംഭവിച്ചുകൂടാ യെന്നു ഞാൻ പറഞ്ഞു മനസ്സിലാക്കണോ ജരാനരകൾ ബാധിച്ച അങ്ങേയ്ക്കു.. ദൈവത്തിന്റെ വായിൽ നിന്നു വരുന്ന വചനങ്ങൾ ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ലായെന്നും അല്ലല്ലോ. അവനിൽ ഉവ്വ് എന്നു മാത്രമല്ലയോ. 
നിർബന്ധം ഏറിവന്നപ്പോൾ എന്നിലും സംശയത്തിന്റെ ചില നാമ്പുകൾ മുളപൊട്ടുവാൻ തുടങ്ങി.
അദ്ദേഹവും ഒരു പ്രവാചകനാണ്. അതും എന്നേക്കാൾ പ്രവർത്തിപരിചയമുള്ള പ്രവാചകൻ. ഒരുപക്ഷേ സാധ്യതയുണ്ട്. ശരീരത്തിന്റെ തളർച്ച ബലഹീനതയ്ക്ക് വഴിമാറുവാൻ വാക്‌ചാതുര്യ പ്രവീണതുകൊണ്ടു വൃദ്ധനായ പ്രവാചകനു ഏറെക്കുറെ സാധിച്ചു. ഒരു ദൂതൻ യഹോവയുടെ കല്പനയാൽ തന്നോടു പറഞ്ഞു എന്നു കൂടി കേട്ടതോടെ എന്റെ സംശയത്തിനു നിവാരണമായി. ആഹാരം ഇല്ലെങ്കിലും സ്വല്പം വെള്ളെമെങ്കിലും കിട്ടിയാൽ ആശ്വാസമായിരുന്നു എന്നു കണ്ടു ഞാൻ കൂടെപ്പോകുവാൻ തിടുക്കപ്പെട്ടു.
 
വായനാഭാഗങ്ങൾ: സങ്കീർത്തനം 62:11, 1 രാജാക്കന്മാർ 13 "ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു."
ചില നാളുകൾക്കു മുൻപു രാജാക്കന്മാരുടെ പുസ്തകത്തിലൂടെയുള്ള എന്റെ വായനമുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സംശയനിവാരണവും സന്ദേശം ഒന്നും എനിക്ക് മനസ്സിലാക്കുവാൻ കഴിയാത്ത അദ്ധ്യായത്തിലൂടെ കടന്നു പോയത്. പതിമൂന്നാം അദ്ധ്യായത്തിൽ യൊരോബെയാം എന്ന രാജാവിന്റെ അടുക്കലേക്കു യെഹൂദയിൽ നിന്നും ഒരു പ്രവാചകൻ ദൈവത്തിന്റെ അരുളപ്പാടുമായി വരുന്നു. യൊരോബെയാമിനെ ദാവീദിൻറെ മകനായ ശലോമോന്റെ പിന്മാറ്റ ജീവിതത്താൽ യിസ്രായേലിന്നു രാജാവാക്കി ദൈവം വാഴിച്ചിരുന്നു. ശലോമോന്റെ മകനിലേക്കു അധികാരം പിന്തുടർച്ചാവകാശംപോലെയോ ദൈവത്തിന്റെ ദാവീദിനോടുള്ള മാറ്റം വരാത്ത നിയമംമുഖേനയോ ചെന്നെത്തേണ്ടിയിരിക്കുന്ന സ്ഥാനത്താണ് യിസ്രായേലിന്റെ പത്തു ഗോത്രങ്ങളെ കീറിയെടുത്തു ശലോമോന്റെ ദാസനായ യൊരോബെയാമിലേക്ക് നൽകുന്നത്. എന്നാൽ യൊരോബെയാം തനിക്കു ലഭിച്ച അർഹിക്കാത്ത പദവികൾക്കു ദൈവത്തിനു മഹത്വം കൊടുക്കേണ്ടതിനു പകരവും താൻ ആലോചന ദൈവത്തോടു കഴിക്കാത്തത് മുഖാന്തിരവും ദൈവകോപത്തിനു അർഹനായി. 
ജനം യെരുശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ പോയാൽ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാമിലേക്കു തിരിയുകയോ രാജത്വം തന്നിൽ നിന്നും വീണ്ടും തിരികെ ദാവീദു ഗ്രഹത്തിലേക്കു മടങ്ങിപ്പോകുകയോ ചെയ്യുമെന്നു ഭയന്നു ജനത്തിനു നമസ്കരിക്കുവാൻ രണ്ടുയാഗപീഠങ്ങൾ പണിയുകയും യൊരോബെയാം ധൂപം കാട്ടുവാൻ ബലിപീഠത്തിലേക്കു കയറുന്നതുമാണ് പശ്ചാത്തലം. യാഗപീഠത്തിൽ ദൈവത്തിനു വിരോധമായി ധൂപം കാട്ടുവാൻ നിൽക്കുമ്പോഴാണ് യെഹൂദയിൽ നിന്നുള്ള ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ വന്നു യൊരോബെയാമിനു വിരോധമായി പ്രവചിക്കുന്നത്. ഈ പ്രവചനം യൊരോബെയാമിന്റെ ഇംഗിതത്തിനു വിരോധമാകയാലും തന്റെ കർണ്ണ പുടങ്ങളെ അലോസരമാകയാലും ഈ പ്രവാചകനെ കൊല്ലുവാനായി കൈനീട്ടി. എന്നാൽ നീട്ടിയ കൈ പിൻവലിക്കുവാനാകാതെ വരണ്ടുപോയതിനാൽ യൊരോബെയാം ദൈവപുരുഷനോടു പറയുന്നത് "നീ നിന്റെ ദൈവമായ യഹോവയുടെ കൃപയ്ക്കായി അപേക്ഷിച്ചു എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ" എന്നു പറഞ്ഞു. ദൈവം പ്രവാചകന്റെ അപേക്ഷയാൽ യൊരോബെയാമിന്റെ കൈ പൂർവ്വസ്ഥിതിയിലാക്കിയതിന്റെ പ്രത്യുപകാരമായി തന്റെ അരമനയിൽ കുറച്ചു സമയമുള്ള വിശ്രമവും സമ്മാനവും പാരിതോഷികമായി പ്രഖ്യാപിച്ചു. 
യഹുദയിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് ദൈവത്തിന്റെ അരുളപ്പാടു പ്രവാചകന് കൊടുത്തതു ഇപ്രകാരമായിരുന്നു " നീ പോകുന്ന സ്ഥലത്തു വെച്ചു അപ്പം തിന്നരുത്. വെള്ളം കുടിക്കരുത്. പോയവഴിയായി മാടങ്ങരുത്." 
രാജാവിന്റെ പാരിതോഷികം നിരസിച്ചു കൊണ്ടുള്ള പ്രവാചകന്റെ പ്രസ്താവനയാണ് "വിശ്രമവും സമ്മാനവും പോയിട്ടു നിന്റെ രാജത്വത്തിന്റെ പകുതി തന്നാലും ഞാൻ നിന്നോടുക്കൂടെ വരികയില്ല". ദൈവ കല്പനയെ അക്ഷരം പ്രതി അനുസരിച്ചു വേറെ വഴിയായി മടങ്ങിപ്പോയി പ്രവാചകൻ. എന്നാൽ സംഭവങ്ങൾ എല്ലാം കണ്ടും കേട്ടും നിന്ന ജനക്കൂട്ടത്തിനിടയിൽ തന്റെ വിധിയെ മാറ്റുന്ന ചിലരുണ്ടെന്നു പാവം പ്രവാചകനറിഞ്ഞിരുന്നില്ല. ബേഥേലിൽ താമസിക്കുന്ന വൃദ്ധനായ പ്രവാചകന്റെ മക്കൾ ഈ സംഭവങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ തങ്ങളുടെ അപ്പോനോട് അറിയിച്ചു. വൃദ്ധനായ പ്രവാചകന്റെ വ്യാജം യഹുദയിൽ നിന്നു ദൈവത്തിന്റെ അരുളപ്പാടുകൾ ലഭിച്ചു വന്ന ദൈവപുരുഷന്റെ വിധിയെ മാറ്റിയെഴുതി. വഴിയിൽ വച്ച് അവൻ പട്ടു പോയി. 
ഒരിക്കൽ അരുളിച്ചെയ്ത ദൈവത്തെക്കാൾ തളനരച്ച പ്രവാചകന്റെ ഭോഷ്ക്കു തേടിപ്പോയാൽ എത്ര വലിയ ശുശ്രുഷ ചെയ്ത വ്യക്തിയായാലും കൃപയിൽ നിന്നു വേർപ്പെട്ടുപ്പോകും. 
ഒരുപക്ഷേ രാജാക്കന്മാരോടു പ്രവചനം നടത്തിയിട്ടുണ്ടാവാം. ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തിരിക്കാം. അത്ഭുതങ്ങൾ നിങ്ങളുടെ കയ്യാൽ നടന്നിട്ടുണ്ടാവാം. ഒരിക്കൽ അരുളിചെയ്തവനോടു മറുതലിച്ചാൽ മേൽപ്പറഞ്ഞ ശുശ്രുഷ ഒന്നും തന്നെ പട്ടികയിലുണ്ടാവില്ല. 
ആഹാരത്തിനും വെള്ളത്തിനുമായി തന്റെ ദൈവശബ്ത കേൾവിയെ അവൻ അവിശ്വസിച്ചു . പ്രവചനത്തിന്റെ നിവൃത്തികരണം തന്നെ കണ്മുൻപിൽ കണ്ടിട്ടും രാജാവിന്റെ യഥാസ്ഥാപനത്തിനായി തന്നെ അയച്ചെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും തന്റെ വ്യക്തിപരമായ ജീവിതത്തിൽ ദൈവം നേരിട്ടു സംസാരിക്കുമോയെന്ന സന്ദേഹത്തിനു കൊടുക്കേണ്ടി വന്ന വില തന്റെ ജീവൻ തന്നെയായിരുന്നു. 
മോഹങ്ങൾ കൊടുക്കുന്ന കള്ളപ്രവചനത്തിൽ കുടുങ്ങി ജീവിതം ഹോമിക്കുന്ന ശുശ്രുഷകർ ഇന്നും കുറവല്ല. ബഹുഭൂരിപക്ഷവും അങ്ങനെയായിപ്പോകുകയാണ്. 
കള്ളപ്രവചനത്തിൽ കുടുങ്ങി ജീവിതവും സമാധാനവും നഷ്ടപ്പെട്ടു ജീവച്ഛമായി ജീവിക്കുന്നവരെ വളരെ സങ്കടത്തോടെ മാത്രമേ കാണുവാൻ കഴിയുകയുള്ളു. 
ഈ അന്ത്യകാലത്തിന്റെ അന്ത്യനിമിഷങ്ങളിൽ ലോകത്തിന്റെ മോഹങ്ങൾ നൽകി നിങ്ങളുടെ നിത്യത നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നവരെ ഒഴിഞ്ഞിരിക്കുക. 
ആഹാരവും വെള്ളവും ഇല്ലെങ്കിലും നീ ബേഥേൽ കടക്കും 
അരുളിചെയ്തവനെ നിരസിച്ചാൽ ശവം വഴിയിൽ കിടക്കും 
ദൈവത്തിന്റെ അരുളപ്പാടുമായി കടന്നുവന്ന പ്രവാചകൻ മറ്റൊരു പ്രവാചകന്റെ വ്യാജവാക്കുകളാൽ ദൈവകോപത്തിനിരയായി വഴിയിൽ വച്ച് പട്ടു പോയി. ഏറ്റവും വിരോധാഭാസമായി ഞാൻ കണ്ടതു ഈ ഭോഷ്ക്കു പ്രവചിച്ച പ്രവാചകന്റെ കരച്ചിലും വിലാപവും അടക്കശുശ്രുഷയുമാണ്. 
മോഹഭംഗങ്ങൾ നിരാശയിലേക്കു നമ്മെ നയിക്കും. എനിക്കും അതു ലഭിച്ചാൽ എന്താണ് കുഴപ്പമെന്ന നിലയിലേക്കു നമ്മെ എത്തിക്കും. 
ലോകത്തെ സ്‌നേഹമില്ലായെന്നു പ്രസംഗിക്കുമ്പോഴും നമ്മുടെ ഉള്ളിൽ മറപിടിച്ചുകിടക്കുന്ന ചില മോഹങ്ങളുണ്ട്. ആരെങ്കിലും അതിനെയൊന്നു പ്രീണിപ്പിച്ചാൽ പെട്ടെന്നു സടകുടഞ്ഞെഴുന്നേൽക്കുന്ന മോഹത്തിന്റെ ശേഷിപ്പുകൾ. 
ഒരിക്കൽ അരുളിച്ചെയ്താൽ രണ്ടുപ്രാവശ്യം കേൾക്കുവാൻ ഇടയാകരുത്. രണ്ടാമത് ശരിയായിരിക്കുമോയെന്നു മനുഷ്യനോടു ദൈവവാക്കുകളെ അവിശ്വസിച്ചു അഭിപ്രായം ചോദിക്കരുത്. ബിലെയാമിനോടു കർത്താവു അരുളിച്ചെയ്തതു ബാലാക്കു പറഞ്ഞുവിട്ടവരുടെ കൂടെ പോകരുത് എന്നാണ്. അരുളപ്പാടിനു വിരുദ്ധമായി രണ്ടാമതും ബിലെയാം കൂലികൊതിച്ചു അരുളപ്പാടു തിരുത്തിയെഴുതിക്കുവാൻ അപേക്ഷ കൊടുത്തു. ബിലെയാമിന്റെയും അനേക യിസ്രായേലിന്റെയും നാശത്തിനുമാത്രം ആ അപേക്ഷ ഉതകി. ബലം ദൈവത്തിനുള്ളതെന്നു ഒരിക്കൽ അരുളിച്ചെയ്തതു രണ്ടാമത് കേട്ടവന്റെ സമാപ്തി. ശവം വഴിയിൽ കിടക്കേണ്ടിവന്നു. പേരു ദൈവത്തിന്റെ പ്രവാചകനെന്നു തന്നെയാണ്. 
ഒരു രോഗം നിർണ്ണയിക്കപ്പെടുമ്പോൾ നാം മറ്റുള്ളവരിൽ നിന്നു കേൾക്കുന്ന ഒരു വാചകം ആണ് ഒരു സെക്കൻഡ് ഒപ്പീനിയൻ (second opinion) എടുക്കൂ. മറ്റൊരു ഡോക്ടറെ കൂടി കാണിച്ചു അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കു. എന്നിട്ടു മാത്രമേ ജീവിതത്തിൽ ഇത്രയും വലിയൊരു പ്രതിസന്ധിക്കു മുൻപിൽ തീരുമാനം എടുക്കാവൂ എന്നു പലരെയും നാം ബുദ്ധിഉപദേശിക്കുന്നത്. 
പ്രിയപ്പെട്ടവരേ, നിങ്ങൾ ഒരു ദൈവപൈതലാണെങ്കിൽ നിരന്തരം ദൈവസാന്നിധ്യത്തിൽ നടക്കുന്നവരാണെങ്കിൽ ദൈവശബ്ദത്തിനു വിരോധമായി ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കരുത്. 
പൗലോസ് അപ്പോസ്തോലൻ വ്യക്തത വരുത്തി എഴുതി "ഞങ്ങൾ  നിങ്ങളോടു അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ." 
മാനുഷികമായി ഒരുകൂട്ടം നഷ്ടങ്ങൾ പ്രത്യക്ഷത്തിൽ സംഭവിക്കാമെങ്കിലും കൂടെ നിൽക്കുന്നവർ മണ്ടത്തരം കാണിക്കരുത് സഹോദരാ എന്നു പറഞ്ഞാലും ദൈവത്തിൽ നിന്നു പ്രാപിച്ച ശബ്‌ദത്തിനു ഘടകവിരുദ്ധമായി പ്രവർത്തിക്കരുത്. ഒരു സമയം ഒരു കാര്യവും മറ്റൊരു സമയം അതേകാര്യം തിരുത്തിപ്പറയുവാൻ അവൻ മനുഷ്യനല്ല. ഇരുവാക്കുകാരെ വെറുക്കുന്ന ദൈവം തന്റെ വാക്കുകൾക്കു ഉത്തരവാദിയാണ്.

<< Back to Articles Discuss this post

0 Responses to "2ND OPINION"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image