യഹോവയിൽ കണ്ടെത്തുന്ന ആനന്ദം

Posted on
26th Feb, 2024
| 0 Comments

ദീർഘനാളുകളുടെ കാത്തിരിപ്പിനൊടുവിൽ, പരിഹാസത്തിന്റെയും നിന്ദകളുടെയും നീണ്ട കാലയളവിനുശേഷം ഹന്നാ ഇപ്പോൾ കവിതയെഴുതുകയാണ്. ദുഃഖങ്ങളുടെയും സന്തോഷത്തിന്റെയും ഗിരി ശൃംഗങ്ങളിൽ കവിതകൾ പിറവിയെടുക്കാം. ഹന്നയുടെ തൂലികയിൽ വിരിഞ്ഞത് കവിതയെന്ന സംബോധനെയെക്കാൾ 'വാഴ്ത്തുപ്പാട്ടു' എന്നു പറയുവാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇന്നലെകളിലെ തിക്താനുഭവങ്ങളുടെ, ചതവുകളുടെയും മുറിവുകളുടെയെല്ലാം ആകെത്തുകയാണ് ഈ വാഴ്ത്തുപ്പാട്ട്. അവയിൽ അമർഷത്തിന്റെ നെരിപ്പോടുണ്ടാകാം. ആശ്രയത്തിന്റെ ആനന്ദമുണ്ടാകാം. വിമർശനത്തോടെയുള്ള മുന്നറിയിപ്പുണ്ടാകാം. പ്രതികാരത്തിന്റെ പുഞ്ചിരിയുണ്ടാകാം....
എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്ന വരികളോടുകൂടെയാണ് അവർ തന്റെ കവിത ആരംഭിക്കുന്നത്. മറ്റു പലതിലും ആനന്ദം കണ്ടെത്തുവാൻ വകയുള്ള ഒരു ലോകത്തു യഹോവയിൽ ആനന്ദം കണ്ടെത്തുന്നവർ തുലോം കുറവായിരിക്കും.  മനസ്സിനും കണ്ണുകൾക്കും മടുപ്പുളവാക്കാത്ത  രസം പകരുന്ന ഒരു കൂട്ടം കാര്യങ്ങൾ നൽകി ലോകം ഒരു മായിക വലയത്തിൽ നമ്മെ നിർത്തിയിരിക്കുമ്പോൾ യഹോവയിലെ ആനന്ദം അത്ര കണ്ടു നമ്മെ സ്വാധിനിക്കാറില്ല. പൗലോസ് അപ്പോസ്തോലന്റെ കാരാഗ്രഹ ലേഖനത്തിലെ ഏടുകളിൽ ഇങ്ങനെയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത് "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു." പലതിലും ആനന്ദം കണ്ടെത്തുന്നവരാണ് നാം. ചിലർക്കു മറ്റുള്ളവരെ കുറ്റം പറയുന്നതിലായിരിക്കും ആനന്ദം കണ്ടെത്തുന്നത്, അതുമല്ലെങ്കിൽ കൂട്ടുകാരോടത്തു പൊട്ടച്ചൊല്ലും കളിവാക്കും പറയുന്നതിലായിരിക്കും. മറ്റുചിലർക്കു വിശപ്പില്ലെങ്കിലും രുചിയേറിയ ഭക്ഷണം കിട്ടുന്ന സ്ഥലം കണ്ടെത്തി പുതിയ രുചിക്കൂട്ടുകൾ കണ്ടെത്തുന്നതിലായിരിക്കും. മറ്റുചിലർക്കു ദൂരെ ദൂരെ സഞ്ചാരം നടത്തുന്നതിലായിരിക്കാം. ഒരു കൂട്ടർക്ക് സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ഒന്നും വാങ്ങുവാനില്ലെങ്കിലും വെറുതെ നടക്കുവാനായിരിക്കാം. നാം എല്ലാം മറ്റാരുടെയോ മായിക വലയത്തിൽ അവർ സ്വാധിനിക്കുന്നതിനനുസരിച്ചു വിരാജിക്കുന്നവരാണ്. വേറെ ആരൊക്കെയോ നടന്നു മടുത്തതോ മായികമായി ആനന്ദം കണ്ടെത്തിയതോ ആയ നിമിഷങ്ങൾ ജീവിതത്തിൽ പകർത്തിയാടുവാൻ വൃഥാ പരിശ്രമിക്കുകയാണ്. ഒത്തിരി അപകടമായി കണ്ടത് തങ്ങളുടെ ബൈബിൾ ജ്ഞാനം മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ മഹത്വത്തിനായി പകരുന്നതിൽ ആനന്ദം കണ്ടെത്തുന്നതിലാണ്. 
പൗലോസ് അപ്പോസ്തോലന്റെ കുറിപ്പിങ്ങനെയാണ് "കർത്താവിൽ സന്തോഷിപ്പിൻ". ലോകം വാഗ്ദാനം  ചെയ്യുന്ന സന്തോഷം രസം തരുന്നതാണെങ്കിലും സംതൃപ്തി നൽകുന്നതല്ല. വീണ്ടും വീണ്ടും കൂടുതൽ രസമുള്ളതു കണ്ടെത്തുന്ന മായാ വലയത്തിലെ ചുഴിയിൽ നിർത്തി നമ്മെ ചുറ്റിത്തിരിക്കുന്നതാണ്. സഭാപ്രസംഗിയാണ് ഏറ്റവും അനുയോജ്യമായി ഉദാഹരിക്കുവാൻ കഴിയുന്ന വ്യക്തിത്വം. മായാവലയത്തിലെ  ചുഴിയിൽ നിന്നു കരകയറുവാൻ ആഗ്രഹമുണ്ടായിട്ടും ഒരിക്കലും കഴിയാതെ  ഊരാക്കുടുക്കിൽ പെട്ടുപോയ വ്യക്തിത്വം. 
ഹന്നയ്ക്ക് യഹോവയിൽ ആനന്ദം കണ്ടെത്തുവാൻ സാധിച്ചതിനാലാണ്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞിനെ നേർന്നതുപ്പോലെ യഹോവയ്ക്കു നിവേദിക്കുവാൻ അവളെ പ്രാപ്തയാക്കിയത്. 
എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; 
എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; 
നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.
ഹന്നാ എഴുതിയ ഈ വരികളിൽ എന്നെ ഏറെ സ്വാധിനിച്ച വരികളാണ് 
"യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല" എന്ന ഈ വരികൾ. 
"തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന" ദൈവത്തെ അവൾ അടുത്തറിഞ്ഞതിന്റെ ഉറപ്പിന്റെ വരികളാണ് ഇത്. ഒരിക്കൽ അരുളിച്ചെയ്ത തന്റെ വാഗ്ദത്തം ദൈവം നിവർത്തിക്കുമെന്ന തെളിവാണ് തന്റെ മടിയിൽ കിടക്കുന്ന ശമുവേൽ.  "ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും". കാരണം ആ വാക്കുകൾക്കു ഭംഗം വരികയില്ല.  അറുപതാം സങ്കീർത്തനത്തിലൂടെ ദാവീദ് തന്റെ സാക്ഷ്യം വെളിപ്പെടുത്തുന്നു.  ദൈവം അബ്രഹാമിനോട് പറഞ്ഞത് അടുത്ത വർഷം ഈ സമയത്തു നിന്റെ കൂടെ യിസഹാക്കുണ്ടാകും. ബലഹീനമായ ശരീരമോ നിർജ്ജീവമായ ഗർഭപാത്രമോ സംശയത്തിനാക്കം കൂട്ടാം. ദൈവ വാഗ്ദത്തങ്ങളുടെ നിവർത്തികരണത്തിനു ബലഹീന മനുഷ്യന്റെ സഹായം ബലവാനായ ദൈവത്തിനു ആവശ്യമില്ല എന്ന് അബ്രഹാമിന്റെ സാക്ഷ്യം.
നമുക്കും യഹോവയിലെ സന്തോഷം എന്റെ ബലമാകുന്നുവെന്നു പറയുവാനും അവന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു ഭംഗം വരികയില്ലായെന്നു വിശ്വസിക്കുവാനും ഇടയാകട്ടെ.

<< Back to Articles Discuss this post

0 Responses to "യഹോവയിൽ കണ്ടെത്തുന്ന ആനന്ദം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image