എന്നെ എവിടെവെച്ചു അറിയും
നന്മ ഉണ്ടാകുവാൻ സാധ്യതയില്ലാത്ത തരിശു ഭൂമിയാണ് നസറെത്ത്. നഥനയേലിന്റെ ആശങ്ക വെറുതെയല്ല. ഈ ആശങ്കയ്ക്ക് ഫിലിപ്പോസിന്റെ മറുപടി കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണക്കത്തായിരുന്നു. രണ്ടേ രണ്ടു വാക്കുകൾ കോറിയിട്ട ചെറിയ ക്ഷണക്കത്ത്. സ്വീകരിക്കാം നിരാകരിക്കാം തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണമായ അധികാരം നഥനയേലിന്റെതായിരുന്നു. ഒരു വലിയ ലോകത്തിന്റെ വാതായനങ്ങൾ തുറന്നിട്ട വലിയ ചെറിയ രണ്ടുവാക്കുകൾ.
“വന്നു കാൺക”. വെറുതെ പകലിൽ കണ്ണും പൂട്ടിയിട്ടു ആ വലിയ ലോകത്തിലേക്കു പ്രവേശിക്കുവാൻ ഈ രണ്ടു വാക്കുകൾ ധാരാളം. തെരുവോരങ്ങളിലും കെട്ടിയടയ്ക്കപ്പെട്ട സൗധങ്ങളിലും കൊച്ചുകൂര തണലിലും എല്ലാം കഴിഞ്ഞ രണ്ടു സഹസ്രങ്ങളിലായി മുഴങ്ങി കേൾക്കുന്നതു ഈ രണ്ടു കുഞ്ഞു വാക്കുകളായിരുന്നു. ഈ തീരെ കുഞ്ഞു രണ്ടു വാക്കുകളാണ് മണിക്കൂറുകൾ അനുശാസകൻ വർണ്ണിക്കുന്നത്. ഈ രണ്ടേ രണ്ടു വാക്കുകൾ ചെന്നു പറയുവാനാണ് ഭൂമിയുടെ അറ്റത്തോളവും നമ്മെ അയച്ചിരിക്കുന്നത്. ഈ രണ്ടു വാക്കുകൾ പോലെ ചെറുതാണ് ആ പ്രവേശനത്തിന്റെ വാതായനങ്ങളും. നഥനയേലിന്റെ രണ്ടാമത്തെ ചോദ്യം ആകാംഷ നിറഞ്ഞതും അഭിമാനപൂരിതവുമായിരുന്നു.
“എന്നെ എവിടെവെച്ചു അറിയും”. യേശു എന്നെ അറിയുന്നു എന്ന അറിവ് വല്ലാത്ത ഉറപ്പാണ് നൽകുന്നത്. പ്രവചിച്ചവരെയും ഭൂതങ്ങളെ പുറത്താക്കിയവരെയും വീര്യപ്രവർത്തികൾ ചെയ്‌തവരെയും ഞാൻ അറിയുന്നില്ല എന്ന ശബ്‌ദം അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് നമ്മെ കർത്താവ് അറിയുന്നുവെന്ന തിരിച്ചറിവ് അത്ഭുതപ്പെടുത്തുന്നത്. കർത്താവിന്റെ മറുപടി ഫിലിപ്പോസ് നിന്നെ വിളിക്കുമുന്പേ ഞാൻ നിന്നെ കണ്ടിരുന്നു എന്നാണ്. കാപട്യമില്ലാത്ത ഹൃദയത്തെയാണ് ദൈവം അറിയുന്നത്.
തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ കർത്താവു അറിയുന്നു. “ഏക സത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്നു യേശു ക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവനാകുന്നു”. എന്നതാണ് ഏറ്റവും വലിയ അറിവ്. “ഒരുവൻ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനെ ദൈവം അറിഞ്ഞിരിക്കുന്നു…” ജീവിതത്തിന്റെ കൊട്ടിയടയ്ക്കപ്പെട്ടതും പ്രതീക്ഷകൾ അസ്തമിച്ചു പോയതുമായ സാഹചര്യങ്ങളിൽ എല്ലാം എന്നെ എവിടെവെച്ചു അറിയുമെന്ന് അത്ഭുതസബ്ദരായി ചോദിക്കുവാൻ മാത്രമേ നമുക്ക് കഴിയു. നിസ്സഹായതയുമായി മുങ്ങിത്താഴുന്ന ഇടങ്ങളിൽ ഉയരത്തിൽ നിന്നും കൈനീട്ടി പെരുവെള്ളത്തിൽ നിന്നും വലിച്ചെടുക്കുമ്പോൾ അറിയാതെ ചോദിക്കുന്ന ചോദ്യമാണ് എന്നെ എവിടെ വെച്ചു അറിയുമെന്നുള്ളത്.
സഹോദരങ്ങളെ ദൈവം നമ്മെ അറിയുന്നു. “വന്നു കാൺക” എന്ന ഈ കുഞ്ഞു രണ്ടു വാക്കുകളുള്ള ഈ ക്ഷണക്കത്തുമായി വന്നു നിൽക്കുന്നവനിലാണ് കാപട്യേതര ഹൃദയം ഉള്ള സാക്ഷാൽ യിസ്രായേലിനെ കർത്താവു ദർശിച്ചതും. “അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.” ഇതിങ്കൽ ആശ്ചര്യപ്പെടെണ്ടാ “സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്ന നസറെത്തുകാരന്റെ ഉറപ്പോടുക്കൂടിയാണ് നഥനയേൽ മടങ്ങുന്നത്.
0 Responses to "എന്നെ എവിടെവെച്ചു അറിയും"
Leave a Comment