അരാം രാജാവിൽ ആശ്രയിക്കുന്നവർ...
ആസാ രാജാവിന്റെ ജീവിതം ഒരു പുനർവിചിന്തനം
******************************
വായനാ ഭാഗം : 2 ദിനവൃത്താന്തം 14 -16 അദ്ധ്യായങ്ങൾ
..............................
16:7 -"നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്കകൊണ്ടു അരാം രാജാവിന്റെ സൈന്യം നിന്റെ കയ്യിൽ നിന്നു തെറ്റി പോയിരിക്കുന്നു".
അബിയാവു എന്ന യെഹൂദാരാജാവിന്റെയും മയഖയുടെയും മകനായി ജനിച്ച ആസാ തന്റെ പിതാവിന്റെ മരണശേഷം രാജ്യഭരണം ഏറ്റെടുത്തു. തന്റെ പിതാവു ദൈവത്തെ എങ്ങനെ അന്വേഷിച്ചുവോ അതുപോലെ തന്നെ ആസയും ദൈവത്തിന്റെ ഹിതവും ദൈവത്തിനു പ്രസാദകരവുമായ സംഗതികളെ ആരാഞ്ഞറിയുവാൻ വ്യഗ്രത കാണിച്ചു. തന്റെ രാജ്യത്തു നിലനിന്നിരുന്ന അന്യദൈവങ്ങൾക്കുള്ള സകലതിനെയും അവൻ നശിപ്പിച്ചു. തന്നെയുമല്ല തന്റെ ജനത്തെ ദൈവമായ യഹോവയിലേക്കു നയിക്കുവാനും അവൻ യജ്ഞിച്ചു. നമ്മുടെ ഭാഷയിൽ ആസാ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന ഒരു ഭക്തൻ.
ആസാ ദൈവത്തെ അന്വേഷിച്ചതുകൊണ്ടു ദൈവം അവനു സ്വസ്ഥത നൽകി. സന്തോഷവും സമാധാനവും അവന്റെ രാജ്യത്തു വിളയാടി. പത്തു സംവത്സരം മനഃസമാധാനത്തോടെയും ശത്രു രാജ്യങ്ങളുടെ ആക്രമണവും ഇല്ലാതെ ജീവിക്കുവാൻ യെഹൂദർക്കു സാധിച്ചു.
ഇക്കാലയളവിൽ അനേക പുതിയ പദ്ധതികൾ, ജനോപകാരപ്രദമായ പുതിയ സംഭരഭങ്ങൾ, പുതിയ പട്ടണങ്ങൾ, ഭാവിയിൽ ഉണ്ടായേക്കാവുന്ന യുദ്ധങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷാ മുൻകരുതലുകൾ, അതിനാവശ്യമായ സംരക്ഷണ ഭിത്തികൾ, മാത്രവുമല്ല 580000 വരുന്ന വലിയൊരു സൈന്യം. ഇവയെല്ലാം പത്തു വർഷത്തെ തന്റെ ഭരണ സാമർഥ്യം കൊണ്ടു ആസാ നേടിയെടുത്തു.
ലോകപരമായി, അല്ലെങ്കിൽ ദൈവം രാജവല്ലാതിരിക്കുന്ന മറ്റു രാജ്യങ്ങളുടെ വ്യവസ്ഥിതിക്കനുസരിച്ചു കാര്യഗൗരവമുള്ള ദീർഘദർശിയായ ഭരണാധിപനായിരുന്നു ആസാ.
എന്നാൽ ആസാ പതുക്കെ ഒരപകടത്തിലേക്കാണ് നടന്നു നീങ്ങുന്നത് എന്ന് വളരെ കഴിഞ്ഞാണ് മനസിലാക്കുന്നത്. യെഹോവ നൽകിയ സ്വസ്ഥതയുടെ നടുവിൽ അവന്റെ ശ്രദ്ധ മാറിപോയതു തന്റെ ദൈവമായ യെഹോവയിലുള്ള ആശ്രയത്തിൽ നിന്നുമാണെന്നു മനസിലാക്കുവാൻ അവൻ കുറച്ചു വൈകിപ്പോയി. വരുവാനിരിക്കുന്ന അനർത്ഥങ്ങളും ശത്രുവിന്റെ ആക്രമണങ്ങങ്ങളിൽ നിന്നും തന്റെ രാജ്യത്തെ സംരക്ഷിച്ചു നിർത്തുവാനുള്ള ഒരു ഭരണാധിപന്റെ ഭരണ സാമർഥ്യം തെളിയിക്കുമ്പോൾ തന്നെ, യെഹോവയെന്ന രാജാവ് നൽകുന്ന സംരക്ഷണത്തെ കുറിച്ച് അവൻ അഞ്ജനായിപ്പോയി. അതോ നാം പലപ്പോഴായി ചെയ്തു വരുന്നതുപോലെ എല്ലാവശ്യത്തിനും ദൈവത്തെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണെമെന്നു ചിന്തിച്ചുപോയോ.
നാം ഭാവിയെക്കുറിച്ചുള്ള ആശങ്കയോടെ ബാങ്കിലും കൈവശമുള്ള പണത്തെ, സ്ഥാവര ജംഗമ വസ്‌തുക്കൾക്കു കിട്ടിയേക്കാവുന്ന മൂല്യത്തെയും ഇടക്കിടക്ക് തുലനം ചെയ്യുന്നതുപോലെ, ആസയും തന്റെ ഉറപ്പുള്ള സംരക്ഷണ ഭിത്തികളെയും അഞ്ചുലക്ഷത്തിയെൺപത്തിനായിരം വരുന്ന സൈന്യത്തെയും ഇടക്കിടക്കു നോക്കി, തൻ്റെ ശക്തിയിലും കഴിവിലും ബലപ്പെട്ടു. മേമ്പൊടിക്കു ഇതെല്ലാം ദൈവകൃപയാൽ ലഭിച്ചതാണെന്നുള്ള ആത്മഗതവും പറഞ്ഞു,
എന്നാൽ എത്യോപ്യക്കാർ ആസയുടെ അഞ്ചുലക്ഷത്തിയെൺപത്തിനായിരം പേരുടെ സ്ഥാനത്തു പത്തുലക്ഷം പടയാളികളുമായി അവനെ ആക്രമിക്കുവാനായി വന്നു. അഞ്ചുലക്ഷത്തിയെൺപത്തിനായിരം തന്റെ പക്കലുണ്ടെന്നുള്ള ആത്മ വിശ്വാസത്തോടു കൂടി പട നയിച്ചു ഇറങ്ങിയ ആസക്ക് "സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല എന്നും, ജയത്തിനു കുതിര വ്യർത്ഥമാകുന്നുവെന്നും" മനസിലാക്കുവാൻ സെഫാതാഴ്വര വരെ എത്തേണ്ടിവന്നു. (വാ.14:10)
ശത്രു വന്നാൽ ആരുടേയും സഹായമില്ലാതെ തന്നെ നേരിടാമെന്നുള്ള ആത്മവിശ്വാസവും, തന്റെ സംരക്ഷണ ഭിത്തികളും, വീരന്മാരായ പടയാളികളും, എല്ലാം വെറും നിസ്സാരമാണെന്നു മനസിലാക്കിയ നിമിഷങ്ങൾ. സദൃശ വാക്യങ്ങൾ 21:31-ൽ പറയുന്നു "കുതിരയെ യുദ്ധ ദിവസത്തേക്കു ചമയിക്കുന്നു; ജയമോ യെഹോവയുടെ കൈവശത്തിലിരിക്കുന്നു". ആസ ദൈവത്തിന്റെ മുമ്പാകെ തന്നെത്തന്നെ സമർപ്പിച്ചു. ബലഹീനനാണെന്നു താൻ സമ്മതിച്ചു. സഹായിപ്പാൻ നീ അല്ലാതെ മറ്റാരുമില്ലെന്നു ദൈവത്തോട് അവൻ ഏറ്റു പറഞ്ഞു.
തന്റെ മനസ്സിൽ പ്രതീക്ഷിച്ചിരുന്നതും തന്റെ കഴിവിലും പടയാളികളിലും സംരക്ഷണ മതിലുകളിലും ആശ്രയം വച്ചിരുന്ന ആസാ, ഒറ്റ നിമിഷം കൊണ്ട് തിരുത്തിപറഞ്ഞു. സകല ആശ്രയവും ദൈവത്തിൽ അർപ്പിച്ചു.
തന്നിലുള്ള ആശ്രയത്തെ മാറ്റി ദൈവത്തിലേക്ക് ഭരമേല്പിച്ചപ്പോൾ ആസയും യെഹൂദരും നോക്കി നിൽക്കെ സൈന്യങ്ങളുടെ യെഹോവ അവർക്കു വേണ്ടി യുദ്ധം ചെയ്തു. പത്തുലക്ഷം എത്യോപ്യരെ നിർമ്മൂലമാക്കി കളഞ്ഞു.
വലിയ വിജയം കൈവരിച്ച ആസാ മടങ്ങിപ്പോയി. വീണ്ടും ആശ്രയം തന്നിൽ നിന്നു മാറ്റുവാൻ സാധ്യതയുള്ളതിനാൽ ദൈവത്തിന്റെ ആത്മാവ്, അസര്യാവ് മുഖാന്തിരമായി ആസയോടും ജനത്തോടും സംസാരിച്ചു അവർക്കു മുന്നറിയിപ്പും കൊടുത്തു. 'നിങ്ങൾ യെഹോവയുടെ കൂടെ ഇരിക്കുന്നിടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും. അവനെ അന്വേഷിക്കുന്നു വെങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും. ഉപേക്ഷിക്കുന്നുവെങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
ദൈവത്തിന്റെ ഇടപെടൽ ആസയും കൂട്ടരും സന്തോഷത്തോടെ കൈക്കൊണ്ടു. പിന്മാറ്റത്തിൽ പോയിരുന്നതും അന്യദേവന്മാരെ ആരാധിച്ചിരുന്നവരുമായ സകലരും മടങ്ങിവന്നു. അന്യദേവന്മാരെ ആരാധിച്ചുവെന്ന പേരിൽ തന്റെ അമ്മയോട് പോലും ദയ കാണിക്കുവാൻ ആസാ തയ്യാറായില്ല. അവരെ രാജ്ഞി സ്ഥാനത്തു നിന്നു നീക്കിക്കളയുവാൻ അവൻ തയ്യാറായി.
അങ്ങനെ ആസയുടെ മുപ്പത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞുപോയി. മുപ്പത്തിയാറാം വർഷം യിസ്രായേൽ രാജാവ് അവനോട് ഏറ്റു മുട്ടുവാനായി വന്നു. എന്നാൽ ഇരുപത്തിയഞ്ചു വർഷത്തിന് മുൻപ് തന്റെ സൈന്യം നിസ്സാരന്മാരായി തോറ്റു പോകേണ്ടിയ സ്ഥാനത്തു ഇരട്ടിയോടടുപ്പിച്ചുള്ള സൈന്യത്തെ തോൽപ്പിച്ച യെഹോവയെ മറന്നു കൊണ്ട് അരാം രാജാവിൽ ആശ്രയിച്ചു എന്നുള്ള മഹാ ഭോഷത്തം ആസാ ചെയ്തു.
ദൈവത്തിന്റെ ഹൃദയ വേദന ഹനാനിയെന്ന പ്രവാചകനിലൂടെ ആസയെ അറിയിച്ചു. കർത്താവ് അവനോട് പറഞ്ഞത് ഈ എന്റെ ജനത്തെ എന്റെ ഹൃദയ പ്രകാരം നയിക്കുമെന്നുള്ള ഒരു പ്രതീക്ഷ ഞാൻ നിന്നിൽ വച്ചിരുന്നതാണ്. എന്റെ ബലവും വീര്യ ഭുജവും നീ അനുഭവിച്ചറിഞ്ഞതാണ്. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നല്ലതു എന്ന് നീ തിരിച്ചറിഞ്ഞതാണ്. എന്നിട്ടും നീ ഭോഷത്വം പ്രവർത്തിച്ചു.
ഏകാഗ്രതയോടെ തന്നെ അന്വേഷിക്കുന്ന ഏവരിലും തന്റെ സൃഷ്ട്ടി എല്ലായിപ്പോഴും ഉണ്ടാകും എന്നുള്ള തിരിച്ചറിവ് നിനക്കില്ലാതായിപ്പോയി. നീ മണ്ടത്തരമാണു പ്രവർത്തിച്ചത്.
എന്നാൽ ആസാ ഇപ്രാവശ്യം മടങ്ങി വരുവാൻ കൂട്ടാക്കിയില്ല. ദൈവത്തിന്റെ അരുളപ്പാടു അറിയിച്ച പ്രവാചകനായ ഹനാനിയെ തുറുങ്കിലടച്ചു. ഹനാനിയെ പോലെ ദൈവത്തിനു വേണ്ടി വിശുദ്ധിയോടെ നിന്ന പലരെയും അവൻ പീഡിപ്പിച്ചു.
ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കാത്തവൻ മരണപ്പെടുമെന്നുള്ള നിയമം കൊണ്ടുവന്നവൻ, തന്റെ വാക്കുകളാൽ തന്നെ പിടിക്കപ്പെട്ടു.
അവസാനമായി ഒരു മടങ്ങി വരവിനുവേണ്ടിയാണോ ആർക്കറിയാം, അവന്റെ കാലിലുണ്ടായ അതികഠിനമായ ദീനം. അങ്ങനെയെങ്കിൽ ആസാ മടങ്ങിവരവിനായി ദൈവം അവനു കൊടുത്ത അവസാന അവസരം, അതു അവൻ കളഞ്ഞു കുളിച്ചു. ദൈവത്തിന്റെ ഹൃദയ വേദന ഈ വരികളിലൂടെ നമുക്ക് വായിച്ചെടുക്കാം. അതികഠിനമായ ദീനമായിരുന്നിട്ടുകൂടെ മടങ്ങി വരുവാനുള്ള മനസു ആസാ കാണിച്ചില്ല.
വളരെ പ്രതീക്ഷയോടെ, തുടങ്ങിയവൻ.... ദൈവത്തിനു പ്രസാദകരവും ഹിതവുമായതു മാത്രം അന്വേഷിച്ചു തുടങ്ങിയതാണ്. ഒടുക്കം അവൻ പ്രതീക്ഷ നിലനിർത്തിയില്ല.
നീണ്ട നാല്പത്തിയൊന്നു വർഷം, ഓടിയതും അധ്വാനിച്ചതും ഒക്കെ വെറുതെയായി പോയോ. ദൈവത്തിനു വേണ്ടി അനേക കാര്യങ്ങളെ ചെയ്തെടുത്തു. രാജ്യത്തെ നല്ലവണ്ണം ഭരിച്ചു. എന്നാൽ അവൻ തെറ്റിപോയതു ജീവനുള്ള ദൈവത്തിലുള്ള ആശ്രയം മാറ്റി, അരാം രാജാവിൽ ആശ്രയിച്ചു എന്നുള്ളതാണ്...
പ്രിയരേ, നമ്മുടെ ജീവിതത്തെ ആസാ എന്ന രാജാവുമായി ഒന്നു താരതമ്യം ചെയ്തു നോക്കുമോ....നമ്മെ നടത്തിയ ദൈവത്തെ ഉപേക്ഷിച്ചിട്ട് അല്പപ്രയോജനത്തിനായി അരാം രാജാക്കന്മാരിൽ നാം ആശ്രയിച്ചു പോകയാണോ .....
0 Responses to "അരാം രാജാവിൽ ആശ്രയിക്കുന്നവർ..."
Leave a Comment